രോഗികള്‍ക്ക് ഭക്ഷണം: നാടിന് മാതൃകയായി ഹാരിസ് രാജ്
തൃശൂര്‍: നിരാലംബരായ വൃദ്ധജനങ്ങളുടെ സംരക്ഷണവും ആശുപത്രികളില്‍ കഴിയുന്ന നിര്‍ധന രോഗികള്‍ക്ക് ഭക്ഷണവും മറ്റ് അവശ്യ വസ്തുക്കളും എത്തിക്കലും കടമയായി ഏറ്റെടുത്ത് പ്രവാസി യുവാവിന്റെ വേറിട്ട പ്രവര്‍ത്തനം ശ്രദ്ധേയമാകുന്നു. ദമാമില്‍ ജോലി ചെയ്യുന്ന ഹാരിസ് രാജ് ആണ് സാമൂഹ്യ സേവന രംഗത്ത് പുതുമാതൃക തീര്‍ക്കുന്നത്.
ബാല്യകാലം മുതല്‍ അനുഭവിക്കേണ്ടി വന്ന പട്ടിണിയും കയ്‌പ്പേറിയ മറ്റ് ജീവിതാനുഭവങ്ങളുമാണ് ഇതിന് പ്രേരിപ്പിച്ചതെന്ന് ഹാരിസ് പറയുന്നു. തൃശൂര്‍ മെഡിക്കല്‍ കോളജിലെ കാന്‍സര്‍ വാര്‍ഡില്‍ കഴിയുന്ന 400 ഓളം രോഗികള്‍ക്കും അവരെ പരിചരിക്കുന്നവര്‍ക്കും ഞായറാഴ്ച തോറും ഭക്ഷണമെത്തിക്കുന്ന ഹാരിസ് രാജിന്റെ നേതൃത്വത്തിലുള്ള അന്നദാനം അനുഗൃഹീതം ഗ്രൂപ്പിന്റെ പ്രവര്‍ത്തനം 15ാം വാരത്തിലേക്ക് പ്രവേശിച്ചിരിക്കുകയാണ്. ഫേസ്ബുക്കും സുഹൃത്തുക്കളുടെ സഹായവും ഉപയോഗപ്പെടുത്തിയാണ് ദൗത്യം നിര്‍വഹിച്ചുവരുന്നത്.
സുഹൃത്തുക്കള്‍ അടക്കമുള്ള ഗ്രൂപ്പ് അംഗങ്ങള്‍ സാമ്പത്തിക സഹായവും മറ്റും നല്‍കുമ്പോള്‍ ഭക്ഷണമുണ്ടാക്കി ആശുപത്രിയിലെത്തിക്കുന്നതില്‍ മാതാവ് മൈമൂന, ഭാര്യ ഫൈറോജ, മക്കളായ ഐഷ, ആദില്‍ എന്നിവരും അയല്‍വാസികളായ രണ്ട് പേരും ഹാരിസിന് പിന്തുണയേകി സജീവമായി രംഗത്തുണ്ട്. പോസിറ്റീവ് മൂവ്‌മെന്റ് ഓഫ് ഇന്ത്യ എന്ന പബ്ലിക് ചാരിറ്റബിള്‍ ട്രസ്റ്റ് രൂപവത്കരിച്ച് പ്രവര്‍ത്തനം വിപുലപ്പെടുത്താനുള്ള ഒരുക്കത്തിലാണിപ്പോള്‍ ഹാരിസ്. സ്വന്തം മക്കള്‍ ഉപേക്ഷിച്ച മാതാപിതാക്കള്‍ അടക്കം ആരോരുമില്ലാതായവരെ സംരക്ഷിക്കുന്നതിനും മറ്റുമായി ട്രസ്റ്റിന് കീഴില്‍ തറവാട് എന്ന പേരില്‍ സംവിധാനമുണ്ടാക്കാന്‍ ആഗ്രഹിക്കുന്നതായി അദ്ദേഹം വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. ഇത് മുന്നോട്ട് കൊണ്ടുപോകാന്‍ നിലവിലുള്ള ചെറിയ ഗ്രൂപ്പിന്റെ സഹായം മാത്രം മതിയാകില്ല. അതുകൊണ്ടാണ് പ്രവര്‍ത്തനം മാധ്യമങ്ങളിലൂടെ പരസ്യപ്പെടുത്താന്‍ താത്പര്യപ്പെടുന്നത്. വിലക്കുറവില്‍ ഭക്ഷണം ലഭ്യമാകുന്ന പബ്ലിക് കിച്ചന്‍, പാവപ്പെട്ട സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്ക് ഭക്ഷണമെത്തിക്കല്‍ തുടങ്ങി ഒട്ടനവധി ധാര്‍മിക പദ്ധതികള്‍ ഭാവിയില്‍ സാക്ഷാത്കരിക്കാനായി മനസ്സിലുണ്ടെന്നും ഹാരിസ് വെളിപ്പെടുത്തി. ഭാര്യ ഫൈറോജയും വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."