'എന്റെ ഡാഡിക്ക് പറ്റിയത് പോലെ ഇനി ആര്‍ക്കും പറ്റരുത്, ഇനി അങ്ങനൊന്നും നടക്കില്ലെന്ന് വാക്ക് തരണം' കാട്ടാന ആക്രമണത്തില്‍ മരിച്ച അജിയുടെ മകള്‍
വയനാട്: മാനന്തവാടിയില്‍ ആനയുടെ ആക്രമണത്തില്‍ മരിച്ചതില്‍ വിങ്ങിപ്പൊട്ടുകയാണ് അജീഷിന്റെ മകള്‍ അല്‍ന. തന്റെ ഡാഡിയുടെ അവസ്ഥ ഇനി ഒരാള്‍ക്കും വരരുതെന്നും താന്‍ കരഞ്ഞതുപോലെ ഇനി ആരും കരയരുതെന്നും പറഞ്ഞ അല്‍ന വയനാട്ടിലെ വന്യമൃഗ ശല്യം തടയാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്നും ആവശ്യപ്പെടുന്നു. എന്റെ ഡാഡിയ്ക്ക് സംഭവിച്ചകണക്ക് ഇനി ഒരു മനുഷ്യര്‍ക്കും പറ്റാന്‍ പാടില്ല വയനാട്ടില്‍. ഞാന്‍ കരഞ്ഞത്ര വേറൊരു കൊച്ചും ഇനി കരയാന്‍ പാടില്ല…… വയനാട്ടിലെ പയ്യമ്പള്ളി ചാലിഗദ്ദയില്‍ കാട്ടാനയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട അജീഷിന്റെ മകള്‍ എട്ടാംക്ലാസുകാരി അല്‍ന കരഞ്ഞുകൊണ്ട് പറഞ്ഞു.
എന്റെ ഡാഡി ഒരു കര്‍ഷകനാ, നെല്‍ കര്ഷകന്. ഡാഡി കഴിഞ്ഞ കൊല്ലം പയറ് വിതച്ചിട്ട് പകുതിയോളം പക്ഷി കൊത്തിക്കൊണ്ട് പോകുവാ. പക്ഷിക്ക് ഭക്ഷണം ഇല്ലാത്തത് കൊണ്ടല്ലേ, സാരല്ല. കാട്ടാനകള്‍ ഇങ്ങനെ നാട്ടിലിറങ്ങുന്നത് തടയാന്‍ ഒരു സംവിധാനം ഒന്ന് വയനാട്ടില്‍ ഉണ്ടാക്കി കൊടുക്കണം. എന്റെ ഡാഡിക്ക് സംഭവിച്ചത് പോലെ ഇനി വയനാട്ടില്‍ ഒരു മനുഷ്യര്‍ക്കും സംഭവിക്കാന്‍ പാടില്ല. ഞാന്‍ കരഞ്ഞ അത്രം ഇനി വേറൊരു കൊച്ചും കരയാന്‍ പാടില്ല. വയനാട്ടില്‍ എത്രയോ ആളുകള്‍ കടുവയുടെയും ആനയുടെയുമൊക്കെ ആക്രമണത്തില്‍ മരിക്കുന്നുണ്ട്. ഇതുവരെ അതിനൊരു പോംവഴി ഈ മലയോര പ്രദേശത്ത് വന്നിട്ടില്ല. മൂന്ന് മാസം മുന്‍പ് ഇവിടെ ആന ഇറങ്ങിയിരുന്നു. എന്റെ ഡാഡിയും കുറച്ച് ചേട്ടന്മാരുമൊക്കെ ചേര്‍ന്ന് അതിനെ കേറ്റി വിട്ടു. ഈ ആന ഇവിടെ വന്നപ്പോഴും എന്റെ ഡാഡിയും ഈ ചേട്ടന്മാരുമൊക്കെ തന്നെയാ ഇതിന്റെ പിറകെ ഓടിയത്. എന്റെ ചേട്ടായിയും ഡാഡിയുമൊക്കെ ആനയെ കണ്ടപ്പോ ഓടി. പക്ഷേ എന്റെ ഡാഡി ഓടിയിട്ട് എത്താന്‍ പറ്റാഞ്ഞിട്ടല്ലേ… എന്റെ ഡാഡിക്ക് പറ്റിയത് പോലെ ഇനി വയനാട്ടിലെ ആര്‍ക്കും പറ്റരുത്. ഇനി അങ്ങനൊന്നും നടക്കില്ലെന്ന് എനിക്ക് വാക്ക് തരണം. കാട്ടാനക്ക് കാട്ടില്‍ എന്തോരം ഭക്ഷണം കിടക്കുന്നുണ്ട്, വെള്ളമില്ലേ പിന്നെ എന്തിനാ കാട്ടാന ഇവിടെ വരണേ… വയനാട്ടിലെ കാടും സംരക്ഷിക്കണം, സംരക്ഷിച്ചിട്ട് അവിടെ ആനയെയോ പുലിയെയോ എന്തിനെ വേണേലും വളര്‍ത്തിക്കോ പക്ഷേ നാട്ടിലേക്ക് ഇറങ്ങാന്‍ ഇടയാക്കരുത്' എന്നാണ് അല്‍ന പറഞ്ഞത്.
ആനയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട അജീഷിന്റെ മൃതദേഹം ഞായറാഴ്ച വൈകുന്നേരത്തോടെയാണ് സംസ്കരിച്ചത്. ബേലൂര്‍ മഖ്ന എന്ന കാട്ടാനയാണ് അജീഷിനെ കൊലപ്പെടുത്തിയത്. ശനിയാഴ്ച രാവിലെയാണ് കര്‍ഷകനായ അജീഷിനെ ആന ചവിട്ടിക്കൊന്നത്. അതേ സമയം കാട്ടാനയെ ഇന്നും മയക്കുവെടിവെക്കാനായിട്ടില്ല. ദൗത്യം നാളെയും തുടരും. മണ്ണുണ്ടിയിലെ കാട്ടിലാണ് നിലവില്‍ ആനയുള്ളത്. കോളനിക്ക് സമീപത്ത് വെച്ച് ആനയെ വെടിവെക്കാനാവില്ലെന്നാണ് വനംവകുപ്പ് അറിയിക്കുന്നത്. കോളനിയിലെ താമസക്കാരുടെ ജീവന് അത് ഭീഷണിയാകുമെന്നും ഉദ്യോഗസ്ഥര്‍ വ്യക്തമാക്കുന്നു. സുരക്ഷിതമായി വെടിവെക്കാന്‍ ഇന്ന് സാഹചര്യം ലഭിച്ചില്ലെന്നും രാത്രി നിരീക്ഷണം ശക്തമാക്കുമെന്നും വനംവകുപ്പ് അറിയിച്ചു.
'എന്റെ ഡാഡിക്ക് പറ്റിയത് പോലെ ഇനി ആര്‍ക്കും പറ്റരുത്, ഇനി അങ്ങനൊന്നും നടക്കില്ലെന്ന് വാക്ക് തരണം'
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."