യുഎഇയില്‍ ഫണ്ട് ഇന്‍വെസ്റ്റ്‌മെന്റ് മാനേജ്‌മെന്റ് പദ്ധതിയുമായി ബര്‍ജീല്‍ ജിയോജിത്
ദുബൈ: ഇന്‍വെസ്റ്റ്‌മെന്റ് ഫണ്ടുകളുടെ നിക്ഷേപം കൈകാര്യം ചെയ്യാനായി സെക്യൂരിറ്റീസ് ആന്‍ഡ് കമ്മോഡിറ്റീസ് അഥോറിറ്റിയി(എസ്‌സിഎ)ല്‍ നിന്ന് ലൈസന്‍സ് നേടിയ യുഎഇയിലെ ആദ്യ കമ്പനികളിലൊന്നാണ് ബര്‍ജീല്‍ ജിയോജിത് ഫിനാന്‍ഷ്യല്‍ സര്‍വീസസ്. യുഎഇയില്‍ സാമ്പത്തിക ഉല്‍പന്നങ്ങളും സേവനങ്ങളും പ്രോത്സാഹിപ്പിക്കുന്നതില്‍ ഖ്യാതിയുള്ള ബര്‍ജീല്‍ ജിയോജിത് ഇപ്പോള്‍ വളര്‍ച്ചക്കും വൈവിധ്യവത്കരണത്തിനുമുള്ള അടുത്ത ഘട്ടമായി ഫണ്ട് ഇന്‍വെസ്റ്റ്‌മെന്റ് മാനേജ്‌മെന്റിലേക്ക് പ്രവേശിക്കുകയാണെന്ന് ബര്‍ജീല്‍ ജിയോജിത് ഫിനാന്‍ഷ്യല്‍ സര്‍വീസസ് എല്‍എല്‍സി ചെയര്‍മാന്‍ ശൈഖ് സുല്‍ത്താന്‍ ബിന്‍ സുഊദ് അല്‍ ഖാസിമി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
2001ല്‍ സ്ഥാപിതമായ ബര്‍ജീല്‍ ജിയോജിത്, സ്റ്റോക്കുകള്‍, മ്യൂച്വല്‍ ഫണ്ടുകള്‍ എന്നിവയും സമാനമായ വിവിധ അസറ്റ് ക്‌ളാസുകളിലുടനീളമുള്ള നിക്ഷേപങ്ങളും കൈകാര്യം ചെയ്യാന്‍ യുഎഇ നിവാസികളെ സഹായിക്കുന്നു. 50,000ത്തോളം ഉപയോക്താക്കള്‍ക്ക് ആഗോള, ഇന്ത്യന്‍ വിപണികളില്‍ നിക്ഷേപ ഓപ്ഷനുകള്‍ നല്‍കുകയും, പ്രൊഫഷണല്‍ മാര്‍ഗനിര്‍ദേശവും വ്യക്തിഗത സേവനങ്ങളും പ്രദാനം ചെയ്യുകയും ചെയ്യുന്നു. കഴിഞ്ഞ രണ്ട് പതിറ്റാണ്ടായി വിവിധ മുന്‍നിര ഫണ്ട് ഹൗസുകളുടെ മുന്‍ഗണനാ പങ്കാളിയായി ബര്‍ജീല്‍ ജിയോജിത് മാറിയിരിക്കുന്നു.
പ്രാദേശിക അവസരങ്ങള്‍ വിപുലീകരിക്കാന്‍ ലക്ഷ്യമിട്ടുള്ള സെക്യൂരിറ്റീസ് ആന്റ് കമ്മോഡിറ്റീസ് അഥോറിറ്റിയുടെ ഉദ്യമത്തിനെ ബര്‍ജീല്‍ ജിയോജിത് പിന്തുണക്കുന്നു. രാജ്യത്തിന്റെ വളര്‍ച്ച്ക്ക് സംഭാവന നല്‍കാനും വിപണിയില്‍ ദീര്‍ഘകാല സാന്നിധ്യം സ്ഥാപിക്കാനും കമ്പനി പ്രതിജ്ഞാബദ്ധമാണ്.
