ശഅബാൻ റമദാൻ്റെ മുന്നൊരുക്കം
എം.ആർ.തടപ്പറമ്പ്
പരിശുദ്ധ റമദാനിലേക്കുള്ള മുന്നൊരുക്കത്തിന്റെ രണ്ട് മാസങ്ങളില്‍ പ്രധാനപ്പെട്ടതാണ് ശഅബാന്‍. റജബിന്റെയും റമദാന്റെയും ഇടയില്‍ അശ്രദ്ധയിലാകുന്ന മാസമാണതെന്ന് തിരുനബി(സ്വ)പഠിപ്പിക്കുകയും ചെയ്യുന്നുണ്ട്(അഹ്മദ്, നസാഇ). പ്രാധാന്യമുള്ളൊരു സ്വീകരണത്തിന് നമ്മള്‍ തയാറാവുമ്പോള്‍ പ്രത്യേകം മുന്നൊരുക്കങ്ങള്‍ നടത്താറുണ്ടല്ലോ. പരിസരങ്ങള്‍ വൃത്തിയാക്കി ആ സ്വീകരണത്തെ പരമാവധി ഭംഗിയാക്കും. പുണ്യങ്ങളുടെ പൂക്കാലമായ റമദാനോളം സല്‍കര്‍മങ്ങള്‍ക്ക് പ്രതീക്ഷിക്കാവുന്ന മറ്റൊരു മാസം വിശ്വാസികള്‍ക്കില്ല. അതുകൊണ്ടുതന്നെ റമദാനെ വരവേല്‍ക്കാന്‍ എല്ലാവിധ തയാറെടുപ്പും മുന്നൊരുക്കവും നടത്തേണ്ടതുണ്ട്.
തിരുനബി(സ്വ) രണ്ടുമാസം മുൻപ് റമദാനിനുവേണ്ടി ഒരുങ്ങാറുണ്ടായിരുന്നു. അത് ശഅബാനാകുന്നതോടെ കൂടുതൽ ജാഗ്രത്താകും. ഇബാദത്തുകളില്‍ വര്‍ധനവുവരുത്തും. ഉസാമത്ത് ബ്നു സൈദ്(റ) തിരുനബി(സ്വ)യോട് ഒരിക്കല്‍ ചോദിക്കുന്നുണ്ട്: ‘ഇതര മാസങ്ങളേക്കാള്‍ ശഅബാനില്‍ കൂടുതല്‍ വ്രതമെടുക്കുന്നതായി നിങ്ങളെ കാണുന്നുവല്ലോ!.’ നബി(സ്വ) മറുപടി പറഞ്ഞു: റജബിന്റെയും റമദാന്റെയും ഇടയില്‍ ജനങ്ങള്‍ അശ്രദ്ധയിലാകുന്ന മാസമാണത്. ലോക രക്ഷിതാവിലേക്ക് കര്‍മങ്ങള്‍ ഉയര്‍ത്തുന്ന മാസവുമാണത്. എന്റെ കര്‍മങ്ങളെ ഈ മാസത്തില്‍ ഉയര്‍ത്തുമ്പോള്‍ വ്രതമുള്ളവനായിരിക്കലിനെ ഞാന്‍ ഇഷ്ടപ്പെടുന്നു’(നസാഇ).
രണ്ട് ശ്രദ്ധേയ കാര്യങ്ങള്‍ ഹദീസില്‍ പരാമര്‍ശമുണ്ട്. ഒന്ന്, അശ്രദ്ധവരുന്ന മാസമാണ് ശഅബാന്‍. അതിനിടവരുത്താതെ കൂടുതല്‍ സജീവത വരുത്തണമെന്ന്. രണ്ട്, മനുഷ്യര്‍ ചെയ്യുന്ന കര്‍മങ്ങള്‍ സ്രഷ്ടാവിലേക്കുയര്‍ത്തല്‍ ഈ മാസത്തിലാണ് നടക്കുന്നത്. അങ്ങനെ ഉയര്‍ത്തുമ്പോള്‍ സല്‍കര്‍മങ്ങള്‍ ചെയ്തുകൊണ്ടിരിക്കുമ്പോഴാകാന്‍ വിശ്വാസിക്ക് ജാഗ്രതയുണ്ടാവണം. തിരുനബി(സ്വ)യുടെ ജീവിതത്തില്‍ ഈ ജാഗ്രത ഉണ്ടായിരുന്നുവെന്ന് അറിയിക്കുന്ന വേറെയും ഹദീസുകളുണ്ട്. ഇമാം ബുഖാരിയും മുസ് ലിമും ഉദ്ധരിക്കുന്ന ആയിശ(റ)യിൽ നിന്നുമുള്ള ഹദീസില്‍ മഹതി പറയുന്നു. ‘ഒരു മാസം പൂര്‍ണമായി തിരുനബി(സ്വ) വ്രതമെടുക്കല്‍ റമദാനിലാണ്, എന്നാല്‍ കൂടുതല്‍ വ്രതമെടുക്കുന്ന മാസം ശഅബാനാണ്’(ബുഖാരി).
