മഥുരയിലെ ക്ഷേത്രം തകര്‍ത്താണ് ഔറംഗസേബ് ഷാഹി ഈദ്ഗാഹ് മസ്ജിദ് നിര്‍മിച്ചതെന്ന് ആര്‍ക്കിയോളജിക്കല്‍ സര്‍വേ റിപ്പോര്‍ട്ട്
മഥുരയിലെ ക്ഷേത്രം തകര്‍ത്താണ് ഔറംഗസേബ് ഷാഫി ഈദ്ഗാഹ് മസ്ജിദ് നിര്‍മിച്ചതെന്ന് ആര്‍ക്കിയോളജിക്കല്‍ സര്‍വേ റിപ്പോര്‍ട്ട്
മഥുരയിലെ കേശവദേവ് ക്ഷേത്രം തകര്‍ത്താണ് മുഗള്‍ ചക്രവര്‍ത്തിയായ ഔറംഗസേബ് കൃഷ്ണന്റെ ജന്മസ്ഥലത്ത് ഷാഹി ഈദ്ഗാഹ് മസ്ജിദ് നിര്‍മിച്ചതെന്ന് ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയുടെ (എ.എസ്.ഐ) റിപ്പോര്‍ട്ട്. യുപി സ്വദേശി അജയ് പ്രതാപ് സിംഗ് സമര്‍പ്പിച്ച വിവരാവകാശ രേഖയ്ക്ക് മറുപടിയായി നല്‍കിയ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വെളിപെടുത്തിയതെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു. മഥുരയിലെ കൃഷ്ണ ജന്മഭൂമി ക്ഷേത്ര സമുച്ചയത്തെക്കുറിച്ചുള്ള 1920ലെ ഗസറ്റിന്റെ ചരിത്ര രേഖകളെ അടിസ്ഥാനമാക്കി യുള്ളതാണ് ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയുടെ റിപ്പോര്‍ട്ട്.
1920 നവംബറിലെ ഗസറ്റില്‍ നിന്നുള്ള ഭാഗം ഉദ്ധരിച്ചാണ് റിപ്പോര്‍ട്ടിലെ പരാമര്‍ശം. നസുല്‍ കുടിയേറ്റക്കാരുടെ കൈവശമില്ലാതിരുന്ന 'കത്ര കുന്നിന്റെ' ഭാഗങ്ങള്‍ മഥുരയിലെ മസ്ജിദിന്റെ നിര്‍മാണത്തിനായി ഉപയോഗിച്ചിട്ടുണ്ടെന്നും, ഇവ നസുല്‍ കുടിയേറ്റക്കാരുടെ കൈവശമുള്ളതായിരുന്നില്ല മറിച്ച് കേശവദേവിന്റെ ക്ഷേത്രം നിലനിന്നിരുന്ന സ്ഥലമായിരുന്നു എന്നാണ് റിപ്പോര്‍ട്ട്.
കൃഷ്ണ ജന്മഭൂമിയില്‍ നിലനിന്നിരുന്നതായി അവകാശപ്പെടുന്ന കേശവദേവ് ക്ഷേത്രം പൊളിച്ചതിനെ ചോദ്യം ചെയ്താണ് യുപിയിലെ മെയിന്‍പുരി സ്വദേശി അജയ് പ്രതാപ് സിംഗ് വിവരാവകാശ രേഖ സമര്‍പ്പിച്ചത്. ആര്‍ക്കിയോളജിക്കല്‍ സര്‍വെ ഓഫ് ഇന്ത്യയുടെ ഭാഗത്ത് നിന്നും ലഭിച്ച മറുപടിയില്‍ 'കൃഷ്ണ ജന്മഭൂമി' എന്ന വാക്കുകള്‍ പരാമര്‍ശിക്കാതെ തര്‍ക്കഭൂമിയില്‍ നിലനിന്നിരുന്ന ക്ഷേത്രം തകര്‍ത്താണ് മുഗള്‍ ചക്രവര്‍ത്തി മസ്ജിദ് പണികഴിച്ചതെന്നാണ് വ്യക്തമാക്കിയിട്ടുള്ളത്.
