അധികസീറ്റ്: സൗഹൃദ മത്സരത്തിന് തയാറാകുമോ ലീഗ്?
മുസ്‌ലിം ലീഗിന് അധികമായി ലഭിക്കേണ്ട സീറ്റിന്റെ എണ്ണവും അര്‍ഹതയും അതിനോട് യു.ഡി.എഫിലെ മുഖ്യകക്ഷിയായ കോണ്‍ഗ്രസ് സ്വീകരിക്കുന്ന നിലപാടും ചര്‍ച്ച ചെയ്യാനുള്ള അവസരംകൂടിയാണ് ഓരോ തെരഞ്ഞെടുപ്പും. ലീഗിന് അധികമായി സീറ്റ് ലഭിക്കുമെന്ന് തോന്നിപ്പിക്കുകയും അവസാന നിമിഷം ഇല്ലാതാവുകയും ചെയ്യുന്ന നാടകം ഇത്തവണയും ആവര്‍ത്തിക്കുമോ എന്നാണ് ചോദ്യം. മുമ്പ് ബാഫഖി സ്റ്റഡി സര്‍ക്കിള്‍ ജെ.എന്‍.യു യൂനിറ്റ് നടത്തിയ ഒരു പഠനത്തില്‍ നിയമസഭയില്‍ മുപ്പതിലധികവും ലോക്‌സഭയില്‍ അഞ്ചു സീറ്റിനുവരെയും ലീഗിന് അവകാശമുണ്ടെന്നും എല്‍.ഡി.എഫിലെ രണ്ടാം കക്ഷിയായ സി.പി.ഐക്ക് ലഭിക്കുന്ന സീറ്റുകളും അവരുടെ ജനപിന്തുണയുമായി താരതമ്യം ചെയ്യുമ്പോള്‍ ലീഗ് കടുത്ത അനീതിയുടെ പാത്രമായി തുടരുകയാണെന്നും പഠനം കണ്ടെത്തിയിരുന്നു. ഇതിന് അറുതിവരുത്തേണ്ട ബാധ്യത ലീഗ് നേതൃത്വത്തിന് തന്നെയാണ്. കോണ്‍ഗ്രസും സി.പി.എമ്മും ഇന്‍ഡ്യാ സഖ്യത്തിന്റെ ഭാഗമായി ദേശീയതലത്തില്‍ ഒന്നിച്ചു നില്‍ക്കുന്നതുകൊണ്ട് കോണ്‍ഗ്രസുമായി സൗഹൃദ മത്സരത്തിനുള്ള സാധ്യത ലീഗിനുണ്ട്. ഇത്തവണയും അര്‍ഹതപ്പെട്ട അധികസീറ്റ് ലഭിച്ചില്ലെങ്കില്‍ അത്തരമൊരു സാധ്യതയിലേക്ക് പോവാന്‍ ലീഗ് നേതൃത്വം തയാറായാല്‍ ചരിത്രത്തില്‍ പുതു അധ്യായം രചിക്കുമെന്നതിനുമപ്പുറം അര്‍ഹമായത് നേടിയെടുക്കുന്നതില്‍ ലീഗ്, മുന്‍ഗാമികള്‍ക്കൊപ്പമെത്തി എന്ന ഖ്യാതിയും ലഭിക്കും.
