ഒരാണ്ട് പിന്നിട്ട് ഒരു കുടുംബത്തിന്റെ സഹനസമരം
കല്‍പ്പറ്റ: വര്‍ഷം ഒന്ന് കഴിഞ്ഞു കാഞ്ഞിരത്തിനാല്‍ ജോര്‍ജിന്റെ മകള്‍ ട്രീസയും കുടുംബവും വയനാട് കലക്ടറേറ്റിന് മുന്നില്‍ സഹനസമരം തുടങ്ങിയിട്ട്. ഒരാണ്ട് പിന്നിട്ടിട്ടും അവര്‍ മുന്നോട്ടുവച്ച ആവശ്യങ്ങള്‍ ഒന്നുപോലും അംഗീകരിക്കാന്‍ മുന്‍ സര്‍ക്കാരും പുതിയ സര്‍ക്കാരും ഒരു നടപടിയും കൈക്കൊണ്ടില്ലെന്ന നിരാശയിലാണ് ഇവര്‍.
സമരം അവസാനിപ്പിച്ച് എല്ലാം ഉപേക്ഷിച്ചു പോവാന്‍ ഈ കുടുംബം തയാറല്ല. ട്രീസയുടെ അച്ഛന്‍ കാഞ്ഞിരത്തിനാല്‍ ജോര്‍ജിന്റെ കൈവശമുണ്ടായിരുന്ന 12 ഏക്കര്‍ ഭൂമി വനംവകുപ്പ് വനഭൂമിയായി പിടിച്ചെടുത്തതു തിരിച്ചുനല്‍കണമെന്ന് ആവശ്യപ്പെട്ടാണ് ഇവര്‍ കലക്ടറേറ്റ് പടിക്കല്‍ സമരമിരിക്കുന്നത്. ഒരു പതിറ്റാണ്ട് ഇതേ ആവശ്യമുന്നയിച്ച് ജോര്‍ജും ഭാര്യയും വിവിധങ്ങളായ സമരപാതയിലുണ്ടായിരുന്നു. എന്നാല്‍ ഒരുതുണ്ടു ഭൂമി പോലും സ്വന്തമില്ലാത്ത അവസ്ഥയില്‍ മരണത്തിന് കീഴടങ്ങാനായിരുന്നു ആ വയോധികരുടെ വിധി.
ജോര്‍ജ്-ഏലിക്കുട്ടി ദമ്പതികളുടെ മകള്‍ ട്രീസ, ഭര്‍ത്താവ് തൊട്ടില്‍പ്പാലം കട്ടക്കയം ജയിംസ്, ഇവരുടെ ഇരട്ടക്കുട്ടികളും ചാത്തങ്കോട്ടുനട എ.ജെ.ജോണ്‍ മെമ്മോറിയല്‍ സ്‌കൂള്‍ വിദ്യാര്‍ഥികളുമായ ബിബിന്‍, നിധിന്‍ എന്നിവരാണ് 2015 ഓഗസ്റ്റ് 15 മുതല്‍ വയനാട് കലക്ടറേറ്റിന് മുന്നില്‍ സമരമാരംഭിച്ചത്. ഭാര്യാപിതാവിനൊപ്പം ഭൂമിക്കായി നിയമപോരാട്ടം നടത്തിയ ജയിംസ് സമരം തുടര്‍ന്നെങ്കിലും നിയമത്തിന്റെ ഒരു ആനുകൂല്യവും ലഭിക്കാതായതോടെയാണ് കലക്ടറേറ്റ് പടിക്കല്‍ സമരമിരിക്കാന്‍ തീരുമാനിച്ചത്. സമരം ഒരു വര്‍ഷം പിന്നിട്ടിട്ടും ഇവരുടെ ആവശ്യങ്ങളില്‍ അനുകൂലമായ നടപടികളൊന്നുമുണ്ടായിട്ടില്ല. 1967ല്‍ കുട്ടനാട് കാര്‍ഡമം കമ്പനിയില്‍ നിന്നു കാഞ്ഞിരത്തിനാല്‍ കുടുംബം വിലയ്ക്കുവാങ്ങിയതാണ് കാഞ്ഞിരങ്ങാട് വില്ലേജിലെ 12 ഏക്കര്‍ ഭൂമി.
