ഇ.വി.എമ്മിൽ വിശ്വാസക്കമ്മിഎന്തുകൊണ്ട്?
എ.ജെ.പ്രഭാൽ
2024ലെ തെരഞ്ഞെടുപ്പുകൾ ബാലറ്റ് പേപ്പർ സംവിധാനത്തിലൂടെ നടത്തണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ജനുവരി മുപ്പത്തിയൊന്നിന് ഡൽഹിയിലെ ജന്തർ മന്തറിൽ നടന്ന പ്രതിഷേധത്തിൽ ആയിരക്കണക്കിനു പേരാണ് പങ്കെടുത്തത്. ഇന്ത്യയിലെ തെരഞ്ഞെടുപ്പ് കമ്മിഷൻ ഇലക്ട്രോണിക് വോട്ടിങ് സംവിധാന(ഇ.വി.എസ്)ത്തെ സംരക്ഷിച്ചുള്ള ശക്തമായ പ്രചാരണം ആരംഭിച്ചതോടെയാണ് ഇത്തരം പ്രതിഷേധം. ഇ.വി.എസ് സംവിധാനത്തെ സംബന്ധിച്ചുള്ള പല സംശയങ്ങൾക്കും ചോദ്യങ്ങൾക്കും ശേഷം നാലുവർഷം കഴിഞ്ഞാണ് തെരഞ്ഞെടുപ്പ് കമ്മിഷന്റെ മറുപടി വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കുന്നത്.
‘ഇ.വി.എസ് സംവിധാനത്തിൽ കൺട്രോൾ യൂനിറ്റാണ് കേന്ദ്രസംവിധാനമെന്നും വി.വി.പാറ്റ് ഈ സംവിധാനത്തിലെ അടിമ മാത്രമാണെന്നുമാണ്’ വെബ്സൈറ്റിൽ പറഞ്ഞിരിക്കുന്നത്. സർക്കാരിന്റെ ‘വികസിത് ഭാരത് യാത്ര’യുടെ ഭാഗമായി നിരവധി മെഷീനുകൾ പുറത്തേക്ക് നൽകിയിട്ടുമുണ്ട്. ഇലക്ട്രോണിക് വോട്ടിങ് മെഷീനുകളുടെ പ്രവർത്തനത്തിൽ യാതൊരു അസ്വാഭാവികതയും ഇല്ലെന്ന് ബോധ്യപ്പെടുത്തുന്നതിനാണ് ഇത്തരത്തിൽ ഇ.വി.എമ്മുകൾ പൊതുപരിപാടിയിലേക്ക് നൽകിയിരിക്കുന്നത്.
ഇ.വി.എമ്മും ഇ.വി.എസും
ഇ.വി.എം എന്നത് ഒരൊറ്റ മെഷീനല്ല, മൂന്നു യന്ത്രങ്ങൾ കൂടിച്ചേർന്നൊരു സംവിധാനമാണ്. ബാലറ്റ് യൂനിറ്റ്(ബി.യു), വി.വി.പാറ്റ് (വോട്ടർ വെരിഫൈഡ് പേപ്പർ ഓഡിറ്റ് ട്രയൽ), സി.യു എന്ന കൺട്രോൾ യൂനിറ്റ് ഇവ മൂന്നും കൂടിച്ചേർന്നതാണ് ഇ.വി.എം. പട്ടികയിലുള്ള സ്ഥാനാർഥികളും അവരുടെ ചിഹ്നങ്ങളും അവയ്ക്ക് നേരെയുള്ള ബട്ടണുകളും ഉൾപ്പെടുന്ന യന്ത്രമാണ് ബാലറ്റ് യൂണിറ്റ്. ഇതിലെ ബട്ടണുകളിലാണ് വോട്ടർമാർ തങ്ങളുടെ വോട്ടു രേഖപ്പെടുത്തുന്നത്. 2019 മുതൽ ഇ.വി.എമ്മിൽ ഒരു വി.വി. പാറ്റ് ഘടകം കൂട്ടിച്ചേർത്തുകൊണ്ടാണ് പ്രവർത്തിക്കുന്നത്.
