കൂരിരുട്ടിൽ ദിശയറിയാതെ മതേതര ഇന്ത്യ
കാസിം ഇരിക്കൂർ
സ്വാതന്ത്ര്യത്തിൻ്റെ 75 വർഷങ്ങൾക്കിടയിൽ മതേതര–ജനാധിപത്യ ഇന്ത്യ ഇതുപോലെ ഭീതിജനകമായ അന്ധകാരത്തിൽ അകപ്പെട്ടതായി ചൂണ്ടിക്കാട്ടാനാവില്ല. ഇന്ദിരാഗാന്ധി നടപ്പാക്കിയ അടിയന്തരാവസ്ഥ കടുത്ത ജനാധിപത്യ ധ്വംസനത്തിൻ്റെ ഉപകരണമായിരുന്നുവെങ്കിലും നമ്മുടെ രാജ്യത്തിൻ്റെ ഭാവിയെക്കുറിച്ച് ഇത്രമാത്രം ആശങ്ക കൈമാറിയിരുന്നില്ല എന്നതാണ് വാസ്തവം. ഇന്ത്യ എങ്ങോട്ട് എന്ന ചോദ്യത്തിന് ആർക്കും കൃത്യമായ ഉത്തരം നൽകാൻ സാധിക്കാത്തവിധം രാജ്യത്തിൻ്റെ ചിന്തയും വ്യവസ്ഥിതിയും സൈദ്ധാന്തിക അടിത്തറയും അപകടകരമാംവിധം മാറ്റങ്ങൾക്ക് വിധേയമായിക്കൊണ്ടിരിക്കുകയാണ്.
1930നുശേഷമുള്ള നാസി ജർമനിയുടെ അവസ്ഥയിലൂടെയാണ് ഇന്ത്യ ഇന്ന് കടന്നുപോകുന്നത്. ഇന്ത്യക്കാരുടെ കൈകളിലേക്ക് സ്വാതന്ത്ര്യം കൈമാറുന്ന ഘട്ടത്തിൽ പാശ്ചാത്യ രാഷ്ട്രീയ നിരീക്ഷകർ പങ്കുവച്ച ആശങ്കകളും ഗൗരവ നിരീക്ഷണത്തിലൂടെ മുന്നോട്ടുവച്ച പ്രവചനങ്ങളും ശരിവച്ചുകൊണ്ട് അധികം വൈകാതെ പ്രവിശാലമായ ഇന്ത്യ ശിഥിലമാവുമെന്ന് വരെ ഉത്കണ്ഠാകുലരാവുന്നവരുടെ എണ്ണം കൂടിവരികയാണ്.
മതേതര വിശ്വാസികൾ പൊതുവെയും ന്യൂനപക്ഷങ്ങൾ പ്രത്യേകിച്ചും കടുത്ത ഭീതിയിലാണ്. എന്തും ഇവിടെ സംഭവിക്കാമെന്ന ഭയം പുതിയ തലമുറയെ ചിന്താപരമായി അസ്വസ്ഥരാക്കുന്നുണ്ട്.2022 ഡിസംബർ 12ന് വാഷിങ്ടൺ ഡി.സിയിൽ യു.എസ് കോൺഗ്രസ് അംഗങ്ങളുടെയും മുതിർന്ന ഉദ്യോഗസ്ഥരുടെയും മുന്നിൽ ‘ജെനോസൈഡ് വാച്ച് തലവൻ’ ഡോ. ഗ്രിഗറി സ്റ്റാൻടൺ(Dr. Gregory Stanton) ഇന്ത്യയെക്കുറിച്ച് ഒരു റിപ്പോർട്ട് അവതരിപ്പിച്ചപ്പോൾ അവിടെ കൂടിയിരുന്നവർ ഞെട്ടി.
അതിവിദൂരമല്ലാത്ത കാലത്തിനിടയിൽ ഇന്ത്യയിൽ ഭീകരമായൊരു വംശഹത്യ(ജെനോസൈഡ്) അരങ്ങേറാൻ പോവുകയാണെന്നും അത്തരമൊരു ദുരന്തത്തിനുമുമ്പ് പൂർത്തിയാക്കേണ്ട പത്ത് സ്റ്റേജുകളിൽ ഒമ്പതും ഇതിനകം പൂർത്തിയാക്കിക്കഴിഞ്ഞിട്ടുണ്ടെന്നും സ്റ്റാൻടൺ വിശദീകരിച്ചപ്പോൾ ആ റിപ്പോർട്ട് കൃത്യസമയത്ത് ഇവിടെ എത്തുകയോ ഗൗരവമേറിയ ചർച്ചകൾക്ക് വിഷയീഭവിക്കുകയോ ചെയ്തില്ല.