കോണ്‍ഗ്രസിനുവേണ്ടി പ്രചാരണം നടത്താനും അവരുടെ സ്ഥാനാര്‍ഥികളെ വിജയിപ്പിക്കാനും രാഹുല്‍ ഗാന്ധിയെപ്പോലുള്ളവര്‍ക്ക് സ്വീകരണം നല്‍കാനുമുള്ള ടീമായി മാത്രം ലീഗ് ചുരുങ്ങിയാല്‍ രാഷ്ട്രീയ പരാജയമായി ഭവിക്കുകയും പാര്‍ട്ടിയുടെ സ്വത്വം അന്യമാവുകയും ചെയ്യും. കേരളം വിട്ടാല്‍ നിറം മാറുന്ന കോണ്‍ഗ്രസ്, മുസ്!ലിം വിഷയങ്ങളില്‍ ഏതു പരിധിവരെ ഇടപെടുമെന്ന് ബാബരി അടക്കമുള്ള സമീപകാല സംഭവങ്ങള്‍ ചൂണ്ടിക്കാണിക്കുന്നുണ്ട്. അഥവാ, മുസ്!ലിം പ്രശ്‌നങ്ങളില്‍ കൃത്യമായി ഇടപെടാനും പാര്‍ലമെന്റില്‍ ശബ്ദമുയര്‍ത്താനും പ്രതിനിധികള്‍ ഉണ്ടാവേണ്ടത് കാലത്തിന്റെ ആവശ്യകതയാണെന്നും അത് പ്രധാന ഉത്തരവാദിത്വമാണെന്നും ലീഗിന് ബോധ്യമാവേണ്ടതുണ്ട്.
ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ ലീഗിന് ഒറ്റയ്ക്ക് മൃഗീയ ഭൂരിപക്ഷമുള്ള പല വാര്‍ഡുകളും മുന്നണി ബന്ധത്തിന്റെ പേരില്‍ കോണ്‍ഗ്രസ് മത്സരിക്കുകയും ജയിക്കുകയും ചെയ്യുമ്പോള്‍ അതേ മര്യാദ കോണ്‍ഗ്രസ് തിരിച്ചുകാണിക്കുന്നില്ല എന്ന രാഷ്ട്രീയസത്യം മറച്ചുവച്ചിട്ടു കാര്യമില്ല. മാത്രമല്ല, കണ്ണൂര്‍ കോര്‍പറേഷന്‍ മേയര്‍ സ്ഥാനമടക്കം ലീഗിന് അവകാശപ്പെട്ട പല സ്ഥാനങ്ങളും പിടിച്ചുവയ്ക്കാനും വിവാദമാക്കാനും കോണ്‍ഗ്രസ് ശ്രമിച്ചിട്ടുണ്ട്. ലീഗിന് അഞ്ചാം മന്ത്രിസ്ഥാനം, ചോദിച്ചുവാങ്ങേണ്ടിവന്നതും അത് കേരളത്തിലെ സാമുദായിക മണ്ഡലത്തില്‍ അനാവശ്യ വിവാദത്തിന് പാത്രമായതും കോണ്‍ഗ്രസിന്റെ ധാര്‍ഷ്ട്യത്തിന്റെ വലിയ ഉദാഹരണമാണ്.
യു.ഡി.എഫിന്റെ ചാലകശക്തിയായി നിലനില്‍ക്കുമ്പോഴും തങ്ങളുടെ ശക്തി കേന്ദ്രങ്ങളില്‍ മാത്രം മത്സരിക്കാനാണ് ലീഗിന്റെ വിധി. തിരുവനന്തപുരം വെസ്റ്റിലെ സിറ്റിങ് സീറ്റ് 1987ല്‍ കോണ്‍ഗ്രസിന് കൈമാറിയ ലീഗ് ഇന്ന് ദക്ഷിണ കേരളത്തില്‍ ദുര്‍ബലമായത് തെരഞ്ഞെടുപ്പ് പ്രക്രിയയില്‍ പ്രാതിനിധ്യം ഇല്ലാതെ പോയതുകൊണ്ടാണ്. ഇരവിപുരം മണ്ഡലം യു.ഡി.എഫിലേക്ക് വന്ന ആര്‍.എസ്.പിക്ക് അടിയറ വച്ചതിനുപകരം ലഭിച്ചത് ഒട്ടും വിജയസാധ്യത ഇല്ലാത്ത പുനലൂരായിരുന്നു. മത്സര സാധ്യതയുള്ള, കോണ്‍ഗ്രസ് ഉണര്‍ന്ന് പ്രവര്‍ത്തിച്ചാല്‍ വിജയ സാധ്യതയുള്ള അഞ്ച് നിയമസഭ മണ്ഡലങ്ങളെങ്കിലും തെക്കന്‍ കേരളത്തില്‍ ലീഗ് നേടിയെടുക്കേണ്ടതുണ്ട്.
