പണാധിപത്യം പുറത്ത്,ഇത് ജനാധിപത്യം
ഡോ. അബേഷ് രഘുവരന്‍
ജനാധിപത്യത്തിലെ സമത്വം പൗരന്മാർക്കുള്ള തുല്യ പ്രാധാന്യത്തിലൂടെയാണ്. ഓരോ പൗരനും രാജ്യത്തെ പ്രതിനിധീകരിക്കുന്നു. മറ്റൊരു അളവുകോലും അവിടെ പ്രസക്തമാകുന്നില്ല. എന്നാൽ അതിനപ്പുറം പൗരന്റെ സാമ്പത്തികസ്ഥിതിയും സ്വാധീനവും ഒക്കെ വ്യത്യസ്തമാകുമ്പോൾ അത് പലരീതിയിൽ ജനാധിപത്യത്തെ ബാധിക്കുകയാണ്. ജനാധിപത്യത്തിൽ വ്യക്തിക്ക് ഒരു വോട്ടിനപ്പുറം പ്രാധാന്യമില്ല. എന്നാൽ ഒരാൾക്ക് ഒന്നിലധികം വോട്ടുകളെ സ്വാധീനിക്കാൻ കഴിയുന്നു എന്നത് ജനാധിപത്യത്തിന്റെ പരാജയമാണ്. അവിടെയാണ് പണാധിപത്യം കടന്നുവരുന്നത്. സ്വതന്ത്ര ഇന്ത്യയിൽ ആദ്യ തെരഞ്ഞെടുപ്പുമുതൽ സ്വാധീനമുള്ളവർ വോട്ടുകൾ, പണം നൽകി നേടുവാനും രാഷ്ട്രീയപ്പാർട്ടികളെ തങ്ങളുടെ ചൊൽപ്പടിയ്ക്ക് നിർത്തുവാനും ശ്രമിച്ചിട്ടുണ്ട്.
സ്വന്തമായ അഭിപ്രായത്തിനപ്പുറം പൗരന്റെ വോട്ടിന് മറ്റു പലമാനങ്ങളും ഉണ്ടെന്നതിന്റെ തെളിവാണ് തെരഞ്ഞെടുപ്പിനുമുമ്പ് സ്ഥാനാർഥികൾ സമുദായിക നേതാക്കളുടെയും സ്ഥലത്തെ പ്രധാന ധനികരുടെയുമൊക്കെ വീടുകളിലേക്ക് സന്ദർശനത്തിന് എത്തുന്നത്. ഒരാളുടെ വോട്ട് അവരുടെ നിയന്ത്രണത്തിനപ്പുറം മറ്റാരുടെയോ നിർദേശത്തിനുകൂടി കാത്തുനിൽക്കുന്ന അവസ്ഥയിലേക്കാണ് പണം കടന്നുവരുന്നത്. രാഷ്ട്രീയപാർട്ടികൾക്ക് അത് എവിടെ, എങ്ങനെ ചെലവഴിക്കാമെന്ന് അറിയുകയും ചെയ്യാം. ഇവിടെ കാതലായ കാര്യം ഇതൊന്നുമല്ല, ഈ പണം എവിടെനിന്ന് വരുന്നു? ആര് നൽകുന്നു? അവർക്കു അതിന്റെ പ്രയോജനമെന്ത്? രാഷ്ട്രീയപാർട്ടികൾക്ക് പണം കണക്കില്ലാതെ നൽകുന്ന വ്യക്തികളോടോ സ്ഥാപനങ്ങളോടോ ഉള്ള ഉത്തരവാദിത്വവും വോട്ടുനൽകി ജയിപ്പിക്കുന്ന ജനങ്ങളോടുള്ള ഉത്തരവാദിത്വവും തമ്മിലുള്ള അന്തരം എത്ര? ഈ പശ്ചാത്തലത്തിലാണ് സുപ്രിംകോടതിയുടെ സുപ്രധാന വിധിക്ക് പ്രസക്തിയേറുന്നത്.