യഹൂദ വംശവിച്ഛേദനത്തിനുമുമ്പ് നാസികൾ വർഷങ്ങളോളം ഉരുവിട്ട ‘അന്തിമ പരിഹാരം’ ആർ.എസ്.എസ് സിലബസിലെ പ്രാഥമിക പാഠങ്ങളിലൊന്നാണെന്ന് മറക്കാതിരിക്കുക.രാജ്യ ചരിത്രത്തിലെ മഹാസംഭവമാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിയും സ്തുതിപാഠകരായ മാധ്യമങ്ങളും വിശേഷിപ്പിച്ച ജനുവരി 22ൻ്റെ രാമക്ഷേത്ര പ്രാണപ്രതിഷ്ഠക്കുശേഷം ഇവിടെ കെട്ടഴിഞ്ഞുവീഴാൻ തുടങ്ങിയ സംഭവവികാസങ്ങൾ മതേതരവിശ്വാസികളുടെയും സമാധാനകാംക്ഷികളുടെയും ഉറക്കം കെടുത്തേണ്ടതുണ്ട്.
ഭരണഘടനാ സ്ഥാപനങ്ങളുടെ ഹിന്ദുത്വവത്കരണമാണ് ന്യൂനപക്ഷങ്ങൾ നേരിടുന്ന ഏറ്റവും ഒടുവിലത്തെ വലിയ വെല്ലുവിളി. 1992 ഡിസംബർ ആറിന് പട്ടാളത്തിൻ്റെ കൺമുമ്പിൽ പള്ളി തച്ചുതകർക്കുകയും ചെയ്ത അതേ ദുശ്ശക്തികൾക്ക്, വി.എച്ച്.പിക്ക് ദാനമായി നൽകിയ സുപ്രിംകോടതിയുടെ നടപടി ജുഡിഷ്യറിയുടെ നിഷ്പക്ഷതയിലും വിശ്വാസ്യതയിലും ഏൽപിച്ച പ്രഹരം ചില്ലറയല്ല. വിധിപറഞ്ഞ അഞ്ച് ജഡ്ജിമാരെയും ക്ഷേത്ര പ്രതിഷ്ഠാ ചടങ്ങിലേക്ക് ക്ഷണിച്ചുവെന്ന് മാത്രമല്ല, ‘നിയമത്തിൻ്റെയും നീതിയുടെയും അന്തസ് ഉയർത്തിപ്പിടിച്ച പരമോന്നത നീതിപീഠത്തെ’ പ്രധാനമന്ത്രി പ്രകീർത്തിച്ചതും കൂട്ടിവായിക്കുമ്പോൾ മുമ്പ് വി.ആർ കൃഷ്ണയ്യർ ചോദിച്ചതുപോലെ ജുഡിഷ്യറി, നിങ്ങൾ തന്നെ നിങ്ങളുടെ ചരമഗീതം കുറിച്ചിടുകയാണോ എന്ന് ചോദിക്കേണ്ടിവരുന്നു.
ബാബരി മസ്ജിദിനു പിന്നാലെ വാരാണസിയിലെ ജ്ഞാൻവാപി മസ്ജിദിൻ്റെമേൽ പൊടുന്നനെ ഉന്നയിക്കപ്പെട്ട അവകാശവാദം എത്ര ലാഘവത്തോടെയാണ് ജില്ലാ കോടതിയും ഹൈകോടതിയുമൊക്കെ കൈകാര്യം ചെയ്യുന്നത്. ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ (എ.എസ്.ഐ ) പള്ളിക്കടിയിൽ ക്ഷേത്രാവശിഷ്ടങ്ങൾ കണ്ടെത്തി എന്ന റിപ്പോർട്ട് പുറത്തുവിടേണ്ട താമസം പള്ളിയുടെ തെക്കേ ഭാഗത്തെ നിലവറയിൽ ഹിന്ദുക്കൾക്ക് പൂജ നടത്താൻ ഒരാഴ്ചക്കകം സൗകര്യം ചെയ്തുകൊടുക്കണമെന്നാണ് വാരാണസി ജില്ലാ കോടതി ഉത്തരവിട്ടത്. ജഡ്ജി പദവിയിൽനിന്ന് വിരമിക്കുന്ന ദിവസമാണ് ഉത്തരവ് വന്നത്. ഇനി ഏത് പദവിയിലായിരിക്കും അദ്ദേഹം പ്രതിഷ്ഠിക്കപ്പെടുകയെന്ന് വൈകാതെ അറിയാം.