ഇത്തരം സാധ്യതകള്‍ക്ക് ജീവന്‍ പകരാനുള്ള സുവര്‍ണാവസരമാണ് ലീഗിന് വരാനിരിക്കുന്ന തെരഞ്ഞെടുപ്പില്‍ കൈവന്നിരിക്കുന്നത്. കുറഞ്ഞത് മലബാറിലെ കാസര്‍ഗോഡ്, കണ്ണൂര്‍, വടകര, കോഴിക്കോട്, വയനാട്, പാലക്കാട് ലോക്‌സഭ മണ്ഡലങ്ങളിലെങ്കിലും കോണ്‍ഗ്രസുമായി സൗഹൃദ മത്സരത്തിന് ലീഗ് തയാറായാല്‍ അത് പാര്‍ട്ടിയുടെ യഥാര്‍ഥ ശക്തി വെളിച്ചത്ത് കൊണ്ടുവരും. ലീഗിന്റെ പിന്തുണയില്ലാതെ കോണ്‍ഗ്രസിന് ഇതില്‍ ഒരു മണ്ഡലവും വിജയിക്കാനാവില്ല എന്നത് സുനിശ്ചിയം. പക്ഷേ, സൗഹൃദ മത്സരം ഉണ്ടായാല്‍ കോണ്‍ഗ്രസിന് ഉണര്‍വേകുകയും സംഘടനാ അടിത്തറ ഭദ്രമാക്കാന്‍ സഹായിക്കുകയും ചെയ്യും. ഈ മണ്ഡലങ്ങളില്‍ ബി.ജെ.പി വിജയിക്കാനുള്ള സാധ്യത അതിവിദൂരമാണെന്നിരിക്കെ, സൗഹൃദ മത്സരം ലീഗിന് രാഷ്ട്രീയ നേട്ടം മാത്രമാണ് ഉണ്ടാക്കുക. തങ്ങളുടെ വോട്ടുബാങ്ക് ഭദ്രമാക്കാനും നിയമസഭയില്‍ അധിക സീറ്റുകള്‍ നേടാനും തുടര്‍ന്ന് കോണ്‍ഗ്രസ് കൈക്കലാക്കിയ രാജ്യസഭ സീറ്റ് തിരിച്ചുപിടിക്കാനും ലീഗിന് സാധിക്കുമെന്നതില്‍ സംശയമില്ല.
യു.ഡി.എഫിലെ പ്രബല കക്ഷിയായിട്ടും ലീഗിന്റെ ആവശ്യങ്ങള്‍ കോണ്‍ഗ്രസ് ഗൗരവപൂര്‍വം പരിഗണിച്ച ചരിത്രമില്ല. മാത്രമല്ല, മുസ്!ലിം പ്രാതിനിധ്യം നിയമസഭയിലും ലോക്‌സഭയിലും ആനുപാതികമായി ഉറപ്പാക്കാനും കോണ്‍ഗ്രസ് ഒരു വിട്ടുവീഴ്ചയ്ക്കും തയാറാവാറുമില്ല. അതേസമയം, നാമമാത്ര സ്വാധീനമുള്ള ആര്‍.എസ്.പിക്ക് കൊല്ലം വിട്ടുകൊടുക്കാന്‍ കോണ്‍ഗ്രസിന് ഒട്ടും വൈമനസ്യമില്ല. നാളിതുവരെ ഏഴ് മുസ്!ലിംകളെ മാത്രമാണ് കോണ്‍ഗ്രസ് കേരളത്തില്‍നിന്ന് പാര്‍ലമെന്റില്‍ എത്തിച്ചത്. ഈ കുറവ് നികത്തുന്നത് ലീഗിന്റെ എം.പിമാരാണെന്നിരിക്കെ സാമുദായിക പരിഗണനയിലും ലീഗിന് നാല് സീറ്റിന് വരെ അര്‍ഹതയുണ്ട്. മറുവശത്ത് ക്രിസ്ത്യന്‍ വിഭാഗത്തിന് കോണ്‍ഗ്രസും കേരളാ കോണ്‍ഗ്രസും വഴി അധിക പ്രാതിനിധ്യം ലഭിക്കുന്ന ചിത്രം കൂടിയുണ്ട്. ഈ ലോക്‌സഭാ തെരഞ്ഞെടുപ്പ് ഇത്തരം അസമത്വങ്ങള്‍ക്ക് കടിഞ്ഞാണിടാനുള്ള അവസരമാക്കി മാറ്റേണ്ട ഉത്തരവാദിത്വം ലീഗ് നേതൃത്വത്തിനുണ്ട്.