ഈ ഭൂമി വനഭൂമിയെന്നു വരുത്തിത്തീര്‍ത്ത് 1976ലാണ് വനംവകുപ്പ് കൈവശപ്പെടുത്തിയത്. ഇതിനുപിന്നാലെ തുടങ്ങിയതാണ് ഭൂമി തിരിച്ചുപിടിക്കുന്നതിനുള്ള കാഞ്ഞിരത്തിനാല്‍ കുടുംബത്തിന്റെ പോരാട്ടം.
കോഴിക്കോട് ഫോറസ്റ്റ് ട്രൈബ്യൂണലില്‍ ആരംഭിച്ച നിയമയുദ്ധം ഹൈക്കോടതിയില്‍ തുടരുകയാണ്. ഇതര സമരമുറകള്‍ക്കും വിരാമമായില്ല. വിജ്ഞാപനം ചെയ്ത വനഭൂമിയെന്നു പറഞ്ഞു പതിറ്റാണ്ടുകള്‍ക്കു മുന്‍പ് പിടിച്ചെടുത്ത സ്ഥലം 2013 ഒക്‌ടോബര്‍ 22നു വനം വകുപ്പ് വീണ്ടും വിജ്ഞാപനം ചെയ്യുകയുണ്ടായി. ഈ പശ്ചാത്തലത്തിലാണ് കാഞ്ഞിരത്തിനാല്‍ കുടുംബാംഗങ്ങള്‍ 2015ലെ സ്വാതന്ത്ര്യദിനത്തില്‍ കലക്ടറേറ്റ് പടിക്കല്‍ സത്യഗ്രഹം ആരംഭിച്ചത്. 12 ഏക്കര്‍ ഭൂമിയും കാഞ്ഞിരത്തിനാല്‍ കുടുംബത്തിന് വിട്ടുകൊടുത്ത് 2007 ഏപ്രിലില്‍ സംസ്ഥാന സര്‍ക്കാര്‍ ഉത്തരവായതാണ്. ഭൂമി കാഞ്ഞിരത്തിനാല്‍ കുടുംബത്തിന് അവകാശപ്പെട്ടതാണെന്നു സംയുക്ത പരിശോധനയില്‍ ബോധ്യമായ സാഹചര്യത്തിലായിരുന്നു സര്‍ക്കാര്‍ നടപടി.
ഇതിന്റെ അടിസ്ഥാനത്തില്‍ കാഞ്ഞിരത്തിനാല്‍ കുടുംബം നികുതി അടച്ചെങ്കിലും ഭൂമിയില്‍ താമസമാക്കാനും കൃഷിയിറക്കാനും കഴിഞ്ഞില്ല. തൃശൂരിലെ 'വണ്‍ എര്‍ത്ത് വണ്‍ ലൈഫ്' നല്‍കിയ ഹരജിയില്‍ ഭൂമിയിലെ വനേതര പ്രവര്‍ത്തനങ്ങള്‍ ഹൈക്കോടതി തടഞ്ഞതാണ് ഇതിനു കാരണമായത്. അപ്പീല്‍ ഹരജിയില്‍ ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് 2012 ഡിസംബര്‍ 13ന് പുറപ്പെടുവിച്ച വിധി കാഞ്ഞിരത്തിനാല്‍ കുടുംബത്തിന് എതിരായിരുന്നു. റിവ്യൂ ഹരജിയില്‍ 2012 ഡിസംബര്‍ 13ലെ വിധി ഹൈക്കോടതി റദ്ദാക്കിയെങ്കിലും സമഗ്രമായ പരിശോധനയ്ക്കു മറ്റൊരു ബെഞ്ചിന്റെ പരിഗണനയ്ക്കു വിട്ട കേസ് നീളുകയാണ്.
