ജനാധിപത്യം പൂക്കുന്ന നവ പാകിസ്താൻ
രജീഷ് സി.എസ്
പാകിസ്താൻ രാഷ്ട്രീയത്തെ ചർച്ചാവിഷയമാക്കുമ്പോൾ നിരീക്ഷകർ അഭിപ്രായപ്പെടുന്നത് ആ രാജ്യത്തിന്റെ ഭാവിയെ നിർണയിക്കാൻ ശേഷിയുള്ള രണ്ട് ‘A’ കളുടെ പ്രാധാന്യത്തെക്കുറിച്ച് പറഞ്ഞുകൊണ്ടാണ്. ദേശീയ, അന്തർദേശീയ രാഷ്ട്രീയത്തിൽ സ്വാധീനം ചെലുത്തിക്കൊണ്ടിരിക്കുന്ന രണ്ട് ‘A’ കൾ ആർമിയും അമേരിക്കയുമാണ്. ഈ കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ഇവയ്ക്ക് പുറമെ ദേശീയ, പ്രാദേശിക രാഷ്ട്രീയപാർട്ടികളുടെ ചരടുവലിയും ഒരു കൂട്ടുകക്ഷി സർക്കാരിനെ സൃഷ്ടിക്കാനുള്ള ശ്രമവും വളരെയധികം ശ്രദ്ധിക്കപ്പെട്ടിരിന്നു. പാകിസ്താന്റെ രാഷ്ട്രീയ ചരിത്രത്തിൽ ഇത്രയധികം ശ്രദ്ധ നേടിയ വേറൊരു തെരഞ്ഞെടുപ്പു ഫലവും പരിണതഫലമായിവന്ന കൂട്ടുകക്ഷി രാഷ്ട്രീയത്തിലധിഷ്ഠിതമായ സർക്കാർ രൂപീകരണ ശ്രമവും മുമ്പൊരിക്കലും സംഭവിച്ചിട്ടില്ല. 12 കോടി 70 ലക്ഷം വോട്ടർമാരുള്ള, രാജ്യത്തിന്റെ 76 വർഷത്തെ പാർലമെന്ററി ചരിത്രത്തിലെ പന്ത്രണ്ടാമത്തെ തെരഞ്ഞെടുപ്പായിരിന്നു ഈ മാസം നടന്നത്. പരാജയപ്പെട്ട സാമ്പത്തിക പരിഷ്കാരങ്ങൾ, പട്ടാളത്തിന്റെ രാഷ്ട്രീയത്തിലുള്ള നിരന്തര ഇടപെടലും വിഘടനവാദവും, പലവിഭാഗങ്ങളുടെ പ്രക്ഷോഭങ്ങളും സമരങ്ങളും, ദക്ഷിണേഷ്യയിൽ ഇന്ത്യയുമായുള്ള കശ്മിരിനു വേണ്ടിയുള്ള സംഘർഷങ്ങൾ എന്നിവയൊക്കെയാണ് ഇതുവരെയുള്ള തെരഞ്ഞെടുപ്പിൽ പ്രധാനമായും ചർച്ചചെയ്യപ്പെട്ടത്. എന്നാൽ ഇത്തവണ പതിവിൽനിന്ന് വ്യത്യസ്തമായി ജനങ്ങളും രാഷ്ട്രീയപാർട്ടികളും മുന്നോട്ടുവച്ച ബദലുകൾ ജനാധിപത്യ സംവിധാനങ്ങളുടെ ശാക്തീകരണവും നവ പാകിസ്താനെ സൃഷ്ടിക്കാനുള്ള പ്രതിബദ്ധതയുമാണ്. പാകിസ്താൻ തെഹ്‌രീകേ ഇൻസാഫ് (PTI), പാകിസ്താൻ മുസ് ലിം ലീഗ് - നവാസ് (PML-_N), പാകിസ്താൻ പീപ്പിൾസ് പാർട്ടി (PPP) എന്നീ മൂന്നു രാഷ്ട്രീയ ശക്തികൾ നേതൃത്വം നൽകിയ തെരഞ്ഞെടുപ്പിൽ ന്യൂനപക്ഷങ്ങളും സ്വതന്ത്ര കക്ഷികളും വളരെയധികം ആവേശത്തോടെയാണ് പങ്കെടുത്തത്.
