ആക്ടിവിസമാണ് ജീവിതം
ഉമര്‍ ഖാലിദ് എന്ന പേര് ദേശീയരാഷ്ട്രീയത്തില്‍ ആദ്യമായി ഉയര്‍ന്നുവന്നത് കാംപസുകളിലെ വിദ്യാര്‍ഥി സ്വാതന്ത്ര്യത്തിനുമേല്‍ മോദി സര്‍ക്കാരിന്റെ ഏകാധിപത്യവാള്‍ നീണ്ട 2016ലാണ്. രാജ്യത്തെ ഏറ്റവും മിടുക്കരായ വിദ്യാര്‍ഥികള്‍ പഠിക്കുന്ന ജെ.എന്‍.യു ആയിരുന്നു മോദി സര്‍ക്കാരിന്റെ കൗടില്യത്തിനെതിരായ പ്രതിരോധത്തിന്റെ ആദ്യകേന്ദ്രം. രാജ്യത്തെ രാഷ്ട്രീയം ഒരുവശത്തേക്കൊഴുകുമ്പോള്‍ എതിരേ തുഴയുകയായിരുന്നു കാംപസുകള്‍.
വിയോജിപ്പിന്റെ കേന്ദ്രങ്ങളായും സംവാദത്തിന്റെ കളിത്തൊട്ടിലായും ജെ.എന്‍.യു അടക്കമുള്ള കാംപസുകള്‍ നിലകൊണ്ടു. ദേശീയധാരയെ വെല്ലുവിളിച്ചും നീതിയെക്കുറിച്ച് സംസാരിച്ചും കാംപസുകള്‍ എക്കാലത്തും സര്‍ക്കാരിനെതിരേ കലാപക്കൊടിയുയര്‍ത്തിയിരുന്നു. യു.പി.എ സര്‍ക്കാരിന്റെ കാലത്തും കാംപസുകളില്‍ സ്വതന്ത്രരാഷ്ട്രീയം സജീവമായിരുന്നെങ്കിലും സര്‍ക്കാര്‍ വിദ്യാര്‍ഥികളുടെ മേല്‍ കൈവച്ചിരുന്നില്ല.
2016 ഫെബ്രുവരിയില്‍ ജെ.എന്‍.യുവിലെ വിദ്യാര്‍ഥി നേതാക്കളായ കനയ്യ കുമാറിനെയും ഉമര്‍ ഖാലിദിനെയും പൊലിസ് അറസ്റ്റ് ചെയ്തതോടെ കാംപസ് രാഷ്ട്രീയം ഡല്‍ഹിയിലെ തെരുവുകളില്‍ കത്തി. അതു രാജ്യമെമ്പാടും വ്യാപിച്ചു. മോദി സര്‍ക്കാരിനെതിരായ ആദ്യത്തെ ജനകീയ പ്രക്ഷോഭം രൂപംകൊണ്ടത് ഈ സംഭവത്തോടെയാണ്. പാര്‍ലമെന്റ് ആക്രമണക്കേസില്‍ അഫ്‌സല്‍ ഗുരുവിനെ തൂക്കിലേറ്റിയതിന്റെ വാര്‍ഷികത്തില്‍ രാജ്യത്തിന്റെ അഖണ്ഡത തകര്‍ക്കുന്ന മുദ്രാവാക്യം വിളിച്ചുവെന്നാരോപിച്ചാണ് ഉമര്‍ ഖാലിദ് ആദ്യമായി അറസ്റ്റിലാകുന്നത്.
അന്ന് ജെ.എന്‍.യുവിലെ വിദ്യാര്‍ഥി യൂനിയന്‍ നേതാവായിരുന്നു ഉമർ ഖാലിദ്. ജെ.എന്‍.യു രാഷ്ട്രീയത്തിന്റെ ചൂടിനും ചൂരിനും ഒരു സിവില്‍ സര്‍വിസ് പരീക്ഷയോളമേ ആയുസുണ്ടാകൂ എന്നാണ് പറയാറുള്ളത്. കാംപസിലെ തീപ്പൊരി നേതാക്കള്‍ ഒന്നുകില്‍ സിവില്‍ സര്‍വിസ് പരീക്ഷയെഴുതി ജോലികിട്ടി ദേശീയധാരയില്‍ ലയിക്കും. അല്ലെങ്കില്‍ ഏതെങ്കിലും രാഷ്ട്രീയപാര്‍ട്ടിയില്‍ ചേര്‍ന്ന് നേതാവായി, മന്ത്രിയായി അത്രയുംകാലം എഴുതിയതിനും പ്രസംഗിച്ചതിനുമെതിരായ പ്രവര്‍ത്തനങ്ങളില്‍ മുഴുകും.
