HOME
DETAILS

ജനാധിപത്യത്തിന്റെ ആയുസ്

  
backup
February 15 2024 | 00:02 AM

the-age-of-democracy

പുകള്‍പ്പെറ്റ ജനാധിപത്യ ആശയങ്ങളുടെ പിറവികൊണ്ടും മഹത്തരമായ സ്വാതന്ത്ര്യപോരാട്ടങ്ങളുടെ ഗരിമകൊണ്ടും ലോകം അടയാളപ്പെടുത്തിവച്ച ചരിത്രപഥങ്ങളിലൊന്നാണ് ഇന്ത്യ. രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധിയും പണ്ഡിറ്റ് നെഹ്‌റുവും അംബേദ്കറും മൗലാനാ ആസാദും ലോകത്തിനു നല്‍കിയത് അവരുടെ സമരജീവിതങ്ങളുടെ നാള്‍വഴികള്‍ മാത്രമായിരുന്നില്ല, ഏറ്റവും സാര്‍ഥകമായ ഭരണഘടനയും അതുള്‍ക്കൊള്ളുന്ന ജനാധിപത്യ ആശയങ്ങളും കൂടിയാണ്. രാജ്യസ്ഥാപനത്തിനു ശേഷം, ശൂന്യതയില്‍നിന്ന് രാഷ്ട്രശില്‍പ്പികള്‍ ഇന്ത്യയെ വാര്‍ത്തെടുക്കുമ്പോള്‍ അവരുടെ കണ്ണും കാതും മനസും ജനാധിപത്യത്തിന്റെ മഹനീയ സാക്ഷാത്കാരത്തിനു വേണ്ടി ജാഗ്രത പുലര്‍ത്തിയിരുന്നു. എന്നാല്‍, സ്വാതന്ത്ര്യത്തിന്റെ മുക്കാല്‍ നൂറ്റാണ്ട് പിന്നിടുന്ന വേളയില്‍ ഇന്ത്യയെ കണ്ടെത്തിയ അവരുടെ സ്വപ്‌നങ്ങള്‍ക്കുമേല്‍ കരിനിഴല്‍ വീഴുകയാണ്. ജനാധിപത്യത്തിന്റെ സ്ഥാനത്ത് ഏകാധിപത്യവും മതേതരത്വത്തിന്റെ സ്ഥാനത്ത് മതരാഷ്ട്രവും സ്ഥാപിക്കാനുള്ള സംഘ്പരിവാര്‍ ശക്തികളുടെ നീക്കം മുമ്പത്തേക്കാളേറെ സജീവമായതോടെ രാജ്യത്തിന്റെ യശസിനുതന്നെ കളങ്കമാവുകയാണ്.


രാജ്യം അമൂല്യമായി കണ്ട ജനാധിപത്യവും സോഷ്യലിസവും മതേതരത്വവും ഏറ്റവും കടുത്ത ഭീഷണി നേരിടുകയാണെന്ന് രാജ്യത്തിനകത്തും പുറത്തുമുള്ള സ്വതന്ത്ര ഏജന്‍സികളുടെ പഠനങ്ങള്‍ ആവര്‍ത്തിക്കുന്നതിനിടെ, സ്വതന്ത്രവും നീതിപൂര്‍വകവുമായ തെരഞ്ഞെടുപ്പിന്റെ കാര്യത്തിലും ഇന്ത്യ പിന്നോക്കം പോകുന്നതായുള്ള റിപ്പോര്‍ട്ടുകള്‍കൂടി പുറത്തുവന്നത് സഗൗരവം കാണേണ്ടതാണ്. ലോകത്ത് ഇന്ത്യയുള്‍പ്പെടെ അമ്പതിലധികം രാജ്യങ്ങളില്‍ ഈവര്‍ഷം തെരഞ്ഞെടുപ്പ് നടക്കുകയാണ്. എന്നാല്‍, ഈ രാജ്യങ്ങളിലൊന്നുംതന്നെ നീതിപൂര്‍വകമായ തെരഞ്ഞെടുപ്പ് നടക്കുമെന്ന പ്രതീക്ഷ പല അന്താരാഷ്ട്ര സ്വതന്ത്ര ഏജന്‍സികള്‍ക്കുമില്ല. ഏറ്റവുമൊടുവില്‍ പുറത്തുവന്ന വിഡെം ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ പഠന റിപ്പോര്‍ട്ടുകള്‍ പ്രകാരം ഇന്ത്യയടക്കം ഒട്ടേറെ രാജ്യങ്ങളില്‍ ജനാധിപത്യം പിന്നോട്ടു പോകുന്നതായും ജനാധിപത്യ അവകാശങ്ങള്‍ പരിമിതപ്പെടുത്തുന്നതായും കണ്ടെത്തി.