ലീഗ് നേതൃത്വത്തെ അനുസരിക്കുന്ന ഭൂരിപക്ഷം അണികളും സൗഹൃദ മത്സരത്തിനുള്ള പാര്‍ട്ടിയുടെ തീരുമാനത്തെ വരവേല്‍ക്കുമെന്നതില്‍ സംശയമില്ല. സാമ്പത്തികമായും രാഷ്ട്രീയമായും പാര്‍ട്ടിയെ സഹായിക്കാനും അവര്‍ മുന്നിട്ടിറങ്ങും. മറിച്ച് ഇത്തവണയും മലപ്പുറത്തും പൊന്നാനിയിലും ഒതുങ്ങിയാല്‍ അണികളില്‍ ഒരു വിഭാഗത്തിനുള്ള അസംതൃപ്തിയും കോണ്‍ഗ്രസിനോടുള്ള ദേഷ്യവും തെരഞ്ഞെടുപ്പില്‍ പ്രതിഫലിച്ചാല്‍ ലീഗിനും യു.ഡി.എഫിനും അത് ക്ഷീണം ചെയ്യും. അണികളുടെ വികാരം അവഗണിച്ചാല്‍ 2004 ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ സംഭവിച്ചതുപോലെ ഒരു തിരിച്ചടി ഉണ്ടായാല്‍ പ്രതിരോധിക്കാന്‍ നിലവില്‍ മലപ്പുറത്തിന് സാധിച്ചാലും പൊന്നാനിക്കാവില്ലെന്ന് ഉറപ്പാണ്. അതുകൊണ്ടുതന്നെ നാല് സീറ്റെങ്കിലും നേടിയെടുക്കണം. ഇത് മൂന്ന് സീറ്റായി ചുരുങ്ങിയാല്‍ അതിന് തതുല്യ നിയമസഭ സീറ്റുകളും ഒപ്പം രാജ്യസഭ സീറ്റും കിട്ടുമെന്ന ഉറപ്പ് കോണ്‍ഗ്രസില്‍ നിന്ന് നേടിയെടുക്കാനും ഇത് പരസ്യമായി പ്രഖ്യാപിപ്പിക്കാനും ലീഗിന് സാധിക്കേണ്ടതുണ്ട്. സൗഹൃദ മത്സരത്തിന് തയാറാണെന്ന് ലീഗ് പ്രഖ്യാപിച്ചാല്‍ തന്നെ അര്‍ഹപ്പെട്ട സീറ്റുകള്‍ നേടാന്‍ സാധിക്കും. സൗഹൃദ മത്സരം സാധ്യമായാല്‍ മലബാറിലെ ലോക്‌സഭനിയമസഭ സീറ്റുകളില്‍ കോണ്‍ഗ്രസിന്റെ ദൗര്‍ബല്യവും ലീഗിന്റെ ശക്തിയും വ്യക്തമാകുന്ന ഒരു വേദിയായി മാറുകതന്നെ ചെയ്യും.
is muslim league deserved third lok sabha seats
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."