പരിയാരത്ത് ഗ്യാസ് ടാങ്കറും ചരക്കു ലോറിയും കൂട്ടിയിടിച്ചു
തളിപ്പറമ്പ്: പരിയാരം ദേശീയപാതയില്‍ വീണ്ടും ഗ്യാസ് ടാങ്കര്‍ അപകടം. രണ്ടുപേര്‍ക്ക് ഗുരുതര പരുക്ക്. കൊച്ചിയില്‍നിന്ന് മംഗളൂരുവിലേക്ക് ഗ്യാസ് നിറക്കാന്‍ പോകുകയായിരുന്ന ബുള്ളറ്റ് ടാങ്കറും മംഗളൂരുവില്‍ നിന്നു മണലുമായി കണ്ണൂര്‍ ഭാഗത്തേക്ക് വരികയായിരുന്ന ചരക്കു ലോറിയുമാണ് പരിയാരം സെന്‍ട്രലില്‍ ഇന്നലെ രാവിലെ എട്ടോടെ കൂട്ടിയിടിച്ചത്. ടാങ്കര്‍ ലോറി ഡ്രൈവര്‍ കോയമ്പത്തൂര്‍ സ്വദേശി നാഗരാജന്‍(41), ചരക്കു ലോറി ഡ്രൈവര്‍ എറണാകുളം സ്വദേശി അനസ് (26) എന്നിവര്‍ക്ക് പരുക്കേറ്റു. ഇരുവരെയും പരിയാരം മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു. നാഗരാജന്റെ നില അതീവ ഗുരുതരമായതിനാല്‍ തീവ്രപരിചരണ വിഭാഗത്തിലാണ്.
അപകടത്തില്‍ ടാങ്കറിന്റെ കാബിന്‍ പൂര്‍ണമായും തകര്‍ന്നു. ടാങ്കറിന്റെ ഡീസല്‍ ചോര്‍ന്ന് മണം വ്യാപിച്ചതോടെ ഗ്യാസ് ലീക്കായെന്ന് അഭ്യൂഹം പരന്നത് പരിസരവാസികളില്‍ പരിഭ്രാന്തി പരത്തി.
വാട്‌സ് ആപ്പ് ഗ്രൂപ്പുകള്‍ വഴി അപകട മുന്നറിയിപ്പുകള്‍ പ്രചരിച്ചതോടെ മറ്റൊരു ചാല ദുരന്തം സംഭവിച്ചേക്കാം എന്ന ആശങ്കയില്‍ നാട്ടുകാര്‍ വീടു വിട്ട് രക്ഷപ്പെടാനുള്ള ഒരുക്കം തുടങ്ങി. വ്യാപാരികള്‍ കടകള്‍ അടച്ചു. എസ്.ഐ കെ.എം മനോജിന്റെ നേതൃത്വത്തില്‍ പരിയാരം പൊലിസും അസി.സ്റ്റേഷന്‍ മാസ്റ്റര്‍ പ്രേമരാജന്‍ കക്കാടിയുടെയും സ്റ്റേഷന്‍ ഇന്‍ചാര്‍ജ് ഹരിനാരായണന്റെയും നേതൃത്വത്തില്‍ തളിപ്പറമ്പ് ഫയര്‍ഫോഴ്‌സും അപകട സ്ഥലത്തെത്തി. ഗ്യാസ് ഇല്ലാത്ത ടാങ്കറാണ് അപകടത്തില്‍പെട്ടതെന്ന് സ്ഥിരീകരിച്ചും വാട്‌സ് ആപ്പ് ഗ്രൂപ്പുകള്‍ വഴി അപകടമില്ലെന്നു അറിയിപ്പ് നല്‍കിയതോടെയും ആശങ്കകള്‍ക്ക് വിരാമമായി. മണിക്കൂറുകളോളം ദേശീയപാതയില്‍ ഗതാഗതം തടസപ്പെട്ടു. വാഹനങ്ങള്‍ കുപ്പം-ഏഴോം റോഡുവഴി തിരിച്ചു വിട്ടു. നാട്ടുകാരുടെയും കുപ്പം ഖലാസികളുടെയും സഹായത്തോടെ അപകടത്തില്‍പെട്ട വാഹനങ്ങള്‍ നീക്കം ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."