HOME
DETAILS

റദ്ദാക്കപ്പെടുന്ന ഇന്ത്യയിലെ സിവിൽ സൊസൈറ്റികൾ

  
backup
February 19 2024 | 21:02 PM

civil-societies-in-india-to-be-repealed

ഡോ. സോയ ജോസഫ്

‘ഏകാധിപത്യം ആദ്യം വിഡ്ഢികളെ ആകർഷിക്കുകയും പിന്നീട് സമൂഹത്തിലെ ബുദ്ധിമാന്മാരെ ഞെരുക്കുകയും ചെയ്യും’_ബർട്രാൻ്റ് റസ്സൽ. ഇന്ത്യയിൽ സ്വയം വിഡ്ഢികളെന്ന് ധരിക്കുന്നവർക്കു വേണ്ടത് എറിഞ്ഞുകൊടുത്തിട്ട് ഭരണകൂടം, ചിന്തിക്കുന്ന മനുഷ്യരെ ഞെരുക്കാനുള്ള ശ്രമത്തിലാണ്. ഏതു രാജ്യത്തെയുംപോലെ പൗരസമൂഹം അഥവാ സിവിൽ സൊസൈറ്റി എന്ന ആശയത്തിനും പ്രായോഗികതയ്ക്കും വലിയ പ്രാധാന്യമുള്ള നാടുകൂടിയാണ് ഇന്ത്യ. ജനാധിപത്യ സംവിധാനത്തിൽ പൗരബോധമുള്ള ഒരുകൂട്ടം മനുഷ്യർ രാജ്യത്തെ മുഴുവൻ ജനങ്ങൾക്കും വേണ്ടി സംസാരിക്കാനുണ്ടാകുന്നു എന്നത് എടുത്തു പറയേണ്ട കാര്യമാണ്. അത്തരം ചിന്തിക്കുന്ന മനുഷ്യരെ ഉൾക്കൊള്ളാനും അവർ മുന്നോട്ടുവയ്ക്കുന്ന നിലപാടുകളെയും രാഷ്ട്രീയത്തെയും വിമർശനങ്ങളെയും അതിന്റേതായ രീതിയിൽ സ്വാഗതം ചെയ്യാനുമുള്ള ഭരണകൂട തീരുമാനംകൂടിയാണ് ജനാധിപത്യത്തെ മൂല്യവത്താക്കുന്നത്. നിർഭാഗ്യവശാൽ ഇന്ത്യയെ സംബന്ധിച്ച് പൗരസമൂഹത്തെ വലിയ രീതിയിൽ ഞെരുക്കാനുള്ള ശ്രമമാണ് നടക്കുന്നത്. ഇൗ സമൂഹത്തിൻ്റെ പ്രവർത്തനസ്വാതന്ത്ര്യങ്ങളെ ഭരണകൂട സംവിധാനങ്ങൾപോലും ഉപയോഗിച്ച് വിലയ്ക്കെടുക്കാനുമുള്ള ശ്രമങ്ങൾ വർത്തമാനകാല ഇന്ത്യയിൽ അനുദിനം നടന്നുകൊണ്ടിരിക്കുന്നു.


