അയോധ്യയിൽനിന്ന് കാശിയിലേക്കുള്ള ദൂരം
പ്രൊഫസർ റോണി കെ ബേബി
വരാണസിയിലെ ജ്ഞാന്‍വാപി മസ്ജിദില്‍ ഹിന്ദുമത വിശ്വാസികള്‍ക്ക് പ്രാര്‍ഥനകള്‍ നടത്താന്‍ ജില്ലാ കോടതി അനുമതി നല്‍കിയതോടെ അയോധ്യയിൽ അരങ്ങേറിയ നാടകങ്ങളുടെ തനിയാവർത്തനത്തിന് കളമൊരുങ്ങുകയാണ്. വരാണസിയിലെ കാശി വിശ്വനാഥ ക്ഷേത്രത്തിനു സമീപമാണ് ജ്ഞാന്‍വാപി മസ്ജിദ് സ്ഥിതി ചെയ്യുന്നത്.
2000 വർഷങ്ങൾക്കുമുമ്പ് വിക്രമാദിത്യൻ പണി കഴിപ്പിച്ച കാശി വിശ്വനാഥ ക്ഷേത്രം മുഗൾഭരണകാലത്ത് 1664ൽ ഔറംഗസേബ് പിടിച്ചെടുക്കുകയും പള്ളി പണിയുകയുമായിരുന്നു എന്നാണ് ഹിന്ദുത്വ സംഘടനകൾ പറയുന്നത്. ആരാധാനലയങ്ങളുടെ സ്വഭാവം 1947 ഒാഗസ്റ്റ് 15ന് ഇന്ത്യക്ക് സ്വാതന്ത്ര്യം കിട്ടുമ്പോള്‍ എന്തായിരുന്നുവോ അതില്‍നിന്ന് മാറ്റം പാടില്ലെന്ന നിയമം നിലനില്‍ക്കെയാണ് വരാണസി കോടതിയുടെ ഉത്തരവ് വന്നിട്ടുള്ളത് എന്നത് ശ്രദ്ധേയമാണ്.
രാജ്യത്ത് ആരാധനാലയങ്ങളുടെ പേരിൽ ഉണ്ടാകുന്ന വര്‍ഗീയ സംഘര്‍ഷങ്ങൾ തടയുക എന്ന ലക്ഷ്യത്തോടെ 1991ല്‍ നരസിംഹറാവു സര്‍ക്കാരാണ് ആരാധനാലയ നിയമം പാസാക്കിയത്. അയോധ്യയെച്ചൊല്ലിയുള്ള തര്‍ക്കങ്ങള്‍ രൂക്ഷമായിരുന്ന സാഹചര്യത്തിലാണ് ഈ നിയമത്തിന് രൂപംനല്‍കിയത്. "തര്‍ക്കമുള്ള എല്ലാ മത ആരാധനാലയങ്ങളുടെയും പദവി 1947 ഓഗസ്റ്റ് 15ലെ കൈവശാവകാശം പോലെ നിലനിര്‍ത്തുമെന്നും ഇന്ത്യയിലെ ഒരു കോടതിയിലും അവയുടെ പദവി മാറ്റുന്നത് സംബന്ധിച്ച് വ്യവഹാരം നടത്തില്ലെന്നും' നിയമം വ്യവസ്ഥ ചെയ്യുന്നു.
എന്നാല്‍ രാമജന്മഭൂമി-ബാബരി മസ്ജിദ് തര്‍ക്കം അന്നത്തെ സാഹചര്യം കണക്കിലെടുത്ത് ഇതില്‍നിന്ന് ഒഴിവാക്കുകയും കോടതിയുടെ പരിധിയിലേക്ക് വിട്ടുകൊടുക്കുകയും ചെയ്തു. ആരാധനാലയ നിയമം രാജ്യത്ത് നിലനിൽക്കെയാണ് ഇതര ആരാധനാലയങ്ങളുടെ മേൽ അവകാശവാദം ഉന്നയിച്ച് ഹിന്ദുത്വ സംഘടനകൾ രംഗത്തെത്തുന്നത്. ഇതിൽ നീതിയുടെയും നിയമത്തിന്റെയും വശം നിലനിൽക്കെ അതിന് ഉചിതമായ നടപടികൾ സ്വീകരിക്കാൻ നീതിപീഠം തയാറാവുന്നില്ല.
ഇന്ത്യയിൽ ഹിന്ദുത്വ രാഷ്ട്രീയത്തിന് വഴിത്തിരിവായത് അയോധ്യാ പ്രക്ഷോഭമാണ്. 1984ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ രണ്ടു സീറ്റ് മാത്രം നേടിയ ബി.ജെ.പിയെ അധികാരം പിടിക്കാൻ കെൽപ്പുള്ള പാർട്ടിയാക്കി മാറ്റിയത് തൊണ്ണൂറുകളിലെ അയോധ്യാ പ്രക്ഷോഭമായിരുന്നു. 1990ൽ സോമനാഥിൽനിന്ന് അയോധ്യയിലേക്ക് അന്നത്തെ ബി.ജെ.പി അധ്യക്ഷൻ അദ്വാനി നടത്തിയ രഥയാത്ര വെട്ടിമുറിച്ചത് ഉത്തരേന്ത്യയിലെ പരമ്പരാഗത ജാതി, മത വോട്ട് സമവാക്യങ്ങളായിരുന്നു.
