ഓണവിപണി: കണ്‍സ്യൂമര്‍ഫെഡിന് സര്‍ക്കാര്‍ സഹായമില്ല
കോഴിക്കോട്: പൊതുവിപണിയിലെ അവശ്യസാധനങ്ങളുടെ വില നിയന്ത്രിക്കാന്‍ ലക്ഷ്യമിട്ട് കണ്‍സ്യൂമര്‍ഫെഡ് ഉത്സവ അവസരങ്ങളില്‍ നടത്തിവന്ന നീതി -ത്രിവേണി ചന്തകള്‍ക്ക് ഇക്കുറി സര്‍ക്കാര്‍ സഹായമില്ല. വിപണി ഇടപെടലിനായി ബജറ്റില്‍ നീക്കിവച്ച 150 കോടിയില്‍ 81.42 കോടി രൂപ പൊതുവിതരണവകുപ്പിനു കീഴിലുള്ള സപ്ലൈകോയ്ക്ക് നല്‍കാന്‍ തീരുമാനിച്ച സര്‍ക്കാര്‍ സഹകരണവകുപ്പിനു കീഴിലുള്ള കണ്‍സ്യൂമര്‍ ഫെഡിന് ഒരു രൂപ പോലും നീക്കിവച്ചില്ല. ലാഭകരമല്ലെന്ന കാരണത്താല്‍ നന്മ സ്റ്റോറുകള്‍ പൂട്ടാനുള്ള തീരുമാനത്തിനു പിന്നാലെയാണ് ഓണം, പെരുന്നാള്‍ ചന്തകള്‍ക്ക് സര്‍ക്കാര്‍ സഹായം നിഷേധിച്ചത്.
അഴിമതിക്കു കുപ്രസിദ്ധിയാര്‍ജിച്ച സ്ഥാപനമായതിനാല്‍ കണ്‍സ്യൂമര്‍ഫെഡിന് ഇപ്പോള്‍ സഹായം നല്‍കാനില്ലെന്നും മെച്ചപ്പെട്ട നിലയിലായാലേ സഹായം നല്‍കൂവെന്നുമാണ് സര്‍ക്കാര്‍ നിലപാട്. അതേസമയം, കണ്‍സ്യൂമര്‍ഫെഡിനെ പോലെ അഴിമതി ആരോപണം ഉയര്‍ന്ന കൃഷിവകുപ്പിനുകീഴിലുള്ള ഹോര്‍ട്ടികോര്‍പിന് സര്‍ക്കാര്‍ സഹായം ലഭിക്കുന്നുണ്ട്. അഴിമതി ആരോപണവും വിജിലന്‍സ് അന്വേഷണവും കരിനിഴല്‍ വീഴ്ത്തിയ കണ്‍സ്യൂമര്‍ഫെഡിനെ പഴയ പ്രതാപത്തിലേക്കു കൊണ്ടുപോവുകയെന്നതാണു ലക്ഷ്യമെന്ന് ഇടതുമുന്നണി സര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നു. ഇതിന്റെ ഭാഗമായാണ് സംസ്ഥാനതലത്തില്‍ ശ്രദ്ധേയനായ സഹകാരിയായ എം. മെഹബൂബിനെ ഫെഡറേഷന്‍ ചെയര്‍മാനാക്കിയത്.
