HOME
DETAILS

വിഷമഴ കൊണ്ടവരെ അനാഥമാക്കരുത്

  
backup
February 10 2024 | 00:02 AM

dont-make-those-who-are-poisoned-orphans

കാസർകോട്ടെ നെഞ്ചുനീറലിന്റെ ചുരുക്കപ്പേരാണ് എൻഡോസൾഫാൻ. നിസഹായരായ മനുഷ്യർക്കുമേൽ പെയ്തിറങ്ങിയ സമാനതകളില്ലാത്ത ക്രൂരത. നാലു പതിറ്റാണ്ടായി ഇവിടെ കുറെ കുഞ്ഞുങ്ങൾ പിറന്നുവീഴുന്നു. വലിയ തലയുടെയും വീർത്ത വയറിന്റെയും ഭാരം താങ്ങാനാവാതെ, വേദന വിട്ടൊഴിയാതെ അവർ നിലവിളിച്ചുകൊണ്ടേയിരിക്കുന്നു. നിലവിളിക്കിടയിൽ ഒരു ചെറിയ തേങ്ങലിൽ ജീവൻ പൊലിയുന്നവരേറെ. കുറെ ‘കുട്ടികൾ’ നാൽപതാം വയസിലും ജീവൻ മാത്രമെന്ന ആനുകൂല്യത്തിന്റെ മറപറ്റി ജീവിക്കുന്നു. മതിയായ ചികിത്സയില്ല, പെൻഷനില്ല. മനസും ശരീരവും രോഗപീഡയിൽ ഉഴലുമ്പോഴും എൻഡോസൾഫാൻ ദുരിതബാധിത പട്ടികയിൽ പേര് ചേർക്കപ്പെടാത്തവരുണ്ട്. ഇങ്ങനെയുള്ള 1031 പേരും അവരുടെ കുടുംബാംഗങ്ങളും ഇപ്പോൾ സമരത്തിലാണ്. വിഷമഴയുടെ ദുരിതപ്പെയ്ത്തിൽ ജീവിതം ഹോമിക്കപ്പെട്ട ഇവർക്ക് മനുഷ്യരായി ജീവിക്കാൻ ഇപ്പോഴും സമരപന്തലിലിരിക്കണമെന്നത് സങ്കടകരമാണ്.

അവരെ ചേർത്തുപിടിക്കേണ്ട ഭരണകൂടം കണ്ണടച്ചിരിക്കുമ്പോൾ നാം ആരെ പഴിക്കും. എൻഡോസൾഫാൻ ഇരകൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിക്കാൻ ഇനിയും എന്തിന് സമൂഹം മടിച്ചുനിൽക്കുന്നു?
പട്ടികയിൽനിന്ന് ഒഴിവാക്കിയ എൻഡോസൾഫാൻ ദുരിതബാധിതരെ തിരിച്ചെടുക്കുക, വിവാദ ഉത്തരവ് പിൻവലിക്കുക, മരുന്നും ചികിത്സയും അനുവദിക്കുക, എൻഡോസൾഫാൻ സെൽ യോഗം ചേരുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് കാഞ്ഞങ്ങാട് മിനി സിവിൽ സ്‌റ്റേഷന് മുമ്പിൽ സമരം തുടരുന്നത്. 10ാം ദിവസത്തിലേക്ക് കടന്നിരിക്കുകയാണ് ഈ സഹനസമരം. വീട്ടകത്തൊതുക്കിയ സങ്കടങ്ങളും ദുരിതങ്ങളും പരിധിവിട്ടപ്പോഴാണ് അവസാന പ്രതീക്ഷയിൽ ഇവർ ഒരിക്കൽകൂടി സമര മുഖത്തെത്തിയിരിക്കുന്നത്. മക്കൾ പ്രായപൂർത്തിയായിട്ടും ഇപ്പോഴും പല അമ്മമാരുടേയും ചുമലിലാണ്. ആ ഭാരം പേറി കഴിയുന്ന ഓരോ അമ്മയുടെ മനസിലും ഭീതിദ ഓർമകളുമുണ്ട്.