ദേശീയ തെരഞ്ഞെടുപ്പു കമ്മിഷൻ പ്രഖ്യാപിച്ചതനുസരിച്ച് 336 അംഗ ദേശീയ അസംബ്ലിയിൽ സംവരണ സീറ്റുകളൊഴികെയുള്ള 265 സീറ്റിൽ നടന്ന തെരഞ്ഞെടുപ്പിൽ പി.ടി.ഐ പിന്തുണയുള്ള സ്വതന്ത്രർക്ക് 101 സീറ്റ് ലഭിച്ചു. പി.എം.എൽ–എൻ 75 സീറ്റുമായി രാഷ്ട്രീയ കക്ഷികളിൽ ഒന്നാമതെത്തി. മുൻ വിദേശകാര്യമന്ത്രി ബിലാവൽ ഭൂട്ടോ സർദാരിയുടെ പാകിസ്താൻ പീപ്പിൾസ് പാർട്ടിക്ക്(പി.പി.പി) 54 സീറ്റുണ്ട്. വിഭജന സമയത്ത് ഇന്ത്യയിൽനിന്ന് കുടിയേറിയ ഉർദു സംസാരിക്കുന്നവരുടെ പാർട്ടിയായ മുത്തഹിദ ക്വാമി മൂവ്മെന്റ് –പാകിസ്താൻ - എം.ക്യു.എം-പി 17 സീറ്റ് നേടി. ജംഇയ്യത്തുൽ ഉലമാഇൽ ഇസ്‍ലാം (ജെ.യു.ഐ)– 4, പി.എം.എ–ക്യു– 3, ഐ.പി.പി–2, ബി.എൻ.പി–2 എന്നിങ്ങനെയാണ് മറ്റു രാഷ്ട്രീയ കക്ഷികളുടെ സീറ്റുനില. പ്രവിശ്യാ അസംബ്ലികളിൽ പി.എം.എൽ–എൻ 227 സീറ്റുമായി ഏറ്റവും വലിയ കക്ഷിയായി. പി.പി.പിക്ക് 160 സീറ്റുണ്ട്. എം.ക്യു.എം–പി 45 സീറ്റ്. 24 ദേശീയ അസംബ്ലി സീറ്റുകളിൽ വിജയികൾക്കു ലഭിച്ച ഭൂരിപക്ഷത്തേക്കാൾ കൂടുതലാണ് തിരസ്കരിക്കപ്പെട്ട വോട്ടുകൾ.
ആർക്കും ഒറ്റക്കക്ഷി ഭൂരിപക്ഷം ലഭിക്കാത്ത സാഹചര്യത്തിൽ പാകിസ്താൻ പീപ്പിൾസ് പാർട്ടിയും പാകിസ്താൻ മുസ് ലിം ലീഗ് - നവാസ് വിഭാഗവും ചേർന്നു കൂട്ടുകക്ഷി മന്ത്രിസഭ രൂപവത്കരിക്കാനാണ് ശ്രമിക്കുന്നത്. പാകിസ്താനിലെ ഡോൺ പത്രം റിപ്പോർട്ട് ചെയ്തത് അനുസരിച്ച് പി.പി.പിയുടെ ആസിഫ് അലി സർദാരി പ്രസിഡന്റായും പി.എം.എൽ-_എന്നിന്റെ ശഹ്ബാസ് ശരീഫ് പ്രധാനമന്ത്രിയാകാനുമാണ് ധാരണ. ഈയൊരു സാഹചര്യത്തിൽ രണ്ടു പ്രാധാന സമസ്യകളെ ഈ കൂട്ടുകക്ഷി രാഷ്ട്രീയ സഖ്യത്തിന് നേരിടാൻ കഴിയും. അതിലൊന്ന് ഇമ്രാൻ ഖാന്റെ പി.ടി.െഎയെ പിന്തുണച്ച, മത്സരിച്ച സ്വന്തന്ത്രകക്ഷികളുടെ രാഷ്ട്രീയ സമ്മർദത്തെ അതിജീവിക്കാൻ കഴിയുമെന്നതാണ്. മറ്റൊന്ന്, കാലങ്ങളായി പാകിസ്താൻ തെരഞ്ഞെടുപ്പുകളെ സ്വാധീനിക്കുന്നതും പ്രീണിപ്പിച്ചു നിർത്താൻ ശേഷിയുള്ളതുമായ സൈന്യത്തെ ഒരുപരിധിവരെ നിലയ്ക്കുനിർത്താൻ കഴിയുമെന്നതാണ്.
