ഗസ്സയില്‍ ഇസ്‌റാഈല്‍ നരവേട്ടക്ക് പച്ചക്കൊടി കാട്ടി വീണ്ടും യു.എസ്; യു.എന്‍ രക്ഷാ സമിതിയില്‍ വെടിനിര്‍ത്തല്‍ പ്രമേയം മൂന്നാം തവണയും വീറ്റോ ചെയ്തു
ഗസ്സയില്‍ ഇസ്‌റാഈല്‍ നരവേട്ടക്ക് പച്ചക്കൊടി കാട്ടി വീണ്ടും യു.എസ്; യു.എന്‍ രക്ഷാ സമിതിയില്‍ വെടിനിര്‍ത്തല്‍ പ്രമേയം മൂന്നാം തവണയും വീറ്റോ ചെയ്തു
ജറുസലെം: ഗസ്സയില്‍ വെടിനിര്‍ത്തല്‍ ആവശ്യപ്പെട്ടുള്ള പ്രമേയം യു.എന്‍ രക്ഷാസമിതിയില്‍ മൂന്നാം തവണയും വീറ്റോ ചെയ്ത് യു.എസ്. ബന്ദികളെ കൈമാറുന്നതുമായി ബന്ധപ്പെട്ട ചര്‍ച്ചകളെ വെടിനിര്‍ത്തല്‍ സ്വാധീനിക്കുമെന്ന് ചൂണ്ടിക്കാട്ടിയാണ് അമേരിക്ക പ്രമേയം വീറ്റോ ചെയ്തത്. അള്‍ജീരിയയാണ് യു.എന്‍ രക്ഷാസമിതിയില്‍ പ്രമേയം കൊണ്ട് വന്നത്. യു.എസ് മാത്രമാണ് ഇതിനെ എതിര്‍ത്ത് വോട്ട് ചെയ്തത്.
യു.കെ വോട്ടെടുപ്പില്‍ നിന്നും വിട്ടുനിന്നപ്പോള്‍ 13 രാജ്യങ്ങള്‍ പ്രമേയത്തിന് അനുകൂലമായി വോട്ട് ചെയ്തു. ബന്ദിമോചനം മുന്‍നിര്‍ത്തിയുള്ള താല്‍ക്കാലിക വെടിനിര്‍ത്തലിന് ശ്രമം തുടരുമെന്നാണ് അമേരിക്ക നല്‍കുന്ന ന്യായീകരണം.
ഇസ്‌റാഈല്‍ നടത്തുന്ന ആക്രമണങ്ങളില്‍ 30,000ത്തോളം ഫലസ്തീനികളാണ് ഇതുവരെ കൊല്ലപ്പെട്ടത്. 20 ലക്ഷത്തോളം പേര്‍ കടുത്ത പട്ടിണിയെ അഭിമുഖീകരിക്കുകയും ചെയ്യുന്നു. ഈയൊരു സാഹചര്യത്തിലും വെടിനിര്‍ത്തല്‍ പ്രമേയം വീറ്റോ ചെയ്ത യു.എസ് നടപടിക്കെതിരെ വലിയ വിമര്‍ശനമാണ് ഉയരുന്നത്. തികച്ചും സങ്കടകരമാണ് വീറ്റോ നടപടിയെന്ന് ഖത്തര്‍ ഉള്‍പ്പെടെ നിരവധി രാജ്യങ്ങള്‍ പ്രതികരിച്ചു. ഗസ്സയില്‍ നരവേട്ട തുടരാന്‍ ഇസ്‌റാഈലിനുള്ള ലൈസന്‍സാണ് അമേരിക്കയുടെ വീറ്റോ നടപടിയെന്ന് ചൈന തുറന്നടിച്ചു. വെടിനിര്‍ത്തല്‍ ബന്ദി മോചന ചര്‍ച്ചകളെ ബാധിക്കുമെന്ന യു.എസ് വാദം ഒരിക്കലും ന്യായീകരിക്കാനാവാത്തതാണെന്ന് ചൈനീസ് പ്രതിനിധി ഷാന്‍ ചുന്‍ ചൂണ്ടിക്കാട്ടി. കൊലകള്‍ തുടരാന്‍ ഇസ്‌റാഈലിന് പച്ചക്കൊടി കാട്ടുകയാണ് അമേരിക്കയെന്നും ചൈന കുറ്റപ്പെടുത്തി. മനുഷ്യത്വരഹിതമായ വിവേചന നടപടികളാണ് ഇസ്‌റാഈല്‍ തുടരുന്നതെന്ന് നെതര്‍ലന്‍ഡ്‌സിലെ ദക്ഷിണാഫ്രിക്കന്‍ അംബാസഡര്‍ വുസി മഡോണ്‍സെല പറഞ്ഞു.
