പരമ്പര നേടാൻ ഇന്ത്യ, ഒപ്പമെത്താൻ ഇംഗ്ലണ്ട്; നാലാം ടെസ്റ്റ് ഇന്ന് മുതൽ
പരമ്പര നേടാൻ ഇന്ത്യ, ഒപ്പമെത്താൻ ഇംഗ്ലണ്ട്; നാലാം ടെസ്റ്റ് ഇന്ന് മുതൽ
റാഞ്ചി: ഇന്ത്യ - ഇംഗ്ലണ്ട് പരമ്പരയിലെ നാലാം ടെസ്റ്റ് ഇന്നു മുതൽ ജാർഖണ്ഡിലെ റാഞ്ചിയിൽ നടക്കും. അഞ്ച് മത്സരങ്ങളുള്ള പരമ്പരയിൽ ഇന്ത്യ 2-1ന് മുന്നിലാണ്. ഈ മത്സരം കൂടി ജയിച്ചാൽ പരമ്പര നേടാമെന്ന സ്വപനവുമായാണ് ഇന്ത്യ മത്സരത്തിനിറങ്ങുന്നത്. എന്നാൽ ഒപ്പമെത്താൻ ഇംഗ്ലണ്ടിന് ഈ ടെസ്റ്റ് വിജയിക്കേണ്ടത് അത്യാവശ്യമാണ്. ആദ്യ മത്സരത്തിൽ വിജയിച്ചതിന് പിന്നാലെ തുടർച്ചയായി രണ്ട് മത്സരങ്ങൾ തോറ്റതിന്റെ ആശങ്ക ഇംഗ്ലണ്ടിന് ഉണ്ട്. എന്നാൽ മറുവശത്ത് അത് തന്നെയാണ് ഇന്ത്യൻ ടീമിന്റെ കരുത്തും.
മൂന്നാം ടെസ്റ്റിലേറ്റ വമ്പന്‍ തോല്‍വിയാണ് ഇംഗ്ലണ്ടിനെ ഞെട്ടിച്ചത്. ബാസ്ബോള്‍ യുഗത്തിലെ ഏറ്റവും വലിയ തോല്‍വിയാണ് അവര്‍ക്ക് നേരിടേണ്ടി വന്നത്. അതേസമയം റാഞ്ചിയിലെ പിച്ചിൽ ആശങ്ക പ്രകടിപ്പിച്ച് ഇംഗ്ലണ്ട് ക്യാപ്റ്റൻ ബെൻ സ്റ്റോക്സ് രംഗത്ത് വന്നിരുന്നു. റാഞ്ചിയിലെ പോലെ ഒരു പിച്ച് ഇതുവരെ കണ്ടിട്ടില്ലെന്നും എന്തു സംഭവിക്കുമെന്ന് തനിക്ക് അറിയില്ലെന്നും അദ്ദേഹം പറഞ്ഞു. ഡ്രസിങ് റൂമിൽനിന്ന് നോക്കിയാൽ പിച്ച് പച്ചയും പുല്ലും നിറഞ്ഞതായി തോന്നും. എന്നാൽ, അടുത്തേക്ക് പോയി നോക്കിയാൽ ഇരുണ്ടതും തകർന്നതുമായ പിച്ചാണ്. കുറച്ച് വിള്ളലുകളും കാണുന്നുണ്ടെന്നും സ്റ്റോക്സ് പറഞ്ഞു.
സ്വന്തം മണ്ണിൽ തുടർച്ചയായ 17ാം പരമ്പര ജയത്തിനാണ് ഇന്ത്യ ഇറങ്ങുന്നത്. ഇന്ത്യൻ മണ്ണിൽ വന്ന് കപ്പ് നേടുക എന്നത് വിദേശ ടീമുകൾക്ക് തലവേദനയാവുകയാണ്. ഇന്ത്യൻ മണ്ണിൽ ഇന്ത്യൻ ടീം പുലികൾ ആണെന്ന വാക്യം ഉറപ്പിച്ച് കഴിഞ്ഞിട്ടുണ്ട് ഇന്ത്യൻ ടീം. ഇന്ത്യയിലേക്ക് വിരുന്നെത്തുന്നവർക്ക് ഒരു കപ്പ് പോലും നേടാനാകുന്നില്ല എന്നത് ഇന്ത്യൻ ടീമിന്റെ കരുത്ത് കൂടിയാണ് തെളിയിക്കുന്നത്.
ഇന്ത്യൻ ടീം: (പ്ലെയിങ് ഇലവനെ പ്രഖ്യാപിച്ചിട്ടില്ല) രോഹിത് ശർമ (ക്യാപ്റ്റൻ), യശസ്വി ജയ്സ്വാൾ, ശുഭ്മൻ ഗിൽ, ദേവ്ദത്ത് പടിക്കൽ, രജത് പാട്ടിദാർ, സർഫറാസ് ഖാൻ, ധ്രുവ് ജുറൽ, രവീന്ദ്ര ജദേജ, ആർ. അശ്വിൻ, കുൽദീപ് യാദവ്, മുഹമ്മദ് സിറാജ്, മുകേഷ് കുമാർ, ആകാശ് ദീപ്, അക്സർ പട്ടേൽ, വാഷിങ്ടൺ സുന്ദർ, കെ.എസ്. ഭരത്.'
ഇംഗ്ലണ്ട് പ്ലെയിങ് ഇലവന്: ബെന്‍ സ്റ്റോക്സ് (ക്യാപ്റ്റന്‍), സാക് ക്രൗളി, ബെന്‍ ഡുക്കറ്റ്, ഒലി പോപ്പ്, ജോ റൂട്ട്, ജോണി ബെയര്‍സ്റ്റോ, ബെന്‍ ഫോക്സ്, ടോം ഹാര്‍ട്ലി, ഒലി റോബിന്സന്, ജെംയിസ് ആന്ഡേഴ്സന്, ഷൊയ്ബ് ബഷീര്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."