തെരഞ്ഞെടുപ്പിലെ ക്രമക്കേടുകള്‍, അക്രമസംഭവങ്ങള്‍, വോട്ടര്‍മാരെ പണംനല്‍കി സ്വാധീനിക്കല്‍ തുടങ്ങിയവയുടെ അടിസ്ഥാനത്തില്‍ നടത്തിയ പഠനത്തില്‍ ഇന്ത്യയുടെ സ്ഥാനം പിറകില്‍നിന്ന് അഞ്ചാമതാണ്. 2012 മുതല്‍ 2022 വരെയുള്ള കാലത്തെ തെരഞ്ഞെടുപ്പ് പഠനം വ്യക്തമാക്കുന്നത്, രാജ്യത്ത് സ്വതന്ത്രമായ തെരഞ്ഞെടുപ്പ് വലിയ ഭീഷണി നേരിടുന്നു എന്നുതന്നെയാണ്. ബി.ജെ.പി സര്‍ക്കാരിനു കീഴില്‍ ഇന്ത്യയില്‍ ജനാധിപത്യം പ്രതിസന്ധി നേരിടുന്നതായി ഫ്രീഡം ഇന്‍ ദ വേള്‍ഡ് 2023ലെ സര്‍വേ ഫലത്തിൽ പറയുന്നുണ്ട്. കഴിഞ്ഞ പത്തുവര്‍ഷത്തെ കണക്കുകളിൽനിന്ന്, സ്വാതന്ത്ര്യത്തിൽ 10 പോയിന്റ് കുറവാണ് ഇന്ത്യയ്ക്ക് രേഖപ്പെടുത്തിയിട്ടുള്ളത്. ഭാഗികമായി മാത്രം സ്വാതന്ത്ര്യം അനുഭവിക്കുന്ന രാജ്യങ്ങളുടെ പട്ടികയിലാണ് ഇന്ത്യയും ഉള്‍പ്പെടുന്നത് എന്നത് ഏറെ ഗൗരവതരമാണ്.


മോദിസര്‍ക്കാര്‍ നടപ്പാക്കുന്ന നയങ്ങള്‍ ജനങ്ങളില്‍ ആശങ്കയും ഭീതിയും ഉണ്ടാക്കുന്നതായും ചില മേഖലകള്‍ കേന്ദ്രീകരിച്ച് നടക്കുന്ന നടപടികള്‍ വിദ്വേഷത്തിനും അവിശ്വാസത്തിനും കാരണമാകുന്നതായും സമാനമായ മറ്റുചില സര്‍വേ റിപ്പോര്‍ട്ടുകളും വ്യക്തമാക്കിയിരുന്നു. 2020ലെ ഫ്രീഡം ഇന്‍ ദ വേള്‍ഡ് റിപ്പോര്‍ട്ടില്‍, ഇന്ത്യ ഏകാധിപത്യ സ്വഭാവത്തിലുള്ള ചൈനയുടെ അവസ്ഥയിലേക്ക് പോകുന്നുവെന്നാണ്. പൗരത്വപ്പട്ടിക, പൗരത്വ നിയമഭേദഗതി എന്നിവയ്ക്കു പിന്നാലെ രാജ്യത്ത് രൂപപ്പെട്ട പ്രതിഷേധങ്ങളെ അടിച്ചമര്‍ത്താന്‍ കേന്ദ്ര സര്‍ക്കാര്‍ സ്വീകരിച്ച രീതികളും ആ വര്‍ഷത്തെ റിപ്പോര്‍ട്ടില്‍ പ്രത്യേകം പരാമര്‍ശിച്ചിരുന്നു. ഫ്രീഡം ഇന്‍ ദ വേള്‍ഡ് റിപ്പോര്‍ട്ട് പ്രകാരം സ്വാതന്ത്ര്യമുള്ള രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യയുടെ സ്ഥാനം 83 ആണ്. ലോകത്തിലെ 210 രാജ്യങ്ങളില്‍ നടത്തിയ സര്‍വേയില്‍ 84 രാജ്യങ്ങളില്‍ പൂര്‍ണ സ്വാതന്ത്ര്യം ലഭിക്കുന്നതായി ഫലങ്ങള്‍ വ്യക്തമാക്കുമ്പോള്‍ ഭാഗികമായി സ്വാതന്ത്ര്യം ലഭിക്കുന്ന 54 രാജ്യങ്ങളുടെ പട്ടികയിലാണ് ഇന്ത്യയുള്ളത്.


