തണ്ണീര്‍ കൊമ്പനെ തിരിച്ചറിഞ്ഞത് ജനവാസകേന്ദ്രത്തിലെത്തിയതിന് ശേഷമെന്ന് സി.സി.എഫ്
തണ്ണീര്‍ കൊമ്പനെ തിരിച്ചറിഞ്ഞത് ജനവാസകേന്ദ്രത്തിലെത്തിയതിന് ശേഷമെന്ന് സി.സി.എഫ്
മാനന്തവാടി: തണ്ണീര്‍ കൊമ്പനെ കേരള അതിര്‍ത്തിയില്‍ ആദ്യമായി കണ്ടത് മാനന്തവാടി നഗരത്തില്‍ ഇറങ്ങിയ അന്നേ ദിവസം പുലര്‍ച്ചെയാണെന്ന് ഉത്തരമേഖല സിസിഎഫ് കെ.എസ് ദീപ. ഫെബ്രുവരി 2 ന് പുലര്‍ച്ചെ തലപ്പുഴ ചിറക്കരയിലാണ് തണ്ണീര്‍ കൊമ്പനെ കാണുന്നത്. നാട്ടുകാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് പുലര്‍ച്ചെ തന്നെ വനപാലക സംഘം ചിറക്കരയിലെത്തുകയും ആനയെ തിരികെ കാടുകയറ്റാന്‍ ശ്രമമാരംഭിക്കുകയും ചെയ്തു . എന്നാല്‍ കൊമ്പന്‍ ജനവാസ മേഖലയില്‍ തന്നെ നിലയുറപ്പിക്കുകയായിരുന്നു.
രാവിലെ 8.54 നാണ് ഈ ആന തണ്ണീര്‍ കൊമ്പനാണെന്നത് കര്‍ണാടക വനംവകുപ്പില്‍ നിന്നും സ്ഥിരീകരണം വരുന്നത്. അപ്പോഴേക്കും ആന മാനന്തവാടി നഗരപ്രദേശത്ത് പ്രവേശിക്കുകയും ജനവാസ മേഖലയിലൂടെ കടന്നുപോവുകയുമായിരുന്നു. രാവിലെ 10 മണിക്ക് ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചു.
ഉച്ചക്ക് ഒന്നരയോടെയാണ് ആനയെ തുരത്താനും, ആവശ്യമെങ്കില്‍ മയക്കുവെടിവെക്കാനും ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ ഉത്തരവിറക്കുന്നത്. എന്നാല്‍ ജനവാസ മേഖലയിലെത്തിയ കൊമ്പനെ തിരികെ കാടുകയറ്റുക വളരെയേറെ ബുദ്ധിമുട്ടുള്ളതും, ജനങ്ങളുടെ സുരക്ഷ മുന്‍നിര്‍ത്തിയാണ് മയക്കുവെടിവെക്കാന്‍ തീരുമാനമെടുത്തത്. അനുയോജ്യമായ സമയത്ത് തന്നെയാണ് നടപടികള്‍ ആരംഭിച്ചതെന്നും ദീപ പറഞ്ഞു.നിരവധി ഓപ്പറേഷനുകളില്‍ പങ്കെടുത്ത ടീം അംഗങ്ങളാണ് ഈ ദൗത്യത്തിലും പങ്കാളിയായത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."