ഉത്തരാഖണ്ഡ് ഹിന്ദുക്കളുടെ പുണ്യഭൂമിയാക്കി മാറ്റാനുള്ള ആസൂത്രിത ശ്രമങ്ങളുടെ ഭാഗം; ഹല്‍ദ്വാനി അക്രമം പെട്ടെന്നുണ്ടായതല്ലെന്ന് വസ്തുതാന്വേഷണ സംഘം റിപ്പോര്‍ട്ട്
ഉത്തരാഖണ്ഡ് ഹിന്ദുക്കളുടെ പുണ്യഭൂമിയാക്കി മാറ്റാനുള്ള ആസൂത്രിത ശ്രമങ്ങളുടെ ഭാഗം; ഹല്‍ദ്വാനി അക്രമം പെട്ടെന്നുണ്ടായതല്ലെന്ന് വസ്തുതാന്വേഷണ സംഘം റിപ്പോര്‍ട്ട്
ഹല്‍ദ്വാനി: വര്‍ഷങ്ങളായി ബി.ജെ.പി സര്‍ക്കാറും തീവ്രവലതുപക്ഷ സംഘടനകളും നടത്തുന്ന ന്യൂനപക്ഷ വിരുദ്ധ പ്രചാരണങ്ങളുടെയും കുടിയൊഴിപ്പിക്കല്‍ നടപടികളുടെയും തുടര്‍ച്ചയാണ് ഫെബ്രുവരി 8ന് ഹല്‍ദ്വാനിയിലെ ബന്‍ഭൂല്‍പുരയില്‍ നടന്ന അക്രമസംഭവമെന്ന് വസ്തുതാന്വേഷണസംഘം റിപ്പോര്‍ട്ട്. ഉത്തരാഖണ്ഡിലെ ഹല്‍ദ്വാനിയില്‍ ഈ മാസം എട്ടിന് ആറുപേര്‍ കൊല്ലപ്പെട്ട പൊലിസ് വെടിവെപ്പും സംഘര്‍ഷവും പെട്ടെന്ന് ഉണ്ടായതല്ലെന്നാണ് അസോസിയേഷന്‍ ഫോര്‍ പ്രൊട്ടക്ഷന്‍ ഓഫ് സിവില്‍ റൈറ്റ്‌സ് (APCR), കരവാന്‍ഇമൊഹബത്ത്, പൗരാവകാശ പ്രവര്‍ത്തകന്‍ സാഹിദ് ഖാദ്രി എന്നിവരടങ്ങുന്ന പൗര വസ്തുതാന്വേഷണ സംഘത്തിന്റെ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നത്. ഫെബ്രുവരി 14ന് ഹല്‍ദ്വാനി സന്ദര്‍ശിച്ചാണ് സംഘം റിപ്പോര്‍ട്ട് തയാറാക്കിയത്. പ്രദേശവാസികള്‍, മാധ്യമപ്രവര്‍ത്തകര്‍, എഴുത്തുകാര്‍, അഭിഭാഷകര്‍, പേരുവെളിപ്പെടുത്താത്ത ഏതാനും പേര്‍ എന്നിവരുമായി സംഘം കൂടിക്കാഴ്ച നടത്തി ലഭിച്ച വിവരങ്ങള്‍ ഇതില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
ഈ അക്രമങ്ങളുടെയെല്ലാം അടിസ്ഥാനത്തിലാണ് സംഘം റിപ്പോര്‍ട്ട് തയ്യാറാക്കിയിരിക്കുന്നത്. മതന്യൂനപക്ഷങ്ങളെ ഒഴിവാക്കി ഉത്തരാഖണ്ഡ് ഹിന്ദുക്കളുടെ പുണ്യഭൂമിയാക്കി മാറ്റാനുള്ള ശ്രമം ആസൂത്രിതമായി നടക്കുന്നുണ്ടെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ലവ് ജിഹാദ്, ലാന്‍ഡ് ജിഹാദ്, വ്യാപാര്‍ ജിഹാദ്, മസാര്‍ ജിഹാദ് തുടങ്ങി മുസ്‌ലിംകള്‍ക്കെതിരെ നിരവധി വ്യാജ ആരോപണങ്ങള്‍ ഉന്നയിച്ച് സാമൂഹികാന്തരീക്ഷം കലുഷിതമാക്കിയ മുഖ്യമന്ത്രി പുഷ്‌കര്‍ ധാമിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ നടപടികളും, സാമ്പത്തികവും സാമൂഹികവുമായ ബഹിഷ്‌കരണങ്ങള്‍, കുടിയൊഴിപ്പിക്കല്‍ ഭീഷണികള്‍ എന്നിവയും വര്‍ഗീയ വിവേചനത്തിന് ആക്കം കൂട്ടി.