തെരഞ്ഞെടുപ്പ് ഫലം വന്ന് ആദ്യ മണിക്കൂറുകളിൽ പാക് ജനതയുടെ പ്രതീക്ഷകൾ സൈന്യത്തിന്റെ അനുമതിയോടെ മാത്രമേ പൂവണിയൂ എന്ന് ഒരിക്കൽക്കൂടി വ്യക്തമായിരിക്കുന്നു. ഒരു രാഷ്ട്രീയകക്ഷിക്കും ഭൂരിപക്ഷം നേടാൻ പറ്റാതിരുന്നത് സൈന്യത്തെ ശക്തമായ സാന്നിധ്യമാക്കി മാറ്റിയിരുന്നു. ഫലം പുറത്തുവന്നെങ്കിലും, തുടക്കത്തിലെ അനിശ്ചിതത്വത്തിൽനിന്നു പുറത്തുകടക്കാൻ പാകിസ്താനു കഴിഞ്ഞിട്ടില്ല. നവാസ് ശരീഫിനെ അധികാരത്തിലെത്തിക്കാൻ, ജനങ്ങളുടെ തീരുമാനത്തെ അടിച്ചമർത്തി സൈന്യം നിലകൊണ്ടപ്പോൾ, ജനാധിപത്യം വീണ്ടും സൈന്യത്തിന്റെ നിയന്ത്രണത്തിലേക്ക് വരുമെന്ന് കരുതിയിരുന്നു.
അതേസമയം, പി.ടി.ഐ അനുയായികൾ തെരഞ്ഞെടുപ്പു കമ്മിഷനെതിരേ ആരോപണം ഉന്നയിച്ചു രംഗത്തുവന്നിരുന്നു. വോട്ടെണ്ണലിൽ വ്യാപക ക്രമക്കേടുണ്ടെന്നും കൃത്യമായി വോട്ടെണ്ണിയാൽ 24 സീറ്റ് കൂടി ലഭിക്കുമെന്നുമാണ് 101 സീറ്റ് ലഭിച്ച അവർ അവകാശപ്പെടുന്നത്. ഇത്തരത്തിലുള്ള സാഹചര്യങ്ങൾ നടന്നിട്ടും പാകിസ്താൻ മുസ്‍ലിം ലീഗ് – നവാസ്, പാകിസ്താൻ പീപ്പിൾസ് പാർട്ടി എന്നിവയെക്കാൾ ഇമ്രാന്റെ പാർട്ടിയുടെ പിന്തുണയുള്ള സ്വതന്ത്രർക്കു കൂടുതൽ സീറ്റുകൾ നേടാനായെന്നതു ജനങ്ങളുടെ ഇച്ഛാശക്തി വെളിവാക്കുന്നു.
നിരവധി പരിമിതികൾക്കിടയിലാണ് മുൻപ്രധാനമന്ത്രികൂടിയായ ഇമ്രാൻ തെരഞ്ഞെടുപ്പിനെ നേരിട്ടത്. വിദേശ സന്ദർശനത്തിൽ ലഭിച്ച സമ്മാനങ്ങൾ വിറ്റുവെന്ന കേസിൽ അദ്ദേഹം ജയിലിലാണ്. പി.ടി.െഎയെ നിരോധിച്ചു. പാർട്ടിയുടെ പ്രധാന നേതാക്കളെല്ലാം അറസ്റ്റിലായി. അനുയായികളെ ഭീഷണിപ്പെടുത്തി, പാർട്ടി ചിഹ്നം മരവിപ്പിച്ചു. എന്നിട്ടും കൂടുതൽ സീറ്റ് ലഭിച്ചത് ഇമ്രാന്റെ ജനപ്രീതിയുടെ തെളിവാണ്. പി.ടി.ഐയുടെ ഒട്ടേറെ സ്വതന്ത്രർ കോടതികളെ സമീപിച്ചിട്ടുണ്ട്. ഇതും വലിയ പ്രതീക്ഷ നൽകുന്നു; പാക് ജനതയ്ക്കു കോടതികളിലും നിയമവ്യവസ്ഥയിലുമുള്ള വിശ്വാസം നിലനിൽക്കുന്നുവെന്ന പ്രതീക്ഷ. ഇതിനിടെ, തെരഞ്ഞെടുപ്പിനുശേഷം ആശങ്കയുളവാക്കുന്ന ഒട്ടേറെ സംഭവങ്ങളുണ്ടായി. തെരഞ്ഞെടുപ്പിൽ കൃത്രിമം നടത്തുന്നതിന് ഉദ്യോഗസ്ഥർ കൂട്ടുനിന്നെന്ന് ആരോപിച്ച് ഇമ്രാന്റെ അനുയായികൾ പലയിടത്തും സംഘർഷം സൃഷ്ടിച്ചു, പൊലിസുമായി ഏറ്റുമുട്ടി. കഴിഞ്ഞ വർഷം മേയ് 9ന് ഇമ്രാൻ അറസ്റ്റിലായപ്പോൾ കണ്ടതിലും വലിയ അക്രമമാണ് നിലവിലുള്ളത്.
