രവിശങ്കറിന്റെ മേള; യമുനയെ തകര്‍ത്തെന്ന് സമിതി റിപ്പോര്‍ട്ട്
ന്യൂഡല്‍ഹി: ജീവനകല ആചാര്യന്‍ ശ്രീശ്രീ രവിശങ്കറിന്റെ ആര്‍ട്ട് ഒഫ് ലിവിങ് ഫൗണ്ടേഷന്‍ നടത്തിയ ലോക സാംസ്‌കാരിക മേള യമുനാ നദീതീരത്തെ പൂര്‍ണമായി നശിപ്പിച്ചുവെന്ന് വിദഗ്ധസമിതിയുടെ റിപ്പോര്‍ട്ട്. രവിശങ്കറിന്റെ ആര്‍ട്ട് ഒഫ് ലിവിങ് ഫൗണ്ടേഷന്‍ മാര്‍ച്ച് 11 മുതല്‍ നടത്തിയ മൂന്നു ദിവസത്തെ സാംസ്‌കാരിക സമ്മേളനത്തിന് യമുനാതീരത്തെ ആയിരക്കണക്കിന് ഏക്കറുകള്‍ രൂപമാറ്റം വരുത്തി നശിപ്പിച്ചു. ഇതു പ്രദേശത്തിന്റെ ജൈവവൈവിധ്യം പാടേ മാറ്റിമറിച്ചതായും കേന്ദ്ര ജല വിഭവ മന്ത്രാലയം സെക്രട്ടറി ശശി ശേഖര്‍ അധ്യക്ഷനായ ഏഴംഗ സമിതി ദേശീയ ഹരിത കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ കുറ്റപ്പെടുത്തി.
സമ്മേളനം യമുനാനദീതടത്തെ മാത്രമല്ല ആ പ്രദേശത്തെ ആവാസ വ്യവസ്ഥയ്ക്കു മൊത്തത്തില്‍ ആഘാതമായി. നദീതീരത്തെയും സമീപത്തെയും മരങ്ങളും ചെടികളും നശിപ്പിച്ച് പാരിസ്ഥിതിക ഘടനതന്നെ മാറ്റിമറിച്ചു. തണ്ണീര്‍ത്തടങ്ങള്‍ മണ്ണിട്ട് നികത്തി മൊബൈല്‍ ടവറുകള്‍ സ്ഥാപിച്ചു. യമുനാ തീരത്തെ ജൈവവൈവിധ്യം തിരിച്ചുപിടിക്കാനാവത്ത രീതിയില്‍ പൂര്‍ണമായും തകര്‍ത്തു. പൂര്‍വ സ്ഥിതിയിലാക്കാന്‍ സാധിക്കാത്ത തരത്തില്‍ അദൃശ്യമായ വന്‍ നഷ്ടമാണ് ഉണ്ടായിരിക്കുന്നതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
നാഷനല്‍ എന്‍വയോണ്‍മെന്റല്‍ എന്‍ജിനിയറിങ് റിസേര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട്, ഡല്‍ഹി ഐ.ഐ.ടി എന്നിവിടങ്ങളില്‍ നിന്നുള്ള മുതിര്‍ന്ന ഉദ്യോഗസ്ഥരാണ് സമിതിയിലെ മറ്റംഗങ്ങള്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."