ഇക്വിറ്റി ഫണ്ടുകള്‍, ഡെറ്റ് ഫണ്ടുകള്‍, റിയല്‍ എസ്റ്റേറ്റ് ഫണ്ടുകള്‍ എന്നിവയുള്‍പ്പെടെ വിവിധ നിക്ഷേപ വിഭാഗങ്ങള്‍ക്കായി വ്യത്യസ്ത തരം ഫണ്ടുകള്‍ വിപണിയിലെ ഡിമാന്‍ഡും നിക്ഷേപ ആവശ്യങ്ങളും അടിസ്ഥാനമാക്കി അവതരിപ്പിക്കാന്‍ ബര്‍ജീല്‍ ജിയോജിത് പദ്ധതിയിടുന്നു. ഹ്യൂമന്‍ റിസോഴ്‌സസ് ആന്‍ഡ് എമിറേറ്റൈസേഷന്‍ മന്ത്രാലയം അടുത്തിടെ പ്രഖ്യാപിച്ച എന്‍ഡ് ഓഫ് സര്‍വീസ് ബെനിഫിറ്റ് ഫണ്ടുകളിലേക്ക് പ്രവേശിക്കാനും ബര്‍ജീല്‍ ഉദ്ദേശിക്കുന്നു.
ഇന്ത്യ കേന്ദ്രീകൃതമായ ഒരു 'ഫണ്ട് ഓഫ് ഫണ്ട്' (എഫ്ഒഎഫ്) ആരംഭിച്ച് കമ്പനി അതിന്റെ ഇന്‍വെസ്റ്റ്‌മെന്റ് ഫണ്ട് മാനേജ്‌മെന്റ് പ്രവര്‍ത്തനം തുടങ്ങുകയാണ്. ഈ എഫ്ഒഎഫില്‍ ശ്രദ്ധാപൂര്‍വം തെരഞ്ഞെടുത്ത നിലവിലുള്ള ഫണ്ടുകള്‍ ഉള്‍ക്കൊള്ളുന്നു. ഇത് യുഎഇ നിക്ഷേപകരെ ഇന്ത്യന്‍ മൂലധന വിപണികളില്‍ നിന്നുള്ള നേട്ടം പ്രയോജനപ്പെടുത്താന്‍ സഹായിക്കുന്നു.
ലോകത്തിലെ ഏറ്റവും വേഗത്തില്‍ വളരുന്ന സമ്പദ് വ്യവസ്ഥകളിലൊന്നായ ഇന്ത്യ, യുഎഇ നിക്ഷേപകര്‍ക്ക് മികച്ച വളര്‍ച്ചാ സാധ്യത വാഗ്ദാനം ചെയ്യുന്നു. ഇന്ത്യന്‍ വിപണികളിലെ വ്യത്യസ്ത മേഖലകളിലുടനീളം മികച്ച പ്രകടനം നടത്തുന്ന ഫണ്ടുകള്‍ ഉള്‍ക്കൊള്ളുന്ന ഒരൊറ്റ ഫണ്ടില്‍ നിക്ഷേപിക്കുന്നതിലൂടെ, നിക്ഷേപകര്‍ക്ക് ഇന്ത്യയുടെ വളര്‍ച്ചാ പാതയില്‍ നിന്ന് നേട്ടമുണ്ടാക്കാനാകും.
