എന്‍.സി.എച്ച്.എം -ജെ.ഇ.ഇ മെയ് 11ന്; കേരളത്തിലും സാധ്യതകള്‍; കൂടുതലറിയാം
എന്‍.സി.എച്ച്.എം -ജെ.ഇ.ഇ മെയ് 11ന്; കേരളത്തിലും സാധ്യതകള്‍; കൂടുതലറിയാം
പി.കെ അന്‍വര്‍ മുട്ടാഞ്ചേരി
കരിയര്‍ വിദഗ്ധന്‍ [email protected]
കേന്ദ്ര ടൂറിസം മന്ത്രാലയത്തിനു കീഴിലുള്ള നാഷനല്‍ കൗണ്‍സില്‍ ഫോര്‍ ഹോട്ടല്‍ മാനേജ്‌മെന്റ് ആന്‍ഡ് കാറ്ററിങ് ടെക്‌നോളജി (NCHMCT) നടത്തുന്ന മൂന്ന് വര്‍ഷ ബി.എസ്.സി ഹോസ്പിറ്റാലിറ്റി ആന്‍ഡ് ഹോട്ടല്‍ അഡ്മിനിസ്‌ട്രേഷന്‍ പ്രോഗ്രാം പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. നാഷനല്‍ കൗണ്‍സില്‍ ഫോര്‍ ഹോട്ടല്‍ മാനേജ്‌മെന്റ് ജോയിന്റ് എന്‍ട്രന്‍സ് എക്‌സാമിനേഷന്‍ (NCHM JEE 2024) വഴിയാണ് പ്രവേശനം.
കേന്ദ്ര സര്‍ക്കാര്‍/ പൊതു മേഖല / സംസ്ഥാന സര്‍ക്കാറുകള്‍ എന്നിവയുടെയും സ്വകാര്യ മേഖലയിലെയും 78 ഇന്‍സ്റ്റിറ്റ്യൂട്ടുകളിലേക്കാണ് പ്രവേശനം. പന്ത്രണ്ടായിരത്തോളം സീറ്റുകളുണ്ട്. നാഷനല്‍ ടെസ്റ്റിംഗ് ഏജന്‍സി (NTA) നടത്തുന്ന പരീക്ഷ മെയ് 11നാണ്.
ന്യൂഡല്‍ഹിയിലെ ജവഹര്‍ലാല്‍ നെഹ്‌റു യൂനിവേഴ്‌സിറ്റിയാണ് ബിരുദം നല്‍കുന്നത്. ഹോസ്പിറ്റാലിറ്റി മേഖലയില്‍ സൂപ്പര്‍വൈസര്‍ തസ്തികയിലുള്ള ഉത്തരവാദിത്വങ്ങള്‍ നിര്‍വഹിക്കാനാവശ്യമായ നൈപുണികളും അറിവുകളും പകര്‍ന്നുനല്‍കുന്ന വിധത്തിലാണ് കരിക്കുലം. ഹോട്ടല്‍ മാനേജ്‌മെന്റുമായി ബന്ധപ്പെട്ട പ്രായോഗിക പരിശീലനവുമുണ്ടാകും. ഒരു വര്‍ഷംകൂടി പഠിച്ച് ഓണേഴ്‌സ് ബിരുദം നേടാനും അവസരമുണ്ട്. ഏതെങ്കിലും സ്ട്രീമിലുള്ള പ്ലസ് ടു/തത്തുല്യമാണ് യോഗ്യത. ഇത്തവണ പരീക്ഷയെഴുതുന്നവര്‍ക്കും അപേക്ഷിക്കാം.
അപേക്ഷ
exams.nta.ac.in/NCHM വഴി മാര്‍ച്ച് 31ന് വൈകീട്ട് അഞ്ചിനകം അപേക്ഷിക്കണം. ഏപ്രില്‍ 2 മുതല്‍ 5 വരെ അപാകതകള്‍ തിരുത്താനവസരമുണ്ടാകും. 1000 രൂപയാണ് അപേക്ഷാഫീസ്. പട്ടിക / ഭിന്നശേഷി / തേര്‍ഡ് ജെന്‍ഡര്‍ വിഭാഗത്തിന് 450 രൂപയും ജനറല്‍ ഇ.ഡബ്ല്യു.എസ് വിഭാഗത്തിന് 700 രൂപയും. മാര്‍ച്ച് 31 ന് രാത്രി 11.50 വരെ ഫീസ് അടയ്ക്കാം. ഒന്നിലധികം അപേക്ഷ സമര്‍പ്പിക്കാന്‍ പാടില്ല. അപേക്ഷകര്‍ക്ക് പ്രായപരിധിയില്ല. ഇംഗ്ലിഷ് / ഹിന്ദിയില്‍ ചോദ്യപേപ്പര്‍ ലഭ്യമാണ്. അപേക്ഷയില്‍ അതു തിരഞ്ഞെടുക്കണം.