ഉത്തരവിറങ്ങേണ്ട താമസം രായ്ക്കുരാമാനം പള്ളിക്കു താഴെ പൂജ തുടങ്ങി. വാരാണസി കോടതിയുടെ ഉത്തരവിനെതിരെ സുപ്രിംകോടതിയെയും ഹൈകോടതിയെയും മസ്ജിദ് കമ്മിറ്റി സമീപിച്ചെങ്കിലും പൂജ തടയാൻ ന്യായാസനങ്ങൾ തയാറായില്ല.
‘അയോധ്യ–ബാബരി സിർഫ് ജാൻകി ഹെ, കാശി, മഥുര അബ് ബാക്കി ഹേ’–ബാബരിപള്ളി തകർത്ത ശേഷം സംഘ്പരിവാർ ഉയർത്തിയ ഈ മുദ്രാവാക്യത്തിൻ്റെ പ്രയോഗവത്കരണമാണ് പൂർത്തിയാക്കാൻ പോകുന്നത്. രാജ്യത്ത് 40,000 പള്ളികൾ ക്ഷേത്രങ്ങൾ തകർത്ത് കെട്ടിപ്പൊക്കിയതാണെന്നും ഇതിൽ അടിയന്തരമായി പൊളിച്ചുമാറ്റേണ്ട 3000ലേറെ പള്ളികളുടെ പട്ടിക തങ്ങൾ തയാറാക്കിയിട്ടുണ്ടെന്നും സംഘ്പരിവാർ എന്നോ പരസ്യമായി പറഞ്ഞതാണ്. എന്നാൽ, ഇമ്മട്ടിലുള്ള വിതണ്ഡവാദങ്ങൾക്ക് വഴികൊടുക്കാതിരിക്കാനാണ് ബാബരി താർക്കം പാരമ്യതയിലെത്തിനിന്ന 1990കളുടെ തുടക്കത്തിൽ പി.വി നരസിംഹറാവു സർക്കാർ മുസ്ലിം ലീഗിൻ്റെ സമ്മർദത്തിനു വഴങ്ങി 1991ലെ ആരാധനാലയ സംരക്ഷണ നിയമം കൊണ്ടുവന്നത്.
ആ നിയമത്തിന് വിരുദ്ധമായാണ് കുഴിമാടം തോണ്ടി പുതിയ അവകാശവാദം ഉന്നയിക്കുന്ന ഈ ബുദ്ധിശൂന്യമായ പരിപാടി. എത്ര പള്ളികളുടെ അടിത്തറ മാന്താൻ കോടതിക്ക് ആജ്ഞാപിക്കാനാവും? പ്രമുഖമായ ക്ഷേത്രങ്ങളുടെ അടിത്തറ കുഴിച്ചാൽ ബുദ്ധ, ജൈന ചരിത്രതിരുശേഷിപ്പുകളല്ലേ കണ്ടെത്തുക? നിയമത്തിനോ യുക്തിക്കോ ചരിത്രത്തിനോ ഇവിടെ സ്ഥാനമില്ല. ഭൂരിപക്ഷത്തിൻ്റെ മേധാവിത്തം സ്ഥാപിച്ച് അധികാരം മുഴുവൻ പിടച്ചെടുക്കാനുള്ള ആസുര ശക്തികളുടെ ആക്രാന്തമാണ് എല്ലാറ്റിനും പിന്നിൽ.
ഏഴെട്ട് നുറ്റാണ്ടുകാലം മുസ്ലിംകൾ ഭരിച്ചിട്ടും ഇത്രയേറെ ക്ഷേത്രങ്ങളും വലിയ ഹിന്ദു ജനസഞ്ചയവും ഇവിടെ ബാക്കിയായതിനു പിന്നിലെ ഇസ്ലാമിക നാഗരിക ഔന്നത്യത്തെ അംഗീകരിക്കാനുള്ള വൈമുഖ്യവും സവർക്കറും ഗോൾവാൾക്കറും പഠിപ്പിച്ചുവിട്ട ആക്രമണോത്സുകതയ്ക്ക് എന്തിന് നിയമകേന്ദ്രങ്ങൾ കാവലാളുകളാവണം?
