ഇലക്ട്രിക് വേഷംകെട്ടി ലൂന
കെ.ടി.എമ്മോ അതിന്റെ മാരക വേര്‍ഷനായ ഡ്യൂക്ക് 390യോ ഒന്നും സ്വപ്‌നങ്ങളില്‍പോലും ഇല്ലാതിരുന്ന ഒരു കാലം, എണ്‍പതുകളുടെ അവസാനത്തിലും തൊണ്ണൂറുകളുടെ തുടക്കത്തിലും ലൂന ഇവിടെയുണ്ടായിരുന്നു. ഇന്നത്തെപോലെ അധികം തിരക്കും ബഹളവുമൊന്നുമില്ലാത്ത ആ റോഡുകളില്‍ പതിയെ അങ്ങനെ ഒഴുകിനീങ്ങി, ത്രസിപ്പിക്കുന്ന വേഗതയും പവറുമൊന്നും എടുത്തുപറയാനില്ലെങ്കിലും.
ഒരു തലമുറ മുമ്പുള്ളവരുടെ ഓര്‍മകളില്‍ ഇന്നുമുണ്ടാകും കൈനറ്റിക്കിന്റെ ലൂന എന്ന മോപ്പഡ്. സ്‌കൂട്ടറും ബൈക്കുമല്ലാത്ത രൂപവുമായി ഇന്ത്യയില്‍ എത്തിയ ലൂന ഒരുകാലത്ത് രാജ്യത്തെ മോപ്പഡ് വിപണിയുടെ 95 ശതമാനവും കൈയാളിയിരുന്നു. "ചല്‍ മേരി ലൂന' എന്ന പരസ്യവാചകവുമായി ഇന്ത്യന്‍ നിരത്തുകളിലൂടെ ലൂന തകര്‍ത്തോടി. ആവശ്യമെങ്കില്‍ സൈക്കിള്‍പോലെ ചവിട്ടിക്കൊണ്ടുപോകാന്‍ പെഡലുകളും അന്നത്തെ ലൂനയില്‍ ഉണ്ടായിരുന്നു. കാലം മാറിയപ്പോള്‍ ഇലക്ട്രിക്കായി ലൂനയും മാറി.
പൂനെ ആസ്ഥാനമായുള്ള കൈനറ്റിക് എന്‍ജിനീയറിങ്ങാണ് കൈനറ്റിന് ഗ്രീന്‍ എന്ന തങ്ങളുടെ പുതിയ സംരംഭത്തിലൂടെ ഇ_ലൂന എത്തിക്കുന്നത്. ഇലക്ട്രിക് അവതാരത്തില്‍ വീണ്ടും വരുമ്പോള്‍ "ഫിര്‍ സേ, ചല്‍ മേരി ലൂന' എന്നതാണ് കമ്പനി നല്‍കിയിരിക്കുന്ന പരസ്യവാചകം. കൈനറ്റിക്കിനെ അത്രയ്ക്കങ്ങോട്ട് പിടികിട്ടാത്തവര്‍ക്ക് ഒരുകാര്യംകൂടി പറഞ്ഞുതരാം. മൂന്നരപതിറ്റാണ്ട് മുമ്പ് ഹോണ്ടയുമായി ചേര്‍ന്ന് കൈനറ്റിക് ഹോണ്ട എന്ന ഗിയര്‍ലെസ് സ്‌കൂട്ടര്‍ വിസ്മയം ഇന്ത്യയില്‍ തീര്‍ത്ത അതേകമ്പനി.
