കുവൈത്തിൽ പ്രവാസി കുടുംബാംഗങ്ങൾക്കും, വിനോദസഞ്ചാരികൾക്കുമുള്ള വിസിറ്റ് വിസകൾ പുനരാരംഭിക്കുന്നു
കുവൈത്ത് സിറ്റി:കുവൈത്തിൽ പ്രവാസി കുടുംബാംഗങ്ങൾക്കും, വിനോദസഞ്ചാരികൾക്കും, വാണിജ്യ ആവശ്യങ്ങൾക്കായി പ്രവേശിക്കുന്നവർക്കുമുള്ള വിസിറ്റ് വിസകൾ പുനരാരംഭിക്കുന്നതിന് തീരുമാനിച്ചതായി കുവൈത്ത് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. 2024 ഫെബ്രുവരി 5-നാണ് കുവൈത്ത് ആഭ്യന്തര മന്ത്രാലയം ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്.
ഈ അറിയിപ്പ് പ്രകാരം, ഇത്തരം വിസകൾ അനുവദിക്കുന്ന നടപടികൾ 2024 ഫെബ്രുവരി 7, ബുധനാഴ്ച മുതൽ പുനരാരംഭിക്കുന്നതാണ്. ഏതാനും പുതിയ വ്യവസ്ഥകൾക്ക് അനുസൃതമായാണ് ഇത്തരം വിസകൾ അനുവദിക്കുന്നത്.
ഇത്തരം അപേക്ഷകൾ വിവിധ ഗവർണറേറ്റുകളിലെ റെസിഡൻസി അഫയേഴ്‌സ് വകുപ്പ് ഓഫീസുകളിൽ നൽകാവുന്നതാണ്. എന്നാൽ ഇതിന് ‘മറ്റ’ സംവിധാനത്തിലൂടെയുള്ള മുൻകൂർ അനുമതി നിർബന്ധമാണ്.
പ്രവാസി കുടുംബാംഗങ്ങൾക്കുള്ള വിസിറ്റ് വിസകൾ അനുവദിക്കുന്നതിനുള്ള നിബന്ധനകൾ ഇതാണ്
-ഇത്തരം വിസകൾ കുവൈത്തിൽ സാധുതയുള്ള റസിഡൻസിയുള്ളവരും ചുരുങ്ങിയത് 400 ദിനാറെങ്കിലും വേതനമുള്ളവരുമായ പ്രവാസികളുടെ മാതാപിതാക്കൾ, ഭാര്യ, കുട്ടികൾ എന്നിവർക്കാണ് ലഭിക്കുന്നത്. മറ്റു ബന്ധുക്കൾക്ക് ഇത്തരം വിസകൾ ലഭിക്കുന്നതിന് അപേക്ഷിക്കുന്ന പ്രവാസിയ്ക്ക് ചുരുങ്ങിയത് 800 ദിനാർ വേതനമുണ്ടായിരിക്കണം.
-വിസിറ്റ് വിസ അനുവദിക്കുന്നതിന് കുവൈത്തിലേക്കും തിരികെയുമുള്ള വിമാനടിക്കറ്റ് ഉണ്ടായിരിക്കണം.
-ഇത്തരം സന്ദർശനങ്ങളിലെത്തുന്നവർ റെസിഡൻസി വിസകളിലേക്ക് മാറില്ലെന്ന് ഉറപ്പ് നൽകുന്ന സത്യവാങ്മൂലം ഉണ്ടായിരിക്കണം.
-വിസ കാലാവധി കൃത്യമായി പാലിക്കാമെന്ന് ഉറപ്പ് നൽകേണ്ടതാണ്.
-ഇത്തരം വിസകളിലെത്തുന്നവർക്ക് ചികിത്സ ആവശ്യമാകുന്ന സാഹചര്യത്തിൽ ഇതിനായി സ്വകാര്യ ആശുപത്രികളെയും, ആരോഗ്യ പരിചരണ കേന്ദ്രങ്ങളെയും സമീപിക്കേണ്ടതാണ്. ഇവർക്ക് സർക്കാർ ആശുപത്രികളിലുള്ള ചികിത്സ അനുവദിക്കുന്നതല്ല.
-വിസ കാലാവധി സംബന്ധിച്ച് വീഴ്ചകൾ ഉണ്ടാകുന്ന സാഹചര്യത്തിൽ റെസിഡൻസ് അഫയേഴ്‌സ് ഇൻവെസ്റ്റിഗേഷൻസ് ജനറൽ വകുപ്പ് സന്ദർശകർക്കും, ഇവരുടെ സ്പോൺസർക്കും എതിരെ നിയമനടപടികൾ ആരംഭിക്കുന്നതാണ്.
വാണിജ്യ ആവശ്യങ്ങൾക്കായി രാജ്യത്തേക്ക് പ്രവേശിക്കുന്നവർക്കുള്ള വിസിറ്റ് വിസകൾ അനുവദിക്കുന്നതിനുള്ള നിബന്ധനകൾ ഇതാണ്
-ഇത്തരം വിസകൾക്ക് അപേക്ഷിക്കുന്നതിനുള്ള അനുമതി കുവൈത്തിൽ പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾക്ക് മാത്രമായാണ് നൽകുന്നത്.
-ഇത്തരം വിസകൾ അനുവദിക്കുന്നതിന് സന്ദർശകർക്ക് യൂണിവേഴ്സിറ്റി ബിരുദം, അല്ലെങ്കിൽ മറ്റു സാങ്കേതിക യോഗ്യതകൾ എന്നിവ ഉണ്ടായിരിക്കണം (അപേക്ഷിക്കുന്ന സ്ഥാപനത്തിന്റെ പ്രവർത്തനമേഖലയുമായി ബന്ധപ്പെട്ട വിദ്യാഭ്യാസ യോഗ്യതകളായിരിക്കണം).
വിനോദസഞ്ചാരികൾക്കുള്ള വിസിറ്റ് വിസകൾ അനുവദിക്കുന്നതിനുള്ള നിബന്ധനകൾ ഇതാണ്
-ഏതാനും രാജ്യങ്ങളിൽ നിന്നുള്ള സന്ദർശകർക്ക് ഇത്തരം വിസകൾ കുവൈത്തിലെ വിമാനത്താവളങ്ങളിൽ നിന്ന് രാജ്യത്തേക്ക് പ്രവേശിക്കുന്ന അവസരത്തിൽ നേടാവുന്നതാണ്.
-അല്ലെങ്കിൽ https://moi.gov.kw/main/ എന്ന വിലാസത്തിലുള്ള കുവൈത്ത് ആഭ്യന്തര മന്ത്രാലയത്തിന്റെ ഔദ്യോഗിക വെബ്‌സൈറ്റിൽ നിന്ന് ഇത്തരം വിസയ്ക്ക് അപേക്ഷിക്കാവുന്നതാണ്.
-ഏതാനും തൊഴിൽ മേഖലകളിലുള്ള ജി സി സി രാജ്യങ്ങളിലെ പ്രവാസികൾക്ക് ഇത്തരം വിസകൾ അനുവദിക്കുന്നതാണ്.
Content Highlights:Kuwait resumes visit visas for expatriate family members and tourists
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."