അന്നദാതാക്കളെ നേരിടേണ്ടത് ഇങ്ങനെയോ!
കേന്ദ്രസർക്കാരിന്റെ വിശ്വാസ വഞ്ചനയ്‌ക്കെതിരേ സമരം ചെയ്യുന്ന കർഷകർ ഡൽഹിയിലെത്തുന്നത് ഏതുവിധേനയും തടയണമെന്ന ബി.ജെ.പി സർക്കാരിന്റെ പിടിവാശി ഒരു യുവകർഷകന്റെ ജീവനെടുത്തിരിക്കുന്നു. ഹരിയാനയിലെ ഖനൗരിയിൽ കണ്ണീർവാതക ഷെല്ല് തലയിലേറ്റ് 21കാരൻ ബട്ടിൻഡ ബലോഹ സ്വദേശി സുഖ്‌റാം സിങ്ങാണ് മരിച്ചത്. തലക്ക് പരുക്കേറ്റ സുഖ്‌റാം സിങ്ങിനെ പാട്യാല രാജേന്ദ്ര ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചിരുന്നു. സുഖ്‌റാമിന്റെ തലക്ക് റബർ ബുള്ളറ്റ് ഉപയോഗിച്ച് പൊലിസ് വെടിവയ്ക്കുകയായിരുന്നുവെന്നും കർഷകർ ആരോപിക്കുന്നുണ്ട്.
കർഷകരെ പഞ്ചാബ്-ഹരിയാന അതിർത്തിയായ ശംഭുവിലും ഖനൗരിയിലും ദിവസങ്ങളായി തടഞ്ഞുവച്ചിരിക്കുകയാണ് പൊലിസ്. റോഡുകൾ കീറിമുറിക്കുകയും കമ്പി തറച്ചുവയ്ക്കുകയും ചെയ്തതിനാൽ ട്രാക്ടറുകൾക്ക് മുന്നോട്ടു നീങ്ങാനാവില്ല. അതോടൊപ്പം കനത്ത കോൺക്രീറ്റ് ബാരിക്കേഡുകളും ബാർബേഡ് വയറുകളും സ്ഥാപിച്ചിരിക്കുന്നു.
യുദ്ധമുഖത്തെന്നപോലെയാണ് പൊലിസ് കർഷകരെ നേരിടാനൊരുങ്ങിയിരിക്കുന്നത്. ശത്രുക്കളോടെന്ന പോലെയാണ് പെരുമാറ്റം. എന്തിനാണ് കർഷകർ വീണ്ടും സമരം ചെയ്യുന്നതെന്ന ചോദ്യത്തിന് ഉത്തരം ലളിതമാണ്. 2020-21ലെ ഡൽഹി അതിർത്തിയിലെ കർഷക സമരം അവസാനിപ്പിക്കാൻ കേന്ദ്രസർക്കാർ നൽകിയ 12 വാഗ്ദാനങ്ങളിൽ ഒന്നും പാലിച്ചില്ലെന്നതാണ് ഇപ്പോഴത്തെ സമരത്തിന് കാരണം. മൂന്ന് കാർഷിക നിയമങ്ങൾ പിൻവലിച്ചതിന് പിന്നാലെ ബാക്കിയുള്ള ആവശ്യങ്ങൾ അംഗീകരിക്കാമെന്ന സർക്കാരിന്റെ ഉറപ്പ് പരിഗണിച്ചാണ് അന്ന് സമരക്കാർ വീടുകളിലേക്ക് മടങ്ങിയത്.
കാർഷിക ഉത്പന്നങ്ങൾക്ക് നൽകുന്ന മിനിമം താങ്ങുവില ഡോ. സ്വാമിനാഥൻ കമ്മിഷൻ റിപ്പോർട്ട് പ്രകാരം നിയമംമൂലം ഉറപ്പാക്കണമെന്ന ആവശ്യമായിരുന്നു കർഷകർ ഉന്നയിച്ച പ്രധാന ആവശ്യങ്ങളിലൊന്ന്. അത് പാലിക്കപ്പെട്ടില്ല. 2020-21ലെ കർഷകരുടെ പ്രതിഷേധത്തിൽ പങ്കെടുത്തതിന് ചുമത്തിയ കേസുകൾ പിൻവലിക്കാമെന്ന് കേന്ദ്രസർക്കാർ ഉറപ്പു കൊടുത്തതാണ്, പാലിച്ചില്ല. ലേഖിംപൂർ ഖേരി ഇരകൾക്ക് നീതി ലഭ്യമാക്കണമെന്ന ആവശ്യം പരിഗണിക്കപ്പെട്ടില്ല. വൈദ്യുതി (ഭേദഗതി) ബിൽ പിൻവലിക്കണമെന്ന ആവശ്യം പരിഗണിച്ചില്ലെന്ന് മാത്രമല്ല ബിൽ പിന്നീട് നിയമമാവുകയും ചെയ്തു.
താങ്ങുവില നിയമം മൂലം ഉറപ്പാക്കലാണ് കർഷകരുടെ ആവശ്യത്തിൽ പ്രധാനം. 2023-24 വർഷത്തെ താങ്ങുവിലയിൽ 23 വിളകളുടെ ആകെ മൂല്യം 15 ലക്ഷം കോടി രൂപയോളമാണ്. എന്നാൽ കർഷകർ അവരുടെ എല്ലാ ഉൽപ്പന്നങ്ങളും വിൽക്കുന്നില്ല. ഉൽപന്നത്തിന്റെ വലിയൊരു ഭാഗം അവരുടെ ഉപഭോഗത്തിനും മൃഗങ്ങളുടെ തീറ്റയ്ക്കും വിത്തിനുമായി നിലനിർത്തുന്നു. ഒരുഭാഗം ഗ്രാമത്തിനുള്ളിൽ കൈമാറ്റം ചെയ്യപ്പെടുന്നു. ഒരുഭാഗം ജോലിക്ക് പണം നൽകാൻ ഉപയോഗിക്കുന്നു. വിളവെടുപ്പ്, ഗതാഗതം, സംഭരണം എന്നിവയ്ക്കിടെ വിളയുടെ ഒരുഭാഗം എലികൾ തിന്നുകയോ നശിക്കുകയോ ചെയ്യുന്നു. 23 വിളകളിൽ മൂന്നിലൊന്ന് ഇങ്ങനെ പോകുന്നു.
അഞ്ചു ലക്ഷം കോടി രൂപയുടെ ഉൽപന്നങ്ങളാണ് ഇങ്ങനെ നഷ്ടമാകുന്നത്. ഏകദേശം 10 ലക്ഷം കോടി രൂപയുടെ താങ്ങുവില വിളകൾ മാത്രമാണ് വിപണികളിലേക്ക് പോകുന്നത്. 4-5 ലക്ഷം കോടി രൂപയ്ക്കാണ് സർക്കാർ നിശ്ചിതവിലയിൽ കരിമ്പ് അടക്കമുള്ള വിളകൾ വാങ്ങുന്നത്. സ്വകാര്യമേഖല വാങ്ങുന്നത് 5-6 ലക്ഷം കോടി രൂപയുടെ താങ്ങുവില വിളകൾ മാത്രമാണ്. 23 താങ്ങുവില വിളകൾക്കായുള്ള ദീർഘകാല സംഗ്രഹം എടുക്കുകയാണെങ്കിൽ, സ്വകാര്യമേഖല നൽകുന്ന തുക താങ്ങുവില മൂല്യത്തേക്കാൾ ശരാശരി 25 ശതമാനം കുറവാണ്.
താങ്ങുവിലയ്ക്ക് നിയമപരമായ അംഗീകാരമുണ്ടെങ്കിൽ 2023-24ൽ സ്വകാര്യമേഖലയിൽ കർഷകർക്ക് 1.5 ലക്ഷം കോടി രൂപ അധികം നൽകേണ്ടി വരുമായിരുന്നു.ഈ പണം കർഷകരിലേക്ക് ഒഴുകിയാൽ, അവർ അത് ചെലവഴിക്കുകയും വിപണിയിൽ കൂടുതൽ ഡിമാൻഡ് സൃഷ്ടിക്കുകയും ചെയ്യും. വിളകൾക്ക് സർക്കാർ, സ്വകാര്യ വിലകൾ ഒരുപോലെയാണെങ്കിൽ, കർഷകർ അവരുടെ വിളകൾ വാങ്ങാൻ സർക്കാരിനെ തേടില്ല.
അതിനാൽ, കേന്ദ്രത്തിന് ആവശ്യമുള്ളതിലും കൂടുതൽ തുക വാങ്ങേണ്ടിവരുന്നത് സാമ്പത്തിക ബാധ്യതയുണ്ടാക്കില്ല. ഇത് ഈ വിളകളുടെ സർക്കാർ വാങ്ങൽ, സംഭരണം, പുനർവിതരണം എന്നിവയിൽ കുറവുണ്ടാക്കും. അത് വലിയ സാമ്പത്തിക ലാഭമാണ്.
കർഷകന് തൊഴിലിൽ തുടരാൻ ലഭിക്കേണ്ട ഏറ്റവും കുറഞ്ഞ വിലയാണ് താങ്ങുവില. ഇത്തരമൊരു വിലയില്ലാതെ കർഷകർ പാപ്പരാവുകയും കൃഷി ഉപേക്ഷിക്കുകയും ചെയ്യും. ഇത് രാജ്യത്തിന്റെ ഭക്ഷ്യസുരക്ഷയ്ക്ക് ഗുരുതര പ്രത്യാഘാതങ്ങൾ ഉണ്ടാക്കുകയും ഉപഭോക്താക്കളെ പ്രതികൂലമായി ബാധിക്കുകയും ചെയ്യും.
അതിനാൽ താങ്ങുവില നിയമവിധേയമാക്കുകയെന്നത് രാജ്യത്തിന് ഗുണം ചെയ്യുന്ന പ്രായോഗിക നിർദേശമാണ്. എന്നാൽ അതിനോട് മുഖം തിരിഞ്ഞു നിൽക്കുകയാണ് സർക്കാർ.കാലാവസ്ഥാവ്യതിയാനത്തിനൊപ്പം ഉയർന്ന ചെലവും അപകടസാധ്യതകളുമുള്ള ബിസിനസാണ് കൃഷി.
വരണ്ട കാലാവസ്ഥ, അകാല മഴ അല്ലെങ്കിൽ കീടങ്ങളുടെ ആക്രമണം എന്നിവ കാരണം കനത്ത നഷ്ടങ്ങളുണ്ടാകാം. കർഷകർക്ക് ആവശ്യമായത് മിനിമം വരുമാന പിന്തുണയാണ്. നിലവിലെ താങ്ങുവില ഗോതമ്പ്, അരി, കരിമ്പ് എന്നിവ കൃഷി ചെയ്യാൻ കർഷകരെ പ്രോത്സാഹിപ്പിക്കുന്നു. ബാക്കിയുള്ള ഉൽപന്നങ്ങൾക്കും താങ്ങുവില ഉറപ്പാക്കുന്നത് കാർഷികമേഖലയെ കൂടുതൽ ശക്തമാക്കും.
സമരം ചെയ്യുന്ന കർഷകരോട് സർക്കാർ ഏറ്റുമുട്ടലിന്റെ സമീപനം സ്വീകരിക്കുന്നത് അംഗീകരിക്കാൻ കഴിയില്ല.
സിമന്റ് ബാരിക്കേഡുകൾ ഉപയോഗിച്ച് സംസ്ഥാന അതിർത്തികൾ അടയ്ക്കുക, റോഡുകളിൽ ഇരുമ്പ് നഖങ്ങൾ തുരക്കുക മുതൽ കണ്ണീർ വാതക ഷെല്ലുകൾ വീഴ്ത്താൻ ഡ്രോണുകൾ വിന്യസിക്കുന്നത് വരെയുള്ള കാര്യങ്ങൾ പ്രശ്‌നത്തിന് പരിഹാരം കാണാനുള്ള നീക്കത്തെ സഹായിക്കാൻ പോകുന്നില്ല.
കാർഷിക പ്രക്ഷോഭങ്ങൾ ഇന്ത്യയിൽ പുതിയതല്ല. 1988 ഒക്ടോബറിൽ ഇന്ത്യാ ഗേറ്റിലെ ബോട്ട് ക്ലബ് പുൽത്തകിടിയിൽ മഹേന്ദ്ര സിങ് ടിക്കായത്തിന്റെ നേതൃത്വത്തിൽ അരലക്ഷം ചൂരൽ കർഷകരുടെ പ്രസിദ്ധമായ ഒരാഴ്ച നീണ്ട റാലി ഉൾപ്പെടെ,
തലസ്ഥാനം തന്നെ ഇതിനുമുമ്പ് കൂറ്റൻ സമരങ്ങൾ കണ്ടിട്ടുണ്ട്. അക്കാലത്തെ സർക്കാരുകൾക്ക് അമിത പ്രതികരണമില്ലാതെ അതിനെ കൈകാര്യം ചെയ്യാനുമായി. നരേന്ദ്ര മോദി സർക്കാർ കർഷകരുമായുള്ള ചർച്ചയിലൂടെ നിലവിലെ പ്രതിഷേധം അവസാനിപ്പിക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ അവരുടെ ആവശ്യങ്ങൾ അംഗീകരിക്കുന്നതോടൊപ്പം കർഷകരെ ദേശവിരുദ്ധരെന്ന നിലയിൽ പരിഗണിക്കുന്നതും അവസാനിപ്പിക്കണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."