സൈബര്‍ സുരക്ഷ: ദ്വിദിന അന്തര്‍ദേശീയ സമ്മേളനം കൊല്ലത്ത്
കൊല്ലം: സൈബര്‍ സുരക്ഷയെക്കുറിച്ചുള്ള ദ്വിദിന അന്തര്‍ദേശീയ സെമിനാര്‍ 'കൊക്കൂണ്‍ 2016'ന് നാളെ കൊല്ലത്തു തുടക്കമാകും. സൈബര്‍ ലോകത്തെ പുത്തന്‍ പ്രവണതകളെയും വെല്ലുവിളികളെയും പുതുതലമുറയ്ക്കു പരിചയപ്പെടുത്താനായി ഹോട്ടല്‍ റാവിസ് അഷ്ടമുടി റിസോര്‍ട്ടില്‍ അന്താരാഷ്ട്ര സൈബര്‍ സെക്യൂരിറ്റി ദിനത്തിന്റെ ഭാഗമായാണ് കൊക്കൂണ്‍ സംഘടിപ്പിക്കുന്നത്.
സംസ്ഥാന ആഭ്യന്തരവകുപ്പിന്റെ ആഭിമുഖ്യത്തില്‍ നടക്കുന്ന സെമിനാറില്‍ അന്തരാഷ്ട്ര സൈബര്‍ സുരക്ഷയ്ക്കായി ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന പോളിസിബ്, ഇസ്‌റ സംഘടനകള്‍ പങ്കാളികളാകും. നിയമപാലകരും മറ്റു മേഖലകളില്‍ പ്രവര്‍ത്തിക്കുന്നവരുമായി സഹകരിച്ച് സൈബര്‍ കുറ്റകൃത്യങ്ങളെ അമര്‍ച്ച ചെയ്യുകയാണു ലക്ഷ്യം. ഡിജിറ്റല്‍ സുരക്ഷയെ ബാധിക്കുന്ന വര്‍ധിച്ചുവരുന്ന സൈബര്‍ കുറ്റകൃത്യങ്ങള്‍ ഫലപ്രദമായി തടയുന്നതിന് അതിവിദഗ്ധരായ സൈബര്‍ കുറ്റാന്വേഷകരെ വളര്‍ത്തിയെടുക്കേണ്ടതും കൊക്കൂണില്‍ ചര്‍ച്ചചെയ്യും.
കേരള പൊലിസ് സൈബര്‍ ഡോം എന്ന പേരില്‍ പൊതുസ്വകാര്യ പങ്കാളിത്തത്തോടെ ആരംഭിച്ച സൈബര്‍ റിസര്‍ച്ച് സെന്റര്‍ മുഖേന സൈബര്‍ തീവ്രവാദം, ദേശവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ എന്നിവ തടയുകയും രാജ്യാന്തര കുറ്റവാളികളെ കണ്ടെത്തുകയുമാണ് പ്രധാന ലക്ഷ്യം. സ്വകാര്യപൊതുമേഖലകളെ കൂട്ടിയിണക്കി സമൂഹത്തിനെ സൈബര്‍ വെല്ലുവിളികളെ കുറിച്ച് ബോധവാന്‍മാരാക്കുന്ന ഒരു അന്താരാഷ്ട്ര കൂട്ടായ്മയാണ് കൊക്കൂണ്‍. നാളെ രാവിലെ 10നു ഗവര്‍ണര്‍ ജസ്റ്റിസ് പി.സദാശിവം ഉദ്ഘാടനം ചെയ്യും. യു.എ.ഇ ഉപപ്രധാനമന്ത്രി ഷെയ്ഖ് സെയ്ഫ് ബിന്‍ സെയ്ദ് അല്‍ നഹ്യാന്‍ പ്രത്യേക ക്ഷണിതാവായിരിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."