മാനന്തവാടിയില്‍ മൃതദേഹവുമായി തെരുവിലിറങ്ങി നാട്ടുകാര്‍; എസ്.പിയുടെ വാഹനം തടഞ്ഞു
മാനന്തവാടിയില്‍ മൃതദേഹവുമായി തെരുവിലിറങ്ങി നാട്ടുകാര്‍; എസ്.പിയുടെ വാഹനം തടഞ്ഞു
വയനാട്: കാട്ടാനയുടെ ആക്രമണത്തില്‍ ഒരാള്‍ മരിച്ച സംഭവത്തില്‍ പ്രതിഷധം ശക്തമാക്കി നാട്ടുകാര്‍. മാനന്തവാടി നഗര മധ്യത്തില്‍ മരിച്ച അജീഷിന്റെ മൃതദേഹവുമായിട്ടാണ് നാട്ടുകാരുടെ പ്രതിഷേധം. മുവായിരത്തോളം പേരാണ് മാനന്തവാടി ഗാന്ധിജംഗ്ഷനില്‍ പ്രതിഷേധിക്കുന്നത്.
വനംവകുപ്പ് ഉദ്യോഗസ്ഥരുടെ അനാസ്ഥയാണ് അജീഷിന്റെ മരണത്തിനിടയാക്കിയതെന്നാണ് നാട്ടുകാര്‍ ആരോപിക്കുന്നത്. കാട്ടാന ഇറങ്ങിയിട്ട് ദിവസങ്ങളോളമായിട്ടും കൃത്യമായ വിവരം ആളുകളെ അറിയിക്കുന്നതിനോ ആനയെ പിടികൂടുന്നതിനോ ഉള്ള നടപടികള്‍ വനംവകുപ്പ് സ്വീകരിച്ചില്ലെന്നാണ് നാട്ടുകാരുടെ ആരോപണം.
ആനയെ വെടിവെച്ചു കൊല്ലാന്‍ കളക്ടര്‍ ഉത്തരവിടണം എന്നാവശ്യപ്പെട്ടാണ് സമരം. ഇതിനിടെ സംഭവ സ്ഥലത്തെത്തിയ ജില്ലാ പൊലിസ് മേധാവിയുടെ വാഹനം നാട്ടുകാര്‍ തടഞ്ഞു. മെഡിക്കല്‍ കോളജിലേക്ക് എത്തിയ വയനാട് എസ്പി ടി.നാരായണന്റെ വാഹനമാണ് നാട്ടുകാര്‍ തടഞ്ഞ് ഗോ ബാക്ക് വിളികള്‍ ഉയര്‍ത്തിയത്.
പ്രതിഷേധത്തെ തുടര്‍ന്ന് എസ്പി വാഹനത്തില്‍ നിന്ന് ഇറങ്ങി നടന്നുപോകാന്‍ നാട്ടുകാര്‍ പറഞ്ഞു. പ്രതിഷേധം കനത്തതോടെ മാനന്തവാടി മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് വാഹനത്തില്‍നിന്നിറങ്ങി എസ്പി നടന്നുപോകുകയാണ് ചെയ്തത്. സ്ഥലത്തെത്തിയ ജില്ലാ കലക്ടര്‍ക്കെതിരെയും നാട്ടുകാരുടെ പ്രതിഷേധം തുടര്‍ന്നു.
ഇന്ന് രാവിലെ ഏഴരയോടെയാണ് കാട്ടാനയുടെ ആക്രമണത്തില്‍ 42കാരനായ പനച്ചിയില്‍ അജി കൊല്ലപ്പെട്ടത്. മതില്‍ പൊളിച്ചെത്തിയ ആന അജിയെ ആക്രമിക്കുകയായിരുന്നു.
കാട്ടാന ജനവാസമേഖലയില്‍ തന്നെ തുടരുന്നതിനാല്‍ മാനന്തവാടി നഗരസഭയിലെ 4 ഡിവിഷനുകളില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. കുറുവ, കുറുക്കന്മൂല, പയ്യമ്പള്ളി, കാടന്‍കൊല്ലി ഡിവിഷനുകളിലാണു ജില്ലാ ഭരണകൂടം 144 പ്രഖ്യാപിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."