ഡൽഹി മെഹ്റൊലിയിൽ 800വർഷം പഴക്കമുള്ള പള്ളിയുടെയും മദ്റസയുടെയുംമേൽ അവകാശവാദം ഉന്നയിച്ച് കെട്ടിടം ഇടിച്ച് നിരപ്പാക്കിയ കോർപറേഷൻ അധികൃതരുടെ മനോഘടനയും ഉന്മൂലനത്തിൻ്റെതുതന്നെയാണ്. മുസ്ലിം കാലഘട്ടത്തിൽ പടുത്തുയർത്തിയ ചരിത്രസൗധങ്ങൾ കാണുമ്പോഴുള്ള അസഹിഷ്ണുതയ്ക്കും കലിപ്പിനുമിടയിൽ താജ്മഹലും കുത്തബ്മീനാറും ചെങ്കോട്ടയുമൊക്കെ ബാക്കിയാവുന്നത് പ്രബുദ്ധ ആഗോളസമൂഹം അവ തകർക്കാൻ അനുവദിക്കില്ല എന്ന ഏക കാരണത്താലാണ്.
ഹിന്ദുത്വ ആചാര്യന്മാർ പഠിപ്പിച്ച വിദ്വേഷത്തിൻ്റെ പാതയിലൂടെ സഞ്ചരിക്കുകയാണ് മോദിയും അമിത് ഷായും മോഹൻ ഭാഗവതുമൊക്കെ. ജനാധിപത്യ–മതേതര മൂല്യങ്ങളിൽ കെട്ടിപ്പടുത്ത സ്വതന്ത്ര ഇന്ത്യയെ ഹിന്ദുരാഷ്ട്രമാക്കി പരിവർത്തിപ്പിക്കുക എന്നത് ദുഷ്കരമായ അജൻഡയായിരിക്കുമെന്നാണ് ഇതുവരെ നാം കരുതിയിരുന്നത്. അത് നിഷ്പ്രയാസം സാധിക്കുമെന്ന് രാമക്ഷേത്ര ഉദ്ഘാടനം സമർഥിച്ചു. പൗരോഹിത്യകർമകങ്ങൾ ചെയ്യുന്ന ലോകത്തിലെ ഏക ഭരണാധികാരിയായി മോദി വാഴ്ത്തപ്പെടുന്ന ഈ കാലസന്ധിയിൽ യഥാർഥ രാഷ്ട്രീയം മരിച്ചുവെന്ന് മാത്രമല്ല, ഭരണഘടന വിഭാവന ചെയ്യുന്ന കുലീന സംസ്കൃതി കാലഹരണപ്പെട്ട ചിന്തയെ ജനം കൈവെടിയുകയുംചെയ്തു.
അങ്ങനെയാണ് പൗരസമത്വം എന്ന ഉദാത്ത കാഴ്ചപ്പാട് നിരാകരിച്ചുകൊണ്ട് പൗരത്വഭേദഗതി നിയമത്തിലൂടെ മുസ്ലിംകളെ രണ്ടാംകിട പൗരന്മാരായി അടയാളപ്പെടുത്താൻ വീണ്ടും ശ്രമങ്ങളാരംഭിച്ചത്. ശക്തമായ എതിർപ്പിനെ തുടർന്ന് കോൾഡ് സ്റ്റോറേജിൽവച്ച സി.എ.എ പൊടിതട്ടിയെടുത്ത് നടപ്പാക്കാനുള്ള ആർ.എസ്.എസ് അജൻഡയ്ക്കു പിന്നിൽ വലിയൊരു വിഭാഗം മുസ്ലിംകൾക്ക് പൗരത്വം നിഷേധിക്കുകയെന്ന ലക്ഷ്യമാണ്.
അതിർത്തി ജില്ലകളിലായിരിക്കാം ആദ്യഘട്ടത്തിൽ ഇതിൻ്റെ പ്രത്യാഘാതം പ്രകടമാവുകയെങ്കിലും കാലക്രമേണ ഗൾഫിൽ ജനിച്ച മലയാളികുഞ്ഞുങ്ങളെ പോലും വിദേശകളായി മുദ്രകുത്താൻ ഹിന്ദുത്വവാദികൾ ചട്ടങ്ങൾ ഉണ്ടാക്കില്ലെന്ന് ആർക്കു ഉറപ്പുനൽകാനാവും?
