പുല്‍പ്പള്ളിയില്‍ ഹര്‍ത്താലിനിടെയുണ്ടായ സംഘര്‍ഷം; ജാമ്യമില്ല വകുപ്പ് പ്രകാരം കേസെടുക്കാന്‍ പൊലിസ്
പുല്‍പ്പള്ളി: കാട്ടാനയുടെ ആക്രമത്തില്‍ രണ്ടു പേര്‍ ഒരാഴ്ച്ചക്കിടെ കൊല്ലപ്പെട്ടതില്‍ പ്രതിഷേധിച്ച് വയനാട് നടന്ന ഹര്‍ത്താലിലുണ്ടായ അക്രമസംഭവങ്ങളില്‍ പൊലിസ് കേസെടുക്കും.വനം വകുപ്പിന്റെ വാഹനം ആക്രമിച്ചു, ഉദ്യോഗസ്ഥരെ ആക്രമിച്ചു, മൃതദേഹം തടഞ്ഞു, പൊലീസ് ഉദ്യോഗസ്ഥരെ കല്ലെറിഞ്ഞു തുടങ്ങിയ കുറ്റങ്ങള്‍ പ്രതിഷേധക്കാര്‍ക്കെതിരെ ചുമത്താന്‍ തീരുമാനിച്ചിട്ടുണ്ട്. കൃത്യമായി പ്രതികളെ കണ്ടെത്തിയാകും അറസ്റ്റ് അടക്കമുള്ള നടപടികളിലേക്ക് കടക്കുക. സംഘര്‍ഷത്തിന് നേതൃത്വം നല്‍കിയവരെ കണ്ടെത്താനായി പുല്‍പ്പള്ളിയില്‍ നടന്ന സംഘര്‍ഷങ്ങളുടെ ദൃശ്യങ്ങള്‍ പൊലീസ് പരിശോധിക്കുന്നുണ്ട്.
ഇന്ന് നടത്തപ്പെട്ട ഹര്‍ത്താലില്‍ വലിയ അതിക്രമ സംഭവങ്ങളാണ് അരങ്ങേറിയത്.കാട്ടാന ചവിട്ടിക്കൊന്ന പോളിന്റെ മൃതദേഹവും വഹിച്ചുകൊണ്ടായിരുന്നു പുല്‍പ്പള്ളിയില്‍ ജനക്കൂട്ടം മണിക്കൂറുകളോളം നിലയുറപ്പിച്ചത്. പ്രതിഷേധം സംഘര്‍ഷത്തിലേക്ക് നീങ്ങിയതോടെ പൊലീസ് ലാത്തിചാര്‍ജ്ജ് നടത്തി. ഇതിനൊപ്പം തന്നെ പുല്‍പ്പള്ളിയില്‍ നിരോധനാജ്ഞയും പുറപ്പെടുവിച്ചിട്ടുണ്ട്. രണ്ട് ദിവസത്തേക്കാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുന്നത്.
രാവിലെ സംഘടിച്ചെത്തിയ പ്രതിഷേധക്കാര്‍ ആദ്യം വനംവകുപ്പിന്റെ ജീപ്പ് തടയുകയായിരുന്നു. പിന്നീട് വാഹനത്തിന് മുകളില്‍ റീത്ത് വച്ചു. ശേഷം ടയറിന്റെ കാറ്റഴിച്ചു വിടുകയും റൂഫ് വലിച്ചു കീറുകയും ചെയ്തു. കേണിച്ചിറയില്‍ കടുവ പിടിച്ച പശുവിന്റെ ജഡം ജീപ്പിന് മുകളില്‍ കെട്ടിവച്ചു. പൊലീസ് വാഹനവും തടഞ്ഞു. പൊലീസുമായി ഉന്തും തള്ളുമുണ്ടായി.മൃതദേഹവുമായി പ്രതിഷേധിക്കുന്ന സ്ഥലത്ത് എത്തിയ എംഎല്‍എമാര്‍ക്ക് നേരെ ജനം കുപ്പിയെറിഞ്ഞു. തടയാന്‍ ശ്രമിച്ച പൊലീസിന് നേരെ കല്ലും കസേരയുമെറിഞ്ഞു. പിന്നാലെ പൊലീസ് ലാത്തിചാര്‍ജ് നടത്തുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."