കഴിഞ്ഞയാഴ്ചയാണ് ഫ്രാൻസിൽ നിന്നുള്ള പ്രശസ്ത പത്രപ്രവർത്തക വനേസ ഡോഗ്നാക് വികാരനിർഭരമായ ഒരു കുറിപ്പ് എഴുതിയത്. ‘ഞാൻ ഇന്ത്യ വിട്ടുപോവുകയാണ്; ആഗ്രഹമുണ്ടായിട്ടല്ല. 25 വർഷമായി ഇന്ത്യ എൻ്റെ രാജ്യമാണ്. ഡൽഹി ഏറ്റവും പ്രിയപ്പെട്ട നഗരമാണ്. മാധ്യമപ്രവർത്തനത്തിൽനിന്ന് പിന്മാറി മറ്റൊരു തൊഴിൽ ചെയ്യാൻ അധികൃതർ എന്നോട് ആവശ്യപ്പെട്ടിരുന്നു. പക്ഷേ ഞാനൊരു മാധ്യമപ്രവർത്തകയാണ്. തൊളിയിക്കപ്പെടാത്ത ആരോപണത്തിൻ്റെ അടിസ്ഥാനത്തിൽ ഇൗ തൊഴിലിൽനിന്ന് പിന്മാറാൻ എനിക്കാവില്ലെന്ന്’ അവർ കുറിപ്പിൽ പറയുന്നു. 25 വർഷമായി ഇന്ത്യയിൽ മാധ്യമപ്രവർത്തനം നടത്തുന്ന വനേസയുടെ ഓവർസീസ് ഓഫ് ഇന്ത്യ കാർഡ് പുതുക്കി നൽകാത്തത് കൊണ്ടാണ് അവർക്ക് ഇന്ത്യ വിട്ടുപോകേണ്ടിവന്നത്. അവർ പത്രപ്രവർത്തനത്തിലൂടെ ദേശവിരുദ്ധ പരാമർശങ്ങൾ നടത്തുന്നു എന്നതാണ് പുതുക്കിക്കൊടുക്കാൻ കഴിയാത്ത കാരണമായി ഭരണകൂടം പറയുന്നത്.


കഴിഞ്ഞ അഞ്ചു വർഷത്തിനിടെ ഇന്ത്യൻ പൗരത്വം ഉപേക്ഷിച്ചവർ 9 ലക്ഷം പേരാണെന്നാണ് 2023 ഓഗസ്റ്റ് പത്താം തീയതി രാജ്യസഭയിൽ ഉന്നയിക്കപ്പെട്ട ചോദ്യത്തിന് മറുപടിയായി കേന്ദ്രമന്ത്രി വി. മുരളീധരൻ പറഞ്ഞത്. അതിൻ്റെ കാരണം സഭയിൽ മുന്നോട്ടുവയ്ക്കാൻ അദ്ദേഹം തയാറായിട്ടുമില്ല. രാജ്യത്തുനിന്ന് ഒരുപാട് ശാസ്ത്രജ്ഞരും എഴുത്തുകാരും വിട്ടുപോകുന്നുണ്ട്. ഒരു കാലത്ത് മറ്റു രാജ്യങ്ങളിൽ നിന്നുള്ള ഇത്തരത്തിലുള്ള മനുഷ്യർക്ക് അഭയം നൽകിയ നാടായിരുന്നു ഇന്ത്യ.


സ്വതന്ത്രമായി പ്രവർത്തിക്കുന്ന സംഘടനകളെയും സ്ഥാപനങ്ങളെയും വ്യക്തികളെയും പലതരത്തിൽ കൂച്ചുവിലങ്ങിടാനും പ്രവർത്തനസ്വാതന്ത്ര്യത്തിന് പരിധി നിശ്ചയിക്കാനും ഭരണകൂടം ഇടപെടലുകൾ നടത്തിക്കൊണ്ടിരിക്കുകയാണ്. കഴിഞ്ഞ 10 വർഷത്തിനിടയിൽ 20600 സന്നദ്ധ സംഘടനകൾക്ക് ലഭിക്കുന്ന വിദേശ ഫണ്ടിങ് കേന്ദ്രം നിർത്തലാക്കിയിട്ടുണ്ട്. എഫ്.സി.ആർ.എ ആക്ടിന്റെ ഭേദഗതി പ്രകാരം പലതരത്തിലുള്ള നിയമവിലക്കുകളും സൃഷ്ടിച്ചുകൊണ്ട് രാജ്യത്തെ സാധാരണക്കാർക്കിടയിലും പാവപ്പെട്ടവനുവേണ്ടിയും പ്രവർത്തിക്കുന്ന മനുഷ്യസ്നേഹികളായ ധാരാളം എൻ.ജി.ഒകൾ ഒറ്റയടിക്ക് കശാപ്പ് ചെയ്യുന്ന തീരുമാനത്തിലേക്ക് സർക്കാർ പോയിക്കൊണ്ടിരിക്കുകയാണ്. ഫണ്ട് സ്വീകരിക്കുന്നതിന്റെ കണക്കുകൾ കൃത്യമായി നൽകുകയും ചെലവഴിക്കുന്നതിന്റെ രേഖകൾ സമർപ്പിക്കുകയും ചെയ്യുന്ന സന്നദ്ധ സംഘടനകളെക്കൂടി വിലക്കുന്ന രീതിയാണ് ഭരണകൂടം തുടരുന്നത്. അത്തരം സംഘടനകളുടെ കാര്യത്തിൽ സർക്കാർ മുന്നോട്ടുവയ്ക്കുന്ന കാരണം അവരുടെ പ്രവർത്തനങ്ങൾ പലപ്പോഴും പൊതു താൽപര്യത്തെയും ദേശസുരക്ഷയും ബാധിക്കുന്നു എന്നതാണ്. എന്താണ് ഈ രാജ്യത്തിൻ്റെ പൊതു താൽപര്യമെന്നും എങ്ങനെയാണ് സന്നദ്ധ പ്രവർത്തനങ്ങൾ ദേശസുരക്ഷയെ ബാധിക്കുന്നതെന്നും വ്യക്തമാക്കാൻ ഭരണകൂടത്തിന് സാധിക്കുന്നുമില്ല. ഇന്ത്യയുടെ ഇന്നത്തെ ജനാധിപത്യ സാഹചര്യത്തിൽ കൃത്യമായി വിവക്ഷിക്കാൻ കഴിയാത്ത രണ്ടു വാക്കുകളായി പൊതുതാൽപര്യവും ദേശസുരക്ഷയും മാറിയിരിക്കുന്നെന്ന് പൗരസമൂഹം മനസിലാക്കേണ്ടിയിരിക്കുന്നു.