വീടുകളും കടകളും ഒഴിപ്പിക്കലും സംസ്ഥാനം വിട്ടുപോകാനുള്ള ഭീഷണികളും വ്യാപകമായിരുന്നു. ജിഹാദുകള്‍ക്കുമെതിരെ തന്റെ സര്‍ക്കാര്‍ ഏറ്റവും ശക്തമായ നടപടിയെടുക്കുമെന്ന് മുഖ്യമന്ത്രി ആവര്‍ത്തിച്ച് പ്രഖ്യാപിച്ചു. 3000 മസാറുകള്‍ (ദര്‍ഗകള്‍) നശിപ്പിച്ചത് തന്റെ സര്‍ക്കാരിന്റെ നേട്ടമായി മുഖ്യമന്ത്രി അഭിമാനത്തോടെ പ്രഖ്യാപിച്ചു. അതേസമയം വനത്തിലും സര്‍ക്കാര്‍ ഭൂമിയിലും അനധികൃതമായി നിര്‍മിച്ച ഹിന്ദുമത ആരാധനാലയങ്ങള്‍ക്കെതിരെ സര്‍ക്കാര്‍ മൗനം പാലിച്ചു റിപ്പോര്‍ട്ടില്‍ പറയുന്നു.
ഗണ്യമായ മുസ്‌ലിം ജനസംഖ്യയുള്ള ഹല്‍ദ്വാനിയില്‍ നേരത്തെ തന്നെ ചെറിയ വര്‍ഗീയ സംഘര്‍ഷങ്ങളും തര്‍ക്കങ്ങളും ഉണ്ടായിട്ടുണ്ടെന്ന് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടി. പതിനായിരക്കണക്കിന് മുസ്‌ലിംകള്‍ താമസിക്കുന്ന സ്ഥലത്തിന് ഇന്ത്യന്‍ റെയില്‍വേയുടെ അവകാശവാദങ്ങളെച്ചൊല്ലി നീണ്ട തര്‍ക്കം ഉടലെടുത്തിരുന്നു. മുസ്‌ലിം ഭൂരിപക്ഷ പ്രദേശങ്ങളിലെ ഉടമസ്ഥത സംബന്ധിച്ച തര്‍ക്കങ്ങളും ഉയര്‍ന്നുവന്നു. ഏറ്റവും ഒടുവില്‍ സോഫിയ മാലിക്കിന്റെ ഉടമസ്ഥതയിലുള്ള ഏകദേശം ആറ് ഏക്കര്‍ സ്ഥലത്ത് നടന്ന കുടിയൊഴിപ്പിക്കലാണ് വെടിവെപ്പിലും കൊലപാതകത്തിലും കലാശിച്ചത്.
ഫെബ്രുവരി 8 ന് വൈകുന്നേരംവരെ പ്രദേശം താരതമ്യേന ശാന്തമായിരുന്നു. കോടതിയില്‍ കേസ് നടക്കുന്ന മസ്ജിദും മദ്‌റസയും പൊലിസ് അകമ്പടിയോടെ മുനിസിപ്പല്‍ ഉദ്യോഗസ്ഥര്‍ പൊളിക്കാന്‍ എത്തിയതാണ് പ്രകോപനം സൃഷ്ടിച്ചത്. മറിയം മസ്ജിദും അബ്ദുള്‍ റസാഖ് സക്കറിയ മദ്രസയും തകര്‍ക്കുന്നു. പൊളിക്കലിനെതിരെ പ്രദേശത്തുകാര്‍ പ്രതിഷേധിക്കുന്നു. ബുള്‍ഡോസറുകള്‍ തടയാന്‍ നിന്ന സ്ത്രീകളെ പൊലീസ് ബലമായി നീക്കം ചെയ്യുകയും മര്‍ദിക്കുകയും ചെയ്തതും പൊളിക്കുന്നതിന് മുമ്പ് പള്ളിയിലെ ഖുര്‍ആന്‍ അടക്കമുള്ള പുണ്യവസ്തുക്കള്‍ കൈമാറാന്‍ വിസമ്മതിച്ചതും രോഷത്തിന് ആക്കം കൂട്ടി. തുടര്‍ന്നുണ്ടായ അക്രമത്തില്‍ ഇരുവിഭാഗവും കല്ലേറ് നടത്തുകയും സംഘര്‍ഷാവസ്ഥ രൂക്ഷമാകുകയും ചെയ്തു.