ബാലറ്റ് യൂനിറ്റിൽനിന്ന് സിഗ്നൽ സ്വീകരിക്കുകയും ഒരു വ്യക്തി ആർക്കാണോ വോട്ട് ചെയ്തത്, ആ ചിഹ്നം പ്രിന്റ് ചെയ്യുന്ന സംവിധാനമാണു വി.വി. പാറ്റിനുള്ളത്. ഏഴ് സെക്കൻഡ് നേരത്തേക്ക് ഇത് വോട്ടർക്ക് കാണാനാകും. തങ്ങളുദ്ദേശിച്ച ചിഹ്നം തന്നെയാണോ രേഖപ്പെടുത്തിയത് എന്ന് പരിശോധിക്കാൻ വോട്ടർമാരെ ഇത് സഹായിക്കുന്നു. ഈ സിഗ്നൽ പിന്നീട് കൺട്രോൾ യൂണിറ്റിലേക്ക് നീങ്ങുന്നതോടെ വോട്ടെണ്ണലിനുള്ള വോട്ട് രേഖപ്പെടുത്തപ്പെടുന്നു.
എന്നാൽ, തെരഞ്ഞെടുപ്പ് കമ്മിഷന്റെ വിശദീകരണത്തിൽനിന്ന് വ്യക്തമാകുന്നത് ബാലറ്റ് യൂനിറ്റിൽനിന്ന് വോട്ട് ചെയ്ത സിഗ്നൽ പോകുന്നത് കൺട്രോൾ യൂനിറ്റിലേക്കാണെന്നും അവിടെ നിന്നാണ് വി.വി. പാറ്റിലേക്ക് വോട്ട് ചെയ്ത സിഗ്നൽ വരുന്നത് എന്നുമാണ്. അഥവാ, കൺട്രോൾ യൂനിറ്റ് എന്താണ് തങ്ങളുടെ വോട്ടായി ശേഖരിച്ചതെന്ന് ഉറപ്പുവരുത്താനുള്ള സാഹചര്യം വോട്ടർമാർക്കില്ലെന്നും സാരം. കൺട്രോൾ യൂനിറ്റിലുള്ള ചിപ്പിനോ മൈക്രോപ്രോസസ്സറിനോ യഥാർഥത്തിൽ രേഖപ്പെടുത്തിയ വോട്ടിന്റെ സിഗ്നൽ വി.വി. പാറ്റിലേക്ക് അയക്കാനും മറ്റൊരു വ്യത്യസ്ത സിഗ്നൽ വോട്ടെണ്ണലിനുവേണ്ടി ശേഖരിക്കാനും സാധിക്കുമോ എന്ന സംശയം അപ്പോഴും ബാക്കിയാവുകയാണ്.
ഇതറിയാനുള്ള ഒരു മാർഗവും വോട്ടർമാർക്കു മുമ്പിലില്ല. രേഖപ്പെടുത്തുന്ന വോട്ടുകളിലെ എല്ലാ മൂന്നാമത്തെയോ അഞ്ചാമത്തെയോ വോട്ടുകൾ ഏതെങ്കിലും ഒരു പ്രത്യേക പാർട്ടിക്കു മാത്രമായി രേഖപ്പെടുത്തപ്പെടുന്ന വിധത്തിൽ കൺട്രോൾ യൂനിറ്റിനെയും വി.വി. പാറ്റിനെയും പ്രോഗ്രാം ചെയ്യാൻ സാധിക്കുമോ? കൺട്രോൾ യൂനിറ്റിനെ തന്നെ കബളിപ്പിക്കാൻ പറ്റുമോ എന്ന സംശയങ്ങളും പൊതുസമൂഹത്തിനിടയിലുണ്ട്.
വിശ്വാസ്യത എവിടെ?
ഏതു തെരഞ്ഞെടുപ്പിന്റെയും മൗലികത ആ സംവിധാനത്തിന്മേലുള്ള വിശ്വാസമാണ്. തങ്ങളുടെ വോട്ട് രഹസ്യമായിരിക്കുമെന്നും അത് രേഖപ്പെടുത്തപ്പെടുകയും വോട്ടായി എണ്ണപ്പെടുമെന്നുമുള്ള ബോധ്യം വോട്ടർമാർക്കുണ്ടായിരിക്കണം. ഈ സംവിധാനത്തിന്റെ കൃത്യതയിൽ നിന്നുകൊണ്ടുതന്നെ മറ്റു വിദഗ്ധരുടെയോ അധികാരികളുടെയോ സഹായമില്ലാതെ തന്റെ വോട്ട് രേഖപ്പെടുത്തപ്പെട്ടിട്ടുണ്ട് എന്ന് ഉറപ്പാക്കാനുള്ള സൗകര്യവും വോട്ടർക്ക് ലഭിക്കേണ്ടതുണ്ട്. ഈ പറഞ്ഞ നിബന്ധനകളെല്ലാം പഴുതുകളില്ലാതെ പൂർത്തീകരിക്കപ്പെടണമെങ്കിൽ ഇ.വി.എമ്മുകൾ ഉപയോഗിക്കാൻ പാടില്ലെന്നാണ് 2009ൽ ജർമ്മനിയുടെ പരമോന്നത നീതിപീഠം പ്രഖ്യാപിച്ചത്.