മനുഷ്യന്റെ പരലോക പരാജയത്തിന് കഠിനാധ്വനം ചെയ്യുന്നവനാണ് പിശാച്. പരിശുദ്ധ റമദാനിൽ അവനെ ബന്ധനസ്ഥനാക്കുമെന്ന് തിരുവചനത്തിലുണ്ട്. അതോടെ വിശ്വാസികളെ വഴിപിഴപ്പിക്കാന്‍ അവന് അവസരം ലഭിക്കില്ല. അതിനാല്‍, ഒരു മാസത്തേക്കുകൂടി വേണ്ടത് ചെയ്തുവച്ചായിരിക്കുമല്ലോ അവന്‍ റമദാനിൽ ലീവെടുക്കുക. അഥവാ, പിശാച് ഏറ്റവും കൂടുതല്‍ പണിയെടുക്കുക ശഅബാനിലായിരിക്കും. മനുഷ്യന് ഇൗ മാസത്തില്‍ അശ്രദ്ധവരാന്‍ അതുകൂടി കാരണമാകാം.
‘മുനുഷ്യരുടെ ആയുസടക്കമുള്ള കാര്യങ്ങളുടെ ഒരോ വര്‍ഷത്തേക്കുമുള്ള കണക്ക് നിര്‍ണയിക്കുന്നത് ഒരു ശഅബാന്‍ മുതല്‍ അടുത്ത ശഅബാന്‍ വരെയാണെന്ന്’ ഉസ്മാന് ബ്നു മുഹമ്മദ്(റ) ഉദ്ധരിക്കുന്ന ഹദീസിലുണ്ട്. വിശുദ്ധ ഖുര്‍ആനിലെ സൂറത്തു ദുഖാനിലെ മൂന്നാമത്തെ ആയത്തിലെ ‘അനുഗൃഹീത രാവ്’ എന്നതിന്റെ വിവക്ഷ ഒരഭിപ്രായത്തില്‍ ശഅബാനിലെ പതിനഞ്ചിന്റെ രാവാണെന്ന് വിവരിച്ച പണ്ഡിതരുണ്ട്(ഇബ്നു കസീര്‍). ഖുര്‍ത്വുബി സൂറത്തു ദുഖാനിലെ ഈ ആയത്തിനെ വിവരിക്കുമ്പോള്‍ ശഅബാനിലെ പകുതിയുടെ രാവിനെക്കുറിച്ച് പറയപ്പെട്ടവരുടെ അഭിപ്രായം രേഖപ്പെടുത്തിയശേഷം ഈ രാവിന് നാലു പേരുണ്ടെന്നുകൂടി വിശദീകരിച്ചിരിക്കുന്നു;
ലൈലത്തുല്‍ മുബാറക, ലൈലത്തുല്‍ ബറാഅ, ലൈലത്തു സ്വക്ക്, ലൈലത്തുല്‍ ഖദ്റ് എന്നിവയാണ് ആ നാല് പേരുകള്‍(തഫ്സീര്‍ ഖുര്‍ത്വുബി).
ശഅബാന്‍ പകുതിയുടെ രാവിനെ തിരുനബി(സ്വ) ആരാധനകളാല്‍ പ്രത്യേകം പരിഗണിച്ചിരുന്നത് ഹദീസുകളിലുണ്ട്. ഒരു ശഅബാന്‍ പകുതിയുടെ രാവില്‍ നിസ്കാരത്തില്‍ സുജൂദില്‍ അസാധാരണ ദൈര്‍ഘ്യം നബി(സ്വ) കിടക്കുന്നത് കണ്ട് ആശങ്കയിലായ രംഗം ആയിശ(റ) ഉദ്ധരിക്കുന്നുണ്ട്. മഹതി തിരുനബി(സ്വ)ക്ക് ഇളക്കമില്ലാതെ കിടക്കുന്നത് ആശങ്കയോടെ ശ്രദ്ധിച്ചുവത്രെ.
ഏറെനേരം സുജൂദ് ചെയ്തതിന്റെ ശേഷം തല ഉയര്‍ത്തി, പിന്നെ നിസ്കാരം കഴിഞ്ഞശേഷം ആയിശ(റ)യോട് നബി(സ്വ) പറഞ്ഞത്രെ; ‘ഓ ആയിശ, ഇന്ന് ഏതാണ് രാത്രി എന്നറിയുമോ? ഇന്ന് ശഅബാന്‍ പകുതിയുടെ രാവാണ്’. ഇത് വിവരിച്ചശേഷം പാപമോചനം തേടുന്നവര്‍ക്ക് അല്ലാഹു പൊറുത്തുകൊടുക്കുന്നതടക്കമുള്ള ഈ രാത്രിയുടെ മഹത്വം വിവരിച്ചുകൊടുക്കുകയും ചെയ്തു.
ശഅബാന്‍ മാസത്തിനെ നന്മകളാല്‍ റമദാനിലേക്കുള്ള തയാറെടുപ്പായി ഉപയോഗപ്പെടുത്തേണ്ടതാണ്. നന്മകളെ ധാരാളമായി വളര്‍ത്തിയെടുക്കാന്‍ ശഅബാനില്‍ സാധ്യമായാല്‍ മാത്രമാണ് റമദാനെ സുകൃതങ്ങളാൽ കാര്യക്ഷമമാക്കാനും ഇൗ മാസത്തിന്റെ എല്ലാ അനുഗ്രഹങ്ങളും പൂര്‍ണതയില്‍ നേടാനും സാധ്യമാവുകയുള്ളു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."