കേന്ദ്ര അവഗണന; കര്‍ണാടക സര്‍ക്കാരിന്റെ പ്രതിഷേധ സമരം ഇന്ന്
കേന്ദ്ര അവഗണന; കര്‍ണാടക സര്‍ക്കാരിന്റെ പ്രതിഷേധ സമരം ഇന്ന്
ഡല്‍ഹി: കേന്ദ്ര സര്‍ക്കാരിന്റെ അവഗണനയ്‌ക്കെതിരെ കര്‍ണാടക സര്‍ക്കാര്‍ പ്രഖ്യാപിച്ച പ്രതിഷേധ സമരം ഇന്ന് ഡല്‍ഹിയില്‍. ജന്തര്‍ മന്തറില്‍ നടക്കുന്ന സമരത്തില്‍ കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ, ഉപമുഖ്യമന്ത്രി ഡി.കെ ശിവകുമാര്‍, മറ്റ് എം.എല്‍.എമാര്‍ എന്നിവര്‍ പങ്കെടുക്കും. കോണ്‍ഗ്രസ് അധികാരത്തിലെത്തിയത് മുതല്‍ ബി.ജെ.പി സര്‍ക്കാര്‍ കര്‍ണാടകയോട് ശത്രുത മനോഭാവം വെച്ചുപുലര്‍ത്തുന്നുവെന്ന് ആരോപിച്ചാണ് പ്രതിഷേധം.
കൂടുതല്‍ നികുതി വിഹിതം നല്‍കിയിട്ടും കര്‍ണാടകയ്ക്ക് തിരിച്ച് നല്‍കേണ്ട വിഹിത്തില്‍ വന്‍ കുറവാണ് കേന്ദ്ര സര്‍ക്കാര്‍ വരുത്തിയത്. വരള്‍ച്ച ബാധിത ജില്ലകള്‍ക്ക് വേണ്ട സഹായം കേന്ദ്രം നല്‍കിയില്ലെന്നും കര്‍ണാടക സര്‍ക്കാര്‍ ആരോപിക്കുന്നു.
സംസ്ഥാനത്തിന് അഞ്ച് വര്‍ഷത്തിനിടെ നല്‍കേണ്ട 62,000 കോടി രൂപ കേന്ദ്രം ഇതുവരെ അനുവദിച്ചിട്ടില്ല. സംസ്ഥാനത്തെ 28 എംപിമാരില്‍ 27ഉം ബിജെപിക്കാരാണെങ്കിലും അവര്‍ സംസ്ഥാനത്തിന് വേണ്ടി ഇടപെടുന്നില്ലെന്നും കോണ്‍ഗ്രസ് ചൂണ്ടിക്കാട്ടുന്നു.
അതേസമയം കേന്ദ്ര അവഗണനക്കെതിരെ കേരളം പ്രഖ്യാപിച്ച പ്രതിഷേധ സമരം നാളെയാണ്. ഇതിനുവേണ്ടി പിണറായി വിജയന്‍ അടക്കമുള്ള മന്ത്രിമാര്‍ ഡല്‍ഹിയിലെത്തിയിട്ടുണ്ട്. നാളെ 4 മണി മുതല്‍ 6 മണി വരെ കേരളത്തിലും പ്രതിഷേധ പരിപാടികള്‍ നടക്കും. എല്ലാ പഞ്ചായത്തിലും ബൂത്ത് തലത്തിലും പ്രകടനങ്ങള്‍ സംഘടിപ്പിക്കാനും തീരുമാനമുണ്ട്.
നേരത്തെ കേന്ദ്ര സര്‍ക്കാരിന്റെ ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളോട് തുടരുന്ന അനീതിക്കെതിരെ കേരളമാണ് ആദ്യം സമരം പ്രഖ്യാപിച്ചത്. പിന്നാലെ തമിഴ്‌നാടും, കര്‍ണാടകയും സമാനമായ പ്രതിഷേധങ്ങള്‍ സംഘടിപ്പിക്കുമെന്ന് പ്രഖ്യാപിക്കുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."