ഹരിത ഹൈഡ്രജൻ ഉത്പാദിപ്പിക്കുന്ന ലോകത്തിലെ ആദ്യ വിമാനത്താവളമാകാൻ കൊച്ചി; സിയാലും ബി.പി.സി.എലും തമ്മിൽ കരാറായി
ഹരിത ഹൈഡ്രജൻ ഉത്പാദിപ്പിക്കുന്ന ലോകത്തിലെ ആദ്യ വിമാനത്താവളമാകാൻ കൊച്ചി; സിയാലും ബി.പി.സി.എലും തമ്മിൽ കരാറായി
കൊച്ചി: കൊച്ചിൻ അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഹരിത ഹൈഡ്രജൻ പ്ലാന്റ് സ്ഥാപിക്കാൻ കരാറായി. ഹരിത ഹൈഡ്രജൻ ഉത്പാദിപ്പിക്കുന്ന ലോകത്തിലെ ആദ്യ വിമാനത്താവളമാകാൻ ലക്ഷ്യമിട്ടാണ് നടപടി. പ്ലാന്റ് സ്ഥാപിക്കുന്നതിന് കൊച്ചിൻ ഇന്റർനാഷണൽ എയർപോർട്ട് ലിമിറ്റഡ് (CIAL - സിയാൽ) ഭാരത് പെട്രോളിയം കോർപറേഷൻ ലിമിറ്റഡുമായി (ബി.പി.സി.എൽ) കരാർ ഒപ്പിട്ടു. അടുത്ത വർഷം ആദ്യം പദ്ധതി പൂർത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്.
ബി.പി.സി.എലിന്റെ സാങ്കേതിക സഹകരണത്തോടെയാണ് പ്ലാന്റ് സ്ഥാപിക്കുക. ബി.പി.സി.എൽ ഹൈഡ്രജൻ പ്ലാന്റ് സ്ഥാപിച്ച്, സാങ്കേതിക സഹായം ലഭ്യമാക്കും. സിയാലിന്റെ സൗരോർജ പ്ലാന്റുകളിൽ നിന്നുള്ള വൈദ്യുതോർജം ഉപയോഗിച്ചാണ് ഭാവിയുടെ ഇന്ധനമായ ഗ്രീൻ ഹൈഡ്രജൻ ഉത്പാദിപ്പിക്കുന്നത്. വൈദ്യുതി, വെള്ളം തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങൾ സിയാൽ ലഭ്യമാക്കും.
50 മെഗാവാട്ട് ശേഷിയുള്ള സോളർ, ജല വൈദ്യുത പദ്ധതികളിലൂടെ പ്രതിദിനം 2 ലക്ഷം യൂണിറ്റ് വൈദ്യുതി സിയാൽ ഉൽപാദിപ്പിക്കുന്നുണ്ട്. 1000 കിലോവാട്ട് ശേഷിയുള്ള ഹൈഡ്രജൻ ഇന്ധനം ഇതിനു പുറമേയാണ്. പദ്ധതിയുടെ ആദ്യഘട്ടത്തിൽ വിമാനത്താവളത്തിൽ ഉപയോഗിക്കുന്ന വാഹനങ്ങൾക്ക് ഹൈഡ്രജൻ ഇന്ധനം ലഭ്യമാക്കും. ഇതിനായി പ്രത്യേക വാഹനങ്ങൾ വാങ്ങേണ്ടി വരും.
മുഖ്യമന്ത്രിയും സിയാൽ ചെയർമാനുമായ പിണറായി വിജയൻ, മന്ത്രി പി. രാജീവ് എന്നിവരുടെ സാന്നിധ്യത്തിൽ സിയാൽ എംഡി എസ്. സുഹാസും ബി.പി.സി.എൽ സിഎംഡി ജി. കൃഷ്ണകുമാറും തിരുവനന്തപുരത്ത് കരാറുകൾ കൈമാറി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."