എൻഡോസൾഫാൻ മെഡിക്കൽ ക്യാംപിൽ രണ്ടുതവണ പങ്കെടുത്തിട്ടും പട്ടികയിൽ ഇടംപിടിക്കാതെ പോയ മടിക്കൈ മലപ്പച്ചേരി മൂന്ന് റോഡിലെ 15 വയസുകാരി നിവേദ്യ കഴിഞ്ഞ ദിവസമാണ് മരിച്ചത്. ജന്മനാ കൈകാലുകൾ തളർന്നുകിടന്ന നിവേദ്യ വർഷങ്ങളായി ചികിത്സയിലായിരുന്നു. ചികിത്സക്ക് ലക്ഷങ്ങളാണ് നിർധന കുടുംബത്തിന് ചെലവായത്. എൻഡോസൾഫാൻ പട്ടികയിൽ ഉൾപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് അമ്മയുടെ തോളിലേറി സെക്രട്ടേറിയറ്റ് നടയിൽ അടക്കം നിവേദ്യ സമരത്തിൽ പങ്കെടുത്തിരുന്നുവെങ്കിലും അധികൃതരുടെ കനിവ് നേടാനായില്ല. തളർന്ന കാലുകളും ശോഷിച്ച ഉടലുമായി ഇനിയുമേറെ പേർ പട്ടികയിൽ തിരിച്ചുകയറാൻ കാത്തിരിക്കുന്നുണ്ട്. കാരണമില്ലാതെ ഒഴിവാക്കിയ 1031 പേരെ തിരിച്ചെടുക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഈ സമരം സത്യത്തിനും നീതിക്കും വേണ്ടിയുള്ളതാണ്. അതാർക്കും ബോധ്യമാകാഞ്ഞിട്ടല്ല.

മാനുഷിക പരിഗണനയോടെ ജീവിക്കാൻ അവകാശം തരണമെന്ന് ആവശ്യപ്പെട്ട ഒരുപറ്റം അമ്മമാരെയും അവരുടെ കുട്ടികളെയും എന്നിട്ടും എന്തിനാണ് ഇങ്ങനെ വെയിലത്തു നിർത്തുന്നത്.
2017ലെ പ്രത്യേക മെഡിക്കൽ ക്യാംപിൽ വിദഗ്ധ ഡോക്ടർമാർ പരിശോധിച്ച് കണ്ടെത്തിയ 1031 രോഗികളെയാണ് അകാരണമായി ലിസ്റ്റിൽനിന്ന് പുറംതള്ളിയിരിക്കുന്നത്. ഇവർക്ക് ചികിത്സാ സഹായങ്ങളോ മരുന്നോ ലഭിക്കുന്നില്ല. സെക്രട്ടേറിയറ്റ് പടിക്കൽ വരെ സമരം നടത്തിയിട്ടും സർക്കാർ പരിഹാരം കാണാൻ തയാറാകാതെ ഇവരെ സമരമുഖത്തേക്ക് വീണ്ടും തള്ളിവിട്ടത് ഖേദകരം തന്നെയാണ്.
ഇരകളുടെ എണ്ണത്തിൽ കുറവ് കാണിക്കുക കീടനാശിനി കമ്പനികളുടെ ആവശ്യമായിരുന്നു. സർക്കാർ എന്തിന് അവർക്കൊപ്പം ചേരുന്നുവെന്ന ചോദ്യം ദുരിതബാധിതരും അവരുടെ കുടുംബങ്ങളും ഉയർത്തുന്നുണ്ട്. സുപ്രിംകോടതി വിധിയനുസരിച്ച് സർക്കാർ പട്ടികയിൽ ഉൾപ്പെട്ടവർക്ക് അഞ്ച് ലക്ഷം രൂപയും സൗജന്യമായി ആജീവനാന്ത ചികിത്സയും നൽകണം.