കാഞ്ഞിരത്തിനാല്‍ കുടുംബം അവകാശവാദം ഉന്നയിക്കുന്ന ഭൂമി വനമായി വിജ്ഞാപനം ചെയ്തതും പിടിച്ചെടുത്തതും നിയമവിരുദ്ധമായാണെന്ന് 2009ല്‍ വിജിലന്‍സ് ആന്റ് ആന്റി കറപ്ഷന്‍ ബ്യൂറോ കണ്ടെത്തിയിരുന്നു. ഇതുസംബന്ധിച്ച് ബ്യൂറോ കോഴിക്കോട് നോര്‍ത്തേണ്‍ റെയ്ഞ്ച് സൂപ്രണ്ട് ടി.ശ്രീസുകനാണ് വിജിലന്‍സ് ഡയറക്ടര്‍ക്ക് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. ദൗര്‍ഭാഗ്യവശാല്‍ ഈ റിപ്പോര്‍ട്ട് വര്‍ഷങ്ങളോളം മുങ്ങി.
നിലവില്‍ സ്വകാര്യ കൃഷിഭൂമി വനഭൂമിയായി തെറ്റായി വിജ്ഞാപനം ചെയ്യുന്നതിന് ഉത്തരവാദികളായ ഉദ്യോഗസ്ഥര്‍ക്കെതിരേ നടപടിക്ക് സര്‍ക്കാര്‍തലത്തില്‍ നീക്കം നടന്നുവരികയാണ്.
കാഞ്ഞിരത്തിനാല്‍ കുടുംബത്തിന്റെ ഭൂമിപ്രശ്‌നത്തില്‍ ഏറ്റവും ഒടുവില്‍ സംസ്ഥാന ലീഗല്‍ സര്‍വിസസ് അതോറിറ്റിയും ഇടപെട്ടിട്ടുണ്ട്. അതോറിറ്റി ചെയര്‍മാനും ഹൈക്കോടതി ആക്ടിങ് ചീഫ് ജസ്റ്റിസുമായ തോട്ടത്തില്‍ ബി.രാധാകൃഷ്ണന്‍ നിര്‍ദേശിച്ചതനുസരിച്ച് ജില്ലാ ലീഗല്‍ സര്‍വിസസ് സൊസൈറ്റി (ഡി.എല്‍.എസ്.എ) സെക്രട്ടറിയും സബ് ജഡ്ജുമായ എ.ജി സതീഷ്‌കുമാര്‍ സമരപ്പന്തലിലെത്തി വിവരശേഖരണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടുണ്ട്.
മാധ്യമവാര്‍ത്തകളുടെ അടിസ്ഥാനത്തിലായിരുന്നു അതോറിറ്റിയുടെ ഇടപെടല്‍. ഭൂമി വിജ്ഞാപനം ചെയ്തതില്‍ ബോധപൂര്‍വമോ അല്ലാതെയോ വന്ന പിശക് സമ്മതിക്കാനും തിരുത്താനും വനംവകുപ്പ് തയാറായാല്‍ ദിവസങ്ങള്‍ക്കകം പരിഹരിക്കാന്‍ സാധിക്കുന്നതാണു കാഞ്ഞിരത്തിനാല്‍ കുടുംബത്തിന്റെ ഭൂപ്രശ്‌നം.
സ്വന്തം ഭൂമി തിരികെ പിടിക്കാന്‍ മഴയും വെയിലും വകവയ്ക്കാതെ പോരാടുകയാണ് ട്രീസയും കുടുംബവും. പിന്തുണയുമായി സാമൂഹികപ്രവര്‍ത്തകരും നാട്ടുകാരും രംഗത്തെത്തിയത് അധികൃതരുടെ കണ്ണുതുറക്കാന്‍ ഇടയാക്കുമെന്ന പ്രതീക്ഷയിലാണ് ഈ കുടുംബം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."