ഇലക്ടറല്‍ ബോണ്ട് റദ്ദാക്കി, ഭരണഘടനാ വിരുദ്ധമെന്ന് സുപ്രിം കോടതി; കേന്ദ്ര സർക്കാരിന് കനത്ത തിരിച്ചടി
ഇലക്ടറല്‍ ബോണ്ട് റദ്ദാക്കി, ഭരണഘടനാ വിരുദ്ധമെന്ന് സുപ്രിം കോടതി; കേന്ദ്ര സർക്കാരിന് കനത്ത തിരിച്ചടി
ന്യൂഡൽഹി: ഇലക്ടറല്‍ ബോണ്ട് കേസില്‍ കേന്ദ്രസര്‍ക്കാരിന് തിരിച്ചടി. സ്‌കീം ഭരണഘടനാ വിരുദ്ധമാണെന്ന് പ്രഖ്യാപിച്ച സുപ്രിം കോടതി സ്‌കീം റദ്ദാക്കണമെന്നും ഉത്തരവിട്ടു. രാഷ്ട്രീയ പാർട്ടികൾക്ക് ലഭിക്കുന്ന സംഭാവന അറിയാനുള്ള അവകാശം വോട്ടർമാർക്കുണ്ട്. ഇലക്ടറൽ ബോണ്ട് സംഭാവന നല്‍കുന്നവരുടെ പേര് രഹസ്യമായി വയ്ക്കുന്നത് വിവരാവകാശ നിയമത്തിന്റെയും ഭരണഘടനയുടെ 19(1)(എ) വകുപ്പിന്റെയും ലംഘനമാണെന്ന് സുപ്രീംകോടതി ചൂണ്ടിക്കാട്ടി.
സംഭാവന നൽകുന്നവർക്ക് രാഷ്ട്രീയ പാർട്ടികളിൽ സ്വാധീനം കൂടും. രാഷ്ട്രീയ പാർട്ടികൾക്ക് നൽകുന്ന സംഭാവനകൾ രഹസ്യമാക്കി വെക്കാനാകില്ല. വിവരങ്ങൾ രഹസ്യമാക്കുന്നത് ഭരണഘടന വിരുദ്ധമാണെന്നും സുപ്രിം കോടതി അറിയിച്ചു. ഇലക്ടറൽ ബോണ്ട് സംവിധാനം വിവരാവകാശം ലംഘിക്കുന്നു. കള്ളപ്പണം തടയാനുള്ള നടപടി എന്ന പേരിൽ മാത്രം ഇത് മറച്ചു വയ്ക്കാനാകില്ല. കള്ളപ്പണം തടയാൻ മറ്റു മാർഗങ്ങളുണ്ടെന്നും സുപ്രിം കോടതി വ്യക്തമാക്കി.
വ്യക്തികളുടെ സംഭാവനകളെക്കാൾ കമ്പനികളുടെ സംഭാവനകൾ രാഷ്ട്രീയ പാർട്ടികളിൽ സ്വാധീനം ചെലുത്തും. ഇത് തെരഞ്ഞെടുപ്പ് പ്രക്രിയയ്ക്ക് തിരിച്ചടി. രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് ഇത്തരത്തില്‍ സംഭാവന നല്‍കുന്നവര്‍ നയരൂപീകരണത്തെ ഉൾപ്പെടെ സ്വാധീനിക്കാൻ സാധ്യതയുണ്ട്. കള്ളപ്പണം നിയന്ത്രിക്കാനുള്ള ഏക മാർഗം ഇലക്ടറല്‍ ബോണ്ടല്ലെന്നും ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ്, ജസ്റ്റിസുമാരായ സഞ്ജീവ് ഖന്ന, ബി.ആര്‍. ഗവായ്, മനോജ് മിശ്ര എന്നിവരടങ്ങിയ ബെഞ്ച് വ്യക്തമാക്കി
ഇലക്ടറൽ ബോണ്ടുകൾ ഉപയോഗിച്ചു രാഷ്ട്രീയ പാർട്ടികൾ പണം സ്വീകരിക്കുന്നതിനെതിരെ സിപിഎം, അസോസിയേഷൻ ഫോർ ഡെമോക്രാറ്റിക് റിഫോംസ് തുടങ്ങിയവരാണ് കോടതിയെ സമീപിച്ചത്
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."