എന്റമ്മോ ഇതെന്താ 'മോസ്‌കിറ്റോ ചുഴലിയോ'; കൊതുകില്‍ വലഞ്ഞ് പൂനെ, വീഡിയോ കാണാം
എന്റമ്മോ ഇതെന്താ 'മോസ്‌കിറ്റോ ചുഴലിയോ'; കൊതുകില്‍ വലഞ്ഞ് പൂനെ, വീഡിയോ കാണാം
റീത്ത, കത്രീന, മഹ ചുഴലിക്കാറ്റുകളും കൊടുങ്കാറ്റുകളും അങ്ങിനെ ഏറെ ഉണ്ടായിട്ടുണ്ട്. എന്നാല്‍ ഇവിടെയിതാ ഒരു മോസ്‌കിറ്റോ കൊടുങ്കാറ്റ്. സംഭവം കൊടുങ്കാറ്റിന്റെ പേരല്ല കേട്ടോ. പൂനെയിലെ കൊതുക് ശല്യത്തിന്റെ ഭീകരതയാണ്. കൊതുകു ശല്യം കാരണം വലഞ്ഞുവെന്ന് ചുമ്മാ പറഞ്ഞാല്‍ പോര. നമ്മുടെ സങ്കല്‍പങ്ങള്‍ക്കെല്ലാം അപ്പുറത്താണ് ഇവിടുത്തെ കൊതുകിന്റെ അതിപ്രസരം.
പൂനെയിലെ ഖരാഡിയിലെ മുത നദിക്ക് സമീപമാണിത്. ചുഴലിക്കാറ്റിന്റെ രൂപത്തില്‍ കൊതുകുകള്‍ പറക്കുന്ന വീഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. മുന്ദ്വ, കേശവ് നഗര്‍, ഖരഡി പ്രദേശങ്ങളില്‍ നിന്നും പകര്‍ത്തിയ വീഡിയോകളില്‍ നഗരങ്ങള്‍ക്ക് മുകളിലൂടെ വട്ടമിട്ട് പറക്കുന്ന കൊതുകുകളെ കാണാം.
'ഒരു പുഴക്ക് മീതെ മോസ്‌കിറ്റോ ടൊര്‍ണാഡോ. കേശവനഗറിനടുത്ത് ഖരാഡിയില്‍' ട്വിറ്ററില്‍ ഒരാള്‍ കുറിച്ചു.
Horrifying ‘mosquito tornado’ near Pune’s Keshav Nagar has sparked outrage, residents have demanded removal of hyacinths. Mosquito tornadoes like this have been reported from Central America and Russia usually during the rainy season.pic.twitter.com/n4SAwJlnzv
— Pune City Life (@PuneCityLife) February 10, 2024
കൊതുക് ഭീഷണി കാരണം അസഹനീയമായ ബുദ്ധിമുട്ടുകളാണ് അനുഭവിക്കുന്നതെന്ന് പ്രദേശവാസികള്‍ പറയുന്നു. വീട്ടിലെ ജനലുകള്‍ പോലും തുറക്കാന്‍ സാധിക്കുന്നില്ല. കുട്ടികള്‍ക്ക് പുറത്തിറങ്ങാനോ പാര്‍ക്കുകളിലോ കളിസ്ഥലങ്ങളിലോ പോലും പോകാന്‍ സാധിക്കാത്ത അവസ്ഥയാണെന്നും അവര്‍ പറയുന്നു. നിരവധിപ്പേരാണ് സമൂഹമാധ്യമങ്ങളിലൂടെ തങ്ങളുടെ ആശങ്കകള്‍ പങ്കുവെച്ച് രംഗത്തെത്തിയിരിക്കുന്നത്. അധികാരികള്‍ നടപടി സ്വീകരിക്കണമെന്നും പ്രസ്തുത സ്ഥലം വൃത്തിയാക്കണമെന്നും താമസക്കാര്‍ ആവശ്യപ്പെടുന്നുണ്ട്.
മലേറിയ, ഡെങ്കിപ്പനി, ചിക്കുന്‍ഗുനിയ തുടങ്ങി നിരവധി രോഗങ്ങള്‍ വരുത്താന്‍ സാധ്യതയുള്ള കൊതുകുകളുടെ പ്രജനനം സാധ്യമാകുന്ന സ്ഥലമാണിതെന്നും ആളുകള്‍ ചൂണ്ടിക്കാട്ടുന്നു.