സി.പി.ഐയുടെ വിദ്യാര്‍ഥി യൂനിയന്‍ നേതാവായിരുന്ന കനയ്യ, പിന്നീട് കോണ്‍ഗ്രസില്‍ ചേര്‍ന്നതും ദേശീയധാരയ്‌ക്കൊപ്പം ഒഴുകിത്തുടങ്ങിയതും രാജ്യം കണ്ടതാണ്. എന്നാല്‍, ഉമര്‍ ഖാലിദ് ഇത് രണ്ടുമായില്ല. വിദ്യാര്‍ഥി കാലത്തിനു ശേഷവും ഡല്‍ഹിയിലെ സമരവേദികളില്‍ ഉമര്‍ ഖാലിദിന്റെ ശബ്ദം കേട്ടു. ആക്ടിവിസം ജീവിതമായിരുന്നു ഖാലിദിന്. രാജ്യത്ത് സി.എ.എ സമരം ശക്തമായപ്പോള്‍ ഡല്‍ഹിയില്‍ അതിനു മുന്നില്‍നിന്ന ആക്ടിവിസ്റ്റുകളില്‍ ഒരാളായിരുന്നു ഖാലിദ്.
ഡല്‍ഹിയിലെ ജാമിഅ നഗറിലാണു ജനനം. പിതാവും ജമാഅത്തെ ഇസ്‌ലാമി നേതാവുമായ എസ്.ക്യു.ആര്‍ ഇല്യാസ് 30 വര്‍ഷം മുമ്പ് മഹാരാഷ്ട്രയില്‍നിന്ന് ഡല്‍ഹിയിലേക്ക് കുടിയേറിയതാണ്. ഇസ്‌ലാമിക രാഷ്ട്രീയമായിരുന്നു ഡല്‍ഹിയിലെ പൊതുമേഖലയില്‍ സജീവമായ ഇല്യാസിന്റെ പ്രവര്‍ത്തന മേഖല. എന്നാല്‍, ഉമര്‍ ഖാലിദിനെ അതു സ്വാധീനിച്ചില്ല. ഇടതുരാഷ്ട്രീയമാണ് ഖാലിദ് തിരഞ്ഞെടുത്തത്.
ഡല്‍ഹി സര്‍വകലാശാലയ്ക്കു കീഴിലുള്ള കിരോരിമാല്‍ കോളജില്‍നിന്ന് ചരിത്രത്തില്‍ ബിരുദം നേടിയ ഉമര്‍ ഖാലിദ്, ചരിത്രത്തില്‍ ബിരുദാനന്തര ബിരുദത്തിനായാണ് ജെ.എന്‍.യുവിലെത്തുന്നത്.
അവിടെവച്ച് ഇടതു വിദ്യാര്‍ഥി പ്രസ്ഥാനമായ ഡെമോക്രാറ്റിക് സ്റ്റുഡന്റ്‌സ് യൂനിയന്റെ ഭാഗമായി. അവിടുന്ന് എം.ഫിലും നേടി. അതേ സര്‍വകലാശാലയില്‍ ഗവേഷക വിദ്യാര്‍ഥിയായിരിക്കെയാണ് ആദ്യത്തെ അറസ്റ്റുണ്ടാകുന്നത്. ജാര്‍ഖണ്ഡിലെ ആദിവാസികളുടെ മേലുള്ള നിയമത്തിന്റെ അവകാശവാദങ്ങളും ആകസ്മികതകളും എന്നതായിരുന്നു ഖാലിദിന്റെ ഗവേഷണ വിഷയം. രജ്യദ്രോഹക്കേസില്‍ ഖാലിദ്, കനയ്യ കുമാറിനൊപ്പം അറസ്റ്റിലാകുന്നത് ഇക്കാലത്താണ്.