രാഷ്ട്രീയപാർട്ടികൾക്ക് സംഭാവന നൽകുന്നതിനുള്ള തെരഞ്ഞെടുപ്പ് കടപ്പത്ര പദ്ധതി(ഇലക്ടറൽ ബോണ്ട്) സുപ്രിംകോടതി റദ്ദാക്കിയിരിക്കുന്നു. പണത്തിനുമേൽ പരുന്ത് പറക്കില്ലെന്ന് അറിയാമായിരുന്നെങ്കിലും ജനാധിപത്യത്തെ അസ്ഥിരപ്പെടുത്താൻ പണത്തിന് കഴിയില്ലെന്ന ജനങ്ങളുടെ അചഞ്ചല വിശ്വാസത്തിന് മങ്ങലേൽക്കാൻ തുടങ്ങിയ അവസരത്തിൽ തന്നെ പരമോന്നത കോടതിയുടെ ഇത്തരം ഇടപെടൽ ജനങ്ങൾക്ക് നൽകുന്ന ആശ്വാസം ചില്ലറയല്ല.
രാജ്യം അതിന്റെ ജനാധിപത്യപ്രക്രിയാ ചരിത്രത്തിലെ ഏറ്റവും പ്രാധാന്യമുള്ള കാലത്തിലൂടെയാണ് കടന്നുപോകുന്നത്. ഈ വർഷം നടക്കാൻ പോകുന്ന പൊതുതെരഞ്ഞെടുപ്പ് രാജ്യത്തെ സംബന്ധിച്ച് ഏറെ നിർണായകമാണുതാനും. മതേതരരാഷ്ട്രവും രാമക്ഷേത്രവും നേതാക്കളുടെ മറുകണ്ടം ചാടലും സാമ്പത്തിക പരാധീനതകളും ഒക്കെയായി ആകെ കുഴഞ്ഞുമറിഞ്ഞു കിടക്കുകയാണ് രാഷ്ട്രീയരംഗം. ഒരു പാർട്ടിയോടും മമതപുലർത്താൻ കഴിയാത്ത അവസ്ഥയിലാണ് ജനങ്ങളെന്ന് പറയാതെവയ്യ. മനസ് കൊടുക്കാൻമാത്രമായി ഒരു രാഷ്ട്രീയപാർട്ടിയും ജനങ്ങളോട് അടുത്തുനിൽക്കുകയോ അവർക്കുവേണ്ടി നിലകൊള്ളുകയോ ചെയ്യാത്ത ഈ അവസ്ഥയിൽ മറ്റുപല രീതിയിലൂടെയും തെരഞ്ഞെടുപ്പ് തങ്ങൾക്ക് അനുകൂലമാക്കാൻ ശ്രമിക്കുക എന്നതാണ് ഓരോ പാർട്ടിയുടെയും മുന്നിലുള്ള ഏകമാർഗം. അത് അനസ്യൂതം തുടരാമെന്ന് കണക്കുകൂട്ടിയിടത്താണ്, ആ കണക്കുകൾ സുപ്രിംകോടതി പാടേ തെറ്റിച്ചിരിക്കുന്നത്.
ജനാധിപത്യരാഷ്ട്രത്തിൽ ജനങ്ങളാണ് ഏറ്റവും വലുതെന്ന് പറയുമ്പോഴും യഥാർഥത്തിൽ ജനങ്ങൾക്ക് വിലയുണ്ടെന്ന് അവർ തിരിച്ചറിയുന്നത് തെരഞ്ഞെടുപ്പ് ദിനത്തിൽ മാത്രമാണ്. അതിനുമുമ്പോ ശേഷമോ അവരുടെ ചൂണ്ടുവിരലിൽ പടരുന്ന മഷിക്ക് പുല്ലുവിലയാണ് രാഷ്ട്രീയപാർട്ടികൾ ഉൾപ്പെടെ നൽകാറുള്ളത്. ഒരർഥത്തിൽ ഒരു തെരഞ്ഞെടുപ്പോടെ അവിടെ സമത്വം ഇല്ലാതാവുകയാണ്. വരുന്ന അഞ്ചുവർഷങ്ങൾ ഏതെങ്കിലുമൊരു രാഷ്ട്രീയപാർട്ടിക്ക് ഭരിക്കാൻ അവസരം നൽകുന്നതോടെ വരുന്ന വർഷങ്ങളിൽ അവരിൽനിന്ന് എന്തുസംഭവിച്ചാലും ജനം സഹിക്കുകതന്നെ വേണം. ജനങ്ങൾക്കുവേണ്ടി സേവനം ചെയ്യുന്നവർ എന്ന വിശേഷണത്തിനപ്പുറം ഒരു പകിടകളിയിലെ കരുക്കൾ നീക്കുന്നതുപോലെ അധികാരത്തിലേക്കുള്ള വഴിയിലേക്ക് നീങ്ങുന്നവർ എന്ന തരത്തിലേക്ക് പാർട്ടികൾ ഇന്ന് മാറിപ്പോയിരിക്കുന്നു.
