എന്താണ് ഇലക്ടറല്‍ ബോണ്ട്; റദ്ദാക്കിയതെന്തിന് , സുപ്രിം കോടതിയുടെ പ്രധാന നിരീക്ഷണങ്ങളും രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് ലഭിച്ച സംഭാവനകളും അറിയാം
എന്താണ് ഇലക്ടറല്‍ ബോണ്ട്; റദ്ദാക്കിയതെന്തിന് , സുപ്രിം കോടതിയുടെ പ്രധാന നിരീക്ഷണങ്ങള്‍ അറിയാം
രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് സംഭാവന നല്‍കാന്‍ കേന്ദസര്‍ക്കാര്‍ കൊണ്ടുവന്ന തെരഞ്ഞെടുപ്പ് ബോണ്ട് പദ്ധതി സുപ്രിം കോടതി റദ്ദാക്കിയിരിക്കുന്നു. പണ്ടിനെ കുറിച്ച് വിവരങ്ങള്‍ രഹസ്യമാക്കുന്നത് ഭരണഘടനാ വിരുദ്ധമെന്ന് ചൂണ്ടിക്കാട്ടിയാണ് സുപ്രിം കോടതിയുടെ നടപടി. രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് ലഭിക്കുന്ന ഫണ്ടിന്റെ വിശദാംശങ്ങളറിയാന്‍ ജനങ്ങള്‍ക്ക് അവകാശമുണ്ടെന്നുംപദ്ധതിയുടെ സുതാര്യതയും നിയമസാധുതയും പരിശോധിച്ചുള്ള ചീഫ് ജസ്റ്റിസ് അധ്യക്ഷനായ അഞ്ചംഗ ഭരണഘടനാ ബെഞ്ചിന്റെ വിധിയില്‍ ചൂണ്ടിക്കാട്ടുന്നു.
എന്താണ് ഇലക്ടറൽ ബോണ്ട്
എസ്ബിഐയുടെ ഔദ്യോഗിക ശാഖകളിൽനിന്ന് ഇന്ത്യയിലെ വ്യക്തികൾക്കോ കമ്പനികൾക്കോ വാങ്ങാൻ കഴിയുന്ന പലിശരഹിത ബോണ്ടാണ് ഇലക്ടോറൽ ബോണ്ട്. 1000, 10000, ഒരു ലക്ഷം, പത്തു ലക്ഷം, ഒരു കോടി എന്നിവയുടെ ബോണ്ടുകളാണ് ലഭിക്കുക. ഇതുവഴി ഏത് അംഗീകൃത രാഷ്ട്രീയപ്പാർട്ടികൾക്കും സംഭാവന അയയ്ക്കാം. പ്രത്യേക സമയത്ത് ബോണ്ടുകൾ സമർപ്പിച്ച് പാർട്ടികൾക്ക് ഇത് കാശാക്കി മാറ്റാം.
ബോണ്ടുകളിൽ നൽകിയ ആളുടെ പേരോ മറ്റു വിവരങ്ങളോ നൽകേണ്ടതില്ല. വാങ്ങാൻ കഴിയുന്ന ഇലക്ടോറൽ ബോണ്ടുകൾക്ക് പരിധിയും നിശ്ചയിച്ചിട്ടില്ല. 2016, 2017 വർഷങ്ങളിലെ ധനനിയമങ്ങൾ വഴിയാണ് ഇലക്ടോറൽ ബോണ്ട് പദ്ധതി പ്രാബല്യത്തിലായത്.
ഇതിന് മുമ്പ് ഇരുപതിനായിരം രൂപയിൽ കൂടുതലുള്ള ഏതു സംഭാവനയും രാഷ്ട്രീയപ്പാർട്ടികൾക്ക് വെളിപ്പെടുത്തേണ്ടതുണ്ടായിരുന്നു. കോർപറേറ്റ് കമ്പനികൾക്ക് ആകെ ലാഭത്തിന്റെ 7.5 ശതമാനത്തിൽ കൂടുതലും വരുമാനത്തിന്റെ പത്ത് ശതമാനത്തിൽ കൂടുതലും സംഭാവന നൽകാൻ കഴിയുമായിരുന്നില്ല. പുതിയ നിയമത്തോടെ ഇവ രണ്ടും ഇല്ലാതായി.
സുപ്രിം കോടതിയുടെ പ്രധാന നിരീക്ഷണങ്ങൾ
ഇലക്ടറൽ ബോണ്ട് ഭരണഘടനാ വിരുദ്ധമാണ്. ജനങ്ങളുടെ അറിയാനുള്ള അവകാശത്തെ ഹനിക്കുന്നതാണ് ഇത്.
ഇഷ്യൂ ചെയ്യുന്ന ബാങ്ക് ഇലക്ടറൽ ബോണ്ടുകളുടെ വിതരണം ഉടൻ നിർത്തണം.
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ഇലക്ടറൽ ബോണ്ടുകൾ വഴിയുള്ള സംഭാവനകളുടെ വിശദാംശങ്ങളും സംഭാവനകൾ സ്വീകരിച്ച രാഷ്ട്രീയ പാർട്ടികളുടെ വിശദാംശങ്ങളും നൽകണം.
രാഷ്ട്രീയ പാർട്ടികൾക്കുള്ള സാമ്പത്തിക സംഭാവനകൾ പ്രധാനമായും രണ്ട് കാര്യങ്ങൾക്കു വേണ്ടിയാവാം. ഒന്ന് രാഷ്ട്രീയ പാർട്ടിക്ക് പിന്തുണ നൽകുന്നതിന്. അല്ലെങ്കിൽ സംഭാവന പകരം മറ്റെന്തെങ്കിലും പ്രതീക്ഷിച്ചായിരിക്കാം.