2022ലെ മനുഷ്യ സ്വാതന്ത്ര്യത്തിന്റെ കണക്കുകളിലും ഇന്ത്യയുടെ സ്ഥാനം ഞെട്ടിക്കുന്നതായിരുന്നു. 165 രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യയ്ക്കു ലഭിച്ചത് 112ാം റാങ്കായിരുന്നു. അമേരിക്ക ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഫ്രീഡം ഹൗസിന്റെ 2019, 20, 21 വര്‍ഷങ്ങളിലെ റിപ്പോര്‍ട്ടിലും ഇന്ത്യന്‍ ജനാധിപത്യം ഭീഷണിയുടെ നിഴലിലാണെന്ന് വ്യക്തമാക്കുന്നു. രാഷ്ട്രീയ അവകാശവും പൊതുസ്വാതന്ത്ര്യവും കണക്കാക്കി തയാറാക്കിയ റിപ്പോര്‍ട്ടില്‍ ഇന്ത്യയുടെ പോയിന്റ് യഥാക്രമം 75, 71, 67 എന്നീ നിലയില്‍ കുറയുകയാണ്. ഫ്രീസര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് 2023ലെ ലോകപഠനങ്ങളുടെ അടിസ്ഥാനത്തില്‍ തയാറാക്കിയ ഹ്യൂമണ്‍ ഫ്രീഡം ഇന്‍ഡെക്‌സില്‍ ഇന്ത്യയുടെ സ്ഥാനം 109 ആണ്. ജനാധിപത്യത്തിന്റെ കാവല്‍ക്കാരെന്നു വിശേഷിപ്പിക്കുന്ന മാധ്യമങ്ങളുടെ സ്വാതന്ത്ര്യത്തിന്റെ കാര്യത്തിലും ഇന്ത്യയുടെ റാങ്ക് ഏറെ പിറകിലാണെന്നതു മറക്കരുത്. ഓരോ വര്‍ഷം പിന്നിടുമ്പോഴും സ്വാതന്ത്ര്യത്തിനുമേലുള്ള കടന്നുകയറ്റം ശക്തമാകുന്നു എന്നതാണ് റിപ്പോര്‍ട്ടുകളെല്ലാം സൂചിപ്പിക്കുന്നത്.


ജനാധിപത്യം കടുത്ത ഭീഷണിയിലാണെന്ന മുന്നറിയിപ്പ് ഇതാദ്യമല്ല. തൊണ്ണൂറുകള്‍ മുതല്‍ ഇന്ത്യന്‍ ജനാധിപത്യത്തിനുമേല്‍ പലവിധത്തിലുള്ള ആപത്കരമായ ഭീഷണികളും വന്നുപതിച്ചിട്ടുണ്ട്. ജനങ്ങളും ജനങ്ങളാല്‍ തെരഞ്ഞെടുക്കുന്ന സര്‍ക്കാരുകളും എന്ന ജനാധിപത്യ ആശയധാരയ്ക്കു പകരം മതാധിഷ്ഠിതവും ജാതീയവുമായ സങ്കുചിതബോധം രാഷ്ട്രീയതാല്‍പര്യങ്ങളെ മറികടക്കുന്ന അത്യന്തം അപകടകരമായ സാഹചര്യം ഈ നൂറ്റാണ്ടിന്റെ ആദ്യദശകം മുതല്‍ ഇന്ത്യ അഭിമുഖീകരിച്ചു. ബഹുസ്വരത ഉള്‍ക്കൊള്ളുന്ന ദേശീയബോധത്തിനു പകരം മതകേന്ദ്രീകൃതമായ വിചാരധാരകളിലേക്ക് രാജ്യത്തിന്റെ ജനാധിപത്യ സംവിധാനം വഴിമാറാന്‍ തുടങ്ങി. മണ്ഡല്‍ രാഷ്ട്രീയത്തില്‍ തിളച്ചുമറിഞ്ഞ രാജ്യത്തിന്റെ രാഷ്ട്രീയം കമണ്ഡല്‍ രാജിലേക്ക് വഴിമാറ്റപ്പെട്ടു. ഇതോടെ ജനാധിപത്യത്തിന്റെ നിലനില്‍പ്പുതന്നെ അപകടത്തിലായി.


അതീവ ഗുരുതരമായ പ്രതിസന്ധികളെ നാട് അഭിമുഖീകരിക്കുന്ന ഘട്ടത്തിലാണ്, രാജ്യത്തിന്റെ ഭാവിഭാഗധേയം നിര്‍ണയിക്കുന്ന പൊതുതെരഞ്ഞെടുപ്പിനു കളമൊരുങ്ങുന്നത്. സ്വാതന്ത്ര്യസമരകാലത്തും പിന്നീടും രാജ്യം സംരക്ഷിച്ചുപോന്ന മതേതര, ജനാധിപത്യ, സോഷ്യലിസ്റ്റ് മൂല്യങ്ങളെ തകര്‍ക്കാന്‍ ശ്രമിക്കുന്ന ഫാസിസ്റ്റ് ഭരണകൂടമാണ് രാജ്യത്തുള്ളത്. ഇന്ത്യന്‍ ജനതയുടെ ബഹുസ്വരത കാത്തുസൂക്ഷിച്ച് സാമൂഹ്യനീതി ഉറപ്പാക്കി, വികസനം സാധ്യമാക്കാനായി ദേശീയ നേതാക്കള്‍ വിഭാവനം ചെയ്ത ഭരണഘടനയെപ്പോലും ദുര്‍ബലപ്പെടുത്താനാണ് സംഘ്പരിവാര്‍ ശ്രമിക്കുന്നത്.


