വരുംതലമുറ തെറ്റാതെ ഭാഷയെഴുതാന്‍ ശീലിക്കണം: ഡോ. എം ലീലാവതി
ഗുരുവായൂര്‍: പ്രകൃതിയുടെ പുത്രിയാണ് ഭാഷ എന്ന് ഡോ. എം.ലീലാവതി അഭിപ്രായപ്പെട്ടു. ഭാഷ തെറ്റി പ്രയോഗിക്കുന്നവരാണ് ഇപ്പോള്‍ അധികവും. വരുംതലമുറ തെറ്റാതെ ഭാഷ എഴുതാന്‍ ശീലിക്കണമെന്ന് അവര്‍ പറഞ്ഞു. സമസ്ത കേരള സാഹിത്യപരിഷത്തിന്റെ നവതി ആഘോഷങ്ങളുടെ ഭാഗമായി, സാഹിത്യപരിഷത്തും അങ്കണം സാംസ്‌കാരികവേദിയും സംയുക്തമായി സംഘടിപ്പിക്കുന്ന നവതി കലാലയ പ്രഭാഷണ പരമ്പരയുടെ സംസ്ഥാനതല ഉദ്ഘാടനം ഗുരുവായൂര്‍ ലിറ്റില്‍ ഫ്‌ളവര്‍ കോളജില്‍ നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു ഡോ. എം.ലീലാവതി.
ഭാഷയും സംസ്‌കാരവും ഉണ്ടാക്കിയ പുരോഗതി പറഞ്ഞറിയിക്കാന്‍ കഴിയാത്ത അത്രയും വലുതാണ്. ഭാഷണം പലപ്പോഴും ക്ഷണികവും എഴുത്ത് കലാതിവര്‍ത്തിയുമാണ്. തെറ്റായ ഭാഷ പ്രചരിപ്പിക്കുന്നതില്‍ മാധ്യമങ്ങള്‍ക്കുള്ള പങ്കും അവര്‍ എടുത്തുപറഞ്ഞു.
പ്രമുഖ എഴുത്തുകാരന്‍ സി.രാധാകൃഷ്ണന്‍ അധ്യക്ഷനായി. ഭാഷയും സാഹിത്യവുമാണ് മനുഷ്യനെ സാംസ്‌കാരികമായി വളര്‍ത്തുന്ന സ്ഥാപനങ്ങള്‍ എന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. സാഹിത്യം, വൈകാരികമായ വിദ്യാഭ്യാസം നല്‍കുന്നുവെന്നുകൂടി അദ്ദേഹം പറഞ്ഞു.
പരിഷത്ത് സെക്രട്ടറി രഘുനാഥന്‍ പറളി ആമുഖപ്രഭാഷണം നടത്തി. നിരൂപകന്‍ ബാലചന്ദ്രന്‍ വടക്കേടത്ത്, പ്രിന്‍സിപ്പല്‍ ട്രീസ ഡൊമിനിക്, ഡോ. ടി.എന്‍ വിശ്വംഭരന്‍ എന്നിവര്‍ സംസാരിച്ചു. അങ്കണം ചെയര്‍മാന്‍ ആര്‍.ഐ ഷംസുദ്ദീന്‍ ചടങ്ങിന് സ്വാഗതവും സിസ്റ്റര്‍ വിനീത ജോര്‍ജ്ജ് നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."