എല്ലാ രാഷ്ട്രീയ സംഭാവനകളും പൊതുനയം മാറ്റുക എന്ന ഉദ്ദേശത്തോടെയല്ല. വിദ്യാർത്ഥികൾ, ദിവസ വേതനക്കാർ തുടങ്ങിയവർ സംഭാവന ചെയ്യുന്നുണ്ട്. ചില സംഭാവനകൾ മറ്റ് ആവശ്യങ്ങൾക്കായി നൽകിയതിനാൽ മാത്രം രാഷ്ട്രീയ സംഭാവനകൾക്ക് സ്വകാര്യതയുടെ കുട നൽകാതിരിക്കുന്നത് അനുവദനീയമല്ല.
വ്യക്തികളുടെ സംഭാവനകളേക്കാൾ ഒരു കമ്പനിക്ക് രാഷ്ട്രീയ പ്രക്രിയയിൽ കൂടുതൽ ശക്തമായ സ്വാധീനമുണ്ട്. കമ്പനികളുടെ സംഭാവനകൾ പൂർണ്ണമായും ബിസിനസ് ഇടപാടുകളാണ്. കമ്പനികളേയും വ്യക്തികളേയും ഒരുപോലെ പരിഗണിക്കുന്നതിന്, സെക്ഷൻ 182 കമ്പനി നിയമത്തിലെ ഭേദഗതി വ്യക്തമായും ഏകപക്ഷീയമാണ്.
കള്ളപ്പണം തടയാനുള്ള ഏക പദ്ധതി ഇലക്ടറൽ ബോണ്ട് പദ്ധതിയല്ല. മറ്റ് ഇതരമാർഗങ്ങളുണ്ട്.
ഇലക്ടറല്‍ ബോണ്ട് വഴി രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് ലഭിച്ച സംഭാവനകള്‍
കഴിഞ്ഞ സാമ്പത്തിക വര്‍ഷം സംഭാവനയായി ഇലക്ടറല്‍ ബോണ്ടുകള്‍ ഏറ്റവും കൂടുതല്‍ കിട്ടിയത് ഭരണകക്ഷിയായ ബി.ജെ.പിക്കാണ്. 2022-23ല്‍ 1,300 കോടി രൂപയാണ് ബി.ജെ.പി സംഭാവന പിരിച്ചത്. കോണ്‍ഗ്രസിന് കിട്ടിയതിന്റെ ഏഴിരട്ടി തുകയാണിത്. കോണ്‍ഗ്രസിന് സംഭാവന വന്‍തോതില്‍ കുറയുകയും ചെയ്തു.
കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ ബി.ജെ.പിയുടെ മൊത്തം സംഭാവന 2,120 കോടി രൂപയായിരുന്നു. ഇതില്‍ 61 ശതമാനവും ഇലക്ടറല്‍ ബോണ്ടുകളില്‍ നിന്നാണെന്ന് തെരഞ്ഞെടുപ്പ് കമീഷന് സമര്‍പ്പിച്ച പാര്‍ട്ടിയുടെ വാര്‍ഷിക ഓഡിറ്റ് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. 2021-22 വര്‍ഷത്തില്‍ ബി.ജെ.പിക്ക് ലഭിച്ച മൊത്തം സംഭാവന 1,775 കോടി രൂപയായിരുന്നു. അതേവര്‍ഷം വര്‍ഷത്തില്‍ 1,917 കോടി രൂപയായിരുന്ന പാര്‍ട്ടിയുടെ മൊത്ത വരുമാനം 2022-23ല്‍ 2,360.8 കോടി രൂപയായി.
അതേസമയം, 2021-22 വര്‍ഷത്തില്‍ 236 കോടി രൂപ ഇലക്ടറല്‍ ബോണ്ടുകളില്‍ നിന്ന് സമാഹരിച്ച കോണ്‍ഗ്രസിന് കഴിഞ്ഞ വര്‍ഷം കിട്ടിയത് 171 കോടി രൂപ മാത്രമാണ്. സമാജ്‌വാദി പാര്‍ട്ടിക്ക് 2022-23 ല്‍ ബോണ്ടുകളില്‍ സംഭാവന ലഭിച്ചില്ല. തെലുഗുദേശം പാര്‍ട്ടിക്ക് മുന്‍ വര്‍ഷത്തേക്കാള്‍ പത്തിരട്ടി തുക കിട്ടി.
2021-22ല്‍ 135 കോടി രൂപയാണ് ബി.ജെ.പിക്ക് നിക്ഷേപത്തിന് പലിശയായി ലഭിച്ചത്. കഴിഞ്ഞ വര്‍ഷം പലിശ 237 കോടി രൂപയായി ഉയര്‍ന്നു. വിമാനങ്ങളുടെയും ഹെലികോപ്ടറുകളുടെയും ഉപയോഗത്തിനായി ബി.ജെ.പി 78.2 കോടി രൂപ ചെലവഴിച്ചതായും റിപ്പോര്‍ട്ടില്‍ പറയുന്നു.
പേരുവിവരങ്ങൾ വെളിപ്പെടുത്താത്ത ഇലക്ടോറൽ ബോണ്ട് ഔദ്യോഗികമായ അഴിമതിയാണ് എന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. ബോണ്ടുകൾ ഇന്ത്യൻ ജനാധിപത്യത്തിന് തന്നെ ഭീഷണിയാണ് എന്ന് ചൂണ്ടിക്കാട്ടി പ്രമുഖ അഭിഭാഷകരായ പ്രശാന്ത് ഭൂഷൺ, സഞ്ജയ് ഹെഗ്‌ഡെ, വിജയ് ഹൻസാരിയ, കപിൽ സിബൽ, നിസാം പാഷ എന്നിവരാണ് സുപ്രിം കോടതിയെ സമീപിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."