നിയമസംവിധാനങ്ങളെയും ഭരണഘടനാ സ്ഥാപനങ്ങളെയും അസ്ഥിരപ്പെടുത്തിയും ഇല്ലാതാക്കിയും ഏകാധിപത്യത്തിനുള്ള വഴിയൊരുക്കുകയാണ് ഹിന്ദുത്വശക്തികള്‍. എല്ലാവരെയും ഉള്‍ക്കൊള്ളുന്ന ഇന്ത്യയല്ല, മറിച്ച് വര്‍ഗീയതയും വിദ്വേഷാശയവും വിതച്ച് വിഭാഗീയമായി മനുഷ്യരെ വേര്‍തിരിച്ചു നിര്‍ത്തുന്ന അജണ്ടകളാണ് രാജ്യം ഭരിക്കുന്നവര്‍ പ്രയോഗിക്കുന്നത്. ഇന്ത്യയെന്ന ആശയത്തെ ഇല്ലാതാക്കാന്‍ കുത്സിതശ്രമങ്ങൾ നടത്തുന്ന ശക്തികളോട് പതറാതെ പൊരുതി ജനാധിപത്യത്തെ സംരക്ഷിക്കേണ്ട ബാധ്യത ഓരോ ഇന്ത്യക്കാരനുമുണ്ട്. കാരണം, ഈ നാടിന്റെ ആത്മാവിനെ കുത്തിക്കീറാനാണ് രാഷ്ട്രപിതാവിന്റെ നെഞ്ചുപിളര്‍ത്തിയ കാലം മുതല്‍ മതവര്‍ഗീയവാദികള്‍ ശ്രമിച്ചുകൊണ്ടിരിക്കുന്നത്. അതിനെ ചെറുക്കാതെവയ്യ.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

യൂട്യൂബ് ചാനലിലൂടെ സ്ത്രീത്വത്തെ അപമാനിച്ചതായി പരാതി; സ്വാസിക, ബീന ആന്റണി, മനോജ് എന്നിവര്‍ക്കെതിരെ കേസ്

Kerala
  •  2 months ago
No Image

ലൈംഗികാതിക്രമം: നടന്‍ സിദ്ദിഖിനെ ഇന്നും ചോദ്യം ചെയ്യും; രേഖകള്‍ സമര്‍പ്പിക്കണം

Kerala
  •  2 months ago
No Image

സംസ്ഥാനത്ത് ഇന്നും ശക്തമായ മഴ; എട്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Kerala
  •  2 months ago
No Image

കവരൈപേട്ട ട്രെയിന്‍ അപകടം; 19 പേര്‍ക്ക് പരുക്ക്, 4 പേരുടെ നില ഗുരുതരം

National
  •  2 months ago
No Image

മഹാരാഷ്ട്രയില്‍ രാഷ്ട്രീയനാടക അഭ്യൂഹം; ബി.ജെ.പി-ശിവസേന നേതൃത്വത്തിലുള്ള മഹായുതി സഖ്യത്തില്‍ ഭിന്നത

National
  •  2 months ago
No Image

നെതന്യാഹുവിന് തിരിച്ചടി; ഇറാനെതിരായ സൈനിക നടപടി: ഇസ്റാഈല്‍ സുരക്ഷാ കാബിനറ്റില്‍ വോട്ടിങ് നടന്നില്ല

International
  •  2 months ago
No Image

63 രാജ്യങ്ങളിലേക്ക് ഇ-വിസ പദ്ധതിയുമായി സഊദി

Saudi-arabia
  •  2 months ago
No Image

തെലങ്കാന പൊലിസില്‍ ഡി.എസ്.പിയായി ചുമതലയേറ്റ് മുഹമ്മദ് സിറാജ്

National
  •  2 months ago
No Image

ചെന്ത്രാപ്പിന്നി സ്വദേശി ദുബൈയിൽ അന്തരിച്ചു

uae
  •  2 months ago
No Image

ചെന്നൈയില്‍ ട്രെയിനുകള്‍ കൂട്ടിയിടിച്ച് അപകടം; കോച്ചുകള്‍ പാളം തെറ്റി, തീപിടിച്ചു; നിരവധി പേർക്ക് പരിക്ക്

National
  •  2 months ago