അന്താരാഷ്ട്ര നീതിന്യായ കോടതിയില്‍ ഇന്നലെ വാദം നിരത്തിയ അള്‍ജീരിയ, സഊദി അറേബ്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങളും ഇസ്‌റാഈലിനെതിരെ ഏറ്റവും കടുത്ത വിമര്‍ശനമാണ് ഉന്നയിച്ചത്. പ്രമേയത്തെ അനുകൂലിച്ചുള്ള ഓരോ വോട്ടും ഫലസ്തീനികളുടെ ജീവിക്കാനുള്ള അവകാശത്തിനുള്ള പിന്തുണയാണെന്ന് യു.എന്നിലെ അള്‍ജീരിയന്‍ പ്രതിനിധി അമര്‍ ബെന്‍ഡാമ പറഞ്ഞു. എന്നാല്‍, അതിനെതിരെ വോട്ട് ചെയ്യുന്നത് ക്രൂരമായ അക്രമത്തിന് പിന്തുണ നല്‍കുന്നതിനെ സൂചിപ്പിക്കുന്നുവെന്നും അള്‍ജീരിയയുടെ നയതന്ത്രപ്രതിനിധി വ്യക്തമാക്കി. വെടിനിര്‍ത്തലിനൊപ്പം അന്താരാഷ്ട്ര നീതിന്യായ കോടതി ജനുവരിയില്‍ പുറപ്പെടുവിച്ച നിര്‍ദേശങ്ങള്‍ നടപ്പിലാക്കണമെന്നും പ്രമേയം ആവശ്യപ്പെടുന്നുണ്ട്.
സിവിലിയന്‍മാരെ സംരക്ഷിക്കണമെന്നും ഗസ്സക്കുള്ള സഹായം സുഗമമായി എത്തിക്കുന്നതിന് വേണ്ട നടപടികള്‍ സ്വീകരിക്കണമെന്നും അന്താരാഷ്ട്ര നീതിന്യായ കോടതി ഇസ്‌റാഈലിന് നിര്‍ദേശം നല്‍കിയിരുന്നു. എന്നാല്‍, ഇതൊന്നും ചെവിക്കൊള്ളാന്‍ ഇസ്‌റാഈല്‍ തയാറായിട്ടില്ല. ഇസ്‌റാഈലിന്റെ വംശഹത്യക്കെതിരെ അന്താരാഷ്ട്ര നീതിന്യായ കോടതിയില്‍ വാദം തുടരുകയാണ്. യു.എന്‍ രക്ഷാസമിതിയുടെ നിര്‍ദേശങ്ങള്‍ തള്ളുന്നതായി ഇസ്‌റാഈല്‍ പ്രധാനമന്ത്രി നെതന്യാഹു പ്രതികരിച്ചു. ഹമാസിനെ തുരത്തും വരെ ആക്രമണം അവസാനിപ്പിക്കില്ലെന്നും നെതന്യാഹു പറഞ്ഞു.
ഗസ്സയില്‍ ഇസ്രായേല്‍ ആക്രമണം മാറ്റമില്ലാതെ തുടരുകയാണ്. നൂറിലേറെ പേര്‍ ഇന്നലെയും മരണപ്പെട്ടു. വടക്കന്‍ ഗസ്സയില്‍ യു.എന്‍ സാഹയവിതരണവും നിലച്ചു. ജെനിന്‍ അഭയാര്‍ഥി ക്യാംപിനു നേരെയും ഇസ്‌റാഈല്‍ സൈന്യത്തിന്റെ ആക്രമണമുണ്ടായി.
കൊല്ലപ്പെട്ടവരുടെ എണ്ണം 29,000 പിന്നിട്ടിരിക്കെ, റഫക്കു നേരെയുള്ള ഇസ്‌റാല്‍ പടയൊരുക്കവും തുടരുകയാണ്. എന്നാല്‍ സൃത്യമായ സുരക്ഷാ പദ്ധതി തയാറാക്കാതെ റഫയെ അക്രമിക്കാന്‍ ഇസ്‌റാഈല്‍ തയാറാകില്ലെന്നാണ് യു.എസ് സ്‌റ്റേറ്റ് വകുപ്പ് ഇപ്പോഴും പറയുന്നത്.
ഗസ്സ മുനമ്പില്‍ ഭക്ഷണം കിട്ടാതെ പിടഞ്ഞുവീഴുന്ന കുരുന്നുകളുടെ എണ്ണം കുത്തനെ ഉയരുകയാണെന്ന് കുട്ടികള്‍ക്കായുള്ള യു.എന്‍ ഏജന്‍സി യുനിസെഫ് ചൂണ്ടിക്കാട്ടുന്നു. ഇവിടെ 90 ശതമാനത്തിലേറെ കുട്ടികളും ഭക്ഷണം കിട്ടാതെ പ്രയാസപ്പെടുകയാണ്. 70 ശതമാനത്തിലേറെ കുട്ടികളിലും പകര്‍ച്ചവ്യാധി പിടിമുറുക്കുകയാണെന്നും സംഘടന പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."