തീസ്ത സെതൽവാദ് നേതൃത്വം നൽകുന്ന സംബ്രഗ് എന്ന സംഘടനയെ ഇത്തരത്തിൽ വിലക്കിയിരിക്കുകയാണ്. നിയമം മാത്രമല്ല പലപ്പോഴും രാഷ്ട്രീയ വൈരാഗ്യവും സംഘടനകൾക്കെതിരേ പ്രവർത്തിക്കുന്നുണ്ട്. സബ്രംഗ് പ്രധാനമായും നേതൃത്വം കൊടുക്കുന്നത് ഗോധ്ര കലാപത്തിലെ ഇരകളെ സഹായിക്കുന്നതിലും പുനരധിവസിപ്പിക്കുന്നതിലുമാണ്. സാമൂഹിക ഐക്യം തകർക്കുന്നെന്ന പേരിലാണ് വിലക്ക് ഏർപ്പെടുത്തിയിരിക്കുന്നത്. അതുപോലെ ഇന്ദിര ജെയ്സിങ്ങിന്റെ നേതൃത്വത്തിലുള്ള സന്നദ്ധ സംഘടനയെ ആറുമാസത്തേക്ക് സസ്പെൻഡ് ചെയ്തു. ഇൗ സംഘടനയുടെ പ്രവർത്തന പങ്കാളിയായ അശോക് ഗ്രോവർ അമിത് ഷാ പ്രതിയായിട്ടുള്ള സെഹറാബുദ്ദീൻ വ്യാജ ഏറ്റുമുട്ടൽ കേസിൽ സഞ്ജീവ് ബട്ട് ഉൾപ്പെടെയുള്ളവർക്കുവേണ്ടി ഹാജരായ അഭിഭാഷകനായിരുന്നു.


ഇന്ത്യയിൽ യാതൊരു ലാഭേച്ഛയുമില്ലാതെ പ്രവർത്തിക്കുന്ന ആംനെസ്റ്റി ഇൻ്റർനാഷണൽ, ഗ്രീൻപീസ് ഇന്ത്യാ, പീപ്പിൾസ് വാച്ച് ഉൾപ്പെടെയുള്ള സംഘടനകൾക്ക് പ്രവർത്തന നിരോധനം ഏർപ്പെടുത്തി ഭരണകൂടം മുന്നോട്ടു പോവുകയാണ്. എന്നാൽ സംഘ്പരിവാർ ആശയങ്ങൾ പിന്താങ്ങുന്ന വിജ്ഞാന ഭാരതി എന്ന സംഘടനയ്ക്ക് മിനിസ്ട്രി ഓഫ് സയൻസ് ആൻഡ് ടെക്നോളജി മൂന്നുകോടി രൂപ ശാസ്ത്രപ്രദർശനത്തിന് അനുവദിക്കുകയും ചെയ്തു. സേവ് ദ ചിൽഡ്രൻ ഇന്ത്യ, സൈറ്റ്സേവർ ഇന്ത്യ തുടങ്ങിയ സംഘടനകൾ ഇന്ത്യയ്ക്ക് അകത്തുനിന്ന് സഹായങ്ങൾ സ്വീകരിക്കുന്നതിനെയും വിലക്കിയിരിക്കുന്നു.