ഈ തെരഞ്ഞെടുപ്പിൽ ഏറ്റവും കൂടുതൽ ക്ഷീണമുണ്ടായത് മത്സരിക്കാതെയും പാക് രാഷ്ട്രീയത്തെ പിടിച്ചുകെട്ടുന്ന സൈന്യത്തിന്റെ രാഷ്ട്രീയത്തിനാണ്. ജനം ഇപ്പോഴും സൈന്യത്തെ വകവയ്ക്കുന്നുണ്ടെങ്കിലും വോട്ടു ചെയ്യുന്നത് സ്വന്തം ഇഷ്ടപ്രകാരമാണെന്നു വ്യക്തമായിരിക്കുന്നു. രാജ്യത്തെ മൂന്നു പ്രമുഖ പാർട്ടികളും സൈന്യത്തിന്റെ സൃഷ്ടിയാണെന്നതാണ് ഈ സാഹചര്യത്തിലെ വൈരുധ്യം. ഏകാധിപതികളായിരുന്ന യഹ് യ ഖാനും അയൂബ് ഖാനുമാണ് അറുപതുകളിൽ പി.പി.പിയെ വളർത്തിയത്. തൊണ്ണൂറുകളിൽ ജനറൽ സിയാവുൽ ഹഖ് പി.എം.എലിനെ പരിപോഷിപ്പിച്ചു ശക്തമാക്കി. പിന്നീടാകട്ടെ, ജനറൽ പർവേശ് മുഷറഫിന്റെ പിൻഗാമികളായ ജനറൽമാർ പി.ടി.ഐയെ പുഷ്ടിപ്പെടുത്തി. രാഷ്ട്രീയത്തിൽനിന്ന് അകന്നുനിൽക്കുമെന്നു സൈന്യം കാലങ്ങളായി പറയുന്നു.
ഭരണം ജനഹിതത്തിനു വിട്ടുകൊടുത്ത് രാജ്യത്തിന്റെ സുരക്ഷാകാര്യങ്ങളിൽ ശ്രദ്ധിക്കണമെന്ന താക്കീതാണ് ഇത്തവണ പാകിസ്താൻ തെരഞ്ഞെടുപ്പിലൂടെ സൈന്യത്തിന് ലഭിച്ചിരിക്കുന്നത്. സാമ്പത്തിക പ്രശ്നങ്ങളിലും ദാരിദ്ര്യത്തിലും വികസനമുരടിപ്പിലും നട്ടംതിരിയുന്ന രാജ്യത്തിന്റെ പുരോഗതിക്ക് അത് അനിവാര്യമാണ്. ഇങ്ങനെയൊരു വിശേഷസ്ഥിതിക്ക് സാഹചര്യമൊരുക്കിയത് ജനങ്ങൾക്കുള്ള രാഷ്ട്രീയബോധ്യവും ജനാധിപത്യത്തിലുള്ള വിശ്വാസവുമാണെന്നുള്ളതിൽ ഒരു സംശയവും വേണ്ട.
(ബംഗളൂരു ക്രൈസ്റ്റ് യൂനിവേഴ്സിറ്റി പൊളിറ്റിക്കൽ സയൻസ് ആൻഡ് ഹിസ്റ്ററി വിഭാഗം അധ്യാപകനാണ് ലേഖകൻ)
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."