എൻഡോസൾഫാൻ കമ്പനിയിൽനിന്ന് സർക്കാർ ഈ തുക ഈടാക്കി നൽകണമെന്നാണ് ഉത്തരവ്. അല്ലെങ്കിൽ കേന്ദ്രസർക്കാർ നൽകണം. സുപ്രിംകോടതി വിധി കീടനാശിനി കമ്പനികളെ ഭയപ്പെടുത്തുന്നതായിരിക്കാം. നാളെയും ഈ വിധി അവരെ പ്രതികൂലമായി ബാധിച്ചേക്കാമെന്ന കമ്പനികളുടെ ആശങ്കയും സ്വാഭാവികം. എന്നാൽ കേരള സർക്കാർ വിധി നടപ്പാക്കാൻ എന്തുകൊണ്ട് സുപ്രിംകോടതിയെ സമീപിക്കുന്നില്ല എന്നതാണ് പ്രസക്ത ചോദ്യം.


മാറിവന്ന ഭരണകൂടങ്ങൾ അടിച്ചേൽപ്പിച്ച എൻഡോസൾഫാൻ ദുരന്തത്തെ തമസ്‌കരിക്കാനുള്ള നീക്കങ്ങളാണ് അണിയറയിൽ നടന്നുവരുന്നതെന്നാണ് ആരോപണം. മന്ത്രി മുഹമ്മദ് റിയാസ് അധ്യക്ഷനായ എൻഡോസൾഫാൻ സെൽ യോഗം ചേർന്നിട്ട് ഒരു വർഷമായി. കൃത്യമായി യോഗം ചേർന്ന് ഇരകളുടെ വിവരങ്ങൾ സർക്കാർ മുമ്പാകെ ധരിപ്പിക്കേണ്ട ഉത്തരവാദപ്പെട്ട സംവിധാനമാണിത്.
വികസനത്തിന്റെ പേരിൽ അന്താരാഷ്ട്ര മാനദണ്ഡങ്ങൾ ലംഘിച്ച് കാൽനൂറ്റാണ്ടോളം കാസർകോടിനുമേൽ വിഷം കോരിയൊഴിച്ച നിശബ്ദ കൊലയാളിയാണ് എൻഡോസൾഫാൻ.

പ്ലാന്റേഷൻ കോർപറേഷന്റെ കശുമാവിൻ തോട്ടങ്ങളിൽ 1978 മുതൽ 20 വർഷം 11 പഞ്ചായത്തുകളിലെ 4696 ഏക്കറിലാണ് ഹെലികോപ്റ്ററിൽ വിഷമഴ പെയ്യിച്ചത്. ഇതിന്റെ ബാക്കിപത്രമായി 1982 മുതൽ അമ്മമാർ രോഗികളായ കുഞ്ഞുങ്ങളെ പ്രസവിച്ചു തുടങ്ങി. മണ്ണിലേക്ക് ആഴ്ന്നിറങ്ങിയ കീടനാശിനി ഇപ്പോഴും നിശബ്ദമായി പുതിയ രോഗികളെ സൃഷ്ടിച്ചുകൊണ്ടേയിരിക്കുന്നു. എൻഡോസൾഫാൻ ദുരിതബാധിത പട്ടികയിൽ ഉൾപ്പെടാൻ 20,427 അപേക്ഷകൾ സർക്കാരിന് മുമ്പിലുണ്ട്.
വിഷം ചീറ്റിയ കമ്പനിയെ നിയമത്തിന്റെ മുമ്പിൽ കൊണ്ടുവരികതന്നെ വേണം. അത് ഇനിയുള്ള തലമുറയുടെ അതിജീവനത്തിനും അനിവാര്യമാണ്.

