കീഴടങ്ങി രണ്ടാഴ്ച; ബില്‍ക്കീസ് ബാനു കേസ് പ്രതിക്ക് പരോള്‍
കീഴടങ്ങി രണ്ടാഴ്ച; ബില്‍ക്കീസ് ബാനു കേസ് പ്രതിക്ക് പരോള്‍
വഡോദര: സുപ്രിംകോടതി ഉത്തരവു പ്രകാരം ജയിലിലെത്തി പതിനഞ്ചു ദിവസത്തിനുള്ളില്‍ ബില്‍ക്കീസ് ബാനു കേസിലെ പ്രതിക്ക് പരോള്‍. ദഹോഡിലെ രണ്‍ധിക്പൂര്‍ സ്വദേശി പ്രതീപ് മോധിയയ്ക്ക് ഗുജറാത്ത് ഹൈക്കോടതി നിര്‍ദേശത്തെ തുടര്‍ന്നാണ് ജയില്‍ അധികൃതര്‍ പരോള്‍ അനുവദിച്ചത്. ഭാര്യാപിതാവിന്റെ മരണച്ചടങ്ങുകളില്‍ പങ്കെടുക്കാന്‍ അഞ്ചു ദിവസത്തേക്കാണ് പരോള്‍.
ഫെബ്രുവരി അഞ്ചിന് ജസ്റ്റിസ് എംആര്‍ മെന്‍ഗ്‌ദേയാണ് ഇയാളുടെ പരോള്‍ അപേക്ഷ പരിഗണിച്ചത്. മുപ്പത് ദിവസത്തെ പരോളാണ് മോധിയ ആവശ്യപ്പെട്ടിരുന്നത്. ജയിലില്‍ പ്രതിയുടെ പെരുമാറ്റം നല്ലതാണെന്ന് അധികൃതര്‍ സാക്ഷ്യപ്പെടുത്തിയതും കോടതി നിര്‍ദേശം അനുസരിച്ച് സമയത്ത് ജയിലില്‍ തിരികെയെത്തിയതും അപേക്ഷയില്‍ ചൂണ്ടിക്കാട്ടി.
സുപ്രിംകോടതിയുടെ അന്ത്യശാസനത്തെ തുടര്‍ന്ന് ജനുവരി 21ന് അര്‍ധരാത്രിയാണ് ബില്‍ക്കീസ് ബാനു പ്രതികള്‍ ഗോധ്ര സബ് ജയിലില്‍ കീഴടങ്ങിയത്. ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട പ്രതികളെ ഇടക്കാലത്ത് മോചിപ്പിച്ച ഗുജറാത്ത് ഗവണ്‍മെന്റിന്റെ തീരുമാനം റദ്ദാക്കിയിരുന്നു സുപ്രിംകോടതിയുടെ ചരിത്രവിധി.
1992ലെ ജയില്‍ശിക്ഷയില്‍ ഇളവു കൊടുക്കല്‍ നയപ്രകാരം 2022 മെയിലാണ് പ്രതികളെ സംസ്ഥാന സര്‍ക്കാര്‍ വിട്ടയച്ചിരുന്നത്. ഇതിനെതിരെ ബില്‍ക്കീസ് ബാനു സുപ്രിംകോടതിയെ സമീപിക്കുകയായിരുന്നു. രാധേശ്യാം ഷാ, ജസ്വന്ത് നൈ, ഗോവിന്ദ് നൈ, കേസര്‍ വൊഹാനിയ, ബാക വൊഹാനിയ, രാജു സോണി, രമേശ് ചന്ദന, ശൈലേഷ് ഭട്ട്, ബിപിന്‍ ജോഷി, മിതേഷ് ഭട്ട്, പ്രതീപ് മോധിയ എന്നിവരാണ് കേസിലെ പ്രതികള്‍.
2002ലെ ഗുജറാത്ത് കലാപവേളയിലാണ് പ്രതികള്‍ ബില്‍ക്കീസിനെ കൂട്ടബലാത്സംഗത്തിന് ഇരയാക്കിയത്. അന്ന് അഞ്ചു മാസം ഗര്‍ഭിണിയായിരുന്നു 21കാരിയായ ബില്‍ക്കീസ്. മൂന്നര വയസ്സായ മകള്‍ സലീഹയും അമ്മയും പ്രതികളുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടു. മുംബൈയിലെ സിബിഐ പ്രത്യേക കോടതിയാണ് 2008 ജനുവരി 21ന് പ്രതികള്‍ക്ക് ജീവപര്യന്തം തടവുശിക്ഷ വിധിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."