കൂടാതെ, ഇനി ഏതെങ്കിലും വിധത്തിൽ സംശയമുണ്ടാകുന്ന സാഹചര്യത്തിൽ തന്റെ വോട്ട് മറ്റൊരു അധികാരശ്രേണിയുടെയും സഹായമില്ലാതെ റദ്ദാക്കാനുള്ള സാഹചര്യവും ഒരു വോട്ടർക്കുണ്ടായിരിക്കേണ്ടതാണ്. ഇന്ത്യയിലാവട്ടെ, വി.വി. പാറ്റുകളെക്കുറിച്ചോ തെരഞ്ഞെടുപ്പ് പട്ടികയെക്കുറിച്ചോ വോട്ടർമാർക്ക് പരാതിപ്പെടാനാവില്ല. പരാതി നൽകിയാൽ തന്നെ അത് തെളിയിക്കാനുള്ള ഉത്തരവാദിത്വം വോട്ടർക്കാണുള്ളത്. ഇനി പരാതി തെളിയിക്കാൻ സാധിച്ചില്ലെങ്കിൽ അയ്യായിരം രൂപ പിഴയൊടുക്കേണ്ടതായും വരും. ഇത്തരം പ്രശ്നങ്ങളുന്നയിക്കാനുള്ള തർക്കപരിഹാര സംവിധാനങ്ങളില്ലാത്തത് ഇന്ത്യൻ വ്യവസ്ഥിതിയുടെ പ്രശ്നമാണ്. അതിനാൽ തന്നെ പലപ്പോഴും പരാതികൾ പോലും ഉന്നയിക്കപ്പെടുന്നില്ല എന്നതാണ് വാസ്തവം.
"യഥാർഥ വി.വി. പാറ്റ് പ്രോട്ടോകോൾ പ്രകാരം, വോട്ട് എണ്ണുന്നതിനായി രേഖപ്പെടുത്തുന്നതിനു മുമ്പാണ് വി.വി. പാറ്റിൽ വോട്ടർക്കു മുമ്പിൽ പ്രത്യക്ഷപ്പെടേണ്ടത്. കൂടാതെ, ഈ സമയം തന്നെ വോട്ട് റദ്ദാക്കാനുള്ള അവസരവും ഉണ്ടായിരിക്കും. അങ്ങനെ സംഭവിക്കണമെങ്കിൽ ഈ യന്ത്രങ്ങളെയും ബട്ടണുകളെയും വിശ്വാസത്തിലെടുക്കാതെ വി.വി. പാറ്റ് സ്ലിപ്പ് വോട്ടർക്ക് ലഭിക്കുകയും അതവർ തന്നെ ഒരു പെട്ടിയിലിടുന്നതിനുമുള്ള അവസരമാണ് വേണ്ടത്' എന്നാണ് അശോക സർവകലാശാലയിലെ കംപ്യൂട്ടർ സയൻസ് പ്രൊഫസറും വിരമിച്ച സുപ്രിംകോടതി ജസ്റ്റിസ് മദൻ ലോക്കൂറിന്റെ നേതൃത്വത്തിലുള്ള സിറ്റിസൺസ് കമ്മിഷൻ ഓഫ് ഇലക്ഷനിലെ അംഗവുമായ എസ്. ബാനർജി നിരീക്ഷിക്കുന്നത്.
ഈ സംവിധാനത്തെക്കുറിച്ച് 2018ൽ അമേരിക്കൻ നാഷണൽ അക്കാദമി ഓഫ് സയൻസ് നിർദേശിച്ചിരുന്നു. ഇതൊരു അപേക്ഷയായി ഇൻഡ്യ സഖ്യം തെരഞ്ഞെടുപ്പ് കമ്മിഷൻ മുമ്പാകെ കഴിഞ്ഞ വർഷം സമർപ്പിച്ചിട്ടുമുണ്ട്. അമേരിക്കയിലും ഭൂരിഭാഗം യൂറോപ്യൻ രാജ്യങ്ങളിലും ഇ.വി.എമ്മും പേപ്പർ ബാലറ്റും ലയിപ്പിച്ചുകൊണ്ടുള്ള തെരഞ്ഞെടുപ്പ് സംവിധാനമാണ് അവലംബിച്ചിരിക്കുന്നത്. വോട്ടു രേഖപ്പെടുത്തുന്നതിനുള്ള വോട്ടറുടെ വിവരവും യോഗ്യതയും പരിശോധിച്ച് കള്ളവോട്ടിന്റെ സാധ്യതകളില്ലാതാക്കുന്നതിനാണ് ഇലക്ട്രോണിക് യന്ത്രങ്ങൾ ഉപയോഗിക്കുന്നത്.