അതിനാൽ ഈ അതിജീവനസമരം ഏറ്റെടുക്കാൻ സാമൂഹിക-രാഷ്ട്രീയ- സാംസ്‌കാരിക പൊതുബോധം ഉണരേണ്ടത് കാലത്തിന്റെ അനിവാര്യതയാണ്. പുതിയ രോഗികളെ പട്ടികയിൽനിന്ന് വെട്ടിമാറ്റി എൻഡോസൾഫാൻ ദുരന്തത്തെ മായ്ച്ചുകളയാൻ ആരെങ്കിലും ശ്രമിക്കുന്നുണ്ടെങ്കിൽ കാലം അവർക്ക് മാപ്പുനൽകില്ല. ഇരകൾക്ക് അർഹമായ ചികിത്സ മാത്രമല്ല, നഷ്ടപരിഹാരവും നൽകേണ്ടത് ഉത്തരവാദപ്പെട്ട ഭരണകൂടത്തിന്റെ ബാധ്യതയാണ്. അവരുടെ കുടുംബത്തിനൊപ്പവും ഭരണകൂടം ഉണ്ടാകണം. നൊന്തുപെറ്റ മക്കളുടെ വിലാപം കേൾക്കാൻ ഇവരെ ഇനിയും തനിച്ചുവിടരുത്. അവർക്കും മനുഷ്യന്റെ അവകാശത്തോടെ ശിഷ്ടകാലം ഈ ഭൂമിയിൽ ജീവിക്കണം. ഇതിനുവേണ്ടി കൈകോർക്കാൻ മതമോ രാഷ്ട്രീയമോ വർഗമോ ഒന്നും വേലിക്കെട്ടാകരുത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഗിന്നസ് വേൾഡ് റെക്കോർഡിൽ ഇടം നേടാൻ ശിവന്യ പ്രശാന്ത്

oman
  •  26 minutes ago
No Image

തുടർച്ചയായി 2 ദിവസം മഴ; മുല്ലപ്പെരിയാറിലെ ജലനിരപ്പ് 127. 65 അടിയായി ഉയർന്നു

Kerala
  •  28 minutes ago
No Image

ഷൊ൪ണൂരിൽ ട്രെയിൻ യാത്രക്കാരിയുടെ മാല മോഷ്ടിച്ച കേസിൽ പ്രതി അറസ്റ്റിൽ

Kerala
  •  an hour ago
No Image

'ഒരു ദിവസം രണ്ട് കണക്ക് ക്ലാസില്‍ ഇരിക്കുന്ന പോലെ; ശരിക്കും ബോറടിപ്പിച്ചു';  മോദിയുടെ പ്രസംഗത്തെ പരിഹസിച്ച് പ്രിയങ്ക ഗാന്ധി

National
  •  an hour ago
No Image

ബ​ഗാനോടും തോറ്റ് ബ്ലാസ്റ്റേഴ്സ്

Football
  •  an hour ago
No Image

കാറും ബൈക്കും കൂട്ടിയിടിച്ചു; നിയന്ത്രണം വിട്ട വാഹനങ്ങൾ ട്രെയ്ലർ ലോറിയിലിടിച്ച് രണ്ട് പേർക്ക് ദാരുണാന്ത്യം

Kerala
  •  2 hours ago
No Image

308.30 ഗ്രാം എം.ഡി.എം.എയുമായി യുവാവ് പിടിയിൽ 

Kerala
  •  2 hours ago
No Image

ആനയെഴുന്നള്ളിപ്പും വെടിക്കെട്ടും; ഹൈക്കോടതി വിധി പ്രായോഗികമല്ലെന്ന് തൃശൂരിൽ ഉത്സവരക്ഷാ സംഗമം

Kerala
  •  2 hours ago
No Image

ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദ സാധ്യത; മൂന്ന് ജില്ലകളില്‍ മുന്നറിയിപ്പ്

Kerala
  •  3 hours ago
No Image

കാട്ടാന പന മറിച്ചിട്ടുണ്ടായ അപകടത്തിൽ പരുക്കേറ്റ വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം

Kerala
  •  3 hours ago