കണ്ണൂര്‍ റെയില്‍വേ സ്റ്റേഷനിലെ ലിഫ്റ്റ്, സബ്‌വേ ഡിസംബറില്‍ ഒരുങ്ങും
കണ്ണൂര്‍: കണ്ണൂര്‍ റെയില്‍വേ സ്റ്റേഷനിലെ ഒന്ന്, രണ്ട് പ്ലാറ്റ്‌ഫോമുകളെ ബന്ധിപ്പിച്ച് പണിയുന്ന എസ്‌കലേറ്റര്‍ നിര്‍മാണം സെപ്റ്റംബറില്‍ പൂര്‍ത്തിയാക്കുമെന്നു ഡിവിഷണല്‍ റെയില്‍വേ മാനേജര്‍ നരേഷ് ലാല്‍വാനി അറിയിച്ചു. നവംബറില്‍ ദക്ഷിണ റെയില്‍വേ ജനറല്‍മാനേജരുടെ സന്ദര്‍ശനത്തിനു മുന്നോടിയായി വിവിധ സ്റ്റേഷനുകളിലെ അടിസ്ഥാന സൗകര്യ വികസനപ്രവര്‍ത്തനങ്ങളുടെ നിര്‍മാണം വിലയിരുത്താന്‍ എത്തിയതായിരുന്നു അദ്ദേഹം. റെയില്‍വേ സ്റ്റേഷനില്‍ നടന്നുവരുന്ന സബ്‌വേ, ലിഫ്റ്റ് എന്നിവയുടെ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ ഡിസംബര്‍ മാസത്തോടെ പൂര്‍ത്തീകരിക്കാനാണു ലക്ഷ്യമിടുന്നത്. ഓഗസ്റ്റില്‍ സാമഗ്രികള്‍ എത്തിച്ച് ബന്ധിപ്പിക്കും. ഇപ്പോഴത്തെ നിര്‍മാണപ്രവൃത്തി വേഗത്തിലാക്കുമെന്നും അദ്ദേഹം പറഞ്ഞു.
കണ്ണൂരില്‍ നിലവില്‍ നടന്നുവരുന്ന നിര്‍മാണപ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാകുന്നതോടെ അടിസ്ഥാനസൗകര്യങ്ങളുടെ പരിമിതികള്‍ പരിഹരിക്കാനാവും. കണ്ണൂര്‍ റെയില്‍വേ സ്റ്റേഷന്റെ പ്രധാന കവാടത്തില്‍ വാഹനങ്ങള്‍ കയറുന്ന ഭാഗത്ത് തടസമായുള്ള എന്‍ജിനിയറിങ് സെക്ഷന്‍ ഓഫിസുകള്‍ പ്രവര്‍ത്തിക്കുന്ന പഴയ കെട്ടിടങ്ങള്‍ പൊളിച്ചുമാറ്റി വിശാലമായ പാര്‍ക്കിങ് സൗകര്യം ഏര്‍പ്പെടുത്തും.
എന്‍ജിനിയറിങ് സെക്ഷനുകള്‍ക്കായി പുതിയ ഓഫിസ് സൗകര്യങ്ങള്‍ ഒരുക്കും. റെയില്‍വേ ട്രാക്കിലെ വിസര്‍ജ്യ മാലിന്യം തടയാന്‍ ഏപ്രണ്‍ സൗകര്യം ഒരുക്കേണ്ടതു റെയില്‍വേ മന്ത്രാലയമാണ്. ബയോ ടോയ്‌ലെറ്റിനാണു മുന്‍ഗണന നല്‍കുന്നത്. റെയില്‍വേ സ്‌റ്റേഷന്റെ കിഴക്കുഭാഗത്ത് 1500 മീറ്റര്‍ വിസ്തൃതിയില്‍ പാര്‍ക്കിങ് സൗകര്യം ഒരുക്കും. പ്രവൃത്തി പൂര്‍ത്തിയാകുന്നതോടെ കോഴിക്കോട് റെയില്‍വേ സ്‌റ്റേഷനിലെ അടിസ്ഥാന സൗകര്യങ്ങള്‍ കണ്ണൂരിലും ഒരുങ്ങും. കണ്ണൂരിന്റെ ദീര്‍ഘകാല ആവശ്യമായ നാലാം പ്ലാറ്റ്‌ഫോമിന് അനുമതി നല്‍കേണ്ടതു റെയില്‍വേ മന്ത്രാലയമാണെന്നും നരേഷ് ലാല്‍വാനി വ്യക്തമാക്കി.
