മുഖദ്ദസ് പുതു ചരിത്രമെഴുതും, സമാപന മഹാസമ്മേളനം ഇന്ന് ;സയ്യിദ് മുഹമ്മദ് ജിഫ്‌രി മുത്തുക്കോയ തങ്ങള്‍ ഉദ്ഘാടനം ചെയ്യും
മുഖദ്ദസ് പുതു ചരിത്രമെഴുതും, സമാപന മഹാസമ്മേളനം ഇന്ന് ;സയ്യിദ് മുഹമ്മദ് ജിഫ്‌രി മുത്തുക്കോയ തങ്ങള്‍ ഉദ്ഘാടനം ചെയ്യും
കോഴിക്കോട്: അറബിക്കടലോരത്ത് ഇന്ന് മുഖദ്ദസ് പുതു ചരിത്രമെഴുതും. കര്‍മവീഥിയില്‍ മൂന്നര പതിറ്റാണ്ടിന്റെ ശോഭയുള്ള സമസ്തയുടെ വിദ്യാര്‍ഥി വിഭാഗത്തിന്റെ മഹാസമ്മേളനത്തിനാണ് കോഴിക്കോട് കടപ്പുറം സാക്ഷിയാവുക. കേരളത്തിന് അകത്തും പുറത്തുനിന്നുമായി ഒഴുകിയെത്തുന്ന പതിനായിരങ്ങള്‍ എസ്.കെ.എസ്.എസ്.എഫിന്റെ 35ാം വാര്‍ഷിക പരിപാടികളുടെ സമാപന മഹാസമ്മേനത്തില്‍ കോഴിക്കോട് മുഖദ്ദസ് നഗറില്‍ പങ്കുചേരും.
വിദ്യാഭ്യാസ, സാമൂഹിക, സാംസ്‌കാരിക, മത മേഖലകളില്‍ ശ്രദ്ധേയവും സര്‍ഗാത്മകവുമായ മുന്നേറ്റങ്ങള്‍ക്ക് നേതൃത്വം നല്‍കിയ എസ്.കെ.എസ്.എസ്.എഫിന്റെ 35ാം വാര്‍ഷിക സമ്മേളനത്തിന്റെ സമാപനത്തിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. 'സത്യം സ്വത്വം സമര്‍പ്പണം' പ്രമേയത്തില്‍ നടക്കുന്ന സമ്മേളനത്തില്‍ സമര്‍പ്പിക്കുന്ന വിജിലന്റ് വിഖായയുടെ റാലി വൈകീട്ട് മൂന്നിന് മുഹമ്മദലി കടപ്പുറത്തുനിന്ന് ആരംഭിക്കും. സമാപന സമ്മേളനം സമസ്ത കേരള ജംഇയ്യതുല്‍ ഉലമ പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്‌രി മുത്തുക്കോയ തങ്ങള്‍ ഉദ്ഘാടനം ചെയ്യും. പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ മുഖ്യപ്രഭാഷണം നടത്തും. പാണക്കാട് ഹമീദലി ശിഹാബ് തങ്ങള്‍ അധ്യക്ഷനാകും.
സമസ്ത ജനറല്‍ സെക്രട്ടറി പ്രൊഫ. കെ. ആലിക്കുട്ടി മുസ്‌ലിയാര്‍ അനുഗ്രഹ പ്രഭാഷണം നടത്തും. പാണക്കാട് അബ്ബാസലി ശിഹാബ് തങ്ങള്‍ വിജിലന്റ് വിഖായ സമര്‍പ്പണം നിര്‍വഹിക്കും. കെയ്‌റോ അല്‍അസ്ഹര്‍ നിയമശാസ്ത്ര പ്രൊഫ. ഡോ. മുഹമ്മദ് അബു സൈദ് അല്‍ ആമിര്‍ മഹമൂദ് ഈജിപ്ത് മുഖ്യാതിഥിയായി പങ്കെടുക്കും. സമസ്ത വിദ്യാഭ്യാസ ബോര്‍ഡ് ജനറല്‍ സെക്രട്ടറി എം.ടി അബ്ദുല്ല മുസ്‌ലിയാര്‍, സമസ്ത ട്രഷറര്‍ കൊയ്യോട് പി.പി ഉമര്‍ മുസ്‌ലിയാര്‍, ശര്‍മാന്‍ അലി അഹ്മദ് എം.എല്‍.എ (ആസാം), പ്രതിപക്ഷ ഉപനേതാവ് പി.കെ കുഞ്ഞാലിക്കുട്ടി സംസാരിക്കും.
ഹൈദര്‍ ഫൈസി പനങ്ങാങ്ങര, എം.പി മുസ്തഫല്‍ ഫൈസി, അബ്ദുസ്സലാം ബാഖവി വടക്കേകാട്, അബ്ദുല്‍ ഹമീദ് ഫൈസി അമ്പലക്കടവ്, അബ്ദുസ്സമദ് പൂക്കോട്ടൂര്‍, സത്താര്‍ പന്തലൂര്‍, ഫഖ്‌റുദ്ദീന്‍ ഹസനി തങ്ങള്‍ കണ്ണന്തള്ളി വിവിധ വിഷയങ്ങള്‍ അവതരിപ്പിക്കും. സമസ്ത കേന്ദ്ര മുശാവറ അംഗങ്ങളും പോഷക സംഘടനാ നേതാക്കളും സംബന്ധിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."