പണ്ട് ജനങ്ങളുടെ പിന്തുണയായിരുന്നു ലക്ഷ്യമെങ്കിൽ ഇന്ന് ആ പിന്തുണ നേടാനുള്ള മാർഗങ്ങൾക്കാണ് പ്രാധാന്യം. മനുഷ്യനെ സ്വാധീനിക്കാൻ ഇന്ന് പണത്തിനും അധികാരത്തിനും കഴിയുമെന്നിരിക്കെ ഇലക്ടറൽ ബോണ്ടിന്റെ സ്വാധീനം തെരഞ്ഞെടുപ്പിൽ ഏറെ പ്രാധാന്യമുള്ള വിഷയമാണ്. ഒരർഥത്തിൽ രാഷ്ട്രീയപാർട്ടികളുടെ തുറുപ്പുചീട്ട്. വോട്ടുകൾ വിലയ്ക്കുവാങ്ങിയും വാഗ്‌ദാനങ്ങൾ ചെയ്തും അധികാരത്തെ കൈയടക്കുമ്പോൾ സാധാരണക്കാർക്ക് കൈയുംകെട്ടി നോക്കിനിൽക്കാനേ കഴിയുകയുള്ളൂ. അങ്ങനെയുള്ള ജനങ്ങളുടെയടുത്താണ് സുപ്രിംകോടതി ഞങ്ങൾ കൂടെയുണ്ട് എന്ന് പറഞ്ഞുകൊണ്ട് ഇലക്ടറൽ ബോണ്ടിന്റെ വഴി ഇപ്പോൾ സുതാര്യമാക്കിയിരിക്കുന്നത്. അങ്ങനെയൊരു വിധി വന്നെങ്കിലും ഇപ്പോഴും പണാധിപത്യത്തിന്റെ ഇടപെടലുകൾക്ക് നിയമത്തിനുതന്നെ പഴുതുകൾ കണ്ടെത്താൻ ഓരോ പാർട്ടിയും ശ്രമിക്കാതിരിക്കില്ല. അവിടെയാണ് ജനങ്ങളുടെ ജാഗ്രത ആവശ്യമായി വരുന്നത്. തങ്ങളുടെ വോട്ടിന്റെ പ്രാധാന്യം ഉൾക്കൊണ്ട് അവ വിനിയോഗിക്കുവാൻ പൗരന്മാർ തയാറാവണം.
ഇലക്ടറൽ ബോണ്ട് സ്വീകരിക്കാമെന്നും അത് ജനങ്ങളുടെ മുന്നിൽ വെളിപ്പെടുത്തേണ്ട ആവശ്യമില്ലെന്നും ഒരു രാഷ്ട്രീയപാർട്ടി പറയുന്നതിന്റെ പൊരുൾ എന്താവാം? രാഷ്ട്രീയ സംഭാവനകൾ വഴി കള്ളപ്പണം വെളുപ്പിക്കുന്നത് തടയാനും സംഭാവനകൾ ബാങ്കുവഴിയാക്കി സുതാര്യത കൊണ്ടുവരാനും ഉദ്ദേശിച്ചുള്ളതാണ് എന്ന വാദമാണ് കേന്ദ്രസർക്കാർ മുന്നോട്ടുവയ്ക്കുന്നത്. നല്ല ഉദ്ദേശ്യത്തോടെയാണെന്ന് അവകാശപ്പെടുമ്പോഴും അവ ജനങ്ങൾക്ക് അറിയാനുള്ള സ്വാതന്ത്ര്യത്തെ ഹനിക്കുമ്പോൾ ലക്ഷ്യത്തിന്റെ നൈതികത ചോദ്യം ചെയ്യപ്പെടുകയാണ്.