അധികാരത്തിൽ തുടരാൻ വി.പി സിങ് ഉപയോഗിച്ച മണ്ഡൽ ജാതി കാർഡിന് മുകളിൽ ഹിന്ദുത്വ അജൻഡയെ സമർഥമായി പ്രതിഷ്ഠിക്കാൻ അന്ന് അയോധ്യ പ്രക്ഷോഭങ്ങളിലൂടെ സംഘപരിവാറിന് കഴിഞ്ഞു. ഇൗ പ്രക്ഷോഭത്തിലൂടെ പല ലക്ഷ്യങ്ങളാണ് സംഘ്പരിവാർ മനസിൽ കണ്ടത്. ഒന്നാമത്തേത് ഇന്ത്യയുടെ രാഷ്ട്രീയ അധികാരം പിടിക്കുക എന്നതുതന്നെ.
1992ൽ ബാബരി മസ്ജിദ് തകർക്കപ്പെട്ട് മൂന്ന് പതിറ്റാണ്ടുകൾ പിന്നിടുമ്പോൾ സംഘ്പരിവാർ അവരുടെ ലക്ഷ്യങ്ങളിൽ കുറെയൊക്കെ നേടിയെന്നുതന്നെ പറയാം. ബി.ജെ.പി ഇന്നു സ്വന്തമായ ഭൂരിപക്ഷത്തോടെ ഇന്ത്യ ഭരിക്കുന്നു. രാജ്യസഭയിലെ ഏറ്റവും വലിയ പാർട്ടിയും ഇന്ത്യയിലെ ഭൂരിപക്ഷം സംസ്ഥാനങ്ങളും ഭരിക്കുന്ന പാർട്ടിയുമായി മാറിയിരിക്കുന്നു. രാഷ്ട്രപതി, ഉപരാഷ്ട്രപതി തുടങ്ങിയ സുപ്രധാന ഭരണഘടനാ പദവികളിൽ സംഘ്പരിവാറുകാരാണ് എന്ന അഭിമാനബോധം സൂക്ഷിക്കുന്നവർ കടന്നുവന്നിരിക്കുന്നു. ജാതീയതകളുടെ അതിർവരമ്പുകൾ ഭേദിച്ചുകൊണ്ട് "ഹിന്ദുത്വ' എല്ലാ സാമൂഹിക, സാമ്പത്തിക വിഭാഗങ്ങളിലേക്കും കടന്നുകയറുന്ന പ്രത്യയശാസ്ത്രമായി മാറിയിരിക്കുന്നു.
അയോധ്യയിൽ രാമക്ഷേത്ര നിർമാണത്തിന് അനുമതി നൽകിയ 2019 നവംബറിലെ സുപ്രിംകോടതി വിധി സ്വാതന്ത്ര്യത്തിന് മുൻപ് തുടങ്ങിയ തർക്കത്തിന് വിരാമമിടൽ മാത്രമല്ല, പ്രതിരോധങ്ങൾ നേർത്തുവരുന്ന മറ്റ് പല തർക്കങ്ങളുടെയും ആളിക്കത്തൽ കൂടിയാണ്. തീവ്ര ഹിന്ദുത്വത്തിന്റെ നെരിപ്പോടുകൾ എല്ലാക്കാലത്തും കത്തിച്ചുനിർത്തുക എന്നത് വലിയ വെല്ലുവിളിയാണ്. അണികളെ പിടിച്ചുനിർത്താനും പ്രഖ്യാപിത ലക്ഷ്യമായ ഹിന്ദുരാഷ്ട്ര രൂപീകരണത്തിലേക്ക് എത്തുവാനും തുടർച്ചയായി വിവാദങ്ങൾ ഉയർത്തേണ്ടതുണ്ട്.
ഇതിന്റെ പുതിയ പരീക്ഷണങ്ങളാണ് സമീപകാലത്ത് കാശി മഥുര ചുറ്റിപ്പറ്റി ഉയർന്നുവന്ന വിവാദങ്ങൾ.
അയോധ്യയുടെ തനിപ്പകർപ്പുകൾ ഇവിടങ്ങളിലൊക്കെ അതിവിദൂരമല്ലാത്ത ഭാവിയിൽ ആവർത്തിക്കാനും അജൻഡകൾ ഓരോന്നായി നടപ്പാക്കാനുമുള്ള വ്യഗ്രതയിലാണ് സംഘ്പരിവാർ. തുടർച്ചയായ വിവാദങ്ങളിലൂടെ രാഷ്ട്രീയാധികാരം എല്ലാ കാലവും ചെൽപ്പടിക്ക് നിർത്താനുമുള്ള ഗൂഢനീക്കങ്ങളാണ് കാശിയെയും മഥുരയെയും മുന്നിൽനിർത്തി ഉണ്ടായിക്കൊണ്ടിരിക്കുന്നത്.
അയോധ്യക്കുശേഷം ശേഷം കാശി, ശേഷം മഥുര. അയോധ്യയിൽനിന്ന് കാശിവഴി മഥുരയിലേക്ക് എത്തുമ്പോഴേക്കും ഈ രാഷ്ട്രവും മാറിയിരിക്കുന്നു. വിതച്ചതിന്റെ ആയിരവും പതിനായിരവും മടങ്ങ് സംഘ്പരിവാർ കൊയ്യുകയാണ്. പക്ഷേ അതിന്റെ പേരിൽ ഈ രാഷ്ട്രത്തിന് നൽകേണ്ടിവരുന്ന വില കണക്കുകൾക്ക് അപ്പുറമാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."