ഓട്ടോണമസ് സ്റ്റാറ്റസ്: സോഷ്യൽ അഡ്വാൻസ്‌മെന്റ് ഫൗണ്ടഷനിത് അഭിമാന മുഹൂർത്തം
കോഴിക്കോട്/ദുബൈ: സോഷ്യൽ അഡ്വാൻസ്‌മെന്റ് ഫൗണ്ടഷൻ ഓഫ് ഇന്ത്യ (സാഫി) ഇൻസ്റ്റിട്യൂട്ടിന് യുജിസിയുടെ (യൂണിവേഴ്സിറ്റി ഗ്രാൻഡ് കമ്മീഷൻ) ഓട്ടോണമസ് (സ്വയംഭരണം) പദവി ലഭിച്ചു. രാജ്യത്തെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ഗുണനിലവാര നിർണയ ഏജൻസിയായ നാഷണൽ അസസ്മെന്‍റ് ആൻഡ് അക്രഡിറ്റേഷൻ കൗൺസിലിന്‍റെ (നാക്) ഏറ്റവും ഉയർന്ന അംഗീകരമായ എ പ്ലസ് പ്ലസ് ഗ്രേഡ് നേടി ഇൻസ്റ്റിറ്റ്യൂട്ട് കഴിഞ്ഞ വർഷം അഭിമാന നേട്ടത്തിന് അർഹമായിരുന്നു. ഇതിനു പിന്നാലെയാണ് കോളജിനെ തേടി ഓട്ടോണമസ് പദവിയും എത്തിയിരിക്കുന്നത്. ഇന്ത്യയിൽ ആദ്യ ഘട്ടത്തിൽ തന്നെ നാകിന്‍റെ എ.പ്ലസ്.പ്ലസ് ഗ്രേഡ് ലഭിച്ച ആദ്യ ആർട്സ് ആൻഡ് സയൻസ് സ്ഥാപനമാണ് ഇത്. 3.54 പോയന്‍റ് നേടിയാണ് ഉന്നത വിദ്യാഭ്യാസ മേഖലയിൽ അഭിമാന കേന്ദ്രമായിരിക്കുന്നത്.
2001ൽ ഒരു ചാരിറ്റബിൾ ട്രസ്റ്റായി സ്ഥാപിതമായ പ്രസ്ഥാനം മലബാറിൽ ചരിത്രപരമായ കാരണങ്ങളാൽ പിന്നാക്കം നിന്നുപോയ ജനവിഭാഗങ്ങളുടെ സാമൂഹിക, സാംസ്കാരിക, വിദ്യാഭ്യാസ പുരോഗതി ലക്ഷ്യം വച്ചു 2005ൽ 'സോഷ്യൽ അഡ്വാൻസ്മെൻറ് ഫൗണ്ടേഷൻ ഓഫ് ഇന്ത്യ' (സാഫി) ക്ക് തുടക്കം കുറിച്ചു .
മലബാറിലെ ഉന്നത വിദ്യാഭ്യാസത്തിന്റെ ബ്രാൻഡ് മോഡലായി മുദ്ര പതിപ്പിച്ച ഈ ഇൻസ്റ്റിറ്റ്യൂട്ട് , ഇതിനോടകം തന്നെ മലേഷ്യയിലെ ലിങ്കൺ യൂണിവേഴ്സിറ്റിയുമായി ഗവേഷണപ്രവർത്തനങ്ങൾക്കുള്ള (പിഎച്ച് ഡി) ധാരണാ പത്രം ഒപ്പു വയ്ക്കുകയും ഗവേഷണ കേന്ദ്രമായി ഉയർത്തുകയും ചെയ്തിട്ടുണ്ട്. എൻഐആർഎഫ് (നാഷണൽ ഇന്സ്ടിട്യൂഷണൽ റാങ്കിങ് ഫ്രെയിം വർക്കി)ൽ കഴിഞ്ഞ മൂന്നു വർഷമായി പങ്കെടുക്കുന്നു. കൂടുതൽ വിദേശ യൂണിവേഴ്സിറ്റികളുമായി ഇൻസ്റ്റിറ്റ്യൂട്ടിനെ ലിങ്ക് ചെയ്ത് ആധുനിക ഗവേഷണ മേഖലയിൽ മാതൃക സ്ഥാപനമാക്കി മാറ്റിയെടുക്കുമെന്ന് സ്ഥാപന ചെയർമാൻ ഡോ. ആസാദ് മൂപ്പൻ അറിയിച്ചു.
കഴിഞ്ഞ 6 വർഷമായി പഠന, ഗവേഷണ മേഖലയിൽ കാലിക്കറ്റ് യൂണിവേഴ്സിറ്റിയുടെ വിവിധ റാങ്കുകൾ തുടർച്ചയായി ഇൻസ്റ്റിറ്റ്യൂട്ട് കരസ്ഥമാക്കാറുണ്ട്. വിദ്യാർത്ഥികൾക്കായി രാജ്യാന്തര നിലവാരമുള്ള സൗകര്യങ്ങളാണ് ഇവിടെ ഒരുക്കിയിരിക്കുന്നത്.
സാഫി സിവിൽ സർവീസ് അക്കാദമിയുമുണ്ട്.
100 ഏക്കർ ഭൂമിയിൽ 2.5 ലക്ഷം ചതുരശ്ര അടി വിസ്തീർണത്തിൽ പ്രവർത്തിക്കുന്ന മലബാറിലെ ഈ വിദ്യാഭ്യാസ സ്ഥാപനം ഒരു സർവകലാശാലയാക്കി ഉയർത്തുക എന്ന സ്വപ്‌നം സാക്ഷാത്കരിക്കുന്നതിലേക്ക് ചുവടുവെക്കുകയാണെന്ന് ചെയർമാൻ (എമിരിറ്റസ്) ഡോ.പി. മുഹമ്മദലി ഗൾഫാർ പറഞ്ഞു.
സാഫിയുടെ സർവതോമുഖ വളർച്ചയിലും സാമൂഹ്യ പ്രതിബദ്ധതയിലൂന്നിയ നിരവധി പദ്ധതികളുടെ നടത്തിപ്പിലും മാനേജ്മെൻറ് ബദ്ധശ്രദ്ധരാണെന്ന് കോളേജ് പ്രിൻസിപ്പൽ പ്രഫ. ഇ.പി. ഇമ്പിച്ചിക്കോയ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."