കാര്യങ്ങള്‍ ചെയ്യാന്‍ വയനാട്ടില്‍ പോകണമെന്നില്ല; ഫലപ്രദമായി നടപടികള്‍ സ്വീകരിക്കുക എന്നതാണ് സര്‍ക്കാരിന്റെ ജോലി- വനം മന്ത്രി
കാര്യങ്ങള്‍ ചെയ്യാന്‍ വയനാട്ടില്‍ പോകണമെന്നില്ല; ഫലപ്രദമായി നടപടികള്‍ സ്വീകരിക്കുക എന്നതാണ് സര്‍ക്കാരിന്റെ ജോലി- വനം മന്ത്രി
തിരുവനന്തപുരം: കാര്യങ്ങള്‍ ചെയ്യാന്‍ വയനാട്ടില്‍ പോകേണ്ടതില്ലെന്ന് വനംമന്ത്രി എ.കെ.ശശീന്ദ്രന്. വന്യജീവി ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ വയനാട്ടില്‍ പോയില്ലെന്നത് വസ്തുതയാണ്. ഉത്തരവാദിത്തപ്പെട്ടവരോടാണ് ഇപ്പോള്‍ സംസാരിക്കേണ്ടതെന്നും വനംമന്ത്രി പറഞ്ഞു. ഈ മാസം 20 ന് വയനാട്ടില്‍ മന്ത്രിതല സംഘം പോകുന്നുണ്ട്. അപ്പോള്‍ എല്ലാവരുമായും സംസാരിക്കുമെന്നും മന്ത്രി പറഞ്ഞു.
വയനാട്ടിലെ പ്രതിഷേധങ്ങള്‍ സ്വാഭാവികമെന്നും വനംമന്ത്രി ചൂണ്ടിക്കാട്ടി. ആ പ്രതികരണങ്ങള്‍ മനസ്സിലാക്കി ഫലപ്രദമായി നടപടികള്‍ സ്വീകരിക്കുക എന്നതാണ് സര്‍ക്കാരിന്റെ ജോലി. ഈ നടപടികളുടെ ഭാഗമായിട്ടാണ് മുഖ്യമന്ത്രി ജനപ്രതിനിധികളുടെ യോഗം വിളിച്ചതെന്ന് മന്ത്രി പറഞ്ഞു.
അതേസമയം, പ്രതിഷേധങ്ങള്‍ അക്രമാസക്തമാകുന്നത് കാര്യങ്ങള്‍ സങ്കീര്‍ണമാക്കും. ചില വാട്സ്ആപ്പ് ഗ്രൂപ്പുകള്‍ വഴി പ്രശ്നം സങ്കീര്‍ണമാക്കാന്‍ ശ്രമം നടക്കുന്നതായി വിവരമുണ്ട്. അക്കാര്യത്തില്‍ അന്വേഷണം വേണം. പ്രതിഷേധം അക്രമാസക്തമാകുമ്പോള്‍ കേസെടുക്കുന്നത് സ്വഭാവികമാണെന്നും മന്ത്രി പറഞ്ഞു. കഴിഞ്ഞ ദിവസം പുല്‍പ്പള്ളിയില്‍ നടന്ന പ്രതിഷേധത്തില്‍ പൊലിസ് കേസെടുത്തതിലാണ് മന്ത്രിയുടെ പരാമര്‍ശം.
ഉദ്യോഗസ്ഥരുടെ യോഗവും വിളിച്ചിട്ടുണ്ട്. ചില നിര്‍ദേശങ്ങള്‍ മുന്നോട്ടുവെച്ചിട്ടുണ്ട്. ആ നിര്‍ദേശങ്ങള്‍ സംബന്ധിച്ച് വയനാട്ടിലെ ജനപ്രതിനിധികളുമായി ചര്‍ച്ച ചെയ്യുന്നതിനായി മൂന്നംഗ മന്ത്രിതല സമിതിയെയും നിയോഗിച്ചിട്ടുണ്ട്. മന്ത്രിതല സമിതി 20 ന് വയനാട്ടിലെത്തുമെന്നും മന്ത്രി വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."