മുന്‍വര്‍ഷങ്ങളില്‍ ഓണം, രണ്ട് പെരുന്നാളുകള്‍, വിഷു തുടങ്ങിയ ഉത്സവ സീസണുകളില്‍ വിപണിയില്‍ വലിയ ഇടപെടലാണ് കണ്‍സ്യൂമര്‍ ഫെഡ് നടത്തിയിരുന്നത്. കണ്‍സ്യൂമര്‍ഫെഡിനു കീഴിലുള്ള ത്രിവേണി, നീതി സ്റ്റോറുകള്‍ക്കു പുറമേ വിവിധ സഹകരണ സ്ഥാപനങ്ങളുമായി സഹകരിച്ചുമാണ് ഓണച്ചന്തകള്‍ നടത്തിവന്നിരുന്നത്. ഇക്കഴിഞ്ഞ പെരുന്നാളിനോടനുബന്ധിച്ച് കണ്‍സ്യൂമര്‍ ഫെഡിന് സബ്‌സിഡി നിരക്കില്‍ സാധനങ്ങള്‍ നല്‍കാന്‍ സര്‍ക്കാര്‍ അഞ്ചുകോടി രൂപ അനുവദിച്ചിരുന്നു. മലബാറില്‍ മാത്രം ഫെഡറേഷനു കീഴിലുള്ള 27 ത്രിവേണി ഔട്ട്‌ലെറ്റിലും 15 മൊബൈല്‍ സ്റ്റോറുകളിലും കൂടാതെ നീതി, നന്മ സ്റ്റോറുകളിലും റമദാന്‍ ചന്ത നടത്തിയിരുന്നു.
അതേസമയം, ഇത്തവണ സര്‍ക്കാര്‍ സഹായം ഇല്ലെങ്കിലും 2500 ഓണച്ചന്തകള്‍ ആരംഭിക്കാന്‍ കണ്‍സ്യൂമര്‍ ഫെഡ് തീരുമാനിച്ചിട്ടുണ്ട്. 13 ഇന സാധനങ്ങള്‍ സബ്‌സിഡിയായി നല്‍കുമെന്നും ഇതിനായി 50 കോടി രൂപ നീക്കിവയ്ക്കുമെന്നും കണ്‍സ്യൂമര്‍ഫെഡ് വ്യക്തമാക്കുന്നു. കണ്‍സ്യൂമര്‍ഫെഡിനെ അവഗണിക്കുമ്പോഴും സപ്ലൈകോ, കൃഷിവകുപ്പ് എന്നിവയുടെ ഓണം ഫെയറിന് സര്‍ക്കാരില്‍ നിന്ന് മികച്ച പിന്തുണയാണ് ലഭിക്കുന്നത്. ഓണത്തിന് സപ്ലൈകോ മുഖേന 1464 ഓണച്ചന്തകളും കൃഷിവകുപ്പിനു കീഴില്‍ 1350 പച്ചക്കറി ചന്തകളും ആരംഭിക്കാനാണ് സര്‍ക്കാര്‍ തീരുമാനം. ഓണച്ചന്തകള്‍ക്കു മാത്രമായി 4.60 കോടി രൂപയും വിപണി ഇടപെടലിന് 45 കോടിയും ബി.പി.എല്‍ കിറ്റുകള്‍ക്ക് നല്‍കാന്‍ 8.76 കോടിയും ഓണം സ്‌പെഷല്‍ പഞ്ചസാരക്ക് 13.60 കോടി രൂപയും നീക്കിവച്ചിട്ടുണ്ട്.
ജില്ലാ, താലൂക്ക് കേന്ദ്രങ്ങള്‍ക്കു പുറമേ നിലവില്‍ മാവേലി സ്റ്റോറുകള്‍ ഇല്ലാത്ത 38 പഞ്ചായത്തുകളില്‍ സ്‌പെഷല്‍ ഓണം മിനിഫെയറും ഇത്തവണയുണ്ടാകും. 56 പ്രത്യേക ഓണച്ചന്തകള്‍ തുടങ്ങുമെന്നും തദ്ദേശസ്ഥാപനങ്ങള്‍ക്ക് പ്രത്യേക സ്റ്റാള്‍ അനുവദിക്കുമെന്നും സര്‍ക്കാര്‍ അറിയിച്ചിട്ടുണ്ട്. ഇതിനുപുറമെ സ്‌കൂള്‍ കുട്ടികള്‍ക്ക് പതിവുപോലെ അഞ്ചുകിലോ അരിയും എ.പി.എല്‍ കാര്‍ഡുടമകള്‍ക്ക് രണ്ട് കിലോ അരി കൂടുതല്‍ നല്‍കാനും തീരുമാനിച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."