പരീക്ഷ
മൂന്ന് മണിക്കൂര്‍ ദൈര്‍ഘ്യമുള്ള കംപ്യൂട്ടര്‍ അധിഷ്ഠിത പരീക്ഷ. 200 മള്‍ട്ടിപ്പിള്‍ ചോയ്‌സ് ചോദ്യങ്ങള്‍. ന്യൂമെറിക്കല്‍ എബിലിറ്റി & അനലിറ്റിക്കല്‍ ആപ്റ്റിറ്റിയൂഡ് (30 ചോദ്യങ്ങള്‍), റീസണിങ് & ലോജിക്കല്‍ ഡിഡക്ഷന്‍ (30), ജനറല്‍ നോളജ് & കറന്റ് അഫയേഴ്‌സ് (30),ഇംഗ്ലിഷ് ലാംഗ്വേജ് (60), ആപ്റ്റിറ്റിയൂഡ് ഫോര്‍ സര്‍വിസ് സെക്ടര്‍ (50) എന്നീ വിഷയങ്ങളില്‍നിന്നാണ് ചോദ്യങ്ങള്‍. ശരിയുത്തരത്തിന് 4 മാര്‍ക്ക്, ഉത്തരം തെറ്റിയാല്‍ ഒരു മാര്‍ക്ക് കുറയും. മോക്ക് ടെസ്റ്റ് www.nta.ac.in ല്‍ ലഭ്യമാണ്.
തിരുവനന്തപുരം, തൃശ്ശൂര്‍, കോഴിക്കോട്, മംഗളൂരു, ബെംഗളൂരു, ചെന്നൈ, മധുരൈ, തിരിച്ചിറപ്പള്ളിയടക്കം 109 പരീക്ഷാകേന്ദ്രങ്ങളുണ്ട്. മുന്‍ഗണനയനുസരിച്ച് നാല് കേന്ദ്രങ്ങള്‍ അപേക്ഷയോടൊപ്പം നല്‍കണം.
പരീക്ഷാഫലം പ്രഖ്യാപിച്ച ശേഷം പ്രത്യേക കൗണ്‍സിലിംഗ് വഴിയാണ് സ്ഥാപനങ്ങള്‍ അലോട്ട് ചെയ്യുന്നത്. വിശദ വിവരങ്ങള്‍ www.nta.ac.in, exams.nta.ac.in എന്നീ വെബ് സൈറ്റുകളില്‍ ലഭ്യമാണ്.
തൊഴിലവസരങ്ങള്‍
പഞ്ചനക്ഷത്ര ഹോട്ടലുകള്‍, ഹോസ്പിറ്റലുകള്‍, റിസോര്‍ട്ടുകള്‍, റെയില്‍വേ, വിമാന കമ്പനികള്‍, ഷിപ്പിംഗ്/ ക്രൂസ് ലൈന്‍സ്, വന്‍കിട വ്യവസായ സ്ഥാപനങ്ങള്‍, ഫുഡ് ഔട്ട്‌ലെറ്റുകള്‍ തുടങ്ങിയ മേഖലകളില്‍ ഹോട്ടല്‍ മാനേജര്‍, റസ്റ്റോറന്റ് മാനേജര്‍, ഫ്രണ്ട് ഓഫീസ് മാനേജര്‍, കിച്ചന്‍ സൂപ്പര്‍വൈസര്‍, ഫുഡ് & ബീവറേജ് മാനേജര്‍, ട്രാവല്‍ ആന്‍ഡ് ടൂറിസം മാനേജര്‍, ഹൗസ് കീപ്പിംഗ് മാനേജര്‍ തുടങ്ങി നിരവധി അവസരങ്ങളുണ്ട്. കൂടാതെ ഓണ്‍ട്രപ്രണര്‍ഷിപ്പ് മേഖലയിലും അധ്യാപന മേഖലയിലും അവസരങ്ങളുണ്ട്.
കേരളത്തില്‍ പഠിക്കാം
ഈ പരീക്ഷ വഴി കേന്ദ്രസര്‍ക്കാര്‍ സ്ഥാപനമായ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹോട്ടല്‍ മാനേജ്‌മെന്റ് ആന്‍ഡ് കാറ്ററിങ് ടെക്‌നോളജി കോവളം (298 സീറ്റ് ), സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനമായ സ്റ്റേറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹോസ്പിറ്റാലിറ്റി മാനേജ്‌മെന്റ് കോഴിക്കോട് (90 സീറ്റ് ) എന്നിവിടങ്ങളില്‍ പഠിക്കാം. കൂടാതെ സ്വകാര്യ സ്ഥാപനങ്ങളായ മൂന്നാര്‍ കേറ്ററിങ് കോളജിലും ഓറിയന്റല്‍ സ്‌കൂള്‍ ഓഫ് ഹോട്ടല്‍ മാനേജ്‌മെന്റ് വയനാടിലും (120 സീറ്റ് വീതം) പ്രവേശനം ലഭ്യമാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."