ഒരു രാജ്യത്തിന്റെ പ്രതിപക്ഷത്തോടൊപ്പം ചേർത്തുവായിക്കേണ്ട പേരാണ് പൗരസമൂഹം. പൗര സമൂഹത്തിൻ്റെ ഭാഗമായിട്ടുള്ള സ്വതന്ത്ര മാധ്യമപ്രവർത്തകർ, സാമൂഹിക പ്രവർത്തകർ, സന്നദ്ധ സംഘടനകൾ ഉൾപ്പെടെയുള്ള ജനാധിപത്യത്തിന്റെ മറ്റൊരു തൂണിനെ ഇല്ലാതാക്കാൻ സംഘ്പരിവാർ ഭരണകൂടം ബോധപൂർവം ശ്രമം നടത്തുകയാണ്. ഇന്ത്യപോലെയുള്ള ഒരു ജനാധിപത്യ, മതേതര രാജ്യത്തെ സാമൂഹിക മൂല്യങ്ങളിൽ നിലനിർത്തുന്നതിൽ വലിയ പങ്ക് പൗരസമൂഹത്തിനുണ്ട്. മനുഷ്യത്വവിരുദ്ധ, സ്ത്രീവിരുദ്ധ, ന്യൂനപക്ഷ വിരുദ്ധ നിയമങ്ങളും നയങ്ങളും ഭരണകൂടം രൂപീകരിക്കുമ്പോൾ ഒരു ലാഭേച്ഛയുമില്ലാതെ മനുഷ്യരോടൊപ്പം ചേർന്നുനിൽക്കുകയെന്ന രാഷ്ട്രീയമാണ് സിവിൽ സൊസൈറ്റികൾ സ്വീകരിച്ചത്. രാജ്യത്തിൻ്റെ സമഭാവനയെ എല്ലാ കാലത്തും ഊട്ടിയുറപ്പിച്ചിട്ടുള്ള ഇൗ സമൂഹത്തിന് വലിയ പ്രാധാന്യം നമ്മുടെ സാമൂഹിക സാഹചര്യത്തിലുണ്ട്. പൗരസമൂഹം നിലനിൽക്കുന്നത് പലപ്പോഴും ഇത്തരത്തിലുള്ള സംഘടനകൾ മുഖേനയും സാമൂഹിക പ്രവർത്തനങ്ങളുടെ അടിത്തറയിലുമാണ്.


വിദേശയാത്രകൾ നടത്തി നിക്ഷേപം പ്രോത്സാഹിപ്പിക്കുന്നതിന്റെ ആവശ്യകത പറഞ്ഞുകൊണ്ട് മോദി മുന്നോട്ടുപോകുമ്പോൾ ഈ രാജ്യത്തെ അധഃസ്ഥിത മനുഷ്യരെ സഹായിക്കുന്ന എൻ.ജി.ഒകൾ വഴിയുള്ള വിദേശ നിക്ഷേപത്തെ പ്രവർത്തനരഹിതമാക്കാൻ മുൻകൈയെടുക്കുകയും ചെയ്യുന്നു. സാമ്പത്തിക മാന്ദ്യമുണ്ടാക്കിയ കൊവിഡ് ഉൾപ്പെടെയുള്ള കാലത്ത് ഈ സന്നദ്ധ സംഘടനകൾ ഇന്ത്യയുടെ സാമൂഹിക സാഹചര്യത്തിലെ പ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിച്ചിട്ടുള്ളവയാണ്.