തലശ്ശേരി, എടക്കാട് സ്റ്റേഷനുകളിലെ സന്ദര്‍ശനത്തിനു ശേഷം ഇന്നലെ വൈകുന്നേരം 4.10ഓടെയാണ് ഡി.ആര്‍.എമ്മിന്റെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥ സംഘം കണ്ണൂര്‍ സ്റ്റേഷനിലെത്തിയത്. സീനിയര്‍ ഡിവിഷണല്‍ ഫൈനാന്‍സ് മാനേജര്‍ ടി.ടി ജോണ്‍, സീനിയര്‍ ഡിവിഷണല്‍ ടെലിഗ്രാം എന്‍ജിനിയര്‍ എന്‍ രാമചന്ദ്രന്‍, സീനിയര്‍ ഡിവിഷണല്‍ മെക്കാനിക്കല്‍ എന്‍ജിനിയര്‍ ഡി വേണുഗോപാല്‍, സീനിയര്‍ ഡിവിഷണല്‍ ഓപറേറ്റിങ് മാനേജര്‍ ശെല്‍വന്‍, സീനിയര്‍ ഡിവിഷണല്‍ കൊമേഴ്‌സ്യല്‍ മാനേജര്‍ കെ.പി ദാമോദരന്‍ എന്നിവരും ഡി.ആര്‍.എമ്മിനൊപ്പം ഉണ്ടായിരുന്നു. സ്റ്റേഷന്‍ മാനേജര്‍ എം.കെ ശൈലേന്ദ്രന്‍, സ്റ്റേഷന്‍ ഡെപ്യൂട്ടി കൊമേഴ്‌സ്യല്‍ മാനേജര്‍ പി.വി സുരേഷ് കുമാര്‍ എന്നിവര്‍ ഉദ്യോഗസ്ഥരെ സ്വീകരിച്ചു.
പാസഞ്ചേഴ്‌സ് കോഓര്‍ഡിനേഷന്‍ കമ്മിറ്റി നിവേദനം നല്‍കി
കണ്ണൂര്‍: പാലക്കാട് ഡിവിഷന്‍ മാനേജര്‍ നരേഷ് ലാല്‍വാനിക്ക് യാത്രക്കാരുടെ സൗകര്യങ്ങള്‍ മെച്ചപ്പെടുത്തണമെന്നാവശ്യപ്പെട്ട് നോര്‍ത്ത് മലബാര്‍ റെയില്‍വേ കോഓര്‍ഡിനേഷന്‍ കമ്മിറ്റി നിവേദനം നല്‍കി. കണ്ണൂരില്‍ നിന്ന് മംഗളൂരുവിലേക്കു കൂടുതല്‍ ട്രെയിന്‍ സര്‍വിസ് അനുവദിക്കുക, ജില്ലയില്‍ ഏറ്റവും കൂടുതല്‍ വരുമാനം ലഭിക്കുന്ന പയ്യന്നൂരില്‍ സൂപ്പര്‍ഫാസ്റ്റ് എക്‌സ്പ്രസ് ട്രെയിനുകള്‍ക്ക് സ്റ്റോപ്പ് അനുവദിക്കുക, കണ്ണൂര്‍ റെയില്‍വേ സ്റ്റേഷനിലെ പ്ലാറ്റ്‌ഫോമുകളില്‍ വെള്ളമെത്തിക്കാനുള്ള സംവിധാനമൊരുക്കുക തുടങ്ങിയ ആവശ്യങ്ങളടങ്ങിയതാണ് നിവേദനം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."