അക്രമം അതിവേഗം വ്യാപിച്ചു. ജനക്കൂട്ടം പൊലിസ് സ്റ്റേഷന് സമീപം വാഹനങ്ങള്‍ക്ക് തീയിട്ടു. പൊലിസ് സ്റ്റേഷന്റെ ചില ഭാഗങ്ങള്‍ കത്തിച്ചു. വെടിവയ്പ്പിലൂടെയാണ് പൊലിസ് പ്രതികരിച്ചത്. ഷൂട്ട് അറ്റ് സൈറ്റ് ഉത്തരവ് പുറപ്പെടുവിക്കുന്നു. പൊലിസിന്റെ ഭാഗത്തു നിന്ന് വെടിവെപ്പുണ്ടാവുന്നു. എപ്പോഴാണ് വെടിവയ്പ്പ് ആരംഭിച്ചതെന്നും വെടിവെക്കാനുള്ള ഉത്തരവ് നല്‍കിയെന്നതും സംബന്ധിച്ച് പരസ്പരവിരുദ്ധമായ റിപ്പോര്‍ട്ടുകളാണ് പുറത്തുവരുന്നത്. ഔദ്യോഗികമായി ആറ് പേര്‍ കൊല്ലപ്പെട്ടതായാണ് റിപ്പോര്‍ട്ട്. എന്നാല്‍ യഥാര്‍ത്ഥ എണ്ണം ഇതിലും കൂടുതലായിരിക്കുമെന്ന് പ്രദേശവാസികള്‍ പറയുന്നു.
60 പേര്‍ക്ക് ഗുരുതരമായി പരുക്കേറ്റിട്ടുണ്ട്. 300 കുടുംബങ്ങള്‍ പ്രദേശത്തു നിന്ന് കുടിയൊഴിഞ്ഞ് പോയിട്ടുണ്ട്. 31 പേരെ അറസ്റ്റ് ചെയ്യുകയും 90 പേരെ ചോദ്യം ചെയ്യലിനായി കസ്റ്റഡിയിലെടുക്കുകയും ചെയ്തിട്ടുണ്ട്. 5000 ആളുകള്‍ക്കെതിരെ പേരില്ലാത്ത എഫ്.ഐ.ആര്‍ തയ്യാറാക്കിയിട്ടുണ്ട്. മരണ സംഖ്യ ഇനിയും ഉയരുമെന്നും പ്രദേശത്തുകാര്‍ ചൂണ്ടിക്കാട്ടുന്നു.
വെടിവെപ്പിന് ശേഷം ഏകദേശം 300 ഓളം വീടുകളില്‍ പൊലീസ് വ്യാപകമായ തിരച്ചില്‍ നടത്തി. സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെയുള്ള താമസക്കാരെ മര്‍ദിക്കുകയും സ്വത്തുക്കള്‍ നശിപ്പിക്കുകയും ചെയ്തതായി റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. യുവാക്കളും സ്ത്രീകളും പ്രായപൂര്‍ത്തിയാകാത്തവരും ഉള്‍പ്പെടെ നിരവധി വ്യക്തികളെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുന്നതിനായി അജ്ഞാത സ്ഥലങ്ങളിലേക്ക് കൊണ്ടുപോയതായി റിപ്പോര്‍ട്ടുണ്ട്. ദിവസങ്ങള്‍ നീണ്ടുനില്‍ക്കുന്ന കര്‍ഫ്യൂവും ഇന്റര്‍നെറ്റ് വിലക്കും സഥിതിഗതികള്‍ വഷളാക്കിയിട്ടുണ്ട്. ഇതുമൂലം യഥാര്‍ഥ വിവരങ്ങള്‍ പുറംലോകത്തെ അറിയിക്കാന്‍ പോലും കഴിയുന്നില്ലെന്ന് നാട്ടുകാര്‍ വസ്തുതാന്വേഷണ സംഘത്തോട് പറഞ്ഞു.
ഡല്‍ഹി ന്യൂനപക്ഷ കമ്മീഷന്‍ മുന്‍ ചെയര്‍മാന്‍ വജാഹത്ത് ഹബീബുള്ള, മാധ്യമപ്രവര്‍ത്തകന്‍ അശോക് കുമാര്‍ ശര്‍മ്മ, പ്രശസ്ത സാമൂഹിക പ്രവര്‍ത്തകന്‍ ഹര്‍ഷ് മന്ദിര്‍, ആസൂത്രണ കമ്മീഷന്‍ മുന്‍ അംഗം ഡോ. സയ്യിദ സെയ്ദിന്‍ ഹമീദ്, സാമൂഹിക പ്രവര്‍ത്തക നദീം ഖാന്‍ ഷെയ്ഖ്, സാമൂഹിക പ്രവര്‍ത്തക നൗഷാരന്‍ കൗര്‍ തുടങ്ങിയ പ്രമുഖര്‍ അടങ്ങിയതായിരുന്നു സംഘം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."