സർക്കാരിന്റെ ഏറ്റവും വലിയ വിമർശകനായിരുന്ന കാർട്ടൂണിസ്റ്റ് ആർ. ശങ്കറിനോട് നിങ്ങളെന്നെ ഒരിക്കലും വിമർശനത്തിൽനിന്ന് ഒഴിവാക്കരുതെന്ന് പറഞ്ഞിരുന്ന ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രി നെഹ്റുവിൽനിന്ന് സർക്കാരിനെതിരേ വിമർശനങ്ങൾ ഉന്നയിക്കുമ്പോൾ അത് ദേശവിരുദ്ധമാണെന്ന് പ്രഖ്യാപിക്കുകയും പറയുന്നവരുടെ പ്രവർത്തനങ്ങളെ റദ്ദാക്കുകയും നിരോധിക്കുകയും ചെയ്യുന്ന അസഹിഷ്ണുതയുടെ രാഷ്ട്രീയത്തിലേക്ക് ജനാധിപത്യ ഇന്ത്യ കൂപ്പുകുത്തിയിരിക്കുന്നു. രാഷ്ട്രീയ മണ്ഡലത്തിൽ നിരോധിക്കപ്പെട്ട പല പ്രത്യയശാസ്ത്രങ്ങളുമാണ് ഇന്ന് ഈ രാജ്യത്തിൻ്റെ പൗരസമൂഹത്തെ റദ്ദുചെയ്യാനും നിരോധിക്കാനും ശ്രമിച്ചുകൊണ്ടിരിക്കുന്നതെന്ന വിരോധാഭാസം മറുഭാഗത്തുണ്ട്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പോസ്റ്റല്‍ വോട്ടുകള്‍ എണ്ണുന്നു; ആദ്യ ലീഡ് ചേലക്കരയില്‍ എല്‍.ഡി.എഫ്, പാലക്കാട്ട് കൃഷ്ണകുമാര്‍, വയനാട്ടില്‍ പ്രിയങ്ക കുതിപ്പ്

Kerala
  •  21 days ago
No Image

പാര്‍ലമെന്റ് സമ്മേളനത്തിന് തിങ്കളാഴ്ച തുടക്കം; വഖഫ് ബില്‍, അദാനി, മണിപ്പൂര്‍... ചര്‍ച്ചക്ക് വിഷയങ്ങളേറെ 

National
  •  21 days ago
No Image

വോട്ടെണ്ണി തുടങ്ങി, വയനാട്, പാലക്കാട്.ചേലക്കര ആര്‍ക്കൊപ്പം?;മഹാരാഷ്ട്രയിലും ജാര്‍ഖണ്ഡിലും 'ഇന്‍ഡ്യ' തിളങ്ങുമോ? അറിയാന്‍ ഇനി മണിക്കൂറുകള്‍

Kerala
  •  21 days ago
No Image

വൈദ്യുതി നിരക്ക് വർധന ആവശ്യപ്പെട്ട് കെ.എസ്.ഇ.ബി

Kerala
  •  21 days ago
No Image

കോഴിക്കോട് യുവാവിനെ തട്ടിക്കൊണ്ടുപോയി മര്‍ദിച്ച രണ്ട് പേര്‍ പിടിയില്‍

Kerala
  •  21 days ago
No Image

ഹജ്ജ് 2025; കൂടുതൽ തീർഥാടകർ മലപ്പുറത്ത് നിന്ന്

Kerala
  •  21 days ago
No Image

 മെസിയെ പരിശീലിപ്പിക്കാൻ ഇനി മഷറാനോ! മുന്‍ പ്രതിരോധക്കാരന്‍ ഇന്റര്‍ മയാമി കോച്ച്

Football
  •  21 days ago
No Image

മണിപ്പൂർ കലാപം; 10,000 സൈനികരെ കൂടി അയക്കാൻ കേന്ദ്രം

latest
  •  21 days ago
No Image

ഷാര്‍ജയിൽ റോഡ് നിയമങ്ങള്‍ പാലിക്കാത്തവരെ പിടികൂടാന്‍ പുതിയ സ്മാര്‍ട് ക്യാമറകള്‍ സ്ഥാപിക്കും 

uae
  •  21 days ago
No Image

ഉഗ്രശബ്ദവും നിയമവിരുദ്ധവുമായ രൂപമാറ്റവും; 12019 വാഹനങ്ങൾക്ക് പിഴ ചുമത്തി ദുബൈ

uae
  •  21 days ago