മനീഷ് തിവാരിയും കമല്‍നാഥും സിദ്ദുവും ബി.ജെ.പിയിലേക്ക് ?; അഭ്യൂഹം ശക്തം
മനീഷ് തിവാരിയും കമല്‍നാഥും സിദ്ദുവും ബി.ജെ.പിയിലേക്ക് ?; അഭ്യൂഹം ശക്തം
ഭോപാല്‍: മധ്യപ്രദേശ് മുന്‍ മുഖ്യമന്ത്രിയും പി.സി.സി മുന്‍ അധ്യക്ഷനുമായ കമല്‍നാഥും മകനും ലോക്‌സഭാംഗവുമായ നകുല്‍ നാഥും കോണ്‍ഗ്രസ് വിട്ടേക്കുമെന്ന അഭ്യൂഹം ശക്തമാകുന്നതിനിടെ മനീഷ് തിവാരിയും നവജ്യോത് സിങ് സിദ്ദുവും ബി.ജെ.പിയിലേക്കെന്നും റിപ്പോര്‍ട്ട്.
കമല്‍നാഥും മകനും ചിന്ദ്വാര എം.പിയുമായ നകുല്‍ നാഥും ഡല്‍ഹിയിലെത്തിയതിന് പിന്നാലെ ഇരുവരും ബി.ജെ.പി നേതാക്കളുമായി കൂടിക്കാഴ്ച നടത്തുമെന്ന സൂചന പുറത്തുവന്നിരുന്നു. കമല്‍നാഥിന്റെ മകന്‍ നകുല്‍ നാഥിന്റെ സമൂഹമാധ്യമ അക്കൗണ്ടായി എക്‌സിലെ വ്യക്തിവിവരണത്തില്‍ നിന്ന് കോണ്‍ഗ്രസ് ഒഴിവാക്കുകയും ചെയ്തിരുന്നു.
കോണ്‍ഗ്രസ് നേതാക്കള്‍ക്കായി തങ്ങളുടെ വാതില്‍ തുറന്നുവച്ചതായി മധ്യപ്രദേശ് ബി.ജെ.പി പ്രസിഡന്റ് വി.ഡി ശര്‍മയുടെ പ്രസ്താവനയ്ക്ക് പിന്നാലെയാണ് നകുല്‍നാഥ് ബയോയില്‍ മാറ്റം വരുത്തിയത് എന്നതും ശ്രദ്ധേയമാണ്. മധ്യപ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പില്‍ കനത്ത പരാജയം നേരിട്ടതിന് പിന്നാലെ പി.സി.സി അധ്യക്ഷ സ്ഥാനം രാജിവയ്‌ക്കേണ്ടി വന്ന കമല്‍നാഥും പാര്‍ട്ടി ഹൈക്കമാന്‍ഡും തമ്മില്‍ അകല്‍ച്ചയിലായിരുന്നു. ജിതു പട്വാരിയെ പി.സി.സി പ്രസിഡന്റാക്കിയതും കഴിഞ്ഞ ദിവസം രാജ്യസഭാ സ്ഥാനാര്‍ഥിത്വത്തിലേക്ക് തന്നെ പരിഗണിക്കാതിരുന്നതും കമല്‍നാഥിനെ നിരാശനാക്കിയിരുന്നു. രാജ്യസഭാ സീറ്റിനുവേണ്ടി നടത്തിയ സമ്മര്‍ദങ്ങള്‍ കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് വകവയ്ക്കാതെ വന്നതോടെ പാര്‍ട്ടിയുമായി കമല്‍നാഥ് പിണക്കത്തിലാണ്. എന്നാല്‍, നെഹ്‌റു കുടുംബവുമായി ഏറ്റവും അടുത്ത ബന്ധം സൂക്ഷിക്കുന്ന കമല്‍നാഥ് കോണ്‍ഗ്രസ് വിടുമെന്ന അഭ്യൂഹം തള്ളി മുതിര്‍ന്ന നേതാവ് ദിഗ്വിജയ് സിങ് രംഗത്തുവന്നിട്ടുണ്ട്.
