എസ്‌ഐസി അൽ അഹ്‌സ "തഹ്ദീസ് ഏകദിന ക്യാമ്പ്" ഫെബ്രുവരി 9ന്
അൽ അഹ്‌സ: സമസ്ത ഇസ്‌ലാമിക് സെന്റർ അൽഹസ സെൻട്രൽ കമ്മിറ്റി സംഘടിപ്പിക്കുന്ന ഏകദിന ക്യാമ്പ് 9 ന് വെള്ളിയാഴ്ച 7 മണിക്ക് തുടങ്ങുമെന്ന് ഭാരവാഹികൾ അറിയിച്ചു. എസ്‌ഐസി ഈസ്റ്റേൺ സോൺ കമ്മിറ്റി ആദർശം, അസ്ഥിത്വം,അർപ്പണം എന്ന പ്രമേയത്തിൽ ആചരിക്കുന്ന"തഹ്ദീസ്" ത്രൈമാസ ക്യാമ്പയിനിന്റെ ഭാഗമായാണ് ക്യാമ്പ് സംഘടിപ്പിക്കുന്നത്. ട്രെയ്നറും സൈക്കോളജിസ്റ്റുമായ റഷീദ് ബാഖവി എടപ്പാൾ ക്യാമ്പിന് നേതൃത്വം നൽകും.
നാല് സെഷനിലായി നടക്കുന്ന ക്യാമ്പിൽ വിവിധ വിഷയങ്ങൾ അവതരിപ്പിക്കപ്പെടും. രാവിലെ 7.30 മുതൽ 10.30 വരെയുള്ള നീണ്ട് നിൽക്കുന്ന ആദ്യ സെഷനിൽ ടീം അപ്പ് റ്റു വിൻ എന്ന വിഷയത്തിൽ ലീഡേഴ്‌സ് മീറ്റ് നടക്കും. സെൻട്രൽ കമ്മിറ്റിയിലെ നേതാക്കന്മാരെയെല്ലാം ഒത്തുകൂട്ടി സംഘടന ബോധവും നേതൃത്വ പരിശീലനവുമാണ് സെഷനിന്റെ മുഖ്യ ലക്ഷ്യം.
ജുമുഅ നിസ്കാര ശേഷം തുടങ്ങുന്ന രണ്ടാമത്തെ സെഷനിൽ ഡ്രീം ടു റിയാലിറ്റി എന്ന വിഷയത്തിൽ കുട്ടികൾക്കായി വിന്റർ ക്യാമ്പ് നടക്കും. തുടർച്ചയായി മൂന്നാമത്തെ വർഷമാണ് അൽഹസ സെൻട്രൽ കമ്മിറ്റി ഇത് പോലെ കുട്ടികൾക്ക് ക്യാമ്പ് സംഘടിപ്പിക്കുന്നത്. വിന്റർ ക്യാമ്പിൽ മദ്രസത്തു ജുവാസയിലെ വിദ്യാർത്ഥികളും നിലവിൽ അൽ അഹ്സയിലുള്ള മെമ്പർമാരുടെ മക്കളും സംബന്ധിക്കും. വൈകീട്ട് 6 മുതൽ 9 വരെയുള്ള മൂന്നാമത്തെ സെഷൻ ദമ്പതികൾക്ക് മാത്രമാണ്. ആർട് ഓഫ് ലൈഫ് എന്ന വിഷയത്തിൽ ദമ്പതികൾക്ക് മാത്രമായി നടത്തുന്ന സെഷനാണിത്. രാത്രി 9.30 ന് തുടങ്ങുന്ന സമാപന സെഷനോടെ ക്യാമ്പിന് പരിസമാപ്തി കുറിക്കും.
ഈസ്റ്റേൺ സോൺ കമ്മിറ്റിക്ക് കീഴിൽ വ്യത്യസ്തതയും പ്രശംസനീയവുമായ വിവിധ പ്രവർത്തനങ്ങൾ ആണ് അൽ അഹ്‌സ സെൻട്രൽ കമ്മിറ്റി നടത്തുന്നത്. തഹ്ദീസ് കാമ്പയിനിന്റെ ഭാഗമായി കഴിഞ്ഞ റിപ്പബ്ലിക് ദിനത്തിന് സംഘടിപ്പിച്ച ബ്ലഡ് ഡോണേഷൻ ക്യാമ്പ് ജനപങ്കാളിത്തത്തോടെ ശ്രദ്ധേയമായി. മെഡിക്കൽ ക്യാമ്പ്, കുടുംബ സംഗമം, പ്രവാസി സംഗമം, വിഖായ ഫണ്ട് സമാഹരണാര്ഥം നടത്തുന്ന സ്നേഹ സ്പർശം, വിഖായ മീറ്റ് എന്നിങ്ങനെ വിവിധ പരിപാടികളാണ് കാമ്പയിൻ കാലയളവിൽ ആസൂത്രണം ചെയ്തിട്ടുള്ളത്.
മദ്രസത്തുൽ ജുവാസ , വാദി നൂർ ഉംറ സർവീസ് എന്നിവക്ക് പുറമെ കഴിഞ്ഞ ആഴ്ച ആരംഭിച്ച അൽ ഹിക്മ ഇസ്‌ലാമിക് ലൈബ്രറി കമ്മിറ്റിയുടെ പ്രവർത്തന വീഥിയിലെ പുതിയ നാഴിക കല്ലാണ്. ചുരുങ്ങിയ കാലയളവിൽ തന്നെ വിവിധ കമ്മിറ്റികളുടെ ടെ പ്രശംസ പിടിച്ചു പറ്റിയ അൽഹസ കമ്മിറ്റിയുടെ അടുത്ത ലക്ഷ്യം ജിസിസിയിലെ സമസ്തയുടെ ഏറ്റവും മികച്ച കമ്മിറ്റി ആവുക എന്നതാണെന്ന് ഭാരവാഹികൾ കൂട്ടിച്ചേർത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."