എസ്എഫ്‌ഐഒ അന്വേഷണത്തിനെതിരെ കര്‍ണാടക ഹൈക്കോടതിയില്‍ ഹരജിയുമായി എക്‌സാലോജിക്
തിരുവനന്തപുരം: എസ്എഫ്‌ഐഒ അന്വേഷണം സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ട് വീണ വിജയന്റെ കമ്പനിയായ എക്‌സാലോജിക് കര്‍ണാടക ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കി. കേന്ദ്ര സര്‍ക്കാരും എസ്എഫ്‌ഐഒ ഡയറക്ടറുമാണ് ഹര്‍ജിയിലെ എതിര്‍കക്ഷികള്‍. മനു പ്രഭാകര്‍ കുല്‍ക്കര്‍ണിയെന്ന അഭിഭാഷകന്‍ മുഖേനയാണ് ഹര്‍ജി നല്‍കിയത്. അന്വേഷണത്തിന്റെ ഭാഗമായി വിവിധയിടങ്ങളില്‍ പരിശോധന നടത്തി വിവരങ്ങള്‍ തേടുകയാണ് എസ്എഫ്‌ഐഒ സംഘം. അന്വേഷണത്തില്‍ എക്‌സാലോജിക്കില്‍നിന്ന് വിവരങ്ങള്‍ തേടുന്നതിനായി വീണ വിജയന് നോട്ടീസ് നല്‍കുമെന്ന റിപ്പോര്‍ട്ടുകള്‍ക്കിടെയാണ് സ്റ്റേ ആവശ്യപ്പെട്ടുള്ള എക്‌സാലോജിക്കിന്റെ ഹര്‍ജി.
മുഖ്യമന്ത്രിയുടെ മകള്‍ വീണയ്‌ക്കെതിരായ മാസപ്പടി കേസില്‍, സിഎംആര്‍എല്ലില്‍ നിന്നും കെഎസ്‌ഐഡിസിയില്‍ നിന്നും ശേഖരിച്ച വിവരങ്ങളില്‍ എസ്എഫ്‌ഐഒ സംഘം പരിശോധന തുടരുകയാണ്. ഇതിനിടെയാണിപ്പോള്‍ അന്വേഷണത്തിനെതിരെ എക്‌സാലോജിക് കര്‍ണാടക ഹൈക്കോടതിയെ സമീപിച്ചത്. ഇന്നലെയാണ് കെഎസ്‌ഐഡിസിയുടെ കോര്‍പറേറ്റ് ഓഫീസില്‍ എസ്എഫ്‌ഐഒ സംഘം പരിശോധന നടത്തിയത്. സിഎംആര്‍എല്ലില്‍ രണ്ട് ദിവസം നീണ്ട പരിശോധനയ്ക്ക് ശേഷമാണ്, സംഘം കെഎസ്‌ഐഡിസിയില്‍ എത്തിയത്.
എക്‌സാലോജിക്കില്‍ നിന്ന് വിവരങ്ങള്‍ തേടാനുള്ള നടപടിയും ഉടന്‍ ഉണ്ടാകുമെന്നാണ് സൂചന. നേരിട്ട് ഹാജരാകാനോ, രേഖകള്‍ സമര്‍പ്പിക്കാനോ നിര്‍ദ്ദേശിച്ച് വീണയ്ക്ക് ഉടന്‍ നോട്ടീസ് നല്‍കിയേക്കും. എസ്എഫ്‌ഐഒ അന്വേഷണം സ്റ്റേ ചെയ്യണം എന്നാവശ്യപ്പെട്ട് കെഎസ്‌ഐഡിസിയും നേരത്തെ കേരള ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയിരുന്നു. ഇതില്‍ കേന്ദ്ര കോര്‍പ്പറേറ്റ് കാര്യ മന്ത്രാലയം ഉടന്‍ മറുപടി നല്‍കും.
എസ്എഫ്‌ഐഒ അന്വേഷണത്തിനെതിരെ കര്‍ണാടക ഹൈക്കോടതിയില്‍ ഹരജിയുമായി എക്‌സാലോജിക്
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."