ഈ മാസം തന്നെ ഇ_ലൂന ലോഞ്ച് ഉണ്ടാകുമെന്നാണ് കരുതുന്നത്. 2kWh ബാറ്ററിയുമായി എത്തുന്ന ഇ_ലൂനയ്ക്ക് കമ്പനി അവകാശപ്പെടുന്ന റേഞ്ച് 110 കി.മീ ആണ്. ഫുള്‍ ചാര്‍ജ് ചെയ്യാന്‍ നാല് മണിക്കൂര്‍ എടുക്കും. 1.7 kWh , 3.0 kWh എന്നീ ബാറ്ററി കപ്പാസിറ്റികളിലും ഭാവിയില്‍ ഇ ലൂന എത്തുന്നുണ്ട്. 3.0 kWh ബാറ്ററിയുള്ള മോഡലിന് 150 കി.മീ ആണ് അവകാശപ്പെടുന്ന റേഞ്ച്. മുന്നില്‍ ടെലസ്‌കോപിക് ഫോര്‍ക്കും പിറകില്‍ ട്വിന്‍ ഷോക്ക് ആബ്‌സോര്‍ബറുമുള്ള മോപ്പഡിന്റെ ടോപ് സ്പീഡ് 50 കി.മീ ആണ്. ഇലക്ട്രിക് ലൂനയില്‍ ആ പഴയ പെഡലുകള്‍ ഏതായാലും മിസ്സിങ്ങാണ്. പക്ഷേ, മൂന്ന് റൈഡിങ് മോഡുകളും യു.എസ്.ബി ചാര്‍ജിങ് പോട്ടും സൈഡ് സ്റ്റാന്റ് കട്ട്ഓഫും ഒക്കെയുണ്ട് ഈ കുഞ്ഞന്‍ ഇ_മോപ്പഡില്‍ എന്നത് അല്‍പമൊന്ന് അതിശയിപ്പിക്കുന്നത് തന്നെയാണ്. ഇ-_സ്‌കൂട്ടറുകള്‍ വന്‍ ഓളമുണ്ടാക്കുന്നതിനിടയില്‍ ലൂനയ്ക്ക് ഭാവിയുണ്ടോയെന്ന് വരുംദിവസങ്ങളില്‍ അറിയാം. 69,990 രൂപയാണ് പ്രാരംഭ എക്‌സ്‌ഷോറൂം വില.
ഇ-_ലൂണയ്ക്ക് 90 കിലോഗ്രാം മാത്രമാണ് ഭാരം വരുന്നതെങ്കിലും 150 കിലോ വരെ വഹിക്കാന്‍ കഴിയുമെന്നാണ് കൈനറ്റിക് അവകാശപ്പെടുന്നത്. അധിക സ്റ്റോറേജ് സൗകര്യത്തിനായി പിന്‍സീറ്റ് നീക്കം ചെയ്യാവുന്നതാണ്. ഇതുവഴി ഡെലിവറി ആവശ്യങ്ങള്‍ക്കും ഇ_ലൂന പ്രയോജനപ്പെടുത്താം. 500 രൂപ ടോക്കണ്‍ തുകയ്ക്ക് ഇ-_ലൂനയുടെ ബുക്കിങ് ജനുവരി 26 മുതല്‍ ആരംഭിച്ചിട്ടുണ്ട്. ആമസോണ്‍, ഫ്‌ളിപ്പ്കാര്‍ട്ട് മുതലായ ഇ കൊമേഴ്‌സ് വെബ്‌സൈറ്റുകള്‍ വഴിയും ഇ_ലൂന സ്വന്തമാക്കാം.
തങ്ങളുടെ XL100 എന്ന പെട്രോള്‍ ഫോര്‍സ്‌ട്രോക്ക് എന്‍ജിനുള്ള മോപ്പഡുമായി ടി.വി.എസും ഇവിടെയുണ്ട്. നിലവില്‍ ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ വില്‍ക്കുന്ന മോപ്പഡും ടി.വി.എസിന്റേതാണ്. ഇതിനിടയില്‍ ഇലക്ട്രിക് ലൂനയ്ക്ക്ക ഒരു ഗെയിം ചെയ്ഞ്ചറാകാന്‍ കഴിയുമോ എന്നത് കാത്തിരുന്നു കാണാം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."