രാജ്യമെമ്പാടും അറസ്റ്റിനെ അപലപിച്ചു. പിന്നീട് രാജ്യദ്രോഹക്കുറ്റം തന്നെ വേണ്ടെന്ന ചര്‍ച്ചകള്‍ക്കു തുടക്കമിട്ടത് ഈ അറസ്റ്റോടെയാണ്. അതിനിടെ, ജെ.എന്‍.യു അധികൃതര്‍ ഉമര്‍ ഖാലിദിന്റെ പി.എച്ച്ഡി തടഞ്ഞുവച്ചു.2018 ജൂലൈയില്‍ ഗവേഷണപ്രബന്ധം സമര്‍പ്പിച്ചെങ്കിലും ജെ.എന്‍.യു അധികൃതര്‍ സ്വീകരിച്ചില്ല. ഡല്‍ഹി ഹൈക്കോടതിയെ സമീപിച്ച ഖാലിദ് അനുകൂലവിധി നേടി. അതേവര്‍ഷം ഓഗസ്റ്റിലാണ് ഗവേഷണപ്രബന്ധം സമര്‍പ്പിക്കുന്നത്. അവിടുന്നങ്ങോട്ട് ഭരണകൂടം ഉമര്‍ ഖാലിദിനെ വേട്ടയാടിയതിനു കണക്കില്ല.
2018ലെ ഭീമാ കൊറെഗാവ് സംഭവത്തില്‍ ജിഗ്‌നേഷ് മേവാനിക്കൊപ്പം ഉമര്‍ ഖാലിദിനെതിരേയും കേസെടുത്തു. 2018 ഓഗസ്റ്റില്‍ ഡല്‍ഹി പാര്‍ലമെന്റിനടുത്തുവച്ച് ഉമര്‍ ഖാലിദിനു നേരെ വധശ്രമമുണ്ടായി. തോക്കുമായെത്തിയ അക്രമി വെടിവച്ചെങ്കിലും ഉന്നംതെറ്റി. ഡല്‍ഹിയില്‍ സി.എ.എ സമരത്തിന്റെ അവസാന കാലത്താണ് ഉമര്‍ ഖാലിദ് വീണ്ടും അറസ്റ്റിലാകുന്നത്. സമരത്തിനു നേതൃത്വം കൊടുത്തവരെ സര്‍ക്കാര്‍ വിദ്വേഷപൂര്‍വം വേട്ടയാടിയപ്പോള്‍ ഉമര്‍ ഖാലിദ് ഉള്‍പ്പെടെയുള്ളവര്‍ അറസ്റ്റിലായി. ഡല്‍ഹി കലാപത്തിലെ ഗൂഢാലോചനക്കേസായിരുന്നു ഖാലിദിനെതിരേ ചുമത്തിയത്. സംഘ്പരിവാറാണ് ഡല്‍ഹി കലാപം നടത്തിയതെങ്കിലും ആ പക്ഷത്തെ ഒരു നേതാവും അറസ്റ്റിലായില്ല.
2020 സെപ്റ്റംബര്‍ 13നാണ് ഖാലിദ് അറസ്റ്റിലാകുന്നത്. അന്നുമുതല്‍ ജയിലിലാണ്. ഖാലിദിന്റെ ജാമ്യാപേക്ഷ കഴിഞ്ഞവര്‍ഷം ആദ്യത്തില്‍തന്നെ സുപ്രിംകോടതിയിലെത്തിയെങ്കിലും വിവിധ കാരണങ്ങള്‍ പറഞ്ഞ് 2023ല്‍ 12 തവണയാണ് ജാമ്യാപേക്ഷ മാറ്റിയത്. ഈ വര്‍ഷം രണ്ടുതവണയും മാറ്റി. കേസ് പലതവണ പല ബെഞ്ചിലേക്കും മാറ്റി. കൂടെ അറസ്റ്റിലായവരില്‍ പലര്‍ക്കും ജാമ്യം ലഭിച്ചപ്പോഴും ഉമര്‍ ജയിലിലാണ്. രാജ്യത്തിന്റെ നീതിബോധത്തിനു മുന്നില്‍ ചോദ്യചിഹ്നമായാണ് ഉമര്‍ ഖാലിദെന്ന യുവാവ് കഴിഞ്ഞ നാലു വര്‍ഷമായി ജയിലില്‍ കഴിയുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."