ഭാരത് ഇലക്ട്രോണിക്സ് ലിമിറ്റഡ്
പ്രതിരോധ മന്ത്രാലയത്തിന് കീഴിൽ പ്രവർത്തിക്കുന്ന പൊതുമേഖലാ കമ്പനിയായ ഭാരത് ഇലക്ട്രോണിക് ലിമിറ്റഡാണ് ഇ.വി.എസ് ക്രമീകരണങ്ങൾ നടത്തുന്നത്. അഞ്ച് മുഴുനീള ഡയരക്ടർമാരും കേന്ദ്രസർക്കാർ നാമനിർദേശം ചെയ്ത രണ്ട് അർധസമയ സർക്കാർ ഡയരക്ടർമാരും ഇതിലടങ്ങിയിരിക്കുന്നു. ഇവരുണ്ടായിരിക്കെ, എന്തിനാണ് സർക്കാർ നാമനിർദേശം ചെയ്ത ഏഴ് അധിക സ്വതന്ത്ര ഡയരക്ടർമാരുള്ളത്? അവരിൽ നാല് പേരാവട്ടെ ബി.ജെ.പിയുമായി നേരിട്ടു ബന്ധമുള്ളവരുമാണ്. പാർലമെന്റിൽ ഈ ആഴ്ച രാജ്യസഭാ എം.പി ദിഗ് വിജയ് സിങ് ഉന്നയിച്ച ചോദ്യമായിരുന്നു ഇത്. ബിഹാറിലെ ഗയയിൽ നിന്നുള്ള അഡ്വക്കറ്റ് ശ്യാമസിങ്, വാരണസിയിലെ വിരമിച്ച പൊളിറ്റിക്കൽ സയൻസ് പ്രൊഫസർ ശിവ് നാഥ് യാദവ്, രാജ്കോട്ടിലെ ബി.ജെ.പിയുടെ ജില്ലാ അധ്യക്ഷൻ മൻസുഖ്ഭായ് ശംജിഭായ് ഖഛാരിയ എന്ന വ്യാപാര പ്രമുഖൻ, ഹൈദരാബാദിൽ നിന്നുള്ള ദന്തരോഗ വിദഗ്ധൻ പി.വി പാർത്ഥസാരഥി എന്നിവരാണ് സ്വതന്ത്ര ഡയരക്ടർമാരായി ബി.ഇ.എൽ വെബ്സൈറ്റിലുള്ളത്. ഭരണത്തിലിരിക്കുന്ന പാർട്ടിയിൽ നിന്നുള്ള വ്യക്തികളുടെ ബോർഡ് പ്രാതിനിധ്യം കൂടുതൽ സംശയങ്ങൾക്ക് കാരണമായിട്ടുണ്ട്.
കഴിഞ്ഞ വർഷം അവസാനം മധ്യപ്രദേശ്, രാജസ്ഥാൻ, ഛത്തീസ്ഗഡ് എന്നിവിടങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പുകളെത്തുടർന്ന് ദേശീയ തലസ്ഥാനത്ത് ഒരു സംഘം അഭിഭാഷകർ ഇ.വി.എമ്മിനെതിരേ ശക്തമായ പ്രചാരണം നടത്തിയിരുന്നു. തെരഞ്ഞെടുപ്പ് കമ്മിഷന്റെ തന്നെ കണക്കുകൾ പ്രകാരം, എണ്ണിയതും നിരവധി മണ്ഡലങ്ങളിൽ രേഖപ്പെടുത്തിയതുമായ വോട്ടുകളുടെ എണ്ണവും തമ്മിലുള്ള പൊരുത്തക്കേട് ഞെട്ടിക്കുന്നതാണ്. വിജയശതമാനത്തിലെ പൊരുത്തക്കേടുകൾ ചൂണ്ടിക്കാണിച്ചുകൊണ്ട് ഇത് ഇ.വി.എമ്മുകളിൽ കൃത്രിമം കാണിച്ചുവെന്നതിനു തെളിവായാണ് ഈ അഭിഭാഷകർ രംഗത്തുവന്നത്. 2024ലെ തെരഞ്ഞെടുപ്പ് ബാലറ്റ് സംവിധാനത്തിൽ നടത്തണമെന്നാണ് ഒരുകൂട്ടം സുപ്രിംകോടതി അഭിഭാഷകരുടെ ആവശ്യം. ‘നിയമം അങ്ങനെയാണ് അനുശാസിക്കുന്നത്.