ജനങ്ങളാൽ തെരഞ്ഞെടുക്കുന്ന ജനപ്രതിനിധി ഭരണം കൈയാളുകയെന്ന ജനാധിപത്യത്തിന്റെ ഉദാത്ത നിർവചനം ചോദ്യം ചെയ്യാൻ തുടങ്ങിയിട്ട് കാലമേറെ ആയെങ്കിലും അതിന്റെ വിവിധ മുഖങ്ങൾ കാണാൻ തുടങ്ങിയിട്ട് ഏറെയായില്ല. വിലക്കെടുക്കുന്ന വോട്ടുകൾ, വിലക്കെടുക്കപ്പെടുന്ന ജനപ്രതിനിധികൾ, കോടികൾ വാങ്ങി ഏതുസമയവും സർക്കാരിനെ അട്ടിമറിക്കാൻ മുന്നിൽ നിൽക്കുന്നവർ, റിസോർട്ട് രാഷ്ട്രീയം എന്നിങ്ങനെ സ്വാധീനത്തിന്റെ കൈകൾ നിയമവ്യവസ്ഥയുടെ അടുത്തുവരെ എത്തുന്ന കഥകൾ നിരന്തരം കേട്ടുകൊണ്ടിരിക്കുന്നു.
പുതുതലമുറയ്ക്ക് രാഷ്ട്രീയവും ജനാധിപത്യവും മറ്റേതൊരു കായികയിനവുംപോലെ ഒരു മത്സരം മാത്രമായി മാറിയിരിക്കുന്നു. ഓരോ സമയത്തെ രാഷ്ട്രീയ പശ്ചാത്തലങ്ങളെ ക്രിയാത്മകമായി ഉപയോഗിക്കുക, അതിനുള്ള വഴികൾ തുറക്കുക എന്നതുമാത്രമാണ് ഇന്ന് രാഷ്ട്രീയരംഗം. അതിന്റെ ഗുണഭോക്താക്കളാണ് ഇന്ന് ചാനലിലൂടെ മുഖം കാണിച്ചുകൊണ്ട് വളർന്നുവന്നിരിക്കുന്ന നേതാക്കൾ. ആദർശമുള്ള മുതിർന്ന രാഷ്ട്രീയനേതാക്കളെ ഒരു മൂലക്കിരുത്തിക്കൊണ്ട് തികഞ്ഞ വാക്സാമർഥ്യവുമായി ചാനൽ ചർച്ചകളിലൂടെ ജനങ്ങളുടെ മുന്നിൽ പാർട്ടിയുടെ മുഖമായി വളർന്നവരാണ് പല പാർട്ടികളിലും രാഷ്ട്രീയം നിയന്ത്രിക്കുന്നത്. തങ്ങൾ പറയുന്നത് മാത്രം ജനങ്ങളെ കേൾപ്പിച്ചുകൊണ്ട് അവരെ കൂടെനിർത്തുകയെന്നതിനൊപ്പം പണത്തിന്റെ ഒഴുക്കുകൂടെയാകുമ്പോൾ തെരഞ്ഞെടുപ്പുരംഗം സ്വന്തം പക്ഷത്തായെന്ന് ഇത്തരക്കാർക്ക് ഉറപ്പിക്കാൻ കഴിയുന്ന വളരെ നേർത്ത സാഹചര്യമാണ് നിലനിൽക്കുന്നത്. അവിടെ ഇലക്ടറൽ ബോണ്ടിനുള്ള സ്വാധീനം തിരിച്ചറിയാൻ കോടതിക്ക് കഴിഞ്ഞു എന്നതാണ് ഇടയ്ക്കെങ്കിലും ജനാധിപത്യം ജയിക്കുന്നു എന്ന് ജനങ്ങളെ ഓർമിപ്പിക്കുന്നത്.
