വെടിനിര്‍ത്തല്‍: ഹമാസിന്റെ വ്യവസ്ഥകള്‍ തള്ളി ഇസ്‌റാഈല്‍; യുദ്ധത്തില്‍ സമ്പൂര്‍ണ വിജയം നേടുമെന്ന് നെതന്യാഹു
വെടിനിര്‍ത്തല്‍: ഹമാസിന്റെ വ്യവസ്ഥകള്‍ തള്ളി ഇസ്‌റാഈല്‍; യുദ്ധത്തില്‍ സമ്പൂര്‍ണ വിജയം നോടുമെന്ന് നെതന്യാഹു
ഗസ്സ/ടെല്‍ അവീവ്: ഗസ്സയില്‍ വെടിനിര്‍ത്തലുമായി ബന്ധപ്പെട്ട് ഹമാസ് മുന്നോട്ട് വെച്ച വ്യവസ്ഥകള്‍ ഇസ്‌റാഈല്‍ തള്ളി. യുദ്ധത്തില്‍ സമ്പൂര്‍ണ വിജയം നേടുമെന്നാണ് നെതന്യാഹുവിന്റെ അവകാശ വാദം. ഹമാസിന്റെ തകര്‍ച്ചയല്ലാതെ ഇസ്‌റാഈലിന് മറ്റൊരു ബദലില്ലെന്ന് നെതന്യാഹു പറഞ്ഞു. ഇന്നല്ലെങ്കില്‍ നാളെ ഹമാസിനെ പൂര്‍ണമാക്കും. ഗസ്സ മുനമ്പില്‍ ഇനി പ്രതിരോധമുണ്ടാവില്ല. പൂര്‍ണവിജയമല്ലാതെ മറ്റൊരു പരിഹാരമില്ലെന്നും നെതന്യാഹു വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
ഇന്നലെ ചേര്‍ന്ന മിനി മന്ത്രിസഭാ യോഗത്തില്‍ ഹമാസ് വ്യവസ്ഥകള്‍ സംബന്ധിച്ച് ഭിന്നാഭിപ്രായം രൂപപ്പെട്ടതായി ഇസ്‌റാഈല്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.ഇന്ന് യുദ്ധകാര്യ മന്ത്രിസഭാ യോഗം ചേരുന്നുണ്ടെങ്കിലും ഹമാസ് വ്യവസ്ഥകള്‍ക്കനുസൃതമായുള്ള വെടിനിര്‍ത്തല്‍ തള്ളാനാണ് സാധ്യത.
അതേസമയം, ഹമാസ് മുന്നോട്ടുവെച്ച വ്യവസ്ഥകളില്‍ ചിലതിനോട് യോജിപ്പില്ലെങ്കിലും ബന്ദിമോചനം ഉറപ്പാക്കാന്‍ വെടിനിര്‍ത്തല്‍ അനിവാര്യമാണെന്ന് ഇസ്‌റാഈല്‍ നേതാക്കളുമായുള്ള ചര്‍ച്ചക്കൊടുവില്‍ ആന്റണി ബ്ലിങ്കന്‍ പ്രതികരിച്ചു.
ഗസ്സയില്‍ സിവിലിയന്‍ കുരുതി തുടരുന്നതില്‍ ആശങ്ക അറിയിച്ച ബ്ലിങ്കന്‍, ആവശ്യത്തിന് സഹായം ഉറപ്പാക്കാന്‍ വൈകരുതെന്നും നെതന്യാഹുവിനോട് അഭ്യര്‍ഥിച്ചു. വെടിനിര്‍ത്തല്‍ ചര്‍ച്ചകള്‍ തുടരുമെന്നും അദ്ദേഹം അറിയിച്ചു. ഹമാസ് പ്രതികരണം കരാറിലേക്ക് നയിക്കാന്‍ സഹായകമാകുമെന്നും ചില കടുത്ത നടപടികള്‍ സ്വീകരിക്കാന്‍ ഈ ഘട്ടത്തില്‍ എല്ലാവരും നിര്‍ബന്ധിതരാണെന്നും ബ്ലിങ്കന്‍ പറഞ്ഞു.
അതിനിടെ, വെടിനിര്‍ത്തല്‍ ചര്‍ച്ചയുടെ തുടര്‍ നടപടികള്‍ക്കായി ഹമാസ് സംഘം കൈറോയിലേക്ക് തിരിക്കും. ഹമാസ് നേതാവ് ഒസാമ ഹംദാനാണ് ഇക്കാര്യം അറിയിച്ചത്.
ഗസ്സയില്‍ സമാധാനം പുനഃസ്ഥാപിക്കുന്ന ശ്രമങ്ങളുടെ ഭാഗമായി ഫ്രാന്‍സിലെ പാരിസ് കേന്ദ്രീകരിച്ച് യു.എസിന്റെയും ഖത്തറിന്റെയും ഈജിപ്തിന്റെയും മധ്യസ്ഥതയില്‍ കൈമാറിയ നിര്‍ദേശങ്ങളില്‍ തങ്ങളുടെ ആവശ്യങ്ങളും നിബന്ധനകളും ഉള്‍പ്പെടുത്തിയാണ് ഹമാസ് ഇസ്‌റാഈലിന് മുമ്പാകെ മറുപടി പദ്ധതി അവതരിപ്പിച്ചത്. ഗസ്സയില്‍ സമ്പൂര്‍ണ വെടിനിര്‍ത്തലിന് വഴിയൊരുക്കുന്ന 135 ദിന പദ്ധതിയാണ് ഹമാസ് മുന്നോട്ടുവച്ചത്. 45 ദിവസം വീതമുള്ള മൂന്നുഘട്ടങ്ങളിലായാണ് പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്. ആദ്യ ഘട്ടത്തില്‍ 1,500 ഫലസ്തീന്‍ തടവുകാര്‍ക്കു പകരമായി സ്ത്രീകളും കുട്ടികളും മുതിര്‍ന്നവരുമുള്‍പ്പെടെ ഇസ്‌റാഈലി ബന്ദികളെ മോചിപ്പിക്കും. ഇക്കാലയളവില്‍ ഗസ്സയിലെ മുഴുവന്‍ മേഖലകളിലേക്കും ദിനേന 500 വീതം സഹായ, ഇന്ധന ട്രക്കുകള്‍ കടത്തിവിടണം. അതിര്‍ത്തി ക്രോസിങ്ങുകള്‍ തുറക്കണം. തെക്കന്‍, വടക്കന്‍ ഗസ്സകള്‍ക്കിടയില്‍ സ്വതന്ത്ര സഞ്ചാരം അനുവദിക്കണം. വീടൊഴിഞ്ഞു പോയവര്‍ക്ക് സ്വന്തം നാട്ടിലേക്ക് തിരിച്ചെത്താന്‍ വഴിയൊരുക്കണം. ഗസ്സ മുനമ്പില്‍ 60,000 താല്‍ക്കാലിക വീടുകളും രണ്ടുലക്ഷം ടെന്റുകളും നിര്‍മിക്കും. അല്‍ അഖ്‌സ പള്ളിയില്‍ അതിക്രമം കാണിക്കുന്നത് അവസാനിപ്പിക്കണം ആദ്യഘട്ടത്തില്‍ ഹമാസ് മുന്നോട്ടുവച്ച നിര്‍ദേശങ്ങള്‍ ഇതൊക്കെയാണ്.
ശേഷിക്കുന്ന ബന്ദികളുടെ മോചനം രണ്ടാംഘട്ടത്തിലും മൂന്നാംഘട്ടത്തിലും തുടരും. അവസാനഘട്ടം പൂര്‍ത്തിയാവുമ്പോഴേക്ക് ഗസ്സയില്‍നിന്ന് ഇസ്‌റാഈല്‍ സൈന്യത്തിന്റെ പൂര്‍ണമായ പിന്മാറ്റവും യുദ്ധത്തിന് അറുതിയും ലക്ഷ്യംവയ്ക്കുന്നതായിരുന്നു ഹമാസിന്റെ വ്യവസ്ഥകള്‍. ഇതാണ് ഇപ്പോള്‍ നെതന്യാഹു തള്ളിയിരിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."