തെരഞ്ഞെടുപ്പ് കമ്മിഷൻ ബാലറ്റ് പേപ്പറുകൾ എണ്ണുകയും അത് ഇ.വി.എം കണക്കുകളുമായി ഒത്തുപോകുന്നുണ്ടോ എന്നും ഉറപ്പാക്കണം’ എന്നാണ് അഭിഭാഷകരായ ഭാനു പ്രതാപ് സിങ്, നരേന്ദ മിശ്ര, മഹ്മൂദ് പ്രഛ എന്നിവരുടെ ആവശ്യം.
വി.വി.പാറ്റ് സ്ലിപ്പുകൾ അച്ചടിക്കുന്നുണ്ടെങ്കിൽ അവ എണ്ണുന്നതിലും ഒത്തുനോക്കുന്നതിലും എന്ത് അസൗകര്യമാണുള്ളത് എന്നാണ് ഇവരും ഉന്നയിക്കുന്ന ചോദ്യം. ഈ പ്രക്രിയ ദിവസങ്ങളോളം നീളുമെന്നാണ് തെരഞ്ഞെടുപ്പ് കമ്മിഷൻ സുപ്രിംകോടതി മുമ്പാകെ വാദിച്ചത്. മുമ്പ് ഒന്നര ദിവസംകൊണ്ടായിരുന്നു ബാലറ്റ് എണ്ണൽ പൂർത്തീകരിച്ചിരുന്നത് എന്നതിനാൽ ഈ വിശദീകരണം അഭിഭാഷകർ സാധുവായി അംഗീകരിച്ചിട്ടില്ല. ആയിരം വോട്ടർമാരുള്ള ഒരു ബൂത്തിൽ പത്ത് വോട്ടുകൾ മറിക്കാൻ സാധിച്ചാൽ തന്നെ തെരഞ്ഞെടുപ്പ് വിജയത്തിൽ കാര്യമായ മാറ്റങ്ങൾ കൊണ്ടുവരാൻ സാധിക്കും.
ഉത്തർപ്രദേശിൽ മാത്രം എഴുപത് ലക്ഷം കള്ളവോട്ടർമാരുണ്ടെന്നാണ് ഈ അഭിഭാഷകർ പുറത്തുവിടുന്ന വിവരം.
ബാലറ്റ് പേപ്പർ നിർത്തലാക്കാനുണ്ടായ സാഹചര്യം തെരഞ്ഞെടുപ്പ് ഔദ്യോഗികമായി അവസാനിച്ചതിനു ശേഷവും രാഷ്ട്രീയപ്രവർത്തകരും തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരും വോട്ടുകൾ പെട്ടിക്കകത്ത് തിരുകിക്കയറ്റുന്ന പ്രവണത വ്യാപകമായതോടെയാണ്. കൂടാതെ, വോട്ടിങ്ങിന്റെ അവസാന സമയങ്ങളിൽ വോട്ടിങ് വർധിക്കുന്നതും മറ്റൊരു കാരണമാണ്.
എന്നാൽ ഇതിനെയൊന്നും മറികടക്കാൻ ഇ.വി.എമ്മിനും സാധിച്ചിട്ടില്ല. ആകെയുള്ള മെച്ചം 12 സെക്കന്റുകൾകൊണ്ട് ഒരു വോട്ട് രേഖപ്പെടുത്താം എന്നതു മാത്രമാണ്. അഥവാ, ഒരു മിനിറ്റിൽ അഞ്ച് വോട്ടുകൾ രേഖപ്പെടുത്താമെന്നു സാരം. എന്നാൽ ഇതുമാത്രം അടിസ്ഥാനമാക്കി ഇ. വി.എമ്മിനെ ആശ്രയിക്കരുതെന്നും സത്യസന്ധമായ തെരഞ്ഞെടുപ്പ് ഉറപ്പാക്കാൻ മറ്റു പല മാർഗങ്ങളുണ്ടായിട്ടു പോലും തെരഞ്ഞെടുപ്പ് കമ്മിഷൻ ഇക്കാര്യത്തിൽ ശ്രദ്ധ ചെലുത്തുന്നില്ല എന്നുമാണ് ബാനർജിയുടെ നിരീക്ഷണം.
(കടപ്പാട്: നാഷനൽ ഹെറാൾഡ്)
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."