കാണാതായ എണ്ണടാങ്കര്‍ റാഞ്ചിയിട്ടില്ലെന്ന് മലേഷ്യ
ക്വാലാലംപൂര്‍: ഇന്തോനേഷ്യന്‍ നാവികാതിര്ത്തിയിലൂടെ സഞ്ചരിച്ച മലേഷ്യന്‍ എണ്ണടാങ്കര്‍ റാഞ്ചിയതല്ലെന്നും നിയമപ്രശ്നത്തെ തുടര്‍ന്ന് പിടിച്ചിട്ടതാണെന്നും മലേഷ്യന്‍ അധികൃതര്‍. വെയര്‍ ഹാര്‍മണി എന്ന ടാങ്കറാണ് ഇന്തോനേഷ്യയിലെ ബത്താം തുറമുഖത്തിനടുത്ത് നങ്കൂരമിട്ടത്. ഒന്‍പത് ലക്ഷം ലിറ്റര്‍ ഡീസലാണ് ടാങ്കറിലുള്ളത്. കിഴക്കന്‍ മലേഷ്യയിലെ തന്‍ജുങ് പെലെപാസ് തുറമുഖത്തുനിന്ന് പുറപ്പെട്ടതാണ് ടാങ്കര്‍.
നേരത്തേ ടാങ്കര്‍ കാണാതായതായും റാഞ്ചിയതാണെന്നും റിപ്പോര്‍ട്ടുണ്ടായിരുന്നു.
എണ്ണടാങ്കര്‍ തീവ്രവാദികള്‍ തട്ടിയെടുത്തുവെന്നായിരുന്നു വാര്‍ത്ത. എന്നാല്‍ സംഭവത്തില്‍ ദുരൂഹതയില്ലെന്നും നിയമപ്രശ്നത്തെ തുടര്‍ന്ന് യാത്രതടസ്സപ്പെട്ടുവെന്നും മലേഷ്യന്‍ മാരിടൈം എന്‍ഫോഴ്സ്മെന്റ് ഏജന്‍സി വക്താവ് അന്താരാഷ്ട്ര വാര്‍ത്താ ഏജന്‍സിയെ അറിയിച്ചു. ബത്താമില് രജിസ്ട്രര്‍ ചെയ്ത കപ്പല്‍ മലേഷ്യന്‍ കമ്പനി പാട്ടത്തിനെടുത്തതാണ്. കമ്പനിയുമായുള്ള സാമ്പത്തിക തര്‍ക്കമാണ് പ്രശ്നത്തിനു കാരണമെന്നാണ് റിപ്പോര്‍ട്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."