മൂലമുത നദിയിലെ ജലനിരപ്പ് ഉയര്‍ന്നതാണ് കൊതുകുശല്യം കൂടാന്‍ കാരണമെന്നാണ് റിപ്പോര്‍ട്ടുകള്‍. രണ്ട് ദിവസം മുമ്പ് തന്നെ പൂനെ മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍ അധികമായ വെള്ളം കളയാനുള്ള നടപടികള്‍ സ്വീകരിച്ചെങ്കിലും കൊതുകുശല്യം അനിയന്ത്രിതമായി തുടരുകയാണ്. അംബരചുംബികളായ കെട്ടിടങ്ങള്‍, ഐടി പാര്‍ക്ക് പരിസരം, സ്‌കൂളുകള്‍, സ്‌പോര്‍ട്‌സ് സ്‌റ്റേഡിയങ്ങള്‍, വൃദ്ധ സദനങ്ങള്‍, ശ്മശാനങ്ങള്‍, ഗ്രാമങ്ങള്‍ തുടങ്ങിയവയെ ബാധിക്കുന്ന തരത്തില്‍ നദീതടത്തിലെ സ്ഥിതി വളരെ മോശമാണ്.
കൂടാതെ, നദീതടത്തില്‍ ഒരു ചെറിയ അണക്കെട്ടും ജലശുദ്ധീകരണ പ്ലാന്റുമുണ്ട്. ഈ രണ്ട് പദ്ധതികളും കാരണം വെള്ളത്തിന്റെ ഒഴുക്ക് മന്ദഗതിയിലാകുകയും വെള്ളം കെട്ടികിടന്ന് കൊതുകുകള്‍ക്ക് പ്രജനനത്തിന് അനുയോജ്യമായ അന്തരീക്ഷം ഉണ്ടാക്കുകുയം ചെയ്യുന്നു.
നേരത്തെ മധ്യ അമേരിക്കയിലും റഷ്യയില്‍ നിന്നും ഇത്തരത്തില്‍ ചുഴലിക്കാറ്റിന്റെ രൂപത്തില്‍ കൊതുകുകള്‍ പറക്കുന്നതിന്റെ റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. മരണത്തിന് വരെ കാരണക്കാരാവുന്ന അപകടകാരിയായ ജീവികളിലാണ് കൊതുക് ഉള്‍പെടുന്നതെന്ന് യു.എസ് സെന്റേഴ്‌സ് ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്‍ഡ് പ്രിവെന്‍ഷന്‍ പറയുന്നു. മലേറിയ, ഡെങ്കി, യെലോ ഫീവര്‍ തുടങ്ങി ലോകത്ത് വര്‍ഷവും ലക്ഷക്കണക്കിന് ആളുകളുടെ മരണത്തിനിടയാക്കുന്ന പലരോഗങ്ങളും പരത്തുന്നത് കൊതുകുകളാണെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.
കൊതുകുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ ഫലപ്രദമായി നിയന്ത്രിക്കുന്നതിന്, ജനലുകള്‍, വാതിലുകള്‍, വെന്റുകള്‍, ചിമ്മിനികള്‍ എന്നിവയില്‍ ഫ്‌ളൈ സ്‌ക്രീനുകള്‍ സൂക്ഷിക്കാന്‍ ശുപാര്‍ശ ചെയ്യുന്നു. കൂടാതെ, വീടിനകത്തും പുറത്തും പ്രാണികളുടെ സ്‌പ്രേകള്‍ ഉപയോഗിക്കുന്നത് കൊതുകുകളെ നശിപ്പിക്കാന്‍ സഹായിക്കും. കൊതുകിനെ അകറ്റുന്ന ക്രീമുകള്‍ ശരീരത്തില്‍ പുരട്ടുന്നതും സഹായകരമാണ്. ഈ നടപടികള്‍ നടപ്പിലാക്കുകയും കെട്ടിക്കിടക്കുന്ന വെള്ളം നീക്കം ചെയ്യുകയും ചെയ്താല്‍ കൊതുകുശല്യം ഫലപ്രദമായി നിയന്ത്രിക്കാനാകുമെന്നും വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."