വിവരാകാവകാശ മറുപടിയില്‍ നിന്നും ലഭിച്ച വിവരങ്ങള്‍ ഉള്‍പ്പടെയുള്ള തെളിവുകള്‍ അലഹബാദ് ഹൈക്കോടതിക്കും സുപ്രിം കോടതിക്കും മുന്‍പില്‍ സമര്‍പ്പിക്കുമെന്ന് ശ്രീകൃഷ്ണ ജന്മഭൂമി മുക്തി നിര്‍മാണ്‍ ട്രസ്റ്റ് അധ്യക്ഷന്‍ അഡ്വക്കേറ്റ് മഹേന്ദ്ര പ്രതാപ് സിംഗ് പറഞ്ഞു.
'ചരിത്രപരമായ തെളിവുകളുടെ അടിസ്ഥാനത്തില്‍, 1670 ല്‍ ഔറംഗസേബ് ക്ഷേത്രം പൊളിക്കാന്‍ ഒരു ഉത്തരവ് പുറപ്പെടുവിച്ചതായി ഞങ്ങളുടെ ഹരജിയില്‍ പരാമര്‍ശിച്ചിരുന്നു. അതിന് ശേഷമാണ് അതേ സ്ഥലത്ത് ഷാഹി ഈദ് ഗാഹ് മസ്ജിദ് നിര്‍മ്മിക്കപ്പെടുന്നത്. ഇപ്പോള്‍ വിവരാവകാശ നിയമപ്രകാരമുള്ള ചോദ്യത്തിന് മറുപടിയായി ആര്‍ക്കിയോളജിക്കല്‍ സര്‍വെ ഓഫ് ഇന്ത്യ ആവശ്യമായ വിവരങ്ങള്‍ രേഖപ്പെടുത്തിയിട്ടുണ്ട്. ഫെബ്രുവരി 22ന് വാദം കോടതി വാദം കേള്‍ക്കാനിരിക്കെ, സുപ്രീം കോടതിക്ക് മുന്‍പാകെ തെളിവുകളെല്ലാം സമര്‍പ്പിക്കും,' മഹേന്ദ്ര പ്രതാപ് സിംഗ് പറഞ്ഞു.
കഴിഞ്ഞ ദിവസങ്ങളിലായി രണ്ട് വിധികള്‍ പുറത്തു വന്നിരുന്നു. മുസ്‌ലിങ്ങള്‍ നൂറ്റാണ്ടുകളായി ആരാധന നടത്തിപ്പോന്ന ഗ്യാന്‍വാപിയില്‍ പൂജക്ക് അനുമതി നല്‍കുന്നതായിരുന്നു ഒന്ന്. പുരവസ്തു വകുപ്പിന്റെ സര്‍വേക്ക് പിന്നാലെയായിരുന്നു അത്. ബാഗ്പത് ജില്ലയിലെ ബര്‍നവ ഗ്രാമത്തില്‍ ഹിന്‍ഡന്‍, കൃഷ്‌നി നദികളുടെ സംഗമസ്ഥാനത്തോട് ചേര്‍ന്നുള്ള ഒരു പുരാതനമായ കുന്നില്‍ സ്ഥിതി ചെയ്യുന്ന സൂഫിവര്യനായിരുന്ന ബദറുദ്ദീന്‍ ഷായുടെ ദര്‍ഗ ഹിന്ദു വിഭാഗത്തിന് വിട്ടു കൊടുത്തു കൊണ്ടുള്ള വിധിയും കഴിഞ്ഞ ദിവസം പുറത്തു വന്നിരുന്നു. ഏകദേശം 20 ഏക്കറോളം വരുന്ന ഭൂമി ഇതിഹാസ കാവ്യമായ 'മഹാഭാരത'ത്തില്‍ പരാമര്‍ശിക്കുന്ന 'ലക്ഷഗൃഹം' ഉണ്ടന്ന് ചൂണ്ടിക്കാട്ടി ഹിന്ദു മതവിശ്വാസികള്‍ കയ്യേറിയെന്ന് അവകാശപ്പെട്ട് യുപിയിലെ മുസ് ലിം വിഭാഗം നല്‍കിയ ഹരജി യുപിയിലെ ബാഗ്പത് സിവില്‍ കോടതി തള്ളുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."