അതിനിടെ, നവജ്യോത് സിങ് സിദ്ദുവും പാര്‍ട്ടി വിട്ടു ബിജെപിയിലേക്കെന്നും റിപ്പോര്‍ട്ടുകള്‍ പ്രചരിക്കുന്നുണ്ട്. പഞ്ചാബിലെ മുന്‍ പിസിസി അധ്യക്ഷനായ സിദ്ദുവും കോണ്‍ഗ്രസിലെ മൂന്നു എംഎല്‍എമാരും അടുത്ത ആഴ്ചയോടെ പാര്‍ട്ടി വിട്ടേക്കുമെന്നാണ് അദ്ദേഹവുമായി അടുത്ത വൃത്തങ്ങള്‍ പറയുന്നത്.
പാര്‍ട്ടിയുടെ സംസ്ഥാന നേതൃത്വത്തെ ധിക്കരിച്ച് സമാന്തര യോഗങ്ങളും റാലികളും സംഘടിപ്പിച്ചതിനു സിദ്ദുവിനെതിരെ നേതാക്കള്‍ ഹൈക്കമാന്‍ഡിനു പരാതി നല്‍കിയിരുന്നു. പാര്‍ട്ടി പരിപാടികളുമായി സഹകരിക്കണമെന്ന് ആവശ്യപ്പെട്ടിട്ടും അടുത്തിടെയായി സിദ്ദുവിന്റെ സഹകരണമുണ്ടാകില്ലെന്നു മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കള്‍ പറയുന്നു. കര്‍ഷക പ്രക്ഷോഭവുമായി ബന്ധപ്പെട്ട് ഇന്ന് ഉച്ചയ്ക്ക് 12.15നു സിദ്ദു വാര്‍ത്താസമ്മേളനം വിളിച്ചിട്ടുണ്ട്. വാര്‍ത്താസമ്മേളനത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിടുമെന്നാണു വിവരം.
മറ്റൊരു മുതിര്‍ന്ന നേതാവായിരുന്ന മനീഷ് തിവാരിയും പാര്‍ട്ടി വിടുന്നതായി റിപ്പോര്‍ട്ടുണ്ട്. തിവാരി ബി.ജെ.പി നേതാക്കളുമായി ചര്‍ച്ച നടത്തിയെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.പഞ്ചാബിലെ ലുധിയാനയില്‍ നിന്ന് അദ്ദേഹം ബി.ജെ.പി ടിക്കറ്റില്‍ മത്സരിക്കുന്നു എന്നൊക്കെയാണ് വാര്‍ത്തകള്‍ പ്രചരിക്കുന്നത്. അതേസമയം, അദ്ദേഹത്തിന്റെ ഓഫിസ് ഇക്കാര്യം നിഷേധിച്ചിട്ടുണ്ട്.
മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളും മുന്‍ എം.എല്‍.എമാരും പാര്‍ട്ടി വിട്ട് ബി.ജെ.പിയില്‍ ചേരുന്നത് കോണ്‍ഗ്രസിനെ വിഷമസന്ധിയിലാക്കിയിട്ടുണ്ട്. മുന്‍ എം.എല്‍.എ ദിനേഷ് അഹിര്‍വാര്‍, വിധിഷ ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി അധ്യക്ഷന്‍ രാകേഷ് കട്ടാരെ എന്നിവര്‍ കഴിഞ്ഞ ആഴ്ച പാര്‍ട്ടി വിട്ട് ബി.ജെ.പിയില്‍ ചേര്‍ന്നിരുന്നു. മഹാരാഷ്ട്രാ മുന്‍ മുഖ്യമന്ത്രിയും പി.സി.സി അധ്യക്ഷനുമായ അശോക് ചവാന്‍, മുംബൈ പ്രദേശ് കോണ്‍ഗ്രസ് അധ്യക്ഷനായിരുന്ന മിലിന്ദ് ദിയോറ തുടങ്ങിയ പ്രമുഖ നേതാക്കള്‍ പാര്‍ട്ടി വിട്ടതിന് പിന്നാലെ കമല്‍നാഥിനെ പോലുള്ള പ്രമുഖ നേതാവ് ബി.ജെ.പി പാളയത്തിലെത്തുന്നത് ലോക്‌സഭാ തെരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തില്‍ കോണ്‍ഗ്രസിനെ കനത്ത പ്രതിസന്ധിയിലാക്കിയേക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."