ദ്രുതഗതിയിലുള്ള ജനസംഖ്യാ വർധനയും ഭൂമിശാസ്ത്രപരമായ ജനംസഖ്യാ മാറ്റങ്ങളും പഠിക്കുന്നതിനു ഉന്നതതല സമിതി രൂപീകരിക്കാനുള്ള ധനമന്ത്രി നിർമല സീതാരാമൻ്റെ ബജറ്റ് ശുപാർശ ആർ.എസ്.എസിൻ്റെ മറ്റൊരു അജൻഡകൂടിയാണ്. ഇവിടെ മുസ്ലിംകൾ മാത്രം പെറ്റുപെരുകുന്നുവെന്ന പഴകിപ്പുളിച്ച ഒരു പ്രചാരണത്തിൻ്റെ ചുവടുപിടിച്ചാണ് ഈ നീക്കം. എന്നാൽ, സെൻസസ് റിപ്പോർട്ടുകൾ നൽകുന്ന ചിത്രം മറ്റൊന്നാണെന്നും ജനസംഖ്യാ വർധനയിൽ കാര്യമായ ഇടിവ് രേഖപ്പെടുത്തിയിട്ടുണ്ടെന്നും മുസ്ലിംകളുടെ കാര്യത്തിൽ ഗണ്യമായ കുറവ് വന്നിട്ടുണ്ടെന്നും വസ്തുതകളാണ്.
തെരഞ്ഞെടുപ്പ് അടുക്കുന്തോറും വർഗീയ ധ്രുവീകരണത്തിന് ആക്കം കൂട്ടുന്ന കുറെ വിവാദ വിഷയങ്ങൾ ബി.ജെ.പിയും കൂട്ടരും പുറത്തെടുത്തിടുമെന്ന കാര്യത്തിൽ സംശയം വേണ്ടാ. പത്ത് വർഷത്തെ മോദി സർക്കാരിന് സാമൂഹിക ക്ഷേമ പദ്ധതികളോ വികസന നോട്ടങ്ങളോ പുരോഗമന ആശയങ്ങളോ എണ്ണിപ്പറയാൻ ഇല്ലെന്നിരിക്കെ നിർമല സീതാരാമൻ ബജറ്റ് പ്രസംഗത്തിലൂടെ കാഴ്ചവെച്ച മോദി പുകഴ്ത്തലുകളും ന്യൂനപക്ഷ വിദ്വേഷാധിഷ്ഠിത പ്രൊപ്പഗാണ്ടയും വർഗീയ ധ്രുവീകരണ ശ്രമങ്ങളും മനുഷ്യമനസ്സുകളെ പൂർണമായും വിഭജിക്കുന്ന മലീമസമായ അന്തരീക്ഷം സൃഷ്ടിക്കുമെന്നാണ് ഭയപ്പെടേണ്ടത്.
ജൂലൈയിൽ തങ്ങളുടെ സർക്കാർ പൂർണ ബജറ്റ് അവതരിപ്പിക്കുമെന്ന അഹന്തയുടെ വർത്തമാനത്തിന് പിന്നിൽ തീർത്തും വർഗീയവത്കരിക്കപ്പെട്ട ഒരു ജനതയുടെ മനോഘടനയെക്കുറിച്ചുള്ള പരോക്ഷ മുന്നറിയിപ്പുണ്ട്. പക്ഷേ അത് മനസ്സിലാക്കാനോ ആർ.എസ്.എസിൻ്റെ കുടില രാഷ്ട്രീയ തന്ത്രങ്ങളെ ചെറുക്കാനുള്ള ഒത്തൊരുമിച്ചുള്ള ചുവടുവെപ്പിനുപോലും തയാറാവാനോ സന്നദ്ധമല്ലാത്ത ഒരു ജനതയുടെ വിധി ദുരന്തങ്ങളെ ഏറ്റുവാങ്ങുക മാത്രമായിരിക്കും. മതേതര ജനാധിപത്യ ഇന്ത്യ മരിക്കുന്നതോടെ ഹിന്ദുരാഷ്ട്രം സ്വയം ഭൂവായി ലോകഭൂപടത്തിൽ അടയാളപ്പെടുത്തുമ്പോൾ ‘എസ്.ഒ.എസ്’ വിളിച്ചിട്ട് ഫലമില്ലെന്ന് ഓർക്കുക!
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."