10 വര്‍ഷം വരെ തടവ്, ഒരു കോടിവരെ പിഴ; പരീക്ഷ ക്രമക്കേട് തടയാനുള്ള ബില്‍ ലോക്‌സഭ പാസാക്കി
10 വര്‍ഷം വരെ തടവ്, ഒരു കോടിവരെ പിഴ; പരീക്ഷ ക്രമക്കേട് തടയാനുള്ള ബില്‍ ലോക്‌സഭ പാസാക്കി
ന്യൂഡല്‍ഹി: മത്സര പരീക്ഷകളില്‍ കൃത്രിമം കാണിക്കുന്നവര്‍ക്കെതിരേ കര്‍ശന നടപടി ഉറപ്പുവരുത്തുന്ന ബില്ലുമായി കേന്ദ്രസര്‍ക്കാര്‍. പബ്ലിക് എക്‌സാമിനേഷന്‍സ് ബില്‍ 2024 ലോക്‌സഭയില്‍ പാസായി. കുറ്റക്കാരെന്ന് കണ്ടെത്തുന്നവര്‍ക്ക് പത്തുവര്‍ഷം തടവും ഒരുകോടി രൂപ പിഴയ്ക്കും ബില്‍ വ്യവസ്ഥ ചെയ്യുന്നു.
സംഘടിതമായി ചോദ്യക്കടലാസ് ചോര്‍ത്തുന്നവര്‍ക്ക് അഞ്ചു മുതല്‍ പത്തുകൊല്ലംവരെ തടവും ഒരു കോടി രൂപ വരെ പിഴയും ലഭിക്കും. യു.പി.എസ്.സി. എസ്.എസ്.സി, റെയില്‍വേ റിക്രൂട്ട്‌മെന്റ് ബോര്‍ഡ്, ഐ.ബി.പി.എസ്, എന്‍.ടി.എ. തുടങ്ങിയവ നടത്തുന്ന പരീക്ഷകള്‍ അടക്കമുള്ളവയിലെ തട്ടിപ്പ് തടയലാണ് ബില്ലിലൂടെ ലക്ഷ്യമിടുന്നത്.
ഉദ്യോഗസ്ഥരുമായി ചേര്‍ന്ന് ചോദ്യപേപ്പര്‍ ചോര്‍ത്തുകയോ ഉത്തരക്കടലാസില്‍ ക്രമക്കേട് കാണിക്കുകയോ ചെയ്യുന്നവര്‍ക്കാണ് പത്തു വര്‍ഷം തടവും ഒരു കോടി രൂപ പിഴയും ലഭിക്കുക. ബില്ലില്‍ പറയുന്ന കുറ്റകൃത്യങ്ങള്‍ക്ക് ജാമ്യം ലഭിക്കില്ലെന്ന് മാത്രമല്ല, പോലീസിന് വാറന്റില്ലാതെ അറസ്റ്റ് രേഖപ്പെടുത്താനുള്ള അനുമതിയും നല്‍കുന്നുണ്ട്. ഒത്തുതീര്‍പ്പിലൂടെയുള്ള പ്രശ്‌ന പരിഹാരവും സാധിക്കുകയില്ല.
ചോദ്യക്കടലാസോ ഉത്തരസൂചികയോ ചോര്‍ത്തല്‍, പരീക്ഷാര്‍ഥിയെ പ്രത്യക്ഷമായോ പരോക്ഷമായോ സഹായിക്കല്‍, വ്യാജ വെബ്‌സൈറ്റുകള്‍ തയ്യാറാക്കി വഞ്ചിക്കലും പണംതട്ടിപ്പും, വ്യാജപരീക്ഷാ നടത്തിപ്പ്, വ്യാജമായി പരീക്ഷാകേന്ദ്ര പ്രവേശന കാര്‍ഡും ജോലിവാഗ്ദാന കാര്‍ഡുകളും തയ്യാറാക്കുക തുടങ്ങിയവയും ശിക്ഷാര്‍ഹമായ കുറ്റങ്ങളായി ബില്ലില്‍ പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."