അര്‍ജുന അവാര്‍ഡ്; ബെറ്റിയെ മൂന്നാം തവണയും തഴഞ്ഞു
ആലപ്പുഴ: കായിക പുരസ്‌കാരമായ അര്‍ജുന അവാര്‍ഡിനു മൂന്നാം തവണയും ബെറ്റിയെ അന്തിമ പട്ടികയിലേക്ക് പരിഗണിച്ചില്ല. ദേശീയ ഗെയിംസില്‍ കേരളത്തിനായി തുഴയെറിഞ്ഞു പൊന്നു വാരിയ കനോയിങ് താരം ബെറ്റി ജോസഫിനെയാണ് ഇത്തവണയും തഴഞ്ഞത്. അവാര്‍ഡ് പോലെത്തന്നെ സര്‍ക്കാര്‍ ജോലിയും ബെറ്റിക്കു സ്വപ്നമായി അവശേഷിക്കുന്നു.
കുട്ടനാടില്‍ നിന്നു രാജ്യാന്തരതലത്തിലേക്ക് ഉയര്‍ന്ന താരത്തെ, പരിഗണനാ പട്ടികയില്‍ ഇത്തവണയും ഇടംപിടിച്ചിട്ടും തഴയുകയായിരുന്നു. രാജ്യാന്തര, ഏഷ്യന്‍ ചാംപ്യന്‍ഷിപ്പുകളിലായി കനോയിങ്ങില്‍ നിരവധി മെഡലുകള്‍ വാരിക്കൂട്ടിയ താരമാണ് ആലപ്പുഴ ചമ്പക്കുളം ചെമ്പുംപുറം പുഷ്പമംഗലം ജോസഫ് -അന്നമ്മ ദമ്പതികളുടെ മകളായ 26കാരി ബെറ്റി. 35ാമത് ദേശീയ ഗെയിംസില്‍ ആലപ്പുഴയിലെ സ്വന്തം തട്ടകത്തില്‍ കേരളത്തിനായി തുഴയെറിഞ്ഞ് ഒരു സ്വര്‍ണവും നാലു വെള്ളിയും നേടിയിരുന്നു.
മെഡല്‍ നേടുന്നവര്‍ക്കായി അന്നു സര്‍ക്കാര്‍ വാഗ്ദാനം ചെയ്ത ജോലിക്കായി ഇന്നും കാത്തിരിപ്പിലാണ്. ദേശീയ തലത്തില്‍ മാത്രം 40 മെഡലുകളാണ് ബെറ്റി നേടിയത്. ഒരു സ്വര്‍ണവും ഒരു വെള്ളിയും അഞ്ചു വെങ്കലവും ഉള്‍പ്പെടെ ഏഴു മെഡലുകള്‍ ഏഷ്യന്‍, ലോക ചാംപ്യന്‍ഷിപ്പുകളില്‍ നിന്നായി നേടി. ഇറാനില്‍ 2011ല്‍ നടന്ന ഏഷ്യന്‍ ചാംപ്യന്‍ഷിപ്പില്‍ ഒരു സ്വര്‍ണവും വെങ്കലും നേടി. ഫ്രാന്‍സില്‍ 2013ല്‍ നടന്ന കനോയിങ് ലോകകപ്പില്‍ വെങ്കലവും നേടിയിരുന്നു.
2010 മുതല്‍ സ്‌പോര്‍ട്‌സ് ക്വാട്ടയില്‍ ജോലി ലഭിക്കേണ്ടവരുടെ റാങ്ക് പട്ടികയിലും ഇവര്‍ ഇടം നേടിയതാണ്. എന്നാല്‍, നിയമനം നീണ്ടു പോകുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."