യുഎഇയെ ഒരു സാമ്പത്തിക ശക്തിയായി മാറ്റാനുള്ള ശ്രമത്തില്‍ ബര്‍ജീല്‍ ജിയോജിത് നിര്‍ണായക പങ്ക് വഹിക്കുമെന്നതില്‍ സന്തോഷമുണ്ടെന്ന് ശൈഖ് സുല്‍ത്താന്‍ പറഞ്ഞു. സാങ്കേതികവിദ്യ, ഡിജിറ്റലൈസേഷന്‍, ഊര്‍ജം, ആഗോള ഓഫ് ഷോറിംഗ് തുടങ്ങിയ മേഖലകളില്‍ യുഎഇ അതിവേഗം മുന്നേറുകയാണ്. ഇതിനനുസൃതമായി അംബ്രല്ല ഫണ്ടുകള്‍, ഫാമിലി ഫണ്ടുകള്‍, ഇഎസ്ജി ഫണ്ടുകള്‍, റിയല്‍ എസ്റ്റേറ്റ് ഫണ്ടുകള്‍, കമ്മോഡിറ്റീസ് ഇന്‍വെസ്റ്റ്‌മെന്റ് ഫണ്ടുകള്‍ എന്നിങ്ങനെ വിവിധ പുതിയ ഫണ്ട് ഘടനകള്‍ അവതരിപ്പിച്ച് സെക്യൂരിറ്റീസ് ആന്‍ഡ് കമ്മോഡിറ്റീസ് അഥോറിറ്റി സുപ്രധാന പരിഷ്‌കരണം ആരംഭിച്ചുവെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
ബര്‍ജീല്‍ ജിയോജിത്തിന്റെ വിപുലമായ ചരിത്രം, പ്രവര്‍ത്തന പശ്ചാത്തലം, ശക്തമായ ബ്രാന്‍ഡിംഗ്, നിക്ഷേപകരുമായുള്ള മികച്ച ബന്ധങ്ങള്‍ എന്നിവ കൈമുതലാക്കി നിരവധി ഫണ്ടുകള്‍ പുറത്തിറക്കാന്‍ സാധിക്കുമെന്ന് മാനേജിംഗ് ഡയറക്ടര്‍ സി.ജെ ജോര്‍ജ് പറഞ്ഞു. സമീപ ഭാവിയില്‍ യുഎഇയിലെയും ജിസിസിയിലെയും മുഴുവന്‍ നിക്ഷേപ സമൂഹത്തിനും ഇത് പ്രയോജനപ്പെടും. ഗുജറാത്തില്‍ ജിയോജിത് ഓഫീസ് തുറക്കുന്നതോടെ, വിവിധ സാമ്പത്തിക സേവനങ്ങളും അന്താരാഷ്ട്ര സഹകരണത്തിനും പങ്കാളിത്തത്തിനുമുള്ള അവസരങ്ങളും വാഗ്ദാനം ചെയ്യാന്‍ ബര്‍ജീലും ജിയോജിത്തും ലക്ഷ്യമിടുന്നതായി അദ്ദേഹം വ്യക്തമാക്കി.
നിക്ഷേപകരും പങ്കാളികളും റെഗുലേറ്റര്‍മാരും തങ്ങളില്‍ അര്‍പ്പിക്കുന്ന വിശ്വാസത്തെ പ്രകീര്‍ത്തിച്ച് 5 ട്രില്യണ്‍ ഡോളര്‍ സമ്പദ് വ്യവസ്ഥയിലേക്കുള്ള ഇന്ത്യയുടെ യാത്രക്കിടയില്‍ ബര്‍ജീല്‍ ജിയോജിത്തിന്റെ ഇന്ത്യ കേന്ദ്രീകൃത ഫണ്ടിന്റെ വളര്‍ച്ചാ സാധ്യതകളെ കുറിച്ച് ബര്‍ജീല്‍ ജിയോജിത് ഡയറക്ടര്‍ കെ.വി ഷംസുദ്ദീന്‍ ഊന്നിപ്പറഞ്ഞു.
''പ്രാദേശിക ഇന്‍വെസ്റ്റ്‌മെന്റ് ഫണ്ടുകളിലൂടെ സാമ്പത്തിക നേട്ടങ്ങളുടെ പുതിയ ലോകത്തേക്ക് ചുവടു വെക്കുമ്പോള്‍ സമ്പത്ത് കെട്ടിപ്പടുക്കാനുള്ള അവരുടെ യാത്രയില്‍ പ്രധാന സഹായിയാവുക എന്നതാണ് ഞങ്ങളുടെ ലക്ഷ്യം'' -സിഇഒ കൃഷ്ണന്‍ രാമചന്ദ്രന്‍ ചൂണ്ടിക്കാട്ടി.
ഏഷ്യ, മിഡില്‍ ഈസ്റ്റ്, യൂറോപ്, യുഎസ് എന്നിവയുള്‍പ്പെടെ വൈവിധ്യമാര്‍ന്ന ആഗോള വിപണികളെ ലക്ഷ്യമിടുന്നതാണ് വരാനിരിക്കുന്ന ഉദ്യമങ്ങള്‍. ഇതിലൂടെ, നിക്ഷേപകര്‍ക്ക് മികച്ച വരുമാനം വാഗ്ദാനം ചെയ്യുന്ന ഉയര്‍ന്ന നിലവാരമുള്ള നിക്ഷേപങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ ബര്‍ജീല്‍ ജിയോജിത് ലക്ഷ്യമിടുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."