പാർലമെന്ററി ജനാധിപത്യത്തിൽ പൗരന്റെ ഇച്ഛയാണ് പ്രധാനപ്പെട്ടത്. അതാണ് ഓരോ ജനപ്രതിനിധിയിലൂടെയും പ്രതിഫലിക്കേണ്ടത്. രാഷ്ട്രീയപാർട്ടികളുടെ ജനാധിപത്യസ്വഭാവം സംരക്ഷിക്കപ്പെടേണ്ടതുണ്ട്. അതിനുള്ള മാർഗം ജനങ്ങളോട് സുതാര്യമായി ഇടപെടുക എന്നതാണ്. രാജ്യം ഭരിക്കുന്ന സർക്കാർ തന്നെ അതിന് മുതിരാതെ കോടതിയുടെ പരാമർശത്തിന് പാത്രമാകുന്നത് ജനങ്ങളിൽ സംശയം ജനിപ്പിക്കും. തെരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന ഈ വേളയിൽ അതിനുകൂടി ഉത്തരം നൽകേണ്ട ബാധ്യത കേന്ദ്രസർക്കാരിനുണ്ട്. കഴിഞ്ഞകാലത്തെ ഇലക്ടറൽ ബോണ്ടുകൾ പരിശോധിക്കുമെന്ന കോടതിയുടെ പരാമർശവും പ്രാധാന്യമർഹിക്കുന്നുണ്ട്. കാലമെത്രകഴിഞ്ഞാലും തിരിഞ്ഞുനോക്കുമ്പോൾ ജനങ്ങൾക്കൊപ്പം നടന്ന പാർട്ടികൾക്കും സർക്കാരുകൾക്കും മാത്രമേ ജനാധിപത്യത്തിൽ ശാശ്വതമായി നിലനിൽക്കാൻ കഴിയൂ.
എഴുപത്തിയഞ്ചു വർഷങ്ങൾക്കുമുമ്പ് ഒന്നുമില്ലായ്മയിൽനിന്ന് ഉയിർപ്പുനേടിയ രാജ്യമാണ് നമ്മുടേത്. ഈ അതിജീവനത്തിൽ ഓരോ പൗരന്റെയും ഇടപെടലുകൾ മാത്രമല്ല, സമയത്തിനും പ്രാധാന്യമുണ്ട്. മറ്റുരാജ്യങ്ങൾ വികസനത്തിന്റെ തേരിലേറി കുതിക്കുമ്പോൾ നാം ഇവിടെ ഇലക്ടറൽ ബോണ്ടിനെ സംരക്ഷിച്ചും അധികാരത്തെ മാത്രം സ്വപ്നംകണ്ടും മുന്നോട്ടുപോകുമ്പോൾ വികസനം ആർജിക്കേണ്ട ഓരോ നിമിഷവും നഷ്ടപ്പെടുകയാണെന്ന തോന്നൽ പൗരനുണ്ടാകണം. ജനാധിപത്യത്തെ സംരക്ഷിച്ചുകൊണ്ട് ലോകത്തെ ഒന്നാമത്തെ ശക്തിയാകാനുള്ള വിഭവങ്ങൾ ഇന്ത്യക്കുണ്ട്. ലോകത്തെ ഏറ്റവും വലിയ ജനാധിപത്യമെന്ന ഖ്യാതിയും. ആ വലിയ വിശേഷണത്തിൽ മായം ചേർത്തുകഴിഞ്ഞാൽ പിന്നെ രാജ്യത്തു വികസനം സാധ്യമാവില്ല.
പരമോന്നത കോടതി ജനത്തിനൊപ്പം ശക്തമായി നിലയുറപ്പിക്കുമ്പോൾ ആ പ്രേരണയിൽ ജനാധിപത്യത്തെ സംരക്ഷിക്കാൻ വോട്ടവകാശത്തെ കൃത്യമായി ഉപയോഗിച്ചേ മതിയാകൂ. ജനാധിപത്യം സംരക്ഷിക്കപ്പെടാൻ പരമോന്നത നീതിപീഠം മുന്നിൽ തന്നെയുള്ളപ്പോൾ ഒരു അട്ടിമറിക്കും ഇവിടെ സ്ഥാനമില്ലെന്നും പ്രത്യാശിക്കാം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."