ഗസ്സയില്‍ കൂട്ടക്കുരുതി തുടര്‍ന്ന് ഇസ്‌റാഈല്‍; 27,708 മരണം, ഇതില്‍ പതിനായിരത്തിലേറെ കുഞ്ഞുങ്ങള്‍
കൂട്ടക്കുരുതി തുടര്‍ന്ന് ഇസ്‌റാഈല്‍; 27,708 മരണം, പതിനായിരത്തിലേറെ കുഞ്ഞുങ്ങള്‍
ഗസ്സ: വെടിനിര്‍ത്തല്‍ ചര്‍ച്ചകള്‍ തുടരുന്നതിനിടെ ഗസ്സയില്‍ കൂട്ടക്കുരുതി തുടര്‍ന്ന് ഇസ്‌റാഈല്‍. ഗസ്സയില്‍ കൊല്ലപ്പെട്ട ഫലസ്തീനികളുടെ എണ്ണം 27,708 ആയി. ഇതില്‍ പതിനായിരത്തിലേറെയും കുട്ടികളാണ്. കൊല്ലപ്പെട്ടവര്‍ക്ക് പുറമേ 8000ലേറെ പേരെ കാണാതായിട്ടുമുണ്ട്. 67,000 പേര്‍ക്കാണ് ആക്രമണങ്ങളില്‍ പരിക്കേറ്റത്.
അധിനിവേശ വെസ്റ്റ് ബാങ്കിലെ ഇസ്‌റാഈല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടത് 383 പേരാണ്. 4250ലേറെ പേര്‍ക്കാണ് ഇവിടെ പരിക്കേറ്റത്.
ഇന്നലെ ഗസ്സയിലെ റഫയില്‍ സൈന്യം നടത്തിയ വ്യോമാക്രമണത്തില്‍ 14 ഫലസ്തീനികള്‍ കൊല്ലപ്പെട്ടു. സെന്‍ട്രല്‍ ഗസ്സയിലെ ദെയിര്‍ അല്‍ ബലാഹില്‍ വീടിന് നേരെ നടത്തിയ ആക്രമണത്തില്‍ രണ്ട് പേരെ കൊലപ്പെടുത്തി. ഖാന്‍ യൂനിസിലും സയണിസ്റ്റ് സേന ശക്തമായ ആക്രമണമാണ് അഴിച്ചു വിട്ടത്.
ഇസ്‌റാഈലി ബന്ദികളുടെ മോചനത്തിനും സമ്പൂര്‍ണ വെടിനിര്‍ത്തലിനുമായി 45 ദിവസം വീതമുള്ള മൂന്നുഘട്ട പദ്ധതി ഹമാസ്. മുന്നോട്ടുവെച്ചിരുന്നു. മധ്യസ്ഥരായ ഖത്തറും ഈജിപ്തും മുന്നോട്ടുവെച്ച വെടിനിര്‍ത്തല്‍ പദ്ധതിക്ക് മറുപടിയായാണ് ഹമാസിന്റെ നിര്‍ദേശം. നാലര മാസം നീളുന്ന വെടിനിര്‍ത്തല്‍ കാലയളവിനിടെ അവശേഷിക്കുന്ന മുഴുവന്‍ ബന്ദികളെയും ഹമാസ് കൈമാറും. അവസാന ബന്ദിയെയും കൈമാറിയാല്‍ ഇസ്‌റാഈല്‍ സൈന്യം പൂര്‍ണമായി ഗസ്സയില്‍നിന്ന് പിന്മാറണം. ഇതിനുശേഷം ആക്രമണം ഉണ്ടാകില്ലെന്ന് മധ്യസ്ഥര്‍ക്കുപുറമെ അമേരിക്ക, തുര്‍ക്കിയ, റഷ്യ എന്നീ രാജ്യങ്ങളും ഐക്യരാഷ്ട്രസഭയും ഉറപ്പുനല്‍കണമെന്നും ഹമാസ് ആവശ്യപ്പെടുന്നു. എന്നാല്‍ ഹമാസിന്റെ വ്യവസ്ഥകള്‍ തള്ളുന്ന നിലപാടാണ് നെതന്യാഹു കൈകൊണ്ടിട്ടുള്ളത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."