സിപിഎം ലോക്കൽ സെക്രട്ടറിയുടെ കൊലപാതകത്തിന് പിന്നിൽ വ്യക്തിവൈരാഗ്യമെന്ന് സൂചന; ഒരാൾ അറസ്റ്റിൽ, കൊയിലാണ്ടിയിൽ ഇന്ന് ഹർത്താൽ
സിപിഎം ലോക്കൽ സെക്രട്ടറിയുടെ കൊലപാതകത്തിന് പിന്നിൽ വ്യക്തിവൈരാഗ്യമെന്ന് സൂചന; ഒരാൾ അറസ്റ്റിൽ, കൊയിലാണ്ടിയിൽ ഇന്ന് ഹർത്താൽ
കോഴിക്കോട്: കോഴിക്കോട് കൊയിലാണ്ടിയില്‍ സിപിഎം നേതാവ് സത്യനാഥനെ വെട്ടിക്കൊന്ന സംഭവത്തില്‍ ഒരാൾ പിടിയിൽ. സിപിഎം മുന്‍ ബ്രാഞ്ച് കമ്മിറ്റിയംഗവും സത്യനാഥന്‍റെ അയല്‍വാസിയുമായ അഭിലാഷാണ് പിടിയിലായത്. സംഭവത്തിൽ പ്രതിഷേധിച്ച് കൊയിലാണ്ടിയിൽ ഇന്ന് ഹർത്താൽ നടക്കുകയാണ്. രാവിലെ 6 മുതൽ വൈകീട്ട് 6 വരെയാണ് ഹർത്താൽ.
സംഭവത്തിൽ പൊലിസ് അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്. കൊലപാതകത്തിന് കാരണം വ്യക്തി വിരോധം എന്നാണ് പൊലിസ് നൽകുന്ന സൂചന. കേസിൽ പിടിയിലായ അഭിലാഷിനെ ചോദ്യം ചെയ്തതിൽ നിന്നാണ് പൊലിസ് ഈ നിഗമനത്തിലേക്ക് എത്തിയെതെന്നാണ് വിവരം. സംഭവത്തെക്കുറിച്ച് വിശദമായ അന്വേഷണം നടത്തി വരുന്നതായി കണ്ണൂർ റേഞ്ച് ഡിഐജി തോംസൺ ജോസ് അറിയിച്ചു. നിലവിൽ കോഴിക്കോട് മെഡിക്കൽ കോളേജിലുള്ള സത്യനാഥന്‍റെ മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുനല്‍കും.
ഇന്നലെ രാത്രി പത്ത് മണിയോടെയാണ് കൊലപാതകം നടന്നത്. കൊയിലാണ്ടി പെരുവട്ടൂർ ചെറിയപുറം ക്ഷേത്രോത്സവത്തിലെ ഗാനമേളയ്ക്കിടെ സത്യനാഥനെ ആക്രമിക്കുയായിരുന്നു. ശരീരത്തിൽ മഴുകൊണ്ട് നാലിലധികം വെട്ടേറ്റ് വീണ സത്യനാഥനെ ഉടന്‍തന്നെ കൊയിലാണ്ടി താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചു. സംഭവത്തില്‍ മുന്‍ സിപിഎം ബ്രാഞ്ച് കമ്മിറ്റിയംഗമായ അഭിലാഷിനെ ഉടന്‍തന്നെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇയാള്‍ കൊയിലാണ്ടി നഗരസഭാ ചെയര്‍മാനായിരുന്ന കെ.സത്യന്‍റെ ഡ്രൈവറായിരുന്നു. ഇയാൾക്ക് സത്യനാഥനോട് വ്യക്തിവൈരാഗ്യം ഉണ്ടായിരുന്നതായാണ് പൊലിസ് നല്‍കുന്ന വിവരം.
അതേസമയം, ലോക്കൽ സെക്രട്ടറിയുടെ കൊലപാതകത്തിൽ പ്രതിഷേധിച്ച് സിപിഐഎം കൊയിലാണ്ടി ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ കൊയിലാണ്ടിയിൽ ഇന്ന് ഹർത്താൽ ആചരിക്കുകയാണ്. രാവിലെ 6 മണി മുതൽ വൈകീട്ട് 6 മണി